മനസ്സിന്റെ ചിമിഴ് തുറക്കപ്പെടുമ്പോള്‍ ഓര്‍മകളുടെ ഒട്ടേറെ വര്‍ണപ്പൊട്ടുകള്‍ കണ്ടേക്കാം. വ്യത്യസ്ത നിറങ്ങളിലുള്ളവ. പച്ച, നീല, ചുവപ്പ്, കറുപ്പ്, വെളുപ്പ്, മഞ്ഞ എന്നിങ്ങനെ പല വര്‍ണങ്ങളിലുള്ളവ. ഇന്നും എന്നും ദുഖത്തിന്റെ കരിവര്‍ണ്ണത്തിലാണെങ്കില്‍, പ്രസരിപ്പാര്‍ന്ന പച്ചയും മങ്ങിപ്പോയ മഞ്ഞയും വെണ്മയുടെ വെളുപ്പുമെല്ലാം എത്രയെത്ര സംഭവങ്ങളെ, വ്യക്തികളെ, കാലത്തെയൊക്കെയാണ് ഓര്‍മിപ്പിക്കുന്നത്.
ഓര്‍മകള്‍ പലപ്പോഴും ഓര്‍ക്കാന്‍ മാത്രമല്ല, പലതും ഓര്‍മിപ്പിക്കാന്‍കൂടിയുള്ളതാകുമ്പോള്‍ അവ അടയാളപ്പെടുത്തേണ്ടിവരും. റേഷന്‍ കാര്‍ഡിലെ താളില്‍ മാത്രം പേരുചേര്‍ക്കപ്പെട്ടിരുന്ന ചിലര്‍ വൈയക്തിക വികാരങ്ങള്‍ മാത്രം സമ്മാനിക്കുന്ന സംഭവങ്ങള്‍ ഒക്കെ പ്രസക്തം തന്നെയാകുന്നു. സാമൂഹിക തലത്തില്‍ ഈ സാധാരണ കാര്യങ്ങള്‍ ഒന്നോര്‍ത്തെടുക്കുമ്പോള്‍, തത്വചിന്തയുടെ തെളിവാര്‍ന്ന ഉത്കര്‍ക്ഷേച്ചയുടെ ഒക്കെ പ്രസക്തി അതിനുണ്ടെന്നും കാലികമായി പ്രസക്തി ഏറെന്നുണ്ടെന്നും കാണാം.
‘നാം ഇപ്പോഴും ജീവിച്ചിരിക്കുന്നു’ എന്നതിനേക്കാള്‍ വലിയൊരു അത്ഭുതം വേറെയില്ല എന്ന് പറയുംപോലെ. അനുദിനം അവിചാരിതമായി മരണം പലരേയും വിരല്‍ പിടിച്ച് ജീവിതത്തിനപ്പുറത്തേയ്ക്ക് നടത്തുമ്പോള്‍ ഈ പ്രസ്താവത്തിന് ഗൗരവം വരുന്നു.
അല്ലെങ്കില്‍ത്തന്നെ മരണം എന്നത് ജനനത്തോടൊപ്പം കൂടപ്പിറപ്പാകുകയാണല്ലോ. ഭൗതിക വളര്‍ച്ചയ്ക്ക് ഒപ്പം മരണത്തിലേക്കുള്ള അകലം പലപ്പോഴും കുറയുകയും ചെയ്തുവരുന്നു.
മരണം രംഗബോധമില്ലാത്ത കോമാളിയാണ് എന്നൊക്കെ പറഞ്ഞാലും ഇത്തരം’കോമാളിത്തം’ എന്റെ ജീവിതത്തിലെങ്ങനെ സംഭവിച്ചു.
ഓരോന്നു സംഭവിക്കുന്നതുപോലെ തികച്ചും യാദൃച്ഛികം എന്നൊക്കെ പറഞ്ഞുവേണമെങ്കില്‍ ഒഴിയാം. എന്നാലും അങ്ങനെയൊരു യാദൃച്ഛികതയ്ക്കുപോലും ഒരു ‘വല്ലാത്ത പുതുമ’. അല്ലെങ്കില്‍ത്തന്നെ ജോയിക്കെന്തിന് ഇങ്ങനെ ഒരു സംഭവം, അഥവാ ജോയിക്കങ്ങനെ പറ്റിയാലും എന്റെ ജീവിതത്തിലേക്ക് അടയാളപ്പെടുത്തിയതെന്താണ് ഇങ്ങനെ!
എന്റെ നാട്ടുകാരന് തന്നെയായിരുന്ന ജോയി. ഏതാണ്ട് പത്തിരുപത് വര്‍ഷം മുമ്പാണ് ഇങ്ങനെ ഒരു സംഭവം നടന്നത്. എനിക്കന്ന് ഇലക്ട്രിക്കല്‍ ഗുഡ്സിന്റെ ഒരു കുടുംബ ബിസിനസ് ഉണ്ടായിരുന്നു. ജോയി ആണെങ്കില്‍ ഒരു വര്‍ക് ഷോപ്പ് തൊഴിലാളിയും. സാമ്പത്തിക ഭദ്രത കുറഞ്ഞ കുടുംബം. കുട്ടികള്‍ നന്നായി പഠിക്കും. അതു നന്ന്.
ഒരു പകല്‍ പിരിഞ്ഞ നേരം
ഞാനും ബിസിനസ് പങ്കാളിയും കൂടി മുറിയിലിരുന്ന് സംസാരിക്കുന്നു.
അവിടേയ്ക്ക് ജോയിയും അനുജന് വര്‍ഗീസും കൂടി കടന്നുവന്നു. കുറച്ചുകാലം കൂടി കാണുകയാണ് ജോയിയെ. എന്റെ അയല്‍വാസിയുടെ വീട്ടില്‍ വാടകയ്ക്ക് താമസിക്കുകയാണ് ജോയിയും കുടുംബവും. പിന്നീട് ആ വീടിന്റെ പോര്‍ഷനിലെ വാടകയൊഴിഞ്ഞ് വട്ടംതിട്ട എന്ന സ്ഥലത്തേക്ക് താമസം മാറി. അതോടെ നിരന്തരം കണ്ടിരുന്ന ജോയിയെ കാണാതെയുമായി.
പിന്നീട് ഇപ്പോഴാണ് കാണുന്നത്.
‘ജോയിച്ചേട്ടനെ കണ്ടിട്ട് കുറച്ചായല്ലോ. എന്തേ ഇവിടെങ്ങും ഉണ്ടായിരുന്നില്ലെ…ദൂരെ മറ്റൊ ആണോ പണി?’
ഞാന്‍ ലോഹ്യം ചോദിച്ചു.
‘അറിഞ്ഞില്ല അല്ലേ…’ജോയി ഗദ്ഗദകണ്ഠനായി.
ഞാന്‍ മിഴിച്ചിരുന്നു.
‘ഞാന്‍ ആശുപത്രിയിലായിരുന്നു. ഒരപകടം പറ്റി. എന്റെ വാരിയെല്ലുകള്‍ ഒടിഞ്ഞു. ഡോക്ടര്‍ പറഞ്ഞിരുന്നത് ഞാന്‍ രക്ഷപെടാന്‍ സാധ്യതയില്ല എന്നാണ്. പക്ഷേ കര്‍ത്താവിന്റെ കൃപകൊണ്ട് രക്ഷപെട്ടു.ഇപ്പോള്‍ പണിക്കും പോകുന്നുണ്ട്’.
ഒരു കുറ്റബോധത്തിന്റെ മൗനംപാലിക്കാനെ എനിക്കായുള്ളു.
വാഹനാപകടത്തില്‍പ്പെട്ട് വാരിയെല്ലുകള്‍ ഒടിഞ്ഞ് മാസങ്ങളോളം ആശുപത്രിയില്‍ കഴിഞ്ഞിട്ടും ഞാന്‍ അറിയാതെ പോയല്ലോ-ഓ! ദൈവാനുഗ്രഹം! രക്ഷപ്പെട്ട് ജോലി ചെയ്യാന്‍ മാത്രം ആരാഗ്യവാനായല്ലോ.
ഞാന്‍ ഒരു ദീര്‍ഘനിശ്വാസം ഉതിര്‍ക്കുമ്പോഴേക്കും ജോയി പറഞ്ഞു. ‘ഞാന്‍ എങ്ങാനും മരിച്ചുപോയിരുന്നെങ്കില്‍ ഇവന് കഷ്ടപ്പെട്ടുപോയേനേ…സ്വന്തം പ്രാരാബ്ധത്തോടൊപ്പം എന്റെ പ്രാരാബ്ധം കൂടി ഏറ്റെടുക്കേണ്ടി വരില്ലായിരുന്നോ…’ വര്‍ഗീസിനെ നോക്കിയ ശേഷം ജോയി പറഞ്ഞു.
അതുകഴിഞ്ഞ് വിഷയം മാറ്റി. അക്കാലത്ത് വാരികയില്‍ പ്രസിദ്ധീകരിച്ചുവന്നിരുന്ന എന്റെ നോവലിനെക്കുറിച്ചൊക്കെ വളരെ നന്നായി പറഞ്ഞ ശേഷം വിഷയത്തിലേക്കുവന്നു.
‘എനിക്ക് ഒരു സഹായം ചെയ്യണം’. ജോയിച്ചേട്ടന് പറഞ്ഞു. എന്റെ മൂത്തോള് പത്തിലാ പഠിക്കുന്നെ. പരീക്ഷ അടുത്തുവരികയാ…പഠിക്കാനവള്‍ക്ക് ഒട്ടും മടീമില്ല’.
അത് എനിക്കും അറിയാവുന്നതാണ്. നന്നായി പഠിക്കുന്ന കുട്ടിയാണെന്നുതന്നെയാണ് എന്റേയും അറിവ്.
‘പക്ഷേ എന്താ ചൂട്. രാത്രീലിരുന്ന് പഠിക്കാനവള്‍ക്ക് വല്ലാത്ത വിഷമം. എന്താ ഉഷ്ണം. പകലാണെങ്കില് വാതിലും ജനലും തുറന്നിട്ടിരുന്ന് പഠിക്കാം. നല്ല കാറ്റുകിട്ടും. പക്ഷേ രാത്രി അതുപറ്റില്ലല്ലോ. ഫാനാണെങ്കില്‍ ഇല്ല. എനിക്കൊരു ഫാന്‍ കടം തരണം. പൈസ ഞാന്‍ കിട്ടുന്നതനുസരിച്ച് കൊണ്ടുവന്നു തരാം.
‘അതിനെന്താ. ഫാന്‍ നല്ല കമ്പനീടെ തന്നെ കൊണ്ടുപോയ്ക്കോളൂ…’
ഞാന്‍ എന്റെ പങ്കുകാരനോട് പറഞ്ഞ് നല്ല ഫാന്‍ തന്നെ എടുത്തുകൊടുപ്പിച്ചു.
നന്ദി ജോയിയുടെ കണ്‍കളില്‍ നിറഞ്ഞുവന്നു. ആ കുട്ടി നന്നായി പഠിച്ച് പാസാകട്ടെ. അതില്‍ എനിക്കും ഒരു പങ്ക്. ഞാന്‍ മനസ്സില്‍ കരുതി.
പിറ്റേന്ന് ഒരു ഉച്ച സമയം.
ഞാനും കൂട്ടുകച്ചവടക്കാരനും മുറിയില്‍. അവിടേയ്ക്ക് വേവലാതിയോടെ കടന്നുവന്നത് വര്‍ഗീസ്.
‘ഒരു കാര്യം പറയാനുണ്ട’. അയാള്‍ ശബ്ദം അടക്കി പറഞ്ഞു.
കണ്ണുകള്‍ നിറഞ്ഞിരുന്നു.
‘എന്താ വര്ഗീസേ’. ഞങ്ങള്‍ അതിശയപ്പെട്ടു.
‘കുറച്ചുരൂപ വേണം’
‘രൂപയോ?’
‘അതെ, ഇവിടെ നിന്നും ഇന്നലെ ഞങ്ങള്‍ പോയില്ലെ..എന്നിട്ട്…’ വര്‍ഗീസ് വീര്‍പ്പുമുട്ടി.
അത്താഴം കഴിച്ചിരിക്കേ… ഒരു ഉരുള ഉണ്ടുകാണും. ജോയിച്ചേട്ടന് എന്റെ മടിയിലേക്ക് ചരിഞ്ഞു…മരിച്ചുപോയി’.
ആ രാത്രി അങ്ങനെ ജോയി മരിച്ചു!
പക്ഷേ വിജയന്റെ കാര്യം അങ്ങനെയായിരുന്നില്ല.
എനിക്ക് വൈറ്റില-വൈറ്റില ഓടുന്ന ഒരു ബസുമായി സാമ്പത്തിക ബന്ധം ഉണ്ടായിരുന്ന കാലം.
ഒരുനാള്‍ പാലാരിവട്ടത്ത് നില്ക്കുമ്പോള് വിജയന്(പേരുമറ്റൊന്നാണ്) എന്റെ അടുത്ത് വന്നു. മുഖം വല്ലാതെ വാടിയിരിക്കുന്നു. വിജയനോട് ഞാന്‍ കാര്യം അന്വേഷിച്ചു.
‘വല്ലാത്ത തലവേദന. തല പൊട്ടിപ്പൊളിയും പോലെ’
‘എന്നിട്ട്?’
‘മെഡിക്കല്‍ ഷോപ്പില്‍ നിന്നും ഗുളിക വാങ്ങിക്കഴിച്ചു. നില്ക്കുന്നില്ല…’
‘ഡോക്ടറെ കാണായിരുന്നില്ലെ…’
”ഇന്നു ഡ്യൂട്ടിയാ. പിന്നെ ഒറ്റയ്ക്കുപോകാനൊരു ബുദ്ധിമുട്ട്.”
ബസ്സിലെ ‘ഗ്യാപ്’ നോക്കലാണ് വിജയന്റെ ജോലി. ഒരേ സ്ഥലത്തേക്ക് പോകുന്ന വണ്ടികള്‍ തമ്മില്‍ സമയ വ്യത്യാസം വരുന്നുണ്ടോ. സ്റ്റോപ്പില്‍ യാത്രക്കാര്‍ എങ്ങനെ എന്നുള്ളത് മനസ്സിലാക്കുക ഇതൊക്കെയാണ് ഗ്യാപ്പ് നോക്കല്‍.
വിജയന്റെ സാഹചര്യം എനിക്കറിയാം. അതുകൊണ്ടുതന്നെ ഞാന്‍ പറഞ്ഞു.
‘ഇത് വച്ചുകൊണ്ടിരിക്കുന്നത് ശരിയല്ല. നാളെ ഞാന്‍ രാവിലെ വരാം. ആശുപത്രിയില്‍ നമുക്ക് പോകാം.’
വിജയന് സമ്മതിച്ചു, സന്തോഷിച്ചു.
പിറ്റേന്ന്, പറഞ്ഞപോലെ രാവിലെതന്നെ ഞാന്‍ പാലാരിവട്ടത്ത് എത്തി. വിജയനേയും പ്രതീക്ഷിച്ച് നില്‍പ്പായി. സമയം കഴിഞ്ഞിട്ടും കാണുന്നില്ല.
ബസ് ഓണേഴ്സ് അസോസിയേഷന് നിയമിച്ചിരിക്കുന്ന ശശിച്ചേട്ടന് അവിടെയുണ്ട്. വിജയന് ജോലി ചെയ്യുന്ന ബസാണെങ്കില്‍ വന്നിട്ടുമില്ല.
ശശിച്ചേട്ടനോട് ഞാന്‍ ചോദിച്ചു.
‘വിജയന് എന്ത്യേ വന്നില്ലെ’
ശശിച്ചേട്ടന് എന്നെ നോക്കി. എന്നിട്ടു ചോദിച്ചു.
‘അറിഞ്ഞില്ലെ?’
”എന്ത്”?
”ഇന്നലെ രാത്രി വിജയന് മരിച്ചുപോയി”!.
ഞാന്‍ അന്തംവിട്ട് നിന്നുപോയി.
പ്രശസ്ത കഥാകൃത്ത് മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി മാസ്റ്ററും ഞാനും കോട്ടയത്ത് ഒരു വാരികയില്‍ ജോലി ചെയ്തിട്ടുണ്ട്. മാഷ് വാരികയുടെ ജനറല്‍ എഡിറ്ററും ഞാന്‍ എഡിറ്ററുമായിരുന്നു.
പിന്നീട് ഞാനും മാഷും വാരികയില്‍ നിന്നും പിരിഞ്ഞു. കുറച്ചുകാലം പഴയ ലാവണത്തില്‍ ടിടിസി അധ്യാപകനായി ജോലി ചെയ്ത് മാഷ് റിട്ടയര്‍ ചെയ്തു. ഞാന്‍ മറ്റുപ്രസിദ്ധീകരണങ്ങളിലേക്ക് പോകുകയും പിന്നീട് എഴുത്തിലേക്കും അനുബന്ധകാര്യങ്ങളിലേക്കും മാറുകയും ചെയ്തു.
അക്കാലത്ത് മാഷ് സീരിയല്‍ അഭിനയം തുടങ്ങി ശ്രദ്ധേയനായിക്കൊണ്ടിരുന്നു. ടെലിഫോണിലൂടെയും കത്തിലൂടെയും ഇടയ്ക്ക് തിരുവനന്തപുരത്തേയ്ക്കുള്ള യാത്രാമധ്യേ എറണാകുളത്ത് വച്ചും മാഷിനെ കണ്ടു. സംസാരിച്ചു. അപ്പോഴൊക്കെ പാലക്കാട്ടേയ്ക്കുള്ള അദ്ദേഹത്തിന്റെ വീട്ടിലേക്ക് എന്നെ ക്ഷണിച്ചുകൊണ്ടേയിരുന്നു.
എന്തോ തിരക്കുമൂലം കുറച്ചുകാലം എനിക്ക് മാഷുമായി ബന്ധം പുതുക്കുവാനായില്ല. ഒരുനാള്‍ ആ ഗ്യാപ് ഫില്ലുചെയ്തുകൊണ്ട് ഞാന്‍ മാഷിന് ടെലഫോണ്‍ ചെയ്തു.
‘ഓ! വെണ്ണലയോ! പാലക്കാട്ടെത്തിയോ. ഞാന്‍ ആശുപത്രിയിലാണെന്ന് ആരാ പറഞ്ഞത്! എന്തായാലും നന്നായി. താന്‍ ആശുപത്രിയിലേക്ക് പോരെ’.
ഞാന്‍ സ്തബ്ധനായി. ഞാന്‍ ഒന്നും അറിഞ്ഞിട്ടുണ്ടായിരുന്നില്ല. മാഷ് ജോണ്ടിസ് പിടിപെട്ട് ആശുപത്രിയിലായിരുന്നു.
‘ഞാന്‍ പാലക്കാട്ടല്ല. വിളിച്ചൂന്നേയുള്ളു. അടുത്ത ദിവസം വന്നു കാണുന്നുണ്ട്.’ ഞാന്‍ വിക്കിവിക്കി പറഞ്ഞു.
”ഉവ്വോ?! അടുത്ത ദിവസം വരുന്നുണ്ടോ”
(മാഷ് അങ്ങനെയാണ്. എല്ലാറ്റിലും ഒരു അത്ഭുതം കണ്ടേ സംസാരിക്കൂ. നടന്നുവന്നൂ എന്ന് പറഞ്ഞാല്‍ അതില്‍ അത്ഭുതം. ബസിലാണ് വന്നതെന്നു പറഞ്ഞാലും കാറിലാണെന്നു പറഞ്ഞാലും അത്ഭുതം തന്നെ ആദ്യ ഭാവം).
രണ്ടു ദിവസംകഴിഞ്ഞു. എന്റെ കഥാസമാരംഭത്തിന് ഒരു അവതാരിക എഴുതിക്കണം. അത് മാഷിനെക്കൊണ്ടുവേണം. അസുഖം മാറിയിട്ടുമതി.
കഥകളൊക്കെ എടുത്ത് ഞാന്‍ മാഷിനെക്കാണാന്‍ റെഡിയായി. ഇറങ്ങാന്‍ നേരം ഞാന്‍ ടിവിയിലേക്ക് വെറുതെ നോക്കി.
അതില്‍ ബ്രേക്കിംഗ് ന്യൂസായി വരുന്നു. മുണ്ടൂര്‍ കൃഷ്ണന്‍കുട്ടി അന്തരിച്ചു! മുണ്ടൂര്‍ കൃഷ്ണന് കുട്ടി അന്തരിച്ചു!.
സ്നേഹംകൊണ്ട് എന്നെ ജീവിതത്തില്‍ അത്ഭുതപ്പെടുത്തിയ ഒരു മനുഷ്യന് അന്തരിച്ചിരിക്കുന്നു. വസ്ത്രം മാറി കഥകളുമായി യാത്രയ്ക്കു തയ്യാറായി നിന്ന ഞാന്‍ ഒരു കഥയില്ലാത്തവനായി മാറി.
ഇങ്ങനെ എത്രയെത്ര മരണങ്ങള്.
മരണങ്ങളിലെ ചില സമാനതകളാണ് അതിലും അത്ഭുതം. നിമിഷങ്ങളുടേയും ദിവസങ്ങളുടേയും വ്യത്യാസത്തില്‍ മരിച്ചിട്ടുള്ള ദമ്പതിമാരും ബന്ധുക്കളും നമുക്ക് വാര്‍ത്തയാകാറുണ്ട്.
എന്നാല്‍ മറ്റുചില സമാനതകളുള്ളവരുടെ മരണമോ!
മുഖ്യപാതയില്‍ നിന്നുമാറി തനതുപാതയിലൂടെ സഞ്ചരിച്ച ചിലരെ നാം ഓര്‍ത്തിട്ടുണ്ടോ!
ടിആര്‍ (ടി.രാമചന്ദ്രന്)
പ്രശസ്തനായ അധ്യാപകന്. മലയാളകഥാരംഗത്ത് തനതുപാത തുറന്ന അതുല്യ പ്രതിഭാശാലി. ബുദ്ധികൊണ്ട് അത്രയും അതിശയപ്പെടുത്തുന്ന വ്യക്തിത്വം.
അദ്ദേഹം അന്തരിച്ചത് എറണാകുളം ജില്ലയില്‍ കാക്കനാട്ടേയ്ക്കുപോകുന്ന വഴിയിലെ ആലിന്‍ചുവട് ബസ് സ്റ്റോപ്പില്‍ ഇരുന്ന്!.
സുരാസു ആകട്ടെ റയില്‍വേ സ്റ്റേഷനില്‍ വിഷം കഴിച്ച്. ശ്രദ്ധേയനായിക്കൊണ്ടിരുന്ന കഥാകൃത്ത് വിക്ടര്‍ ലീനസ് എറണാകുളം സൗത്തില്‍ റയില്‍വേയ്ക്കടുത്ത് വഴിയരികില്‍. ജോണ്‍ എബ്രഹാം കോഴിക്കോട് കെട്ടിടത്തില്‍ നിന്നുവീണ്. എ. അയ്യപ്പന് തിരുവനന്തപുരത്ത് റോഡരികില്‍!.
ഇവരെയൊക്കെ ആദ്യം ആരും തിരിച്ചറിഞ്ഞതുമില്ല. അങ്ങനെ മൃത്യുവിന്റെ എത്രയെത്ര കനലാട്ടങ്ങള്‍. പറഞ്ഞാല്‍ തീരാത്ത വിസ്മയങ്ങള്‍. ഒരുപക്ഷേ ജീവിതത്തോളം അല്ലെങ്കില്‍ അതിലും അധികം.
നുറുങ്ങുകഥ:
ചിലര്‍ മരിക്കാന്‍ കഴിയാത്തതുകൊണ്ടു ജീവിക്കുന്നു.മറ്റുചിലര്‍ ജീവിക്കാന്‍ കഴിയാത്തതുകൊണ്ട് മരിക്കുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: