കാസര്‍കോട്: പ്രധാന വേദിയായ ചന്ദ്രഗിരിയില്‍ ഇന്നലെ ഉച്ചയ്ക്ക് 12 മണിയോടെ ആരംഭിക്കേണ്ട എച്ച്എസ് വിഭാഗം ഗേള്‍സിന്റെ കേരളനടനം റദ്ദാക്കിയെന്ന അറിയിപ്പ് വന്നതോടെ അണിയറയില്‍ ചായം പൂശുകയായിരുന്ന വിദ്യാര്‍ത്ഥികളും രക്ഷിതാക്കളും മറ്റും പ്രോഗ്രാം കമ്മറ്റി ഓഫീസിലേക്ക് ഓട്ടമായി. നിരവധി തവണ കോഡ് നമ്പര്‍ കൈപ്പറ്റാനായി അറിയിപ്പ് നല്‍കുകയും ഒന്നര മണിക്കൂര്‍ കാത്തിരിക്കുകയും ചെയ്തശേഷമാണ് സംഘാടകര്‍ മത്സരം റദ്ദാക്കിയതായി അറിയിപ്പ് നല്‍കിയത്. മത്സരാര്‍ത്ഥികള്‍ എത്താതെ അനന്തമായി മത്സരങ്ങള്‍ നീണ്ടതോടെയാണ് അറ്റകൈ പ്രയോഗം നടത്തിയതെന്ന് പ്രേഗ്രാം കമ്മറ്റി കണ്‍വീനര്‍ സി.ഹരിദാസന് വിശദീകരിച്ചതോടെ കൂടി നിന്നവരില്‍ ചിരി പടര്‍ത്തി. ഉടന്‍ തന്നെ മത്സരാര്‍ത്ഥികള്‍ക്ക് കോഡ് നമ്പര്‍ നല്‍കുകയും സമയം ഏറെ വൈകി മത്സരം ആരംഭിക്കുകയും ചെയ്തു. കഴിഞ്ഞ ദിവസം നടന്ന ഭരതനാട്യം, കുച്ചുപ്പുടി മത്സരങ്ങള്‍ രാത്രി ഒരുമണിയോടെയാണ് അവസാനിച്ചത്. മത്സരാര്‍ത്ഥികളില്‍ പലരും വീടുകളിലെത്തിയത് പുലര്‍ച്ചെ 4 മണിയോടെയാണ് അവരില്‍ പലരും വീണ്ടും കലോത്സവ വേദിയില്‍ രാവിലെ 9 മണിയോടെ തിരിച്ചെത്തി കേരള നടനത്തിനായി അണിഞ്ഞെരുങ്ങുകയായിരുന്നുവെന്ന് മത്സരാര്‍ത്ഥികള്‍ പറഞ്ഞു. ആ കാലതാമസമാണ് മത്സരാര്‍ത്ഥികളില്‍ പലര്‍ക്കും അറിയിപ്പ് ലഭിച്ചപ്പോള്‍ നേരിട്ടെത്തി കോഡ് നമ്പറുകള്‍ കൈപ്പാറ്റാന്‍ സാധിക്കാതിരുന്നതെന്ന് രക്ഷിതാക്കള്‍ വ്യക്തമാക്കിയതോടെ ആശയക്കുഴപ്പം നീങ്ങി മത്സരം ആരംഭിക്കുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: