കല്‍പ്പറ്റ ;കുട്ടികളെ മാറാരോഗങ്ങളില്‍ നിന്ന് രക്ഷിക്കുന്നതിനും രോഗ പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കുന്നതിനുമായി തുള്ളിമരുന്ന് ഉറപ്പാക്കി പള്‍സ് പോളിയോ ഇമ്യൂണൈസേഷന്. പള്‍സ് പോളിയോ ജില്ലാതല ഉദ്ഘാടനം പന്തിപൊയില് ആരോഗ്യ ഉപകേ ന്ദ്രത്തില്‍ എം.എല്‍.എ എം.വി.ശ്രേയാംസ് കുമാര്‍ തുള്ളിമരുന്ന് നല്കി നിര്‍വ്വഹിച്ചു. അഞ്ച് വയസിനു താഴെ പ്രായമുള്ള എല്ലാ കുട്ടികള്‍ക്കും തുള്ളിമരുന്ന് നല്കി പോളിയോ രോഗാണു സംക്രമണം തടയുകയും ഇതിലൂടെ സമൂഹത്തിലൊന്നാകെയുള്ള കുട്ടികളുടെ ആരോഗ്യ സംരക്ഷണം ഉറപ്പു വരുത്തി പോളിയോ രോഗ നിര്‍മ്മാര്‍ജനം സാധ്യമാക്കുകയെന്നതാണ് പദ്ധതിയുടെ ലക്ഷ്യമെന്ന് ഉദ്ഘാടനത്തില്‍ അദ്ദേഹം പറഞ്ഞു. അംഗവൈകല്യങ്ങളില്‍ നിന്ന് രക്ഷനേടി ആരോഗ്യമുള്ള തലമുറയെ വളര്‍ത്തേണ്ടത് ഓരോ രക്ഷിതാവിന്റെയും കടമയാണെന്നും അതിനാല്‍ കുട്ടികള്‍ക്ക് തുള്ളിമരുന്ന് ഉറപ്പാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യയില്‍ 2011 ജനുവരി 13 നു ശേഷമുള്ള അഞ്ച് വര്‍ഷ കാലയളവില്‍ കുട്ടികളില്‍ പോളിയോ സാധ്യതകളും അംഗവൈകല്യങ്ങളും കണ്ടെത്തിയിട്ടില്ലെങ്കിലും ലോകത്തു നിന്ന് പോളിയോ രോഗത്തിന് കാരണമായ വൈറസിനെ നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നത് വരെ പോളിയോ പരിപാടികള്‍ തുടരേണ്ടത് അനിവാര്യമാണ്. രോഗപ്രതിരോധ ചികിത്സ പട്ടിക പ്രകാരം പോളിയോ വാക്സിന് വ്യക്തിഗത സംരക്ഷണമാണ് നല്കുന്നതെങ്കില് പള്‍സ് പോളിയോ തുള്ളിമരുന്ന് രോഗണുക്കളെ നിയന്ത്രിച്ച് കുട്ടികളുടെ സംരക്ഷണം ഉറപ്പാക്കി പോളിയോ രോഗ നിയന്ത്രണമാണ് ലക്ഷ്യമാക്കുന്നത്. എല്ലാ കുട്ടികളിലും ഒരേ ദിവസം പോളിയോ തുള്ളിമരുന്ന് ലഭിക്കുന്ന സാഹചര്യത്തില്‍ കുട്ടികളുടെ കുടലില്‍ വാക്സിന് വൈറസുകള്‍ നിറയുകയും അതുമൂലം പോളിയോ രോഗത്തിന് കാരണമാകുന്ന വന്യവൈറസുകള്‍ കുടലില്‍ പ്രവേശിക്കുന്നത് തടഞ്ഞ് രോഗസാധ്യത ഇല്ലാതാക്കുന്നു. നിരന്തരമായ പ്രതിരോധ പ്രവര്‍ത്തനങ്ങളിലൂടെയാണ് പോളിയോ നിര്‍മ്മാര്‍ജ്ജനമെന്ന ലക്ഷ്യം കൈവരിച്ചത്. ആയതിനാല്‍ പോളിയോയ്ക്കെതിരെ മുഖം തിരിക്കുന്നവര്‍ ഇതിന്റെ പ്രാധാന്യം മനസിലാക്കണമെന്ന് മുഖ്യപ്രഭാഷണം നടത്തിയ മമ്മൂട്ടി നിസാമി തരുവണ അഭിപ്രായപ്പെട്ടു. കുട്ടികളുടെ ആരോഗ്യ സംരക്ഷണത്തില്‍ ജാഗ്രത പുലര്‍ത്തി രോഗനിയന്ത്രണം കൈവരിക്കേണ്ടത് അനിവാര്യമാണെന്ന് അഡീഷണല്‍ ഡി.എച്ച്.എസ് സംസ്ഥാന ഒബ്സര്‍വര്‍ ഡോ.നിതാ വിജയന് വ്യക്തമാക്കി. ജില്ലയിലെ അഞ്ച് വയസിനു താഴെയുള്ള 65602 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും. ഇതര സംസ്ഥാനത്ത് നിന്നുള്ള 201 കുട്ടികള്‍ക്കും തുള്ളിമരുന്ന് ലഭ്യമാക്കും. 928 ബൂത്തുകള്‍ വഴി രാവിലെ 8 മുതല്‍ വൈകീട്ട് 5 വരെയാണ് തുള്ളിമരുന്ന് നല്‍കിയത്. 1856 വളണ്ടിയര്‍മാരുടെ സേവനം ഉറപ്പാക്കിയാണ് തുള്ളിമരുന്ന് വിതരണം കാര്യക്ഷമമാക്കിയത്.
15 മൊബൈല്‍ യൂണിറ്റുകള്‍ വഴിയും, ഉള്‍പ്രദേശങ്ങളിലെ കോളനികള്‍, വനാതിര്‍ത്തിയിലെ ജനവാസ കേന്ദ്രങ്ങള്‍, എന്നിവിടങ്ങളിലെ കുട്ടികള്‍ക്ക് വനം, ട്രൈബല്‍ വകുപ്പ്, സന്നദ്ധ സംഘടനകള്‍ വഴിയും , ജില്ലാ അതിര്‍ത്തി, ബസ്സ് സ്റ്റാന്റുകള്‍ എന്നിവിടങ്ങളിലായി 35 ട്രാന്‍സിറ്റ് ബൂത്തുകള്‍ കേന്ദ്രീകരിച്ചും തുള്ളിമരുന്ന് വിതരണം ചെയ്തു. കൂടാതെ ഇന്നും നാളെയും (ജനുവരി 18,19) വളണ്ടിയര്‍മാരുടെ നേതൃത്വത്തില്‍ വീടുകള്‍ സന്ദര്‍ശിച്ച് തുള്ളിമരുന്ന് സ്വീകരിക്കാത്തവര്‍ക്ക് തുള്ളിമരുന്ന് നല്‍കും. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ടി. ഉഷാകുമാരി അധ്യക്ഷയായ പരിപാടിയില്‍ കല്‍പ്പറ്റ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ശകുന്തള ഷണ്മുഖന്, പടിഞ്ഞാറത്തറ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് പി.ജി സജേഷ്, ബ്ലോക്ക് പഞ്ചായത്തംഗങ്ങളായ കെ.ബി. നസീമ, ആലി ഈന്തന്‍, ഗ്രാമപഞ്ചായത്ത് വൈസ്പ്രസിഡന്റ് നസീമ പൊന്നാണ്ടി, എം.പി.നൗഷാദ്, ഡെപ്യൂട്ടി ഡി.എം.ഒ കെ.വി അലി, ഡോ. വി. ജിതേഷ്, ഡോ. ഇ. ബിജോയ്, ഡോ.കെ. എസ് അജയന്, ബേബി നാപ്പള്ളി, ഹംസ ഇസ്മാലി, ഡോ. ബെറ്റി ജോസ്, സുനില്‍ ദത്തന്, ഡോ. ഹസീന കരിം തുടങ്ങിയവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: