ശബരിമല : സന്നിധാനത്ത് ദര്‍ശനത്തിനായെത്തിയ കുഞ്ഞുങ്ങള്‍ക്ക് പള്‍സ് പോളിയോ പ്രതിരോധ തുള്ളി മരുന്ന് നല്കി. സന്നിധാനത്ത് തന്ത്രി കണ്ഠരര് മഹേഷ് മോഹനരര് എറണാകുളം അമ്പലമുകളില്‍ നിന്നും ചോറൂണിനായി എത്തിയ ആറുമാസക്കാരി പാര്‍വതിയ്ക്ക് തുള്ളി മരുന്ന് കുഞ്ഞു വായില്‍ പകര്‍ന്നു നല്കി വിതരണോദ്ഘാടനം നിര്‍വ്വഹിച്ചു. മധുരയില്‍ നിന്ന് ദര്‍ശനത്തിനെത്തിയ വി. ഹര്‍ഷിനി ഗുരുദര്‍ശന്‍ എന്നിവര്‍ക്ക് തന്ത്രി തുള്ളി മരുന്നു നല്കി. ആരോഗ്യ വകുപ്പിന്റെ കീഴിലുള്ള പ്രത്യേക സംഘം സന്നിധാനം നടപന്തലിന് സമീപം അഞ്ചു വയസ്സിനു താഴെയുള്ള മണികണ്ഠന്മാരെയും മാളികപുറങ്ങളെയും കണ്ടെത്തി പോളിയോ പ്രതിരോധ മരുന്ന് നല്കി. 612 കുട്ടികള്‍ക്കാണ് സന്നിധാനത്ത് പോളിയോ പ്രതിരോധ തുള്ളിമരുന്ന് നല്‍കിയത്. ആരോഗ്യ വകുപ്പ് ഉദ്യോഗസ്ഥരായ ഹെല്‍ത്ത് സൂപ്പര്‍വൈസര്‍ രാജീവ് കുമാര്‍, ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ സുധീഷ് ലാല്‍, ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാരായ സജിരാജ്, രഞ്ജു എന്നിവര്‍ തുള്ളി മരുന്ന് വിതരണത്തിന് നേത്യത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: