മലപ്പുറം: പ്രസവാനന്തര-രോഗീ ശുശ്രൂഷ നല്കുന്ന ഹോം നഴ്സിംഗ് സ്ഥാപനങ്ങള്‍ക്ക് ലൈസന്‍സ് ഏര്‍പ്പെടുത്തണമെന്ന് പ്ലേസ്മെന്റ് സെക്യൂരിറ്റി ആന്റ് ഹോം നഴ്സിംഗ് സര്‍വീസ് ഓണേഴ്സ് വെല്‍ഫെയര്‍ അസോസിയേഷന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ ആവശ്യപ്പെട്ടു.
ഹോംനഴ്സിംഗിന്റെ മറവില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കും അനാശാസ്യങ്ങള്‍ക്കും കാരണം ഈ മേഖലയില്‍ ലൈസന്‍സിംഗ് സമ്പ്രദായം ഇല്ലാത്തതാണ്. ഓഫിസ്, ഹോസ്റ്റല്‍ സംവിധാനമില്ലാതെ നിരവധി അനധികൃത ഹോംനഴ്സിംഗ് സ്ഥാപനങ്ങള്‍ വിസിറ്റിംഗ് കാര്‍ഡിന്റെ മാത്രം പിന്‍ബലത്തില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. കുറ്റകൃത്യങ്ങള്‍ നടക്കുന്നത് പലപ്പോഴും ഇത്തരം സ്ഥാപനങ്ങളുടെ പേരിലുള്ളവരില് നിന്നാണ്. കൂടാതെ അമിത ചാര്‍ജാണ് സര്‍വീസിന് ഇത്തരക്കാര്‍ ഈടാക്കുന്നത്. സംഘടനയുടെ കീഴിലുള്ള ഹോം നഴ്സുമാര്‍ക്ക് 26000 രൂപയാണ് ഈടാക്കുന്നതെന്നും ഇതില്‍ 23000 രൂപ നഴ്സുമാര്‍ക്ക് നല്‍കുന്നുണ്ടെന്നും ഭാരവാഹികള്‍ അറിയിച്ചു.
എന്നാല്‍ അനധികൃത സ്ഥാപനങ്ങള്‍ 35000 രൂപവരെയാണ് ഈടാക്കുന്നത്. സംഘടനയുടെ കീഴിലുള്ള ഹോംനഴ്സുമാര്‍ക്ക് താമസ-ഭക്ഷണ സൗകര്യങ്ങള്‍ ജോലികള്‍ തമ്മിലുള്ള ഇടവേളകളില്‍ നല്‍കുന്നുണ്ട്. ഇവരുടെ തിരിച്ചറിയല്‍ കാര്‍ഡടക്കമുള്ളവ ഓഫിസില്‍ സൂക്ഷിക്കും. ജോലിക്കു വിടുന്ന വീടുകളില്‍ സ്ത്രീകളുണ്ടെന്ന് ഉറപ്പുവരുത്തിയും അവരുടെ വിവരങ്ങള്‍ ശേഖരിച്ച ശേഷമേ ഹോം നഴ്സുമാരെ അയക്കൂ.
ഈ മേഖലയിലെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതിന് ലൈസന്‍സ് സമ്പ്രദായം ഏര്‍പ്പെടുത്തുകയാണ് പരിഹാരമെന്നും വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്ത അസോസിയേഷന് സംസ്ഥാന പ്രസിഡന്റ് എം എന്‍ സന്തോഷ്, സെക്രട്ടറി ഇ അബ്ദുല്‍ സലാം, ജില്ലാ പ്രസിഡന്റ് ഉഷമോഹന്‍ദാസ് എന്നിവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: