ഒരു ഉദ്യോഗസ്ഥന് എന്ന നിലയില്‍ ചെയ്യാവുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് അപ്പുറം പ്രവര്‍ത്തിക്കാന്‍ അവസരമൊരുങ്ങിയ സന്ദര്‍ഭമായിരുന്നു ദല്‍ഹിയില്‍ സര്‍വ്വീസിലിരുന്ന 2008- 2012 കാലഘട്ടം. ഈ സമയത്താണ് കോമണ്‍വെല്‍ത്ത് ഗെയിംസിന് മുന്നോടിയായി മധ്യപ്രദേശില്‍ നിന്നും ദല്‍ഹി സര്‍ക്കിളിലേക്ക് സ്ഥലം മാറ്റം. മൂന്ന് വിഷയങ്ങളില്‍ ഊന്നിയാവണം പ്രവര്‍ത്തനങ്ങള്‍ എന്നും നിര്‍ദ്ദേശമുണ്ടായിരുന്നു.
1. കോമണ്‍വെല്‍ത്ത് ഗെയിംസ് കാണാനും, പങ്കെടുക്കുന്നതിനുമായി സ്വദേശികളും, വിദേശികളുമായി നിരവധി പേര് ദല്‍ഹിയില്‍ വന്നെത്തും. ഗെയിംസ് കഴിഞ്ഞാല്‍ അവര്‍ സ്വാഭാവികമായും ചരിത്ര സ്മാരകങ്ങള്‍ കാണാനായി പുറത്തിറങ്ങും. അതിനാല്‍ ഇവയുടെ മുന്‍ഭാഗം കാഴ്ചയില്‍ സുന്ദരമാക്കുക.
2 പൂന്തോട്ടങ്ങള്‍ മനോഹരമാക്കുക.
3. രാത്രിയില്‍ ചരിത്ര സ്മാരകങ്ങള്‍ക്ക് ശോഭയേകുന്ന വൈദ്യുതാലങ്കാര പ്രവര്‍ത്തനങ്ങള്‍ നടത്തുക.
ലഭിച്ച നിര്‍ദ്ദേശങ്ങളില്‍ നിന്ന് ഒരുപടി കൂടി മുന്നോട്ടു പോയി. ഇതൊരു അവസരമാണ്. അനുവദിച്ച അതേ തുകയില്‍ സ്മാരകങ്ങളുടെ മുന്‍ഭാഗം മാത്രമല്ല, തകരാറിലായിക്കിടക്കുന്ന മറ്റുഭാഗം കൂടി നന്നാക്കുക. ഇതിനായി കൂടുതല്‍ തുകയ്ക്ക് അപേക്ഷിക്കാതെ പല സ്മാരകങ്ങളുടെയും സമഗ്ര വികസനം ലക്ഷ്യമാക്കി പ്രവര്‍ത്തിച്ചു. കുത്തബ് മീനാര്‍,ആദിലാബാദ് എന്നിങ്ങനെ പല സ്ഥലങ്ങളിലും അപ്രതീക്ഷിതമായ മാറ്റം വരുത്താന്‍ കഴിഞ്ഞു. അറിയപ്പെടാത്ത പല സ്മാരകങ്ങള്‍ക്കും ഒരുപുതുജന്മം നല്കി. ഈ പ്രവര്‍ത്തനങ്ങളെക്കാളും ശ്രദ്ധേയം കോമണ്‍വെല്‍ത്ത് ഗെയിംസുമായി ബന്ധപ്പെട്ട് ധാരാളം അഴിമതികള്‍ നടന്നുവെന്ന വാര്‍ത്ത തെളിഞ്ഞതാണ്. ഇത്തരം അഴിമതി ആരോപണങ്ങളില്‍ നിന്നും രക്ഷപ്പെട്ട വകുപ്പുകളില്‍ ഒന്നാണ് എഎസ്ഐ. ഇതിന് മുഖ്യകാരണം സര്‍ക്കാര്‍ നിര്‍ദ്ദേശിച്ച പ്രവര്‍ത്തനങ്ങളില്‍ ഊന്നിക്കൊണ്ടുതന്നെ ചിന്തിച്ചതിനാലാണ്.
പരിമിതമായ ഫണ്ടുപയോഗിച്ച് ഇത്തരം കാര്യങ്ങള്‍ക്ക് നേതൃത്വം വഹിക്കാന്‍ കഴിഞ്ഞുവെന്നതില്‍ കൃതാര്ത്ഥനാണിന്ന്. ജാതി, മത, വര്‍ഗ്ഗ രാഷ്ട്രീയത്തിന് അതീതമായി എങ്ങനെയാണ് നമുക്ക് പ്രവര്‍ത്തിക്കുവാന്‍ കഴിയുക.
രാജ്യ തലസ്ഥാനമായ ദല്‍ഹിയില്‍ ദൈനംദിനം എത്തുന്ന അനേകായിരങ്ങള്ക്കുകാണാനായി ധാരാളം ചരിത്ര സ്മാരകങ്ങളുണ്ട്. ചെങ്കോട്ട,ഹുമയൂണ്‍ ടോംബ്,കുത്തബ് മീനാര്‍, പ്രണയകുടീരമായ താജ്മഹല്‍, കോട്ട,ഫത്തേപ്പൂര്‍ സിക്രി എന്നിങ്ങനെയുള്ളവ. സുല്‍ത്താനത്ത്- മുഗള്‍ കാലഘട്ടത്തില്‍ പണി തീര്ത്തവയാണിതെല്ലാം. ഇതുമാത്രം കാണാനിടയാല്‍ ഭാരതത്തെക്കുറിച്ച് എന്താണ് കാഴ്ചപ്പാടുണ്ടാവുക? മറ്റു സംസ്ഥാനങ്ങളിലെയും, വിവിധ രാജവംശങ്ങള്‍ പണിതുയര്‍ത്തിയ അഭിമാന സ്തംഭങ്ങള്‍ കാണാതെ,മനോഹര ശില്പ്പങ്ങള് കാണാതെ ഭാരതമെന്നാല്‍ ദല്‍ഹിക്ക് ചുറ്റുമായി ഒതുങ്ങിപ്പോകും. വിവിധ ഭാഗങ്ങളിലായി സ്ഥിതിചെയ്യുന്ന പ്രധാനപ്പെട്ടതും, അല്ലാത്തതുമായ ക്ഷേത്രങ്ങള്‍ അവിടെയുള്ള മനോഹരശില്‍പ്പങ്ങള്‍, ബൃഹദീശ്വര ക്ഷേത്രം, മഹാബലിപുരം, അജന്ത, എല്ലോറ എലിഫന്റാ ഗുഹകളിലെ ചിത്രപ്പണികള്‍ ഇവയൊന്നും കാണാനാവില്ല. അതിനാല്‍ നമ്മുടെ വൈവിദ്ധ്യമാര്‍ന്ന സംസ്കാരത്തെക്കുറിച്ച് ദല്‍ഹിയില്‍ എത്തുന്നവര്‍ക്ക് അറിവ് ലഭിക്കുന്നുമില്ല.
ഇതു പരിഹരിക്കാനാണ് എഎസ്ഐയുടെ കീഴില്‍ റിപ്ലിക്ക മ്യൂസിയം തുടങ്ങുന്നത്. ദല്‍ഹിയിലെ പ്രധാന സാംസ്കാരിക കേന്ദ്രങ്ങളിലൊന്നായ സിരിഫോര്‍ട്ട് ഓഡിറ്റോറിയത്തിന് സമീപമാണിത്. ഭാരതത്തില്‍ അങ്ങിങ്ങായി കിടക്കുന്ന പ്രധാനപ്പെട്ട സാംസ്കാരിക, ചരിത്ര സ്മാരകങ്ങളിലെ ശിലാ ശില്പങ്ങളുടെ അതേപകര്‍പ്പ് ഇവിടെ നിര്‍മ്മിച്ച് പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. അഖിലേന്ത്യാ സര്‍വീസിലുള്ളതിനാല്‍ ഏതൊക്കെ ഭാഗത്ത്, എവിടെയെല്ലാമാണ് മുഖ്യശില്പ്പങ്ങള് ഉള്ളതെന്ന് അറിയാനാകും. ഭാരതത്തിലെ ഏറ്റവും പ്രസിദ്ധമായ മുപ്പത് ശിലാശില്പങ്ങളിന്നിവിടെയുണ്ട്.
പത്മശ്രീ അജിത് കൗര്‍, അവരുടെ മകളും സുപ്രസിദ്ധ ചിത്രകാരിയുമായ അര്‍പ്പണ കൗര്‍ എന്നിവരുടെ സഹായത്തോടെ നിയമയുദ്ധം നടത്തിയാണ് റിപ്ലിക്ക മ്യൂസിയം സ്ഥിതി ചെയ്യുന്ന രണ്ട് ഏക്കറോളം സ്ഥലം എഎസ്ഐയുടെ കീഴിലാവുന്നത്. സ്വാമി വിവേകാനന്ദന്റെ ആദര്‍ശങ്ങളും, ജീവിതവും പകര്‍ത്തിയ വനിതയാണിവര്‍,സാര്‍ക്ക് റൈറ്റേഴ്സ് ഫോറം ഫോര്‍ എന്‍വയോണ്‍മെന്റ് എന്ന സംഘടന അജിത് കൗര്‍ സ്വന്തം ശ്രമത്താല്‍ പണിതുയര്‍ത്തിയതാണ്. സ്വന്തം കൈയില്‍ നിന്ന് പണം ചെലവഴിച്ചാണ് അജിത്കൗറിന്റെ പ്രവര്‍ത്തനങ്ങള്‍. കേസ് നടത്തിപ്പ് വരെ… ദല്‍ഹിയിലെ റിപ്ലിക്ക മ്യൂസിയം സ്ഥിതി ചെയ്യുന്നിടം ദല്‍ഹി ഡവലപ്മെന്റ് അതോറിറ്റി(DDA) യുടേതായിരുന്നു.
ഇവിടെയുണ്ടായിരുന്ന ഉദ്യോഗസ്ഥന്മാര്ക്കായി പണിത ക്ലബ് കോടതിവിധി വഴി പിടിച്ചെടുത്തു. പത്മശ്രീ അജിത് കൗര്‍ മുന്‍ പ്രധാനമന്ത്രി വി.പി. സിംഗിനെ സമീപിച്ച് പൊതുതാല്‍പ്പര്യഹര്‍ജി നല്കിയതിലൂടെയാണിത്. വിധി എഎസ്ഐക്ക് അനുകൂലമായിരുന്നു. അപ്പോഴാണ് ഞാനവിടെ സ്ഥലം മാറിയെത്തുന്നത്. സ്ഥലം കൈമാറ്റം ചെയ്യപ്പെട്ടിരുന്നുമില്ല. ക്ലബിനായി നിര്‍മ്മിച്ച കെട്ടിടങ്ങള്‍ പൊളിക്കണം എന്ന് വിധിയിലുണ്ട്. അവര്‍ തന്നെ കെട്ടിടം പൊളിക്കുന്നത് സര്‍ക്കാരിന് സാമ്പത്തിക നഷ്ടമാണെന്ന്് കാണിച്ച്, ദല്‍ഹി ഡവലപ്മെന്റ് അതോറിറ്റി കോടതിയെ സമീപിച്ചു.
തുടര്‍ന്ന് രണ്ട് ഏക്കറോളം സ്ഥലവും,കെട്ടിടവും എഎസ്ഐ ഏറ്റെടുത്തു. ഇതിന് എല്ലാ സഹായവും നല്‍കിയത് അജിത്കൗര്‍ ആയിരുന്നു. നഗര ഹൃദയത്തിലുള്ള ഈ ഇടം തുറസ്സായിക്കിടന്നാല് ഏതെങ്കിലും തല്പരകക്ഷികള് കൈയേറുമെന്ന് ഉറപ്പാണ്. സുന്ദരമായ ഈ സ്ഥലം എങ്ങനെ വിനിയോഗിക്കാം എന്നതിന്റെ ഫലമായിരുന്നു മ്യൂസിയം. അജിത് കൗറുമായി ആശയം പങ്കുവെച്ചു. ഇതു നടപ്പാക്കാന്‍ സര്‍ക്കാര്‍ സഹായം ലഭിച്ചില്ല. എന്തെങ്കിലും ചെയ്തില്ലെങ്കില്‍ സ്ഥലം വെറുതെയുമാവും. അപ്പോഴാണ് പുതിയൊരു ആശയം. പുരാതന സ്മാരകങ്ങളുടെ വാര്‍ഷിക അറ്റകുറ്റപ്പണികളില്‍ നിന്നും ചെലവാകാതെ പോകുമായിരുന്നതും, വകയിരുത്തിയതുമായ തുക ഉപയോഗിച്ച് മ്യൂസിയം നിര്‍മ്മിക്കാം.
ഇല്ലാത്ത പദ്ധതിക്കു വേണ്ടി പണം ചിലവഴിച്ചതിന് ഓഡിറ്റ് ഒബ്ജക്ഷനുണ്ടാകുമെന്നും പിന്നീട് ഈ തുക എന്റെ ശമ്പളത്തില്‍ നിന്നും പിടിക്കുമെന്നും ഇത്തരം എടുത്തുചാടല്‍ അപകടമാണെന്നും ചിലര്‍ ഉപദേശിച്ചു. എന്റെ മുകളിലുള്ള അല്പം കമ്മ്യൂണിസ്റ്റ് ചായ്വുള്ള ഒരുദ്യോഗസ്ഥന് ഇതില്‍ ആരോപിച്ചത് ഞാന്‍ നടത്തുന്നത് ബിജെപിയുടെ അജണ്ടയാണെന്നാണ്. ബിജെപിയുടേയോ, ,കോണ്‍ഗ്രസിന്റേയോ അജണ്ടയല്ല. മറിച്ച് ഭാരതത്തിന്റെ അജണ്ടയാണ ് എന്നു പറഞ്ഞു പ്രവര്‍ത്തനം തുടങ്ങിയാണ് ഇതിന് മറുപടി നല്‍കിയത്. മുഹമ്മദ് തീരുമാനിച്ചാല്‍ അത് നടപ്പാക്കും എന്നും പറഞ്ഞു ഒരുദ്യോഗസ്ഥന് തന്റെ എതിര്പ്പുനിര്ത്തി. പക്ഷെ ഇതിന്റെ ഔപചാരികമായ ഉദ്ഘാടനം നടത്താന്‍ അവര്‍ സമ്മതിച്ചില്ല.
ബീഹാറില്‍ നിന്നും പരിചയപ്പെട്ട ഫൈന്‍ ആര്‍ട്സ് വിദ്യാര്‍ത്ഥികളെ ഈ ആവശ്യത്തിലേക്കായി ക്ഷണിച്ചു വരുത്തി. അങ്ങനെ മ്യൂസിയത്തിന്റെ നിര്‍മ്മാണപ്രവര്‍ത്തനം തുടങ്ങി. പത്തുപന്ത്രണ്ട് അടിവരെ ഉയരമുള്ള ഭാരതത്തിലെ വിവിധയിടങ്ങളില്‍ സ്ഥിതിചെയ്യുന്ന പ്രാധാന്യമേറിയ സുന്ദര ശില്പങ്ങളുടെ പകര്‍പ്പ് (റിപ്ലിക്ക) നിര്‍മ്മിച്ചു. അവയുടെ പ്രാധാന്യവും വിവരിച്ച് ചെറുകുറിപ്പുകള്‍ എഴുതി തയ്യാറാക്കി ഇതോടൊപ്പം സ്ഥാപിച്ചു. സ്ഥലം കൈയ്യേറരുത് എന്ന ലക്ഷ്യത്താല്‍ ഈ സ്ഥലം മുഴുവന്‍ മുപ്പതിലധികം റിപ്ലിക്കകള്‍ സ്ഥാപിച്ചു. ഓരോ ശില്പ്പത്തിന്റെയും വിപണി വില ഏഴും,എട്ടും ലക്ഷം ഉണ്ടെങ്കിലും നിര്‍മ്മിക്കാന്‍ 90000 രൂപയോളമാണ് ചെലവായത്.
ഭാരതത്തില്‍ നിന്നും,വിദേശങ്ങളില്‍ നിന്നുമായി ഇരുന്നൂറ് പ്രതിമകള്‍ സ്ഥാപിക്കണമെന്നതായിരുന്നു മനസ്സിലെ ആഗ്രഹം. അങ്ങനെയാണെങ്കില്‍ ഈ മ്യൂസിയം ഒരു ഏഷ്യന്‍ മ്യൂസിയമായി വികസിപ്പിച്ച് സന്ദര്‍ശകര്‍ക്ക് ഭാരതത്തിലെയും, വിദേശങ്ങളിലെയും സാംസ്കാരിക സമ്പത്തിനെക്കുറിച്ച് അറിവ് പകരാമായിരുന്നു. ഒരു വ്യക്തിക്ക് ഇത്രയും കഴിയുമെങ്കില്‍ സര്‍ക്കാര്‍ സഹായത്തോടെ ഈ പദ്ധതി പൂര്‍ത്തിയാക്കാന്‍ വിഷമകരമാവില്ല എന്നതാണ് സത്യം. പൂര്‍ത്തിയാവാതെ കിടക്കുന്ന റിപ്ലിക്ക മ്യൂസിയത്തിന്റെ വികസനമാണ് ഇന്നെന്റെ മനസ്സില്‍. ഇതിനാവശ്യമായ സഹായം ചെയ്യേണ്ടത് സര്‍ക്കാരാണ്. മനസ്സില്‍ പൂര്‍ണമായ പദ്ധതികളോടെയാണിത് പറയുന്നത്.
ഇവിടെ ഏറ്റവും ആകര്‍ഷകം ഛത്തീസ്ഗഡില്‍ നിന്നു കാണാനിടയായ രുദ്രശിവന്റെ റിപ്ലിക്കയാണ്. ഈ പേര് നല്കിയിരിക്കുന്നുവെങ്കിലും ഇത് രുദ്രശിവനല്ല. തെളിവുകളുടെയും വായനയുടെയും അടിസ്ഥാനമാക്കി പറയട്ടെ പശുപതി ശിവനാണിത്. എല്ലാ മൃഗങ്ങളും എന്നില്‍ നിന്നാണെന്നും, ശിവനും,വിഷ്ണുവും ബ്രഹ്മാവും പശുപതി ശിവവിഗ്രഹത്തില്‍ ഒന്നിക്കുന്നതാണി പകര്‍പ്പ്…
സര്‍വ ജീവജാലങ്ങളും ഒന്നിച്ച ലോകനാഥനാണ് ശിവന്. പാമ്പിനെ ഉപയോഗിച്ചാണ് തലയിലെ കെട്ട്. മയിലുകളാല്‍ നിര്‍മ്മിതമാണ് ചെവികള്‍. മുതലയുടെയും, തവളയുടെയും കണ്ണുകള്‍, രണ്ടു മത്സ്യങ്ങള്‍ ചേര്‍ത്തുവെച്ച മീശ. ഞണ്ടിന്റെ പുറം തോടിനാല്‍ നിര്‍മ്മിതമായ താടി, നവഗ്രഹങ്ങളെ സൂചിപ്പിച്ച് ഒമ്പത് മനുഷ്യമുഖങ്ങള്‍. ആമയുടെ തല ഉപയോഗപ്പെടുത്തിയുള്ള ഗുഹ്യഭാഗം, ആനയുടെ കാലുകള്‍, സകല ജീവിയുടെയും സമ്മേളനമാണ് ഛത്തീസ്ഗഡിലെ താലയിലുള്ള ഈ ക്ഷേത്രത്തിലെ പശുപതി ശിവന്. ഇതിനു പുറമെ മഹാബലിപുരം, ഹംബി, ബാദാമി, അജന്ത,എല്ലോറ,എലിഫന്റാ,മഥുര,സാരനാഥ്,പട്ന എന്നിങ്ങനെ ഭാരതത്തിലെ സുന്ദര ശില്‍പ്പങ്ങളുടെ റിപ്ലിക്കകള്‍ ഉണ്ട്. ഒരു ഭാരത നിവാസിക്ക് ഇവയെല്ലാം നേരിട്ടുപോയി ദര്ശിച്ചുവരാന് മൂന്നു മാസത്തോളം സമയം വരും. പക്ഷെ ഇവിടെ മ്യൂസിയത്തില്‍ മണിക്കൂറുകള്‍ക്കുള്ളില്‍ ഭാരത പര്യടനം പൂര്‍ത്തിയാക്കാം. നമ്മുടെ മഹത്തായ സാംസ്കാരിക ചരിത്രത്തെക്കുറിച്ച് ഒരു ഏകദേശരൂപം ലഭിക്കാന്‍ ഇതിലൂടെ സാധിക്കും. സര്‍ക്കാരിന്റെയും, എഎസ്ഐയുടെയും അനുമതിയോടെയല്ല മ്യൂസിയം സ്ഥാപിച്ചത്.
അനുമതി തേടിയിരുന്നുവെങ്കില്‍ സമ്മതം നേടിയെടുക്കാന്‍ വര്‍ഷങ്ങള്‍ വേണമായിരുന്നു. അതിനാല്‍ കുറുക്കുവഴികളിലൂടെ അജിത് കൗര്‍ പിടിച്ചെടുത്തു നല്കിയ സ്ഥലം ഉപയോഗിച്ചു അനുവദനീയമായ തുകയില്‍ ചില നീക്കു പോക്കുകള്‍ നടത്തി, ഓരോ വൈക്കോല്‍ തുരുമ്പും കൂട്ടി ചേര്‍ത്താണ് മ്യൂസിയ നിര്‍മ്മാണം. കണ്‍സപ്റ്റ് പ്ലാനും,ഫണ്ടുമില്ലാതെ ക്രിയാത്മക ചിന്തയും,ഇച്ഛാ ശക്തിയും ഉപയോഗിച്ച് എങ്ങനെ ശൂന്യതയില്‍ നിന്നും പദ്ധതികള്‍ നടപ്പാക്കാം എന്നതിന്റെ മികച്ച ഉദാഹരണം.
ഇന്നീ മ്യൂസിയം കാണാന്‍ തിരക്കാണ്. സ്കൂള്‍ വിദ്യാര്‍ത്ഥികളാണ് കൂടുതലും. എഎസ്ഐക്കാണ് നടത്തിപ്പ് ചുമതല. ഇക്കാര്യത്തില്‍ എനിക്കെതിരായി ഔദ്യോഗിക തലത്തില്‍ നടപടി സ്വീകരിക്കാനായി ഉന്നതങ്ങളില്‍ നിന്നും സമ്മര്‍ദ്ദമുണ്ടായിരുന്നു. അവര്‍ക്കുള്ള മറുപടി സ്വന്തം വിവേചന ശക്തിക്ക് പ്രാധാന്യമേകി പ്രവര്‍ത്തിച്ചാണ് മ്യൂസിയം നിര്‍മ്മിച്ച് എഎസ്ഐക്ക് സമര്‍പ്പിച്ചതും എന്നായിരുന്നു.
കേരളത്തിലെ കുഗ്രാമങ്ങളിലൊന്നായ കൊടുവള്ളിയെന്ന മലയോര ഗ്രാമത്തില്‍ നിന്നും യാദൃച്ഛികമായാണ് എന്റെ വിദ്യാഭ്യാസത്തിനുള്ള അവസരം. അതിലൂടെ നേടിയത് സര്‍ട്ടിഫിക്കറ്റുകള്‍ മാത്രം ആയിരുന്നില്ല. ഭാരതീയ പാരമ്പര്യത്തിന്റെ വിത്തുകളായിരുന്നു. എത്തിച്ചേര്‍ന്നത് അവയെല്ലാം ഉറങ്ങിക്കിടക്കുന്ന രാജ്യതലസ്ഥാനത്തും, പരിസരപ്രദേശങ്ങളിലും. അവയെല്ലാം കണ്ടറിഞ്ഞ്, അനുഭവിച്ച് എന്നില്‍ രൂഢമൂലമായ വിത്തുകള്‍ വളരുകയായിരുന്നു. അതു വളര്‍ന്നത് 33 വര്‍ഷത്തോളം കാലം. സര്‍വീസില്‍ നിന്ന് വിരമിക്കും മുമ്പെ ഇതിനെല്ലാം ഒരു ഗുരുദക്ഷിണ നല്‍കണമെന്നാണ് ആഗ്രഹം. അതാണീ റിപ്ലിക്ക മ്യൂസിയം
(ആര്‍ക്കിയോളജിസ്റ്റ് കെ.കെ. മുഹമ്മദിന്റെ
സര്‍വ്വീസ് സ്റ്റോറി
‘ഞാനെന്ന ഭാരതീയനില്‍’ നിന്നും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: