ഇല്ലനുകര്‍ത്താവിനില്ല തന് ജീവിത- വല്ലരിയില്‍ പൂ വിരിഞ്ഞു കാണാന്‍ വിധി” എന്ന് കവിത. അനുകരിക്കാം, പക്ഷേ അതിലൂടെ സകലതും സഫലമാകണമെന്നില്ല. പ്രത്യേകിച്ച് പ്രസ്ഥാനങ്ങള്‍ക്ക്. അനുകരണീയരാകാതിരിക്കാന് പക്ഷേ, വ്യക്തമായ ബോധമുള്ളവര്‍ക്ക് കഴിയുകയുമില്ല. തൊണ്ണൂറുവര്‍ഷത്തെ പ്രവര്‍ത്തനത്തിനിടയില്‍ ഒരു സംഘടനക്ക് വിരാഡ് രൂപത്തിന്റെ ചെറുപതിപ്പ് പ്രകടിപ്പിക്കുകയെന്നത് അനിവാര്യതയാണല്ലൊ. അനന്തശക്തിയുടെ സാധ്യത പ്രത്യക്ഷമാക്കുമ്പോള്‍ അത് കൂടുതല്‍ വീര്യം പകരുമെന്നതിനാല്‍ ആവശ്യവുമാണ്. അത്തരത്തില്‍ ഒരു പ്രദര്‍ശനമായിരുന്നു മഹാരാഷ്ട്രയിലെ പൂനെയില്‍ ഹിഞ്ജ്വഡിയിലെ ഐടിപാര്‍ക്കില്‍ 2016 ജനുവരി മൂന്നിന് നടന്ന, ശിവശക്തി സംഗമം എന്ന് പേരിട്ടിരുന്ന, രാഷ്ട്രീയ സ്വയംസേവക സംഘത്തിന്റെ പ്രവര്‍ത്തക സമ്മേളനം.
സംഘചരിത്രത്തില് ഏറ്റവും വലിയ സമ്മേളനം. പൂര്‍ണ ഗണവേഷധാരികളായി, കാക്കി ട്രൗസറും വെളുത്ത ഉടുപ്പും കറുത്ത തൊപ്പിയും ഷൂവും കാലുറയും ബെല്‍റ്റും ധരിച്ചെത്തിയത് 1,58,722 പേരാണ്. അതിനുപുറമേ പൂര്ണഗണവേഷമില്ലാത്തവരും അനുഭാവികളും സന്ദര്‍ശകരുമായി ലക്ഷത്തോളം പേര്. ഒരു സംഘടന ആസൂത്രണം ചെയ്ത ഏറ്റവും വലിയ, ചിട്ടപ്രകാരമുള്ള പരിപാടിയെന്ന നിലയില്‍, വെറും ആള്‍ക്കൂട്ടം എന്ന സങ്കല്‍പ്പത്തിനപ്പുറം സാമൂഹ്യസംഗമം.
ആര്‍എസ്എസിന് ഇത്രയുമേ കഴിയുള്ളോ, ഇതാണോ അവരുടെ ശക്തിയുടെ അളവുകോല്‍ എന്നെല്ലാം സംശയിക്കുന്നവരുണ്ടാകാം.
അവര്‍ക്ക് സമാധാനം പറയാനിത്രമാത്രം. ആര്‍എസ്എസ് സ്ഥാപിതമായ നാഗ്പൂര്‍ ഉള്‍പ്പെട്ട മഹാരാഷ്ട്ര സംസ്ഥാനത്തിലെ ഒരു പ്രദേശമായ പൂനെയിലെ പടിഞ്ഞാറന്‍ പ്രദേശത്തെ മാത്രം സംഘടനാ പ്രവര്‍ത്തകരുടെ സംഗമമായിരുന്നു അത്. 450 ഏക്കര്‍ സ്ഥലത്ത്, സംഘ ശാഖാ പദ്ധതിപ്രകാരമുള്ള സംവിധാനത്തിലും ചിട്ടയിലും അത്രയും പേര്‍ക്കേ ഒത്തുചേരാനിടം തികയൂ. ഭാരതത്തിലെ മുഴുവന്‍ സംഘപ്രവര്‍ത്തകര്‍ക്കും ഒന്നിയ്ക്കാന്‍ ഇന്ന് ഒരു ഭൂപ്രദേശം ലഭ്യമല്ലതന്നെ. മഹാവിഷ്ണു വിശ്വരൂപം പ്രദര്‍ശിപ്പിച്ചിട്ടുള്ളത് അപൂര്‍വ സന്ദര്‍ഭങ്ങളിലാണ്, അല്ലാത്തപ്പോള്‍ ഭഗവാന് തൂണിലും തുരുമ്പിലും നിറഞ്ഞിരിക്കുന്നുവെന്നതുപോലെ സംഘശക്തി ഇന്ന് രാജ്യത്തെവിടെയും സാന്നിദ്ധ്യമാണല്ലൊ.
എന്തിനായിരുന്നു ഈ ശക്തിപ്രകടനം. ആരെ കാണിക്കാന്‍. ആരെയെങ്കിലും പേടിപ്പെടുത്താനോ സ്വാധീനിക്കാനോ ആയിരുന്നോ. അല്ലേയല്ല. ഇടയ്ക്കിടെ സ്വയം ശക്തി ബോധ്യപ്പെടാന്‍ ഒത്തുചേരുമ്പോഴാണ് സംഘടിത ബലത്തിന് ആക്കം കൂടുന്നത്. ആത്യന്തിക ലക്ഷ്യം അത്രയേറെയകലെയല്ലെന്ന വിശ്വാസം വര്‍ധിക്കുന്നത്; പ്രവൃത്തിയുടെ വേഗവും ചടുലതയും കൃത്യതയും പുനര്‍നിര്‍വചിക്കപ്പെടുന്നത്.
ആരെയും പേടിപ്പിക്കാനല്ല, ചെയ്തുവരുന്ന പ്രവര്‍ത്തനങ്ങള്‍ തുടരുകയാണ് ദൗത്യമെന്ന് മഹാസമ്മേളനത്തിനൊടുവിലത്തെ ആ പ്രഖ്യാപനം തെളിവാണുതാനും. ആര്‍എസ്എസ് പ്രാന്തകാര്യവാഹ് വിനായകറാവു തോറാത് ഇങ്ങനെ അഭ്യര്‍ത്ഥിച്ചു, സംസ്ഥാനത്തെ വരള്‍ച്ച ബാധിത പ്രദേശങ്ങളില്‍ നടക്കുന്ന ആശ്വാസ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തമാക്കേണ്ടതുണ്ട്, ഇതിന് സംഘം നേരിട്ടും ജനകല്യാണ്‍ സമിതി വഴിയും നടത്തുന്ന പ്രവര്‍ത്തനങ്ങളില്‍ പങ്കാളികളാകാന്‍ സന്നദ്ധരായവര്‍ മുന്നോട്ടുവരിക; 022-33814111 എന്ന ഫോണ്‍ നമ്പറില്‍ വിളിക്കുക. അതെ ഏറ്റവും ഒടുവില്‍, ചെന്നൈയിലെ ദുരിതമഴയില്‍ ജനസേവകരായി പ്രവര്‍ത്തിച്ചു കണ്ട സ്വയംസേവകരുടെ സഹോദരങ്ങള്‍ പൂനെയില്‍ ഒരുമിച്ചുചേര്‍ന്നത് അവര്‍ നടത്തിവരുന്ന മറ്റു സേവനങ്ങള്‍ വര്‍ദ്ധിത വീര്യത്തില്തുടരാന് തന്നെയാണ്. ഗണവേഷം ധരിച്ചവര്‍ക്ക് വിശ്രമമില്ല, അവര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുകയാണ്. ചിലതുമാത്രമേ ഏറെ പ്രത്യക്ഷമാകുന്നുള്ളൂവെന്നുമാത്രം.
ആയിരം ദിവസത്തെ ആസൂത്രണം. അതില്‍ പക്ഷേ ശിവശക്തി സംഗമത്തില്‍ പങ്കെടുത്ത 1,58,722 പേര്‍ക്കും പങ്കാളിത്തമില്ല. ആസൂത്രണത്തിനു നിയുക്തരായവര്‍ നിശ്ചയിച്ചു, നടപ്പാക്കി. ഒരു കുറവും കുറ്റവുമില്ലാതെ. ഇത്രയും പേര് ഒന്നിച്ചാല്‍ പലതരത്തിലുള്ള മലിനീകരണം, ഗതാഗത തടസ്സം, അസ്വസ്ഥകള്‍, ആശങ്കകള്‍ ഒക്കെ ഉണ്ടാകുമെന്നും അതിലൂടെ ആര്‍എസ്എസിനെ പഴിയ്ക്കാമെന്നും അവസരം കാത്തിരുന്നവര്‍ നിരാശപ്പെട്ടു. അതൊന്നും സംഭവിച്ചില്ല. നഗരത്തിലെങ്ങും കുറ്റമറ്റ ഗതാഗത നിയന്ത്രണ സംവിധാനമായിരുന്നു. 10 ഏക്കര്‍ പ്രദേശത്ത് വാഹന പാര്‍ക്കിങ് സൗകര്യം ഒരുക്കി. ഒരു തടസ്സവുമുണ്ടായില്ല.
ഭക്ഷണവിതരണമുള്‍പ്പെടെ നടന്നു, ഒരു പ്ലാസ്റ്റിക്കും കടലാസും മാലിന്യമായില്ല. ഭക്ഷണവിതരണം പച്ചിലപ്പാത്രങ്ങളിലായിരുന്നു. കുടിവെള്ള വിതരണം ഇത്ര കുറ്റമറ്റതായി ഒരു മഹാസമ്മേളനത്തില്‍ എങ്ങനെ നടത്താനായെന്ന് ചില മാധ്യമപ്രവര്‍ത്തകര്‍ അതിശയം പ്രകടിപ്പിച്ചു. 15,000 വന്‍ ജാറുകളില്‍ കുടിവെള്ളം സംഭരിച്ചിരുന്നു. നിര്‍ഭയ സംഭവത്തിലെ പ്രക്ഷോഭത്തില്‍ ദല്‍ഹിയിലെ ഇന്ത്യാ ഗേറ്റിലാണ് അടുത്തിടെ ആള്‍ക്കൂട്ടം ഒന്നിച്ചത്. അവിടെക്കണ്ട പ്രശ്നങ്ങളില്‍ ഒന്നുപോലും പൂനെയില്‍ ഉണ്ടായില്ലെന്നവര് സമ്മതിക്കുന്നു. സമ്മേളനസ്ഥലങ്ങളില്‍ കാതും നെഞ്ചുമടപ്പിക്കുന്ന ശബ്ദമലിനീകരണമില്ലായിരുന്നു. വിസില്‍ ശബ്ദങ്ങളും നിര്‍ദ്ദേശങ്ങളും വാദ്യഘോഷവും മാത്രം.
അച്ചടക്കത്തിന്റെയും ചിട്ടയുടെയും അനുകരണീയ മാതൃക സൈനിക സംവിധാനത്തെപ്പോലും അസൂയപ്പെടുത്തുന്നതായെന്ന് വിരമിച്ച മുതിര്‍ന്ന സൈനികോദ്യോഗസ്ഥരെ ഉദ്ധരിച്ച് ചില മാധ്യമങ്ങള്‍ പ്രശംസിച്ചു. സംഗമം നടന്ന ഹിഞ്ജവഡിക്ക് അരക്കിലോ മീറ്റര്‍ അകലെ മറുഞ്ജിയില് താമസിക്കുന്ന ആദിത്യ പിരാട്ല പത്രത്തിലിങ്ങനെ അഭിപ്രായം എഴുതി, എന്തൊക്കെ പുകിലായിരിക്കും ഈ സമ്മേളനത്തിനോടനുബന്ധിച്ച് എന്ന് ആശങ്കപ്പെട്ടു- ശബ്ദം, ഗതാഗത സ്തംഭനം, മാലിന്യക്കൂമ്പാരം… പക്ഷേ, അതിശയിപ്പിച്ചു, അതൊന്നുമുണ്ടായില്ല. ഞാന്‍ അമ്പരന്നു പോയി. എത്ര ചിട്ടയോടെ സമാധാനത്തോടെയായിരുന്നു ആ വന്‍ പരിപാടി…’
ചില കണക്കുകള്‍ ഇങ്ങനെ: 450 ഏക്കര്‍ സ്ഥലം. അവിടെ 200 അടി വീതിയില്‍ 80 അടി ഉയരത്തില്‍ പടുകൂറ്റന്‍ വേദിയുണ്ടാക്കി, വീര ശിവാജിയുടെ കോട്ടയും സിംഹാസനസ്ഥനായ ശിവാജിയുടെ രൂപവും ചിത്രണം ചെയ്തിരുന്നു. വേദിയിലേക്ക് കയറാന്‍ ലിഫ്റ്റും. വേദിക്കു മുന്നില്‍ 70 അടി ഉയരത്തിലുള്ള ധ്വജ സ്തംഭത്തില്‍ ഭഗവദ്ധ്വജം പാറിക്കളിച്ചു.
8000 പേര് പ്രബന്ധകരായി, വാളണ്ടിയര്‍മാരായി. 3500 മീറ്റര്‍ പന്തലിട്ടിരുന്നു സന്ദര്‍ശകര്‍ക്കായി. ശിവശക്തി സംഗമത്തിന് ധ്വജം ഉയര്‍ന്നപ്പോള്‍ 2000 പേരുടെ ഘോഷ് സംഘം പ്രത്യേകം തയ്യാറാക്കിയ ശിവശക്തി എന്ന സംഗീതഘോഷം മുഴക്കി. ആര്‍എസ്എസ് സര് സംഘചാലക് ഡോ. മോഹന്‍ ഭാഗവതും സര്‍കാര്യവാഹ് സുരേഷ് ഭയ്യാജി ജോഷിയും പങ്കെടുത്ത പരിപാടിയില്‍ ദ്വാരകാ പീഠം ശങ്കരാചാര്യര്‍ സ്വാമി ത്രിലോക് തീര്ത്ഥയുള്പ്പെടെയുള്ള സന്യാസി-ധാര്‍മ്മികാചാര്യന്മാരും മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്നവീസും സഹമന്ത്രിമാരും കേന്ദ്ര മന്ത്രിമാരും അതിഥികളായി പങ്കെടുത്തു.
അഞ്ചുകൊല്ലം മുമ്പ് കേരളത്തില്‍, കൊല്ലത്ത് ആശ്രാമം മൈതാനിയില്‍ ഇതുപോലൊരു മഹാസമ്മേളനം നടന്നു. കേരളത്തിലെ സ്വയംസേവകര്‍ ഒത്തുചേര്‍ന്നു. അതൊരു പുതിയ ഉണര്‍വായിരുന്നു. കൂടുതല്‍ കരുത്തില്‍ കേരളത്തില്‍ സംഘപ്രവര്‍ത്തനം മുന്നോട്ടു കുതിക്കാനത് കാരണമായി. സന്നദ്ധ സേവനത്തിനുള്ള കാക്കിവേഷവും നിസ്വാര്‍ത്ഥ പ്രവര്‍ത്തനത്തിനുള്ള കാവിമനസ്സുമുള്ക്കൊണ്ട വരുടെ നിഷ്ഠയാണ് ഇതിലൂടെയെല്ലാം പ്രകടമായത്. അത് നിത്യശാഖാ പ്രവര്‍ത്തനത്തിലൂടെ നേടിയ അനുഷ്ഠാനശീലമാണ്. അല്ലാതെ ഒറ്റദിവസത്തേക്കുള്ള പ്രകടനപരിപാടിയല്ല. വേഷത്തിലും രീതിയിലുമൊക്കെ അനുകരിക്കാമെങ്കിലും ലക്ഷ്യത്തിലും ഉദ്ദേശ്യത്തിലും അനുകരണം അത്ര എളുപ്പമല്ല. അത്തരം അനുകര്‍ത്താക്കള്‍ക്ക് ലക്ഷ്യത്തിന്റെ വള്ളിയില്‍ പൂക്കള്‍ വിടരുമെന്ന് പ്രതീക്ഷിക്കുകയേ വയ്യ.
പൂനെയില്‍ ശിവശക്തി സംഗമം നടന്ന ദിവസം തന്നെയായിരുന്നു ഇങ്ങ് കേരളത്തില്‍ രണ്ടു സംഭവങ്ങള്‍ ഉണ്ടായത്. ഒന്ന് കണ്ണൂരിലെ മതേതരയോഗാപ്രകടനം. യോഗയെ രോഗമായി കണ്ടിരുന്ന, കമ്മ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ആഭിമുഖ്യത്തിലായിരുന്നു പ്രകടനം എന്നതുകൊണ്ടാണ് ശ്രദ്ധേയമായത്. ഭൗതികവാദത്തിന് ആത്മീയത അയിത്തമാണെന്നും അതിന്റെ അഞ്ചയല്പക്കത്തു പോകരുതെന്നും ആദര്‍ശം പറഞ്ഞവരുടെ നയംമാറ്റം. ഈ ചുവടുമാറ്റത്തിന്റെ വൈരുദ്ധ്യാത്മകയുക്തി വിശദീകരിക്കാന്‍ വിഷമിക്കുന്നതിനേക്കാള്‍ എളുപ്പം ഇതിനൊന്നും പോകാതിരിക്കുന്നതല്ലെ എന്ന ചോദ്യത്തിന് പ്രസക്തിയേറെയാണ്. പക്ഷേ, അനുകരിക്കുമ്പോള്‍ വികൃതമായിപ്പോയാല് മിമിക്രി കലാകാരന്മാര്ക്ക് സദസ്സില്‍നിന്ന് കൂവല്‍ കിട്ടും. ഏതാണ്ട് അതേ മട്ടിലായി കണ്ണൂരിലെ മാര്‍ക്സിസ്റ്റ് യോഗാ. അതിലേറെ വിചിത്രമായി, യോഗയുടെ ഉദ്ഘാടനത്തിന് ശ്രീഎം-നെ ക്ഷണിച്ചത്. യോഗിജീവിതം നയിക്കുന്ന ശ്രീ എം അതിനു യോഗ്യന്‍ തന്നെ.
ഇസ്ലാംമത വിശ്വാസത്തില്‍ ജീവിതം തുടങ്ങി, ഇന്ന് ഭാരതീയ-ഹൈന്ദവ വീക്ഷണങ്ങളില്‍ പ്രവര്‍ത്തിക്കുന്ന ശ്രീ എം അടുത്തിടെ ഭാരതയാത്ര നടത്തി. കന്യാകുമാരിയില്‍ നിന്ന് അതിന് തുടക്കം കുറിച്ചത് ആര്‍എസ്എസ് സര്‍സംഘചാലക് ഡോ. മോഹന്‍ ഭാഗവതായിരുന്നു. പൂനെയില്‍ ആര്‍എസ്എസ് ശിവശക്തി സംഗമവേളയില്‍ ഡോ. മോഹന്‍ഭാഗവത് അവിടെ മുഖ്യപ്രഭാഷണം നടത്തിയ അതേ ദിവസം, അദ്ദേഹത്തിന്റെ ആശീര്‍വാദം നേടുകയും അദ്ദേഹത്തിന് ആശീര്‍വാദം കൊടുക്കുകയും ചെയ്ത ശ്രീ എം കമ്മ്യൂണിസ്റ്റ്-മാര്‍ക്സിസ്റ്റ് നേതാക്കള്‍ക്കുള്‍പ്പെടെ യോഗോപദേശം കൊടുത്തുവെന്നത് കാലത്തിന്റെ കാവ്യനീതി കൂടിയായിരിക്കാം. കമ്മ്യൂണിസ്റ്റ് ആദര്‍ശവും രാഷ്ട്രീയ സ്വയംസേവക സംഘ ദര്‍ശനവും പിറന്നിട്ട് 90 വര്‍ഷം പിന്നിടുന്നുവെന്ന യുക്തിയും അതിനുണ്ടാവുന്നത് സ്വാഭാവികതയാവാം.
കന്യാകുമാരിയില്‍നിന്ന് തപസ്യ സാംസ്കാരിക വേദി ആരംഭിച്ച സാംസ്കാരിക തീര്‍ത്ഥയാത്രയുടെ തുടക്കവും അതേ ദിവസമായിരുന്നു, ജനുവരി മൂന്നിന്. തപസ്യയുടെ സാഗരതീരയാത്രയും സഹ്യസാനു യാത്രയും സമാപിക്കുമ്പോള്‍ കന്യാകുമാരി മുതല്‍ ഗോകര്‍ണം വരെയുള്ള കേരളത്തിന്റെ സാംസ്കാരികാതിര്ത്തിയില് പുതിയ മാറ്റത്തിന്റെ കാറ്റ് വീശുമെന്ന സന്ദേശമാണുയരുന്നത്. അതിന് പൂനെയില്‍ കണ്ട വിരാഡ് ദര്‍ശനം പ്രേരണയാണ്. അതിനപ്പുറം തൂണിലും തുരുമ്പിലുമുള്ള ആ സംഘടനാ സാന്നിദ്ധ്യം പ്രചോദനമാണ്. പുതിയ ചിലതുടക്കങ്ങളുടെ ദൃഷ്ടാന്തങ്ങളാണിവയെല്ലാം. ”ഇത്തിരിപോന്നൊരു തുളവഴി കാണും ഖാണ്ഡവദാഹം പോലെ” എന്ന് അക്കിത്തം കവിത തന്നെ വീണ്ടും വരുന്നു. ഇക്കാഴ്ചകളെല്ലാം മുഴുക്കാഴ്ചകളാകുന്ന കാലം അത്രയേറെ വിദൂരമല്ല…
പ്രതികരിക്കാൻ ഇവിടെ എഴുതുക: