കാസര്‍കോട്: കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം കുടുംബശ്രീ വഴി നടപ്പിലാക്കുന്ന സൗജന്യ തൊഴില്‍ പരിശീലന പദ്ധതിയായ ദീന് ദയാല്‍ ഉപാദ്ധ്യായ ഗ്രാമീണ്‍ കൗശല്യ യോജന (സി.ഡി.യു – ജി.കെ.വൈ)യുടെ ഭാഗമായി തൊഴില്‍ മേള ഇന്ന് രാവിലെ 10 ന് പൊയിനാച്ചി രാജധാനി ഓഡിറ്റോറിയത്തില്‍ നടക്കും. എസ്.എസ്.എല്‍.സി വിദ്യാഭ്യാസത്തിനു ശേഷം പഠനം ഉപേക്ഷിക്കേണ്ടി വന്ന ഗ്രാമ പ്രദേശങ്ങളിലെ 18 നും 35 നും ഇടയില്‍ പ്രായമുള്ളവര്‍ക്ക് ഏതെങ്കിലും ഒരു തൊഴിലില്‍ വൈദഗ്ധ്യ പരിശീലനം നല്കി മാസ വരുമാനം ഉറപ്പാക്കുന്ന ജോലി നല്‍കുക എന്നതാണ് ഈ പദ്ധതിയുടെ പ്രധാന ലക്ഷ്യം.
കേന്ദ്ര സര്‍ക്കാരും സംസ്ഥാന കുടംബശ്രീ മിഷനും തിരഞ്ഞെടുക്കുന്ന പരിശീലന സ്ഥാപനങ്ങള്‍ വഴിയാണ് ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനവും തൊഴിലും ലഭ്യമാക്കുന്നത്. കര്‍ശനമായി പരിശോധിക്കുന്ന ഈ പദ്ധതിയില്‍ ഏജന്‍സികള്‍ക്കും ഉദ്യോഗാര്‍ത്ഥികള്‍ക്കും പങ്കാളികളാവാന്‍ ചില മാനദണ്ഡങ്ങള്‍ പാലിക്കണം. മികച്ച നിലവാരത്തിലുള്ള ക്ലാസ് മുറികളും, പഠനോപകരണങ്ങളും അദ്ധ്യാപക സേവനങ്ങളും മറ്റ് സൗകര്യങ്ങളും വിദ്യാര്‍ത്ഥിക്ക് ലഭിക്കുന്നു എന്ന് ഉറപ്പാക്കാന്‍ സര്‍ക്കാരിന്റെയും കുടുംബശ്രീയുടെയും പ്രതിനിധികള്‍ പരിശീലന സ്ഥാപനങ്ങള്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും. ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരിശീലനത്തോടൊപ്പം യൂണിഫോം, ബാഗ്, മറ്റു പഠനോപകരണങ്ങള്‍ തുടങ്ങിയവയും സൗജന്യമായി ലഭിക്കും. ഇംഗ്ലീഷ്, കംമ്പ്യൂട്ടര്‍ പരിജ്ഞാനം, വ്യക്തിത്വ വികസനം തുടങ്ങിയവ എല്ലാ കോഴ്സിലും പഠന വിഷയമായി ഉള്‍പ്പെടുന്നു. താമസിച്ച്കൊണ്ടുള്ള പഠനത്തിന് ഭക്ഷണം, താമസം എന്നിവയും ദിവസേന പോയി വന്നുള്ള പരിശീലനത്തിന് 100 രൂപ യാത്രാ ബത്തയും ഉദ്യോഗാര്‍ത്ഥിക്ക് ലഭിക്കും.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന കുടുംബത്തിലെ അംഗങ്ങള്‍, ബി.പി.എല്‍ റേഷന്‍ കാര്‍ഡ് ഉള്ളവര്‍, കുടുംബശ്രീ അംഗങ്ങളുടെ മക്കള്‍ തൊഴിലുറപ്പ് പദ്ധതിയില്‍ ജോലി ചെയ്യുന്നവരുടെ മക്കള്‍ എന്നിവര്‍ക്കാണ് ഈ പദ്ധതിയിലേക്ക് അപേക്ഷിക്കാന്‍ യോഗ്യത. നിലവില്‍ വിവിധ പരിശീലന സ്ഥാപനങ്ങളിലായി 300 ഓളം വിദ്യാര്‍ത്ഥികള്‍ പരിശീലനം നേടി വരുന്നു. പരിശീലനം പൂര്‍ത്തിയാക്കുന്നതിന് മുമ്പ്തന്നെ ഉദ്യോഗാര്‍ത്ഥികള്‍ക്ക് ജോലി നല്കാന് തയ്യാറായി നിരവധി സ്ഥാപനങ്ങള്‍ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് മുന്നോട്ട് വന്നിട്ടുണ്ട്്. ചുള്ളിക്കരയിലെ ഡോണ്‍ ബോസ്കോ ഇന്‍സ്റ്റിറ്റിയൂട്ട്, ഉദുമയിലെ സെന്റം വര്‍ക്ക് സ്കില്‍സ്, കോഴിക്കോട് മുക്കത്ത് സെന്റം വര്‍ക്ക് സ്കില്‍സ് ടീം, ലീസ് മൈസൂര്‍, ജാഗ്രിതി ഫൗണ്ടേഷന് ഹൈദരാബാദ്, കിറ്റക്സ് ആല്‍വ എന്നീ പരിശീലന സ്ഥാപനങ്ങള്‍ ഉദ്യോഗാര്‍ത്ഥികളെ തെരഞ്ഞെടുക്കുന്നതിനായി ഇന്ന് പൊയിനാച്ചിയിലെത്തും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: