കാസര്‍കോട്: ചെറുപ്പം മുതലുളള ഗീതാധ്യായനവും സംസ്കൃത പഠനവും നന്ദന രാജ് എന്ന ഏഴാം ക്ലാസുകാരിയെ കാസര്‍കോട് റവന്യു ജില്ലാ കലോത്സവത്തിലെ സംസ്കൃത മത്സരങ്ങളില്‍ യുപി വിഭാഗത്തില്‍ ഒന്നാം സ്ഥാനക്കാരിയാക്കി. കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍സെക്കണ്ടറി സ്കൂള്‍ വിദ്യാര്‍ഥിയായ നന്ദന രാജ് പങ്കെടുത്ത സംസ്കൃതം സിദ്ധരൂപോച്ചാരണം, സംസ്കൃത പ്രഭാഷണം എന്നിവയില്‍ ഏ ഗ്രേഡോടെ ഒന്നാം സ്ഥാനം കരസ്ഥമാക്കി. ഇന്നലെ നടന്ന ഇംഗ്ലീഷ് പ്രസംഗത്തിലും ഒന്നാം സ്ഥാനം നേടി ദേവഭാഷയായ സംസ്കൃതത്തെ കൂടാതെ ആംഗലേയവും വഴങ്ങുമെന്ന് നന്ദന രാജ് തെളിയിച്ചു. സ്റ്റുഡന്റ്സ് മൊബൈല്‍ ഫോണ്‍ എന്ന വിഷയത്തിലാണ് പ്രസംഗം നടത്തിയത്. അഞ്ചാം ക്ലാസുവരെ കാഞ്ഞങ്ങാട് ചിന്മയ സ്കൂളില്‍ പഠിച്ച നന്ദനയ്ക്ക് അവിടെ നിന്നും ലഭിച്ച ഗീതാപഠനമാണ് സംസ്കൃത ഭാഷ പഠിക്കാന്‍ പ്രചോദനമായത്. സ്കൂളിലെ ഹരികൃഷ്ണന്, ശ്രീവല്ലി എന്നവരാണ് സംസ്കൃത അധ്യാപകര്‍. പി.രാജന്-നിഷ ദമ്പതികളുടെ മകളാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: