ഒരു ദാദ്രി നമ്മുടെ മുമ്പില്‍ എങ്ങനെയൊക്കെയാണ് ആടിത്തിമിര്‍ത്തതെന്ന് അറിയില്ലയോ? ഇന്നും കണാരേട്ടന് ഉള്‍പ്പെടെയുള്ളവര്‍ ഉള്‍ക്കിടിലത്തോടെയാണ് ദാദ്രി സംഭവങ്ങളുടെ വിശ്വ വിശകലനങ്ങള്‍ ഓര്‍ക്കുന്നത്. അതിന്റെ ഉള്ളില്‍ എന്തെന്തൊക്കെയുണ്ടായിരുന്നു എന്നത് ഇന്നും അജ്ഞാതം. കേന്ദ്രത്തിലെ ഭരണമാറ്റം എങ്ങനെയൊക്കെയാണ് നമ്മുടെ അജണ്ടാ വ്യവസായികളെ സ്വാധീനിക്കുന്നതെന്ന് നോക്കിയാല്‍ മാത്രം മതി. മുഖ്യ വിഷയം പഠിക്കുന്നതിനിടെ ഇടവിഷയത്തിലേക്ക് ശ്രദ്ധ പോവുകയും പിന്നെയത് മുഖ്യവിഷയമാവുകയും ചെയ്യുന്ന മുതുകാടന് മാജിക്കിന് അനുദിനം പ്രസക്തി വര്‍ദ്ധിക്കുകയാണ്. മേപ്പടി നാടകത്തില്‍ വേഷപ്പകര്‍ച്ചയുമായി നടീനടന്മാര് എത്രയെത്രയാണ് അണിനിരന്നത് എന്ന് നമ്മള് കണ്ടതല്ലേ.
ഒരു തെരഞ്ഞെടുപ്പിന്റെ ആദ്യ ചുവടുവെപ്പുകള്‍ക്കായി ബന്ധപ്പെട്ട വിഭാഗം തയാറെടുപ്പുകള്‍ ഏതാണ്ട് പൂര്‍ത്തിയാക്കിക്കഴിഞ്ഞു. ഇതറിയാവുന്നവരുടെ കൂട്ടപ്പൊരിച്ചിലാണ് നടക്കുന്നത്. അന്ന് ദാദ്രിയെങ്കില് ഇന്ന് ഹൈദരാബാദ് എന്നൊരു വ്യത്യാസം മാത്രം. സവര്‍ണാധിപത്യത്തിന്റെ മുള്ക്കമ്പിയില് തട്ടി ചോര വാര്‍ന്ന് മരിക്കേണ്ടിവന്ന ഒരു ഹതഭാഗ്യന് എന്ന പേരിലാണ് നാട്ടിലെമ്പാടും നെഞ്ചത്തടിയും നിലവിളിയും നടക്കുന്നത്. എന്താണ് സംഭവിച്ചത് എന്നതിനെക്കുറിച്ചുപോലും ബോധമില്ലാത്തവര് കൂട്ടനിലവിളിയില്‍ പങ്കുചേരുന്ന അവസ്ഥയെ എന്തുപേരിട്ടാണ് വിളിക്കുക.
പലപല യാത്രകള്‍ തലസ്ഥാനം ലക്ഷ്യമാക്കി നീങ്ങുന്ന അസുലഭ വേളയില്‍ രോഹിത് വേമുലക്ക് കിട്ടുന്ന അംഗീകാരത്തെ കോരിത്തരിപ്പോടെയേ നമുക്കു നോക്കിനില്ക്കാനാവൂ. ഇത്രയും ബുദ്ധിവികസിച്ച ഒരു ഗവേഷകന് തന്റെ ജിവിതത്തെ എന്തിന് കശക്കിയെറിയണം എന്ന ചോദ്യത്തിനൊന്നും പ്രസക്തിയില്ല എന്ന ശാഠ്യത്തിലാണ് ബഹുഭൂരിപക്ഷവും. വേമുലയുടെ സര്‍വകലാശാലയിലേക്ക് നേതാക്കളുടെ ഒഴുക്കാണ്. കിട്ടിയ അവസരം ആരും തട്ടിത്തെറിപ്പിക്കുന്നില്ല. രാഹുലനും യച്ചൂരനും ഉള്‍പ്പെടെയുള്ള സകലമാന പേര്‍ക്കും ചാകരയടിഞ്ഞ സന്തോഷം.
നേരത്തെ പല സംഭവവികാസങ്ങളുടെ പേരിലും കുപ്രസിദ്ധമായ ഇടമാണ് ഹൈദരാബാദ് സര്‍വകലാശാല. ദേശദ്രോഹമുള്‍പ്പെടെയുള്ള വൈറസുകള്‍ക്ക് താങ്ങും തണലുമായി നില്‍ക്കാനും വെള്ളവും വളവും നല്‍കാനും അവിടെയുള്ള ഒരു വിഭാഗം എപ്പോഴും ദത്തശ്രദ്ധരായിരുന്നു. എന്നാല്‍ അധികൃതര്‍ അതൊക്കെ നിസ്സാരമായി കാണുകയോ അവഗണിക്കുകയോ ചെയ്തു. ഇതിങ്ങനെ തുടര്‍ന്നതിന്റെ ഫലശ്രുതിയാണ് വേമുലയുടെ സ്വയഹത്യയിലെത്തിച്ച സംഭവവികാസങ്ങള്‍. മേമനെ തൂക്കിലേറ്റിയതിനെത്തുടര്‍ന്ന് കടുത്ത പ്രക്ഷോഭങ്ങളാണ് അവിടെയുണ്ടായത്.
ഒരുവേള രാജ്യത്തിന്റെ അഭിമാനം ചോദ്യം ചെയ്യുന്നതില്‍ വരെ അതെത്തി. ഒരു പ്രത്യേക സംഘടനയില്‍ പ്രവര്‍ത്തിക്കുന്നവര്‍ തികഞ്ഞ വിദ്വേഷത്തോടെയാണ് പെരുമാറിയത്. ദേശീയ സംഘടനയുടെ യുവ വിഭാഗങ്ങള്‍ക്കെതിരെ ഭീകരമായ ആക്രമണങ്ങളും വധശ്രമവും വരെ ഉണ്ടായി. അതൊന്നും ഒരു സര്‍വകലാശാലയ്ക്കോ ഗവേഷണ വിദ്യാര്‍ത്ഥികള്‍ക്കോ ചേരുന്നതായിരുന്നില്ല. അത്തരം പ്രക്ഷോഭങ്ങള്‍ക്ക് കൈത്താങ്ങായി പുറത്ത് തീവ്രഗ്രൂപ്പുകള്‍ സജീവമായി നിലകൊണ്ടിരുന്നു എന്നതാണ് വസ്തുത. എന്നാല്‍ വേമുല ആത്മഹത്യ ചെയ്തതോടെ ഇതിന്റെ മൂലകാരണവും അതിനോട് ബന്ധപ്പെട്ട സകല കാര്യങ്ങളും അജണ്ടാവ്യവസായികള്‍ അട്ടിമറിച്ചു. കുന്തമുന ബന്ദാരു ദത്താത്രേയ എന്ന കേന്ദ്രമന്ത്രിയിലൂടെ നരേന്ദ്രമോദി സര്‍ക്കാരിനു നേരെ എറിഞ്ഞു നിര്‍ത്തി.
ഒരു ഭരണകൂടത്തിനെതിരെ എങ്ങനെയാണ് രാഷ്ട്രീയ ആയുധം പ്രയോഗിക്കേണ്ടതെന്ന് അറിയാവുന്നവര്‍ ഊണും ഉറക്കവും ഉപേക്ഷിച്ച് രംഗത്തുവന്നതാണ് ഇന്നത്തെ സംഘര്‍ഷാത്മകമായ അന്തരീക്ഷത്തിന് കനം കൂട്ടിയത്. ഏതെങ്കിലും തരത്തില്‍ ഭാരതം ഉന്നത പദവിയില്‍ എത്തുന്നത് സഹിക്കാത്തവരുടെ അസ്വസ്ഥതകളാണ് ഇതില്‍ നിഴലിക്കുന്നത്. ദളിത് പ്രേമത്തെക്കുറിച്ച് വാചാലരാവുന്നവര്‍ ഓരോ സംസ്ഥാനത്തെയും ഇതു സംബന്ധിച്ച കണക്കൊന്ന് എടുത്തു നോക്കിയാല്‍ അറിയാം ഉള്ളുകള്ളികള്‍. ഒന്നും വേണ്ട, നമ്മുടെ പ്രബുദ്ധ കേരളത്തില്‍ ആറുമാസത്തിനിടെ എത്രയെത്ര ദളിത്-ദുര്‍ബലവിഭാഗങ്ങള്‍ പീഡിപ്പിക്കപ്പെട്ടു, മാനഭംഗം ചെയ്യപ്പെട്ടു, വിശന്ന് വലഞ്ഞു. ഏതെങ്കിലും ചാനല്‍ മാഫിയാ വിദ്വാന്മാര് രംഗത്തു വന്നോ? കടിച്ചുകീറുന്ന കോട്ട്-സ്യൂട്ട് കോവാലന്മാര് ചര്‍ച്ചിച്ചോ? എന്താ കാരണം?
തങ്ങള്‍ക്കുവേണ്ടവരെ താങ്ങിനിര്‍ത്താനും വേണ്ടാത്തവരെ തള്ളിത്താഴെയിടാനും അവര്‍ക്ക് വിരുതുണ്ട്. ഒരു സംഭവത്തിന്റെ അടിവേരുകള്‍ കണ്ടെത്തി അതിലെ രഹസ്യ അജണ്ടകള്‍ പൊതുസമൂഹത്തിനു മുമ്പില്‍ തുറന്നുകാണിക്കലല്ല അവരുടെ ലക്ഷ്യം. കേന്ദ്ര ഭരണകൂടത്തെയും അത് പ്രതിനിധാനം ചെയ്യുന്ന സംസ്കാരത്തെയും തകര്‍ക്കലാണ്. എങ്കില്‍ മാത്രമേ ദൂരക്കാഴ്ചയില്ലാത്ത നികൃഷ്ടജീവികളുടെ ആഗ്രഹം സഫലമാവൂ.
അതിനുള്ള ശ്രമമാണ് അവര്‍ നിരന്തരം നടത്തിക്കൊണ്ടിരിക്കുന്നത്. അവര്‍ പശ്ചിമബംഗാളിലെ മാള്‍ഡയില്‍ എന്തു നടന്നു എന്നു പറയുകയില്ല. കാരണം അവിടെ ഭീകരമായ വിളയാടലിന് വിധേയരായത് ന്യൂനപക്ഷമോ ദളിതപക്ഷമോ അല്ല. ഒരു ചാനല്‍ കോവാലനും അതിനെക്കുറിച്ച് പറയാന്‍ തയാറാവില്ല. ഭാരത മഹാരാജ്യത്തെ സകല പ്രശ്നങ്ങള്‍ക്കും കാരണം നരേന്ദ്രമോദി ഭരണകൂടമാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ആരൊക്കെയോ ഇത്തരക്കാരുമായി കരാര്‍ ഉറപ്പിച്ചിട്ടുണ്ട്. അതാണ് ഉന്മാദികളെപ്പോലെ ഇവര്‍ അസംബന്ധപ്രസ്താവങ്ങള് നടത്തുന്നത്. ഇവരുടെ വാക്കിലും നോക്കിലും നിഴലിക്കുന്നത് അപകടകരമായ അസഹിഷ്ണുതയുടെ തിറയാട്ടമാണ്. അതിലെ രാഷ്ട്രീയം തിരിച്ചറിയുന്നിടത്താണ് യഥാര്‍ത്ഥ ഭാരതീയന് ജനിക്കുന്നത്.
******* *********** ***********
സംഗീതത്തിന്റെ മുമ്പില്‍ സാഗരം പോലും നിശ്ചലം എന്ന് പറയാറില്ലേ? കേരളത്തില്‍ അടുത്തിടെ വന്ന് സംഗീതത്തിന്റെ പാലാഴി തീര്‍ത്ത ഗുലാം അലിയെക്കുറിച്ചു പറയുമ്പോള്‍ അത് തികച്ചും അന്വര്ഥമാവുന്നു. ഗസലിന്റെ അവാച്യസുന്ദരമായ അനുഭൂതിയിലേക്ക് ശ്രോതാക്കളെ പള്ളിത്തേരില് വാരിപ്പുണര്‍ന്നു കൊണ്ടുപോകുന്ന മാജിക്ക് വശമുള്ളയാളാണ് ഗുലാം അലി. പാകിസ്ഥാന്റെ മണ്ണില്‍ നിന്ന് വരുന്നു എന്നതുകൊണ്ട് ചില സംഘടനകള്‍ എതിര്‍പ്പുയര്‍ത്തിയിരുന്നെങ്കിലും അതൊക്കെ ഗസലിന്റെ മാസ്മരികതയില്‍ അലിഞ്ഞില്ലാതെയായി. മാത്രമോ നിലവിളക്കുകൊളുത്താന്‍ മടിക്കുന്ന ലീഗ് മന്ത്രിക്കുപോലും ഗുലാം അലിക്കു മുമ്പില്‍ കീഴ്വഴക്കം ചുരുട്ടിയെറിയേണ്ടിവന്നു. കേരള സര്‍ക്കാര്‍ ഗുലാം അലിക്കുവേണ്ടി സ്വാഗതമോതിയ പരസ്യത്തില്‍ രേഖപ്പെടുത്തിയതിങ്ങനെ: സലാം ഗുലാം അലി. അതെ, നമുക്കും അങ്ങനെ തന്നെ പറയാം.
********* ************* **********
കാര്‍ട്ടൂണീയം
യാത്ര തുടങ്ങിയ നമ്മുടെ പിണറായിക്കാരന് വലിയ ആവേശത്തിലായിരുന്നു. അപ്പോഴാണ് പഴയ മാരണം വേതാളത്തെപോലെ തോളില്‍ തൂങ്ങിയത്. മേപ്പടി വേതാളത്തെ അഴിച്ചുവിട്ട വിദ്വാന്റെ തോളിലും തൂങ്ങി മറ്റൊരു വേതാളം. ഈ വേതാളനാടകത്തിന് ഭാഷ്യം ചമയ്ക്കുന്നു കേരള കൗമുദിയിലെ സുജിത്ത്. അറിഞ്ഞും അറിയിച്ചും അര്മാദിക്കാന് നല്ലൊരവസരം.
ബാര്‍ക്കോഴ: വിജിലന്‍സിന്റെ മലക്കം മറിച്ചിലിനു
പിന്നില്‍ ഉമ്മന്‍ചാണ്ടി: പിണറായി വിജയന്
കടപ്പാട്: കേരള കൗമുദി
പ്രതികരിക്കാൻ ഇവിടെ എഴുതുക: