സര്‍ഗ്ഗാത്മകസൃഷ്ടികള്‍ അനുവാചകമനസ്സുകളില്‍ ഓര്‍മ്മച്ചിത്രങ്ങള്‍ അവശേഷിപ്പിക്കുന്നു. വായനക്കാരന്റെ മനസ്സില്‍ ഒരു സുഖനൊമ്പരം സൃഷ്ടിക്കുവാന്‍ കവിതയ്ക്കു കഴിയുന്നുവെങ്കില്‍ എഴുത്തുകാരന് വിജയിച്ചുവെന്നു തീര്‍ച്ചയാണ്. അക്ഷരങ്ങള്‍കൊണ്ട് ചിത്രങ്ങള്‍ വരച്ച് കവിതാനുഭവം ദൃശ്യവിസ്മയമാക്കിത്തീര്ത്ത സര്‍ഗ്ഗധനരായ പൂര്‍വ്വസൂരികളെ മലയാളഭാഷയില്‍ മാത്രമല്ലാ, ലോകസാഹിത്യവേദികളിലെല്ലാംതന്നെ കാണുവാന്‍ കഴിയും. കാട്ടുചോലകള്ക്കുമപ്പുറം ശൈലേന്ദ്രസാനുക്കളില്, വൃക്ഷശിഖരങ്ങള്‍ക്കിടയില്‍!, ഇണയുടെ കൊമ്പിലിടതുകണ്ണുരസുന്ന പേടമാനും മാലിനിയും മണല്ത്തിട്ടയുമെല്ലാം
‘ചാലേ മാലിനിയും മരാളമിഥുനം
വാഴും മണല്‍ത്തിട്ടയും
ചോലയ്ക്കപ്പുറമായ് മൃഗങ്ങള്‍ നിറയും ശൈലേന്ദ്രസാനുക്കളും’ എന്നു വായിക്കുമ്പോള്‍ത്തന്നെ വായനക്കാരന്റെ മനസ്സിലൊരു മായികക്കാഴ്ചയായി കുടിയിരിക്കുകയില്ലേ?
കേവലമൊരു കാഴ്ചയ്ക്കുമപ്പുറം ചിന്തയിലേക്കു വ്യാപരിക്കപ്പെടുന്ന വികാരാനുഭവങ്ങളെ കവിതയിലൂടെ സൃഷ്ടിക്കുവാന്‍ കഴിയുമെന്നതിന് കൊണ്ടല്‍വേണിയൊരു രണ്ടുനാലടി നടന്നതില്ലതിനു മുന്‍പ് ദര്‍ഭമുന കാലില്ക്കൊണ്ടുവെന്നു നടിച്ചു നില്ക്കുന്ന സ്ഥിതിവര്ണ്ണന നേര്സാക്ഷ്യമാകുന്നില്ലേ?
പ്രൊഫ.ശ്രീലകം വേണുഗോപാലിന്റെ ‘ചുവരെഴുത്തുകള്‍’ എന്ന കവിതാസമാഹാരം കൈയില്‍ കിട്ടിയപ്പോള്‍ മനസ്സില്‍ ഉയിര്‍ക്കൊണ്ട ചിന്തകളാണ് എഴുതിയത്. കുറേ നാളുകള്‍ മുമ്പാണ് വില്വമംഗലത്തുസ്വാമിയാരുടെ ശ്രീകൃഷ്ണകര്‍ണ്ണാമൃതത്തിന്റെ തര്‍ജ്ജമ എനിക്കു ലഭിച്ചത്. മൂലം ഞാന്‍ മുമ്പ് വായിച്ചിരുന്നുവെങ്കിലും സംസ്കൃതഭാഷ വശമില്ലാത്തതിനാല്‍ ഭക്തിരസം ആസ്വദിക്കാന്‍ മാത്രമേ കഴിഞ്ഞുള്ളൂ.
എന്നോ മനസ്സിന്റെ ആഴങ്ങളിലേക്കു ലീലാശുകനെറിഞ്ഞ ‘ബര്‍ഹോത്തംസവിലാസികുന്തളഭരം മാധുര്യമുഗ്ദ്ധാനനം’ എനിക്ക് ‘പീലിക്കാര്മുടിയോടെ മോടിയിയലും മാധുര്യമുഗ്ദ്ധാനനം’ ആയിക്കിട്ടിയപ്പോള്‍ ഇതുതന്നെ ആനന്ദസാന്ദ്രാമൃതം എന്നോര്‍ത്തു ഞാന്‍ ആനന്ദക്കണ്ണുനീരിലാറാടിയ രാത്രികള്‍. അതിന്നും തുടര്‍ന്നുപോരുന്നു. അന്നുമുതല്‍ തുടങ്ങിയതാണ് പ്രൊഫസര്‍ ശ്രീലകം വേണുഗോപാലിനോടുള്ള സ്നേഹവും ആദരവും. ഭക്തിമാര്‍ഗ്ഗത്തില്‍ എന്റെ ജനിയുടെ പ്രയാണത്തിലെ ഇരുളടഞ്ഞ മഹാരഥ്യയില് എനിക്കു ലഭിച്ച അഥവാ ഞാന്‍ കണ്ട തേജോവിസ്മയങ്ങളിലൊന്നത്രേ പ്രൊഫസര്‍ ശ്രീലകം വേണുഗോപാലിന്റെ ശ്രീകൃഷ്ണകര്‍ണ്ണാമൃതം തര്‍ജ്ജമ
മുകുന്ദമാലയില്‍ കുലശേഖരപ്പെരുമാള്‍ ‘നാഹം വന്ദേ തവചരണയോര്ദ്വന്ദമദ്വന്ദഹേതോ
ഭാവേ ഭാവേ ഹൃദയഭവനേ ഭാവയോഹം ഭവന്തം’ എന്നു പാടുമ്പോള്‍ സീതാദേവിയുടെ മനസ്സിനെയിളക്കി സ്വായത്തമാക്കാന്‍ രാവണന് ശ്രീരാമനുനേരേ പരുഷവചനങ്ങളുതിര്ക്കുന്ന വിവരണത്തില്‍പ്പോലും ‘ശ്വാക്കളും ഗോക്കളും ഭേദമില്ലാത്തവ!’നെന്നു വിസ്തരിച്ച പരുഷവാക്കുകളെ പൂജാപുഷ്പങ്ങളാക്കുന്ന തുഞ്ചത്തെഴുത്തച്ഛന്റെ ഭക്തിവാഗ്വൈഭവത്തില്…പിന്നെ ഞാനിപ്പോള്‍ ഇവിടെ ലീലാശുകന്റെ വര്‍ണ്ണനകേട്ട് തലകുലുക്കിയ ഹൃദയേശ്വരനെ,ഗോപകന്യകളെക്കൊണ്ട് ആനന്ദനര്‍ത്തനം ചെയ്യുന്ന ഭാവമാറ്റത്തിലേക്കു് ആനയിപ്പിക്കുവാന്പോന്ന ശ്രീലകത്തിന്റെ തര്ജ്ജമകേട്ട് കണ്ണന് ആനന്ദനര്‍ത്തനം ചെയ്തിരിക്കണം. നിശ്ചയം ഒരു ജന്മത്തിന്റെ സുകൃതപൂര്ണ്ണിമ സാക്ഷാത്ക്കരിച്ച ശ്രീകൃഷ്ണകര്‍ണ്ണാമൃതത്തിന്റെ തര്ജ്ജമയൊന്നുമാത്രം മതി മലയാളഭാഷയിലും സാഹിത്യത്തിലും ശ്രീലകം വേണുഗോപാല്‍ എന്ന നാമം അനശ്വരമായിത്തീരുവാന്.
അദ്ദേഹത്തിന്റെ മഹിതഭാവനയില് പലകാലങ്ങളായി വിടര്‍ന്ന പുഷ്പങ്ങള്‍ ചേര്‍ത്ത് സുഗന്ധവും നിറവുമുള്ളൊരു മാല തീര്‍ത്തിരിക്കുന്നു ചിമിഴ് ബുക്സ് ചുവരെഴുത്തുകളിലൂടെ. അതേ,ഭാവനയുടെ വര്‍ണ്ണങ്ങളാല്‍ ഹൃദയമുരളികയിലൂടെ സ്നേഹപ്രവാഹത്തിന്റെ കാവ്യഹര്ഷം തീര്‍ക്കുന്ന അമ്പത്തിയൊന്നു കവിതകള്‍. ഓരോന്നും പ്രത്യേകമായിയെടുത്തു് ആസ്വാദനമെഴുതേണ്ടവയത്രേ. എങ്കിലും ഒരു വാതില്പ്പുറക്കാഴ്ചയ്ക്കു മാത്രമേ ഇവിടെ ശ്രമിക്കുന്നുള്ളൂ.
‘വാസുവും വര്‍ക്കിയും വാഹിദും സൗഹൃദം
ചേര്‍ത്ത കാലത്തിന്റെ മാധുര്യമാസ്വദി’ക്കുന്ന കവിമനസ് കാലിക സാമൂഹിക കാഴ്ചകളോര്‍ത്ത് ദുഃഖിക്കുന്ന കവിഹൃദയത്തെക്കൂടി തുറന്നുവയ്ക്കുകയാണ് ‘ചുവരെഴുത്തുകള്‍’എന്ന കവിതയിലൂടെ, വായനക്കാര്‍ക്കു മുന്നില്‍.
വൃത്തങ്ങള്‍ കവിയുടെ മുന്നില്‍ നൃത്തം ചവിട്ടുന്ന മനോഹാരിത, ഉത്തമകവിതകള്‍ മരിക്കുന്നില്ല, യഥാര്‍ത്ഥ കവിത മരിക്കില്ലാ അല്്പമെങ്കിലും ജീവനുണ്ടെങ്കില്‍ എന്റെ ജീവന് കൊടുത്തും ഞാന്‍ കവിതയെ രക്ഷിക്കുമെന്നു കവി പ്രതിജ്ഞ ചെയ്യുന്നു, പുനര്‍ജ്ജനിയില്‍. എല്ലാമെടുത്ത് ഒരു വര്ണ്ണനൂലില്ക്കോര്ത്ത് നമുക്കു നല്കുകയാണു കവി. ഒപ്പം കവി മനസിന്റെ വിളംബരവും ഇതിലെന്റെ കഥയുണ്ട്, ഇതിലെന്റെ വിതയും സമ്പാദ്യവുമൊക്കെയുണ്ട്. ഒപ്പം ഇതള്‍ വിടര്‍ത്തുന്ന സൗന്ദര്യവും എന്നു കവികാമനയിലൂടെ നമ്മെ അറിയിക്കുന്നു. സ്നേഹച്ചെപ്പു തുറന്ന്, പാണന്റെ പാട്ടുംകേട്ട്, കാവ്യകാമനകളിലൂടെ മുന്നോട്ടുപോയാല്‍ പ്രകൃതിയിലും പ്രപഞ്ചത്തിലും കാണുന്നതിനെയെല്ലാം അറിവിന്റെ നവമേഖലയായി കാണുന്ന ജിജ്ഞാസുവായ കവിയെ നമുക്കു കാണുവാന്‍ കഴിയുന്നു.
‘മുത്തുപോല്‍ മിന്നിത്തിളങ്ങുന്ന മുല്ലയില്‍
മുഗ്ദ്ധഹാസത്തിന്റെ ചാരുതകാണുന്ന’ ഭാവനയ്ക്കു മുന്നില്‍ വായനക്കാര്‍ പ്രണാമങ്ങളര്പ്പിക്കും. വിഷുപ്പക്ഷിയും പൗര്‍ണ്ണമിയും ആത്മപ്രഹര്‍ഷം തീര്‍ക്കുന്ന വായനാനുഭവം ആത്മാവില്‍ കാവ്യഗംഗയൊഴുക്കുന്ന വര്ണ്ണവൈഖരിയായ ചുവരെഴുത്തുകള്‍ വരുംനാളുകളില്‍ സാഹിത്യചര്‍ച്ചകളില്‍ നിറഞ്ഞുനില്ക്കും
കാലം മായ്ക്കാത്ത ചുവരെഴുത്തുകള്‍.!
(പ്രസാധകര്: ചിമിഴ് ബുക്സ്,
ഗാന്ധിനഗര്‍,കോട്ടയം.
വില :80 രൂപ )
പ്രതികരിക്കാൻ ഇവിടെ എഴുതുക: