ശബരിമല: ശബരിമലയി ല്‍ എത്തുന്ന അയ്യപ്പഭക്തരുടെ ജീവനേക്കാള്‍ അധികൃതര്‍ പരിഗണന നല്‍കുന്നത് ഖജനാവിന്റെ ആരോഗ്യത്തിനാണ്. മലകയറുന്നതിന് ഇടയില്‍ ശ്വാസതടസ്സമുണ്ടായി അയ്യപ്പന്മാ ര്‍ കുഴഞ്ഞുവീഴുന്നത് ഇ വിടെ നിത്യകാഴ്ചയാണ്. ശബരിമലയില്‍ ഹൃദയസ്തംഭനം മൂലം 34 തീര്‍ത്ഥാടകരാണ് കഴിഞ്ഞ ദിനങ്ങളില്‍ മരണപ്പെട്ടത്.
തത്സമയത്ത് ചികിത്സ ലഭിക്കാത്തതിനെ തുടര്‍ന്നായിരുന്നു മരണത്തിലേറെയും. പമ്പയില്‍നിന്നുള്ള യാത്രയില്‍ ഒന്നര കിലോമീറ്റര്‍വരുന്ന നീലിമലയും 750മീറ്റര്‍ വരുന്ന അപ്പാച്ചിമേടും കയറുമ്പോള്‍ ഹൃദയാരോഗ്യം ഏറെ പരീക്ഷിക്കപ്പെടും. ബുദ്ധിമുട്ടിയാണ് ഭക്തരില്‍ ഭൂരിഭാഗവും മലചവിട്ടുന്നത്.
ഇവിടെ ക്ഷീണിതനായി തളര്‍ന്നുവീഴുമ്പോള്‍ പ്രാഥമിക ചികിത്സ നല്‍കുന്നതിനായി ഈ വഴിത്താരയില്‍ ആകെയുള്ളത് ഓക്സിജന്‍ പാര്‍ലറുകള്‍ മാത്രമാണ്.
ഒന്നുകില്‍ സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയിലോ അല്ലെങ്കില്‍ പമ്പയിലെ ആശുപത്രിയിലോ രോഗിയെ എത്തിക്കുക മാത്രമാണ് രക്ഷാമാര്‍ഗ്ഗം. ഡോക്ടറും നഴ്സും അടക്കമുള്ള മെഡിക്കല്‍ കെയര്‍ യൂണിറ്റുകള്‍ ഈ വഴിത്താരയില്‍ ആരംഭിക്കുമെന്ന് തീര്‍ത്ഥാടനം ആരംഭിച്ചപ്പോള്‍ ആരോഗ്യവകുപ്പ് മന്ത്രി മാധ്യമങ്ങള്‍ക്ക് മുമ്പില്‍ വീമ്പിളക്കിയിരുന്നതുമാണ്.
എന്നാല്‍ തീര്‍ത്ഥാടനം തീരാറായിട്ടും നടപടിയായില്ല. ചികിത്സയുടെ തുടര്‍നടപടികള്‍ കണ്ടെത്തി വിവരം നല്കുന്ന ആത്യാധുനിക മെഷീന് സ്ഥാപിക്കുമെന്നും ഇദ്ദേഹം പറഞ്ഞിരുന്നു.
മലകയറുന്നതിന് ഇടയില്‍ തളര്‍ന്നുവീഴുന്ന രോഗിയേയും കൊണ്ട് സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയിലെത്തിയാല്‍ ഇവിടുത്തെ സ്ഥിതി വളരെ ദുരിതപൂര്‍ണ്ണമാണ്. ഹൃദ്രോഗിയെ പ്രത്യേകമായി കിടത്തി ചികിത്സിക്കാന്‍ ഒരു ഐസിയുപോലും ഇവിടെയില്ല. പിന്നെയുള്ള ഏക ആശ്രയം സമീപത്തുള്ള സഹാസ് കാര്‍ഡിയാക് സെന്ററാണ്. ഇവിടെ ഐസിയു ഉണ്ട്. ഹൃദ്രോഗത്തിനുള്ള പ്രാഥമിക ചികിത്സ നല്‍കാനും കഴിയും. പക്ഷേ കൂടുതല്‍ പരിശോധനയോ തുടര്‍ചികിത്സയോ ആവശ്യമായി വന്നാല്‍ ഇതിനുള്ള സൗകര്യം ഇവിടെയുമില്ല. പിന്നെ പമ്പയിലേക്കും പത്തനംതിട്ടയിലേക്കും എന്തിന് കോട്ടയം മെഡിക്കല്‍ കോളേജിലേക്കുവരെ രോഗികളുമായി ആംബുലന്‍സുകള്‍ പായുന്ന കാഴ്ച ഈ തീര്‍ത്ഥാടന കാലത്തുതന്നെ കണ്ടതാണ്.
രോഗി തളര്‍ന്നുവീഴുന്ന സ്ഥലത്തുനിന്നും ഓക്സിജന്‍ പാര്‍ലറിലേക്കും അവിടെനിന്ന് ആശുപത്രിയിലേക്കുമുള്ള യാത്ര സ്ട്രച്ചറിലാണ്. ഈ സ്ട്രച്ചര്‍ സേവനത്തിനാകട്ടെ ദേവസ്വം ബോര്‍ഡിന്റെയോ സ ര്‍ക്കാരിന്റെയോ യാതൊരു സംഭാവനയുമില്ല. അഖിലഭാരത അയ്യപ്പ സേവാസംഘവും ശബരിമല അയ്യപ്പ സേവാ സമാജവുമാണ് ഈ രംഗത്ത് സേവനം അനുഷ്ഠിക്കുന്നത്. തോളിലേറ്റിയ സ്ട്രച്ചറിലുള്ള കുലുങ്ങി കുലുങ്ങിയുള്ള യാത്ര രോഗിയുടെ നില വീണ്ടും ഗുരുതരമാക്കും.
സന്നിധാനത്തെ സര്‍ക്കാര്‍ ആശുപത്രിയില്‍ കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുകയും പമ്പയിലെ ആശുപത്രിയില്‍ കാത്ലാബ് സ്ഥാപിക്കണവുമെന്ന ആവശ്യം കാലങ്ങളായുള്ളതാണ്. എന്നാല്‍ ഈ ആവശ്യങ്ങള്‍ക്കുനേരെ സര്‍ക്കാരും ബോര്‍ഡും കണ്ണടയ്ക്കുകയാണ്.
പ്രതിദിനം ലക്ഷക്കണക്കിന് ഭക്തജനങ്ങള്‍ എത്തിച്ചേരുന്ന സന്നിധാനത്ത് വേണ്ടത്ര ചികിത്സാ സൗകര്യങ്ങള്‍ ഇല്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം. കാലാവസ്ഥാ വ്യതിയാനത്തിലൂടെ ഉണ്ടാകുന്ന രോഗങ്ങള്‍ക്ക് അയ്യപ്പന്മാര് സന്നിധാനം സര്‍ക്കാര്‍ ആശുപത്രിയെ ആണ് ആശ്രയിക്കുന്നത്. ഈ ആരോഗ്യകേന്ദ്രത്തിനാകട്ടെ ഇവിടെയെത്തുന്ന രോഗികളെ മുഴുവന്‍ ഉള്‍ക്കൊള്ളാനുള്ള ആരോഗ്യമൊന്നുമില്ല. ആശുപത്രിയെന്ന് പേരുണ്ടെങ്കിലും സാമൂഹ്യ ആരോഗ്യകേന്ദ്രത്തിന്റെ സൗകര്യങ്ങള്‍ മാത്രമാണ് ഇവിടെയുള്ളത്.
തീര്‍ത്ഥാടകരുടെ തിരക്കേറുമ്പോള്‍ അധികമായി നിയമിക്കുന്ന മൂന്ന് പേരടക്കം 12 ഡോക്ടര്‍മാരാണ് ഇവിടെയുള്ളത്. ഇതില്‍ രണ്ട് ഹൃദ്രോഗ വിദഗ്ദ്ധരുമുണ്ട്. സര്‍ക്കാര്‍ ആശുപത്രിയിലെ അസൗകര്യം കണക്കിലെടുത്ത് ഇവരുടെ സേവനം സമീപത്തുള്ള സഹാസ് കാര്‍ഡയാക് സെന്ററിലാണ് ഉപയോഗപ്പെടുത്തുന്നത്.
പ്രതിദിനം ആയിരത്തി എണ്ണൂറോളം ആളുകളാണ് വിവിധ ചികിത്സകള്‍ക്കായി ഇവിടെ എത്തുന്നത്. ചികിത്സയൊരുക്കാന്‍ ഡോക്ടര്‍മാര്‍ തയ്യാറാകുന്നുണ്ടെങ്കിലും ഇഠാവട്ടത്തില്‍ നട്ടംതിരിയുന്ന രോഗികളും ഡോക്ടറന്മാരും ഇവിടെ ഏറെ കഷ്ടപ്പാടുകളാണ് സഹിക്കേണ്ടിവരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: