യാത്രകള്‍ വാസ്തവത്തില്‍ ജീവിതം തന്നെയാണ്. ജനനം മുതല്‍ മരണം വരെ നിതാന്തയാത്രയിലാണ് നമ്മള്. പിച്ച വെക്കുമ്പോള്‍ തട്ടി വീഴും, വീണ്ടും എഴുന്നേല്ക്കും. ഒടുവില്‍ നന്നായി നടക്കാന്‍ പഠിക്കും, ഓടാനും ചാടാനും പഠിക്കും. ജീവിതത്തിന്റെ പച്ചപ്പും മരുപ്പരപ്പും അതിന്റെ യഥാര്‍ത്ഥ മുഖം കാണിക്കും. തളരുമ്പോള്‍ ചിലപ്പോള്‍ താങ്ങായി കൈകളെത്തും. ദാഹിക്കുമ്പോള്‍ തെളിനീരുകിട്ടും, കിട്ടാതിരിക്കും. ഒടുവില്‍ തിരിച്ചു പോവുമ്പോള്‍ എട്ടുകൈകള്‍ നമ്മെ വീണ്ടും താങ്ങും. രണ്ടു കൈയിലേക്ക് ജനനം, എട്ടു കൈയിലേക്ക് മരണം എന്നൊക്കെ ആത്യന്തിക സത്യത്തെക്കുറിച്ച് അറിവുള്ളവര്‍ പറയും. എന്തായാലും ജനനത്തില്‍ നിന്നുള്ള യാത്ര മരണത്തില്‍ ഒടുങ്ങുമെന്ന് സാമാന്യമായി പറയാം.
എന്നാല്‍ നടന്നതും നടക്കുന്നതും അടുത്ത് നടക്കാനിരിക്കുന്നതുമായ യാത്രകളൊക്കെ ഇപ്പറഞ്ഞ തലത്തിലുള്ളതല്ല. ജനങ്ങളെ അടുത്തറിയാനും അടുത്തുകൂടാനും അനുഭവിപ്പിച്ചു കൊടുക്കാനും മറ്റുമായാണ് വിവിധ നേതാക്കള്‍ യാത്ര നടത്തുന്നത്. അടുത്തിടെ കാസര്‍കോട്ടു നിന്ന് നമ്മുടെ ധീരസുധീരനും തുടങ്ങിയിട്ടുണ്ട് ഒരു യാത്ര, തികഞ്ഞ രാഷ്ട്രീയ യാത്ര. കേരളത്തില്‍ അടുത്തിടെ ഉരുത്തിരിഞ്ഞ് പുഷ്കലമാകാനിരിക്കുന്ന ഒരു മുന്നേറ്റത്തിന്റെ കടയ്ക്കല്‍ എങ്ങനെ കത്തി വെക്കാമെന്നുള്ള ദുശ്ചിന്തയില് നിന്നാണ് ഒരുവിധപ്പെട്ട യാത്രകളൊക്കെ പൊട്ടിവിടര്‍ന്നിരിക്കുന്നത്.
ശ്രീനാരായണഗുരുവിന്റെ ദര്‍ശനപ്പൊലിമ തങ്ങളുടെ വ്യാഖ്യാനത്തില്‍ ഒതുങ്ങുന്നതാണെന്ന നിലപാടിലാണ് സുധീരന് കൊടിയുമായി ഇറങ്ങിത്തിരിച്ചിരിക്കുന്നത്. മറ്റാര്‍ക്കും ഗുരുവിനെപ്പറ്റി പറയാന്‍ അധികാരമില്ല എന്ന നിലപാടിലാണ് സുധീരന്. നേരത്തെ സമത്വ മുന്നേറ്റയാത്രയില്‍ ഉണ്ടായി എന്നു പറയപ്പെടുന്ന പരാമര്‍ശത്തെ പര്‍വതീകരിക്കാനും അദ്ദേഹം കഠിനശ്രമം നടത്തുന്നുണ്ട്. പിന്നെ അല്‍പ്പം ആശ്വസിക്കാനുള്ളത്, മ്മടെ സുധീരനല്ലേ, എന്തെങ്കിലും പറയണ്ടേ, പിടിച്ചു നില്‍ക്കണ്ടേ എന്നതിലൊക്കെയാണ്. മെയ് മധ്യ വാരത്തോടെ ആരംഭിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് യാത്രയെത്തുമ്പോള്‍ എന്തൊക്കെ കേള്‍ക്കേണ്ടി വരും, കാണേണ്ടിവരും എന്നതിനെക്കുറിച്ചൊന്നും ഇപ്പോള്‍ ഒന്നും പറയുക വയ്യ. യാത്രകളൊക്കെ ശുഭകരമായിത്തീരാന്‍ യാത്രാനായകന്മാര് തന്നെ വിചാരിക്കണം എന്നൊരു അപേക്ഷയോടെ വിട.
**** **** **** ****
1978 ഓ 79-ഓ ആകാം. എറണാകുളം നഗരത്തിലേക്ക് കാല്‍വെക്കുന്ന കലൂര്‍. അവിടത്തെ ബസ്സ്റ്റാന്റ് മൈതാനത്ത് അച്യുതമേനോന്റെ ഒരു പ്രസംഗം. അദ്ദേഹം അണികളെ ഉദ്ബോധിപ്പിക്കുന്നതിനിടയില് പറഞ്ഞ ചില വാചകങ്ങള്‍ മാറാല കെട്ടിയ ഓര്‍മയുടെ ജനലഴികളിലുണ്ട്: ഭാരതത്തിന്റെ തനിമ ആര്എസ്എസ്സുകാര്ക്കായി നീക്കിവെച്ചുകൊടുക്കുകയൊന്നും വേണ്ട. നമ്മളും അതൊക്കെ എടുത്ത് പ്രയോഗിക്കണം. അങ്ങനെ പാര്‍ട്ടിയും ഭാരതത്തിന്റെ സംസ്കാരം പേറുന്നതാവണം. പിറ്റേന്നത്തെ ദേശാഭിമാനി അതൊക്കെ അച്ചടിച്ചിരുന്നുവോ എന്ന് ഓര്മ പോര. എങ്കിലും പോകെപ്പോകെ ഭാരതത്തിന്റെ തനിമയിലേക്കു കടക്കാന്‍ കമ്യൂണിസ്റ്റുകള്‍ തയാറാവുന്നു എന്നത് ആഹ്ലാദകരം തന്നെ. യോഗയുടെ മഹത്വം ലോകത്തിനു മുമ്പില്‍ എടുത്തുപറഞ്ഞ നരേന്ദ്രമോദിയെ ആദരിച്ചാലും ഇല്ലെങ്കിലും കമ്യൂണിസ്റ്റുകള്‍ക്ക്, പ്രത്യേകിച്ച് വീര്യം കൂടിയ വഹകളായ മാര്‍ക്സിസ്റ്റുകള്‍ക്ക് ആയത് ക്ഷ പിടിച്ചിരിക്കുന്നു.
നായയുടെ ദേഹചലനമായി ആക്ഷേപിച്ച യോഗയെ ഏകെജിസെന്ററിന്റെ മണിയറയിലേക്കാണ് പാര്ട്ടിത്തമ്പ്രാക്കന്മാര് എതിരേറ്റിരിക്കുന്നത്. സംസ്ഥാനത്തുനിന്ന് ആളെക്കൂട്ടി യോഗാഭ്യാസം കണ്ണൂരില്‍ നടത്തിയപ്പോള്‍ പാര്‍ട്ടി മുന്‍ സെക്രട്ടറിയും പിന്സെക്രട്ടറിയും ഹാജര്‍. ആരാധ്യനായ ശ്രീഎമ്മിന് അതിലെ പൊളിറ്റിക്സ് മനസ്സിലായോ എന്നറിയില്ല. യോഗ ശരീരത്തെയും മനസ്സിനെയും ശുദ്ധീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു. അങ്ങനെ ശുദ്ധീകരിക്കപ്പെടുമെങ്കില് കണ്ണൂരില്‍ വീഴുന്ന ചോരത്തുള്ളികള്‍ക്ക് ഒട്ടൊക്കെ ശമനമുണ്ടാവുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. അസഹിഷ്ണുതയുടെ ആറാംതമ്പ്രാക്കന്മാരായ സിപിഎം നേതാക്കള്‍ക്ക് യോഗയുടെ മഹാത്മ്യം മനസ്സിലാക്കാന്‍ നരേന്ദ്രമോദിയുടെ ഉദ്ബോധനം സഹായകമായി എന്ന സ്വകാര്യ അഹങ്കാരത്തിന് പ്രണാമം. യോഗ മാത്രമല്ല, ശ്രീകൃഷ്ണജയന്തി ഉള്‍പ്പെടെയുള്ള ആഘോഷങ്ങള്‍ പാര്‍ട്ടി ഏറ്റെടുത്ത് ആഘോഷിക്കുമെന്ന് മുന്‍ സെക്രട്ടറി വളരെ വൃത്തിയായി പറയുന്നുണ്ട്.
ജനു. 10-ാം ലക്കം മാതൃഭൂമി ആഴ്ചപ്പതിപ്പില്‍, മാതൃഭൂമി ചാനല്‍ ഹെഡ് ഉണ്ണിബാലകൃഷ്ണന് പിണറായി വിജയനുമായി വിശദമായി സംസാരിക്കുന്നതില്‍ നിന്ന് അത് അറിയാനാവും. സംഗതി ശ്രീകൃഷ്ണജയന്തി ആഘോഷമാണെങ്കിലും സഖാവ് അത് വകവെച്ചുതരില്ല എന്ന പോളിറ്റ് ബ്യൂറോ ശാഠ്യവും ഇതിലുണ്ടെന്ന് മനസ്സിലാക്കണം എന്നു മാത്രം. ഇതാ: ശ്രീകൃഷ്ണജയന്തി സാധാരണഗതിയില്‍ നമ്മുടെ നാട്ടില്‍ ആചരിച്ചുവന്നിരുന്നത് ക്ഷേത്രങ്ങളുമായി ബന്ധപ്പെട്ടാണ്. ക്ഷേത്രങ്ങളുടെ ഭാഗമായുള്ള ഒരു ഉത്സവമായിരുന്നു അത്. ആ ഉത്സവത്തെ തെരുവില്‍ ഇറക്കിയത് ആര്‍എസ്എസ്ആണ്. ആര്‍എസ്എസിന്റെ ഒരു പ്രത്യേക അജണ്ടയുടെ ഭാഗമായാണ് അത് ചെയ്തത്. വിശ്വാസികളായ കുടുംബങ്ങളില്‍ നിന്ന് കുട്ടികളെ തെരുവിലേക്ക് ഇറക്കലാണ് അവര്‍ ഉദ്ദേശിച്ചത്. ഇത് എങ്ങനെ നേരിടുമെന്നതായിരുന്നു ഒരു പ്രശ്നം. അതിന് ഞങ്ങള്‍ ഒരു തീരുമാനമെടുത്തിരുന്നു. അത് ശ്രീകൃഷ്ണജയന്തി ആഘോഷിക്കലല്ല.
ആ ദിവസം വേറൊരു പരിപാടി വേണം. അതാണ് ഞങ്ങള്‍ സംഘടിപ്പിച്ചത്. പായസം എന്ന് പറയാതെ സേമിയയും പാലും പഞ്ചസാരയും ചേര്‍ത്ത പലഹാരം എന്നുപറഞ്ഞാലും പായസം പായസം തന്നെയാണല്ലോ. ശ്രീകൃഷ്ണജയന്തിയെ ജനകീയമാക്കിയത് ആര്‍എസ്എസ്ആണെന്ന് ഏതായാലും സഖാവ് സമ്മതിച്ച സ്ഥിതിക്ക് ഇനി വരുന്ന തലമുറയ്ക്ക് ഇനിയെന്തൊക്കെ കാണേണ്ടിവരും, അനുഭവിക്കേണ്ടി വരും, അണി ചേരേണ്ടിവരും എന്ന് അറിയാനിരിക്കുന്നതേയുള്ളു.
ഇനി സഖാവ് ജാഥ നടത്തുന്നത് കേരള മുഖ്യമന്ത്രി പദം മോഹിച്ചാണെന്ന് ഏതെങ്കിലും പാവങ്ങള്‍ കരുതുന്നുണ്ടെങ്കില്‍ ഇതാ പച്ചവെള്ളം പോലും കടിച്ചുചവച്ചു മാത്രം കഴിക്കുന്ന സഖാവ് ഉവാച: തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി ഒരു ജാഥ നടത്തുന്നു. ഞങ്ങളുടെ കൂട്ടത്തില്‍ എല്ലാവരു ജാഥാ നേതാവാകാന്‍ യോഗ്യരായിട്ടുള്ളവരാണ്. എന്നാല്‍ എല്ലാ സഖാക്കളും കൂടി വിജയനാകട്ടെ എന്നു പറഞ്ഞു. അങ്ങനെ ഞാന്‍ ജാഥാലീഡര്‍ ആകുന്നു എന്നു മാത്രമേയുള്ളു. ആ ജാഥാ ലീഡറിലൂടെ പ്രത്യേക സന്ദേശമൊന്നും നല്കാനില്ല. ജാഥയുടെതാണ് സന്ദേശം. ആ സന്ദേശത്തെക്കുറിച്ച് മാലോകര്‍ക്കൊക്കെ അറിവുള്ളതിനാല്‍ പ്രത്യേകിച്ച് പറയേണ്ടതില്ല എന്നാണ് വ്യംഗ്യം. വര്ഗീയതക്കെതിരെയാണത്രെ അത്. അങ്ങനെ കേരളത്തെ സ്വര്‍ഗീയമാക്കാനുള്ള ജാഥയ്ക്കായി നമുക്കു കാത്തിരിക്കാം. 2015 ന്റെ ഒടുവില്‍ നിന്ന് ആരംഭിച്ച യാത്രകള്‍ 2016 നെ സമൃദ്ധമാക്കട്ടെ, ജയ് ഹിന്ദ്.
കാര്‍ട്ടൂണീയം
ധീരവീര പരാക്രമി വീരസുധീരന്റെ യാത്രയും തദനുബന്ധമായ അന്തരീക്ഷവും മനോഹരമായി വരച്ചിടുന്നു കേരള കൗമുദിയിലെ സജിത്ത്. വെള്ളാപ്പള്ളി നടേശനുനേരെ കുരച്ചുപായുമ്പോള് സ്വന്തം പാളയത്തില്‍ എന്തൊക്കെ നടക്കുന്നുവെന്ന് പാവം അറിയുന്നേയില്ല. കാണാന്‍ പോണ പൂരം വര്ണിക്കുന്നതെന്തിന്, അല്ല്യോ ?
തൊട്ടുകൂട്ടാന്‍
ഇനിയൊരോണം മണക്കുവാനില്ലെന്റെ
മനസ്സിലും മഞ്ഞ കണിക്കിനാവിലും
ഇനിയെടുക്കെന്റെ കരളിറുത്തതും
കറുകയും തുള്ളി പിതൃസ്മരണയും
കനിവുകാട്ടുക കൈയേറ്റുകൊള്ളുക
കടമല്ലാതെന്തു തരുമെനിക്കുനീ.
വി.ആര്. രാമകൃഷ്ണന്
കവിത : കടം.
മലയാളം വാരിക (ജനു.08)
പ്രതികരിക്കാൻ ഇവിടെ എഴുതുക: