പത്തനംതിട്ട: ലീഗല്‍ മെട്രോളജി ഭവന് യാഥാര്‍ഥ്യമാകുന്നതോടെ അളവുതൂക്കങ്ങളില്‍ സുതാര്യത ഉറപ്പുവരുത്താനാകുമെന്ന് റവന്യു-കയര്‍-ലീഗല്‍ മെട്രോളജി വകുപ്പ് മന്ത്രി അടൂര്‍ പ്രകാശ് പറഞ്ഞു. കോന്നി മുരിങ്ങമംഗലത്ത് പുതുതായി നിര്‍മിച്ച ലീഗല്‍ മെട്രോളജി കോംപ്ലക്സിന്റെ ഉദ്ഘാടനം നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം. ഇതിനോടനുബന്ധിച്ചുള്ള ലീഗല്‍ മെട്രോളജി ട്രയിനിംഗ് സെന്റര്‍, വെഹിക്കിള്‍ ടാങ്ക് കാലിബ്രേഷന്‍ യൂണിറ്റ്, ലബോറട്ടറി എന്നിവയുടെ ഉദ്ഘാടനവും മന്ത്രി നിര്‍വഹിച്ചു.
കേരളം ഉപഭോക്തൃ സംസ്ഥാനമാണ്. ലീഗല്‍ മെട്രോളജി വകുപ്പിന്റെ പ്രധാന ഗുണഭോക്താക്കള്‍ വ്യാപാരികളാണ്. അന്യസംസ്ഥാനങ്ങളില്‍ ഉത്പാദിപ്പിക്കുന്ന ഭക്ഷ്യവസ്തുക്കള്‍ വിറ്റഴിക്കപ്പെടുന്ന സംസ്ഥാനമെന്ന നിലയില്‍ ഇവയുടെ ഗുണനിലവാരം ഉറപ്പാക്കേണ്ടതുണ്ട്. ഭക്ഷ്യവസ്തുക്കള്‍ ഉത്പാദിപ്പിച്ച തീയതി, ഈടാക്കാവുന്ന പരമാവധി വില മുതലായവ പായ്ക്കറ്റില്‍ അച്ചടിക്കണമെന്ന കേന്ദ്ര നിയമം പാലിക്കപ്പെടണം. കേരളത്തിലെ ലീഗല്‍ മെട്രോളജി വകുപ്പിന്റെ ആദ്യ ട്രെയിനിംഗ് സെന്ററാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
പെട്രോളിയം ഉത്പന്നങ്ങള്‍ കൊണ്ടുവരുന്ന ടാങ്കര്‍ ലോറികളുടെ കാലിബ്രേഷന്‍ പരിശോധിക്കുന്നതിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. നിലവില്‍ കോട്ടയം, ആലപ്പുഴ ജില്ലകളില്‍ കാലിബ്രേഷന്‍ യൂണിറ്റുകള്‍ ഇല്ലാത്തതിനാല്‍ ഈ കാലിബ്രേഷന്‍ യൂണിറ്റ് പ്രവര്‍ത്തന സജ്ജമാവുന്നതോടെ കോട്ടയം, ആലപ്പുഴ ജില്ലകളിലെയും ഇടുക്കി ജില്ലയുടെ ഒരു ഭാഗത്തേയും ഗുണഭോക്താക്കള്‍ക്ക് ഇതിന്റെ പ്രയോജനം ലഭിക്കും. വേഗത്തില്‍ ബി.പി അപ്പാരറ്റസ് പരിശോധിക്കുന്നതിനും ക്ലിനിക്കല്‍ തെര്‍മോമീറ്റര്‍ ഉള്‍പ്പെടെയുള്ള സൗകര്യങ്ങളും മെട്രോളജി ഭവനില്‍ സജ്ജമാക്കുമെന്ന് അദ്ദേഹം പറഞ്ഞു. കോന്നി ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം.രജനി അധ്യക്ഷത വഹിച്ചു.
പി.ഡബ്ല്യു.ഡിയില്‍ നിന്ന് വാങ്ങിയ 20 സെന്റ് സ്ഥലത്ത് 1.34 കോടി രൂപ ചെലവിലാണ് കോംപ്ലക്സ് നിര്‍മിച്ചിരിക്കുന്നത്. 3880 ചതുരശ്ര അടി വിസ്തീര്‍ണത്തില്‍ മൂന്നു നിലകളിലായി നിര്‍മാണം പൂര്‍ത്തീകരിച്ചിരിക്കുന്ന ലീഗല്‍ മെട്രോളജി ഭവന്റെ താഴത്തെ നിലയില്‍ ട്രെയിനിംഗ് ഹാള്‍, ഓഫീസ്, വിശ്രമ കേന്ദ്രം, പൊതു ശുചിമുറികള്‍ എന്നിവയും ഒന്നാം നിലയില്‍ ഓഫീസ് റൂം, സീസര്‍ റൂം, സ്റ്റാന്‍ഡേര്‍ഡ് ലാബ്, വിശ്രമ സ്ഥലം, നിരീക്ഷണ മുറി, പരിശോധനാ മുറി എന്നിവയും, മൂന്നാം നിലയില്‍ കോണ്‍ഫറന്‍സ് ഹാള്‍, ടോയ്ലറ്റുകള് എന്നിവയുമാണ് ക്രമീകരിച്ചിരിക്കുന്നത്.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അന്നപൂര്‍ണാദേവി, ജില്ലാ കളക്ടര്‍ എസ്.ഹരികിഷോര്‍, ലീഗല്‍ മെട്രോളജി കണ്ട്രോളര് മുഹമ്മദ് ഇക്ബാല്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കോന്നിയൂര്‍ പി.കെ, ജില്ലാ പഞ്ചായത്തംഗം ബിനിലാല്‍, ബ്ലോക്ക് പഞ്ചായത്തംഗം റോജി ഏബ്രഹാം, ഗ്രാമ പഞ്ചായത്തംഗം സുലേഖ വി.നായര്‍, ലീഗല്‍ മെട്രോളജി ജോയിന്റ് കണ്ട്രോളര് റ്റി.ശൈലേഷ്കുമാര്‍, രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളായ എസ്.സന്തോഷ്കുമാര്‍, ഏബ്രഹാം വാഴയില്‍, അബ്ദുള്‍ മുത്തലിഫ്, ഡി.ബാബു ചാക്കോ, കരിമ്പനാക്കുഴി ശശിധരന് നായര്‍, സതീഷ് മല്ലശേരി, ശാന്തിജന്‍ ചുരക്കുന്നേല്, ജോണ്സണ് നിരവത്ത് എന്നിവര്‍ സംസാരിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: