തിരൂര്‍: നിര്‍ദ്ദിഷ്ട നിളാ ടൂറിസം പദ്ധതിയില്‍ സാംസ്കാരിക കേന്ദ്രങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന ആവശ്യം പരിശോധിച്ച് സത്വര നടപടികള്‍ സ്വീകരിക്കാന്‍ കേന്ദ്ര ടൂറിസം വകുപ്പ് മന്ത്രി ഡോ.മഹേഷ് ശര്‍മ്മ കേന്ദ്ര ടൂറിസം സെക്രട്ടറിക്ക് നിര്‍ദ്ദേശം നല്കി.
മലപ്പുറം ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സില്‍ സംസ്ഥാന ടൂറിസം വകുപ്പ് മുഖേന നിളാ പ്രോജക്ട് സമര്‍പ്പിച്ചിരുന്നു. തിരുന്നാവായ നാവാമുകുന്ദ ക്ഷേത്രം, തൃപ്രങ്ങോട് മഹാശിവക്ഷേത്രം, പൊന്നാനി വലിയ ജുമാഅത്ത് പള്ളി എന്നിവ ഉള്‍പ്പെടുത്തിയാണ് കേന്ദ്രഫണ്ട് ലഭിക്കാന്‍ പ്രോജക്ട് നല്‍കിയത്. ഇതിനെ തുടര്‍ന്ന് ഉദ്യോഗസ്ഥര്‍ പദ്ധതി പ്രദേശങ്ങള്‍ സന്ദര്‍ശിച്ച് അനുകൂല റിപ്പോര്‍ട്ടും സമര്‍പ്പിച്ചിട്ടുണ്ട്. എന്നാല്‍ നിളാ ടൂറിസം പദ്ധതിയില്‍ വള്ളത്തോള്‍ സ്മാരകം, ബിപി അങ്ങാടി ജാറം, ആലത്തിയൂര്‍ നമ്പി ഇല്ലം, തൃക്കണ്ടിയൂര്‍ മഹാശിവക്ഷേത്രം, തുഞ്ചന്‍പറമ്പ്, ഗരുഡന്‍കാവ് എന്നിവകൂടി ഉള്‍പ്പെടുത്തി പദ്ധതി വിപുലീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഓറല്‍ ഹിസ്റ്ററി റിസര്‍ച്ച് ഫൗണ്ടേഷന് ഡയറക്ടര്‍ തിരൂര്‍ ദിനേശ് കേന്ദ്രടൂറിസം വകുപ്പിന് അയച്ചകത്തിനെ തുടര്‍ന്നാണ് തീരുമാനം.
തിരുന്നാവായ കൊടക്കലിന് ചുറ്റും രണ്ടുകിലോമീറ്റര്‍ പ്രദേശം പൈതൃക ഭൂമിയായി പ്രഖ്യാപിക്കണമെന്ന് സംസ്ഥാന പുരാവസ്തു വകുപ്പിനോടും അതിന് ശേഷം ആകര്‍ഷകമായ ടൂറിസം പദ്ധതി തയ്യാറാക്കണമെന്ന് ഡിടിപിസി ചെയര്‍മാനോടും ആര്‍ക്കിയോളജിക്കല്‍ സര്‍വ്വെ ഓഫ് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍ ഇത് സംസ്ഥാന പുരാവസ്തു വകുപ്പും ഡിടിപിസിയും അവഗണിച്ചിരിക്കുകയാണ്. മാമാങ്ക ചരിത്രം വളച്ചൊടിച്ചും അറിയപ്പെടേണ്ടവ മൂടിവെച്ചുമാണ് ഡിടിപിസിയും പുരാവസ്തു വകുപ്പും പ്രവര്‍ത്തിക്കുന്നത്. ഇവര്‍ സമര്‍പ്പിച്ച നിളാ പ്രോജക്ടില്‍ യഥാര്‍ത്ഥ മാമാങ്കം എന്തായിരുന്നെന്ന് വിനോദ സഞ്ചാരികള്‍ക്ക് മനസിലാക്കി കൊടുക്കാന്‍ യാതൊന്നുമില്ലെന്നായിരുന്നു തിരൂര്‍ ദിനേശിന്റെ പരാതി. ഇപ്പോഴത്തെ പ്രോജക്ടിന് പണം അനുവദിച്ചാല്‍ അത് ഉദ്ദ്യേശിച്ച രീതിയില്‍ ഗുണം ചെയ്യില്ലെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടുന്നു. പദ്ധതി പ്രദേശവും ഇപ്പോള്‍ നിര്‍ദ്ദേശിച്ച സാംസ്കാരിക ഭൂമികളും സന്ദര്‍ശിക്കണമെന്നും കത്തില്‍ ആവശ്യപ്പെടുന്നുണ്ട്. തിരുന്നാവായ സാംസ്കാരിക പൈതൃക ഭൂമിയായി പ്രഖ്യാപിക്കണമെന്ന നിര്‍ദ്ദേശം ലംഘിച്ച സംസ്ഥാന പുരാവസ്തു വകുപ്പിന് ഉല്ഖനനം ചെയ്യാനുള്ള ലൈസന്‍സ് പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് കേന്ദ്ര ആര്‍ക്കിയോളജിക്കല്‍ വകുപ്പിനും ഇദ്ദേഹം പരാതി നല്‍കിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: