മണ്‍പാത്ര നിര്‍മാണം നടത്തുന്ന കുംഭാരസമുദായാംഗങ്ങള് ഇന്ന് അവഗണനയുടെ നടുക്കടലിലാണെങ്കിലും മണ്‍പാത്രനിര്‍മ്മാണത്തില്‍ നിന്ന് തങ്ങളെ മാറ്റിനിര്‍ത്താനാകില്ലെന്ന് ബോദ്ധ്യപ്പെടുത്തുകയാണ് ഒരുകൂട്ടം സ്ത്രീകള്‍. ലോകത്ത് ആദ്യമായി പാത്രങ്ങളില്‍ ഭക്ഷണം വേവിച്ചു കഴിക്കാനായി മണ്‍പാത്രങ്ങള്‍ നിര്‍മ്മിച്ചു നല്‍കിയത് കുംഭാരന്മാരാണ് എന്ന തിരിച്ചറിവില്‍ കുറച്ചുപേരെങ്കിലും ഈ പരമ്പരാഗത തൊഴിലുകൊണ്ട് ഉപജീവനം നടത്തുന്നത് ആശാവഹമാണ്. പക്ഷെ പാവപ്പെട്ട കളിമണ്‍ ജീവിതങ്ങള്‍ക്ക് ഇന്ന് അവഗണനയാണ് നേരിടേണ്ടിവരുന്നത്.
എന്നാല്‍ സര്‍ക്കാരിന്റെ ചെറിയ സഹായം കൊണ്ടുമാത്രം തങ്ങളുടേതായ ഇടം കണ്ടെത്താനാകും എന്ന് തെളിയിച്ച ഒരു സ്വയംസഹായ സംഘത്തിന്റെ വിജയ കഥ അതിശയിപ്പിക്കുന്നതാണ്. അതി നൂതന സാങ്കേതിക വിദ്യയുടെ കാലഘട്ടത്തിലും പാരമ്പര്യത്തിലും പൈതൃകത്തിലും ഊന്നി നിന്നുകൊണ്ട് പുതുതലമുറയ്ക്ക് പ്രയോജനപ്രദമായ രീതിയില്‍ മണ്‍പാത്രങ്ങളും കൗതുക വസ്തുക്കളും നിര്‍മ്മിച്ച് മാതൃകകാട്ടുകയാണ് മലപ്പുറം നിലമ്പൂര്‍ അരുവാക്കോട്ട് പ്രവര്‍ത്തിക്കുന്ന അനശ്വര സ്വയംസഹായ സംഘം. 14 വര്‍ഷം മുമ്പാണ് ഈ പ്രദേശത്ത് പരമ്പരാഗത വ്യവസായം നടത്തുന്ന 50 കുടുംബങ്ങളെ ഉള്‍പ്പെടുത്തി സംഘം രൂപീകരിച്ചത്. ഇതില്‍ എട്ടു സ്ത്രീകളും മൂന്നു പുരുഷന്മാരുമടങ്ങുന്ന കൂട്ടായ്മ മണ്‍പാത്ര നിര്‍മ്മാണത്തില്‍ സജീവമായി. തുടര്‍ന്ന് പുത്തന്‍ തലമുറയുടെ അഭിരുചികള്‍ക്കനുസരിച്ച് നിര്‍മാണത്തില്‍ ചില മാറ്റങ്ങള്‍ വരുത്തിയാണ് മണ്‍പാത്രങ്ങള്‍ നിര്‍മിക്കുന്നത്. ഇതുവഴി വിപണികൈയടക്കാനായി.
വിഷലിപ്തമായ പാത്രങ്ങളില്‍ പാചകം ചെയ്യുന്നതിലൂടെ ഭക്ഷണ പദാര്‍ത്ഥങ്ങള്‍ വിഷമയമാകുന്നുവെന്ന തിരിച്ചറിവ് പുതു തലമുറയ്ക്ക് ബോദ്ധ്യമായിക്കൊണ്ടിരിക്കുകയാണ്. ഈ കാലഘട്ടത്തില്‍ പ്രകൃതിയുടെ വരദാനമായ കളിമണ്ണ് ഉരച്ചു മിനുസപ്പെടുത്തി കൂടുതല്‍ ഫിനിഷിങ്ങോടെയാണ് പാത്രങ്ങളും കൗതുക വസ്തുക്കളും നിര്‍മിക്കുന്നത്. അതിനാല്‍ത്തന്നെ ഗ്യാസിലും മൈക്രോവേവ് അവനിലും ഉപയോഗിക്കാനാകുന്ന മണ്‍പാത്രങ്ങള്‍ അനശ്വരം സ്വയംസഹായ സംഘത്തിന്റെ മാത്രം പ്രത്യേകതയാണ്. വ്യത്യസ്തങ്ങളായ 150 ല്‍ പരം ഉല്‍പ്പന്നങ്ങള്‍ ഇവര്‍ നിര്‍മിച്ച് വിപണനം ചെയ്യുന്നു. ഇത് വ്യത്യസ്ത രീതിയിലുള്ള മണ്‍പാത്ര വ്യവസായത്തിന് പുത്തന്‍ ഉണര്‍വ് നല്കുന്നു വെന്ന് സംഘം സെക്രട്ടറി വിജയകുമാരി പറയുന്നു.
അലങ്കാര ഉല്‍പ്പന്നങ്ങളായ കുങ്കുമച്ചെപ്പ്, നിലവിളക്ക്, മ്യൂറലുകള്‍, ചുവര് ശില്പങ്ങള്, ചുവരുകളില്‍ പതിപ്പിക്കാവുന്ന വിവിധതരം ശില്പങ്ങള്, കൂജകള്‍, ജഗ്ഗ്, മെഴുകുതിരി സ്റ്റാന്‍ഡ്, ഗണപതിവിഗ്രഹങ്ങള്‍, മുത്തുമണികള്‍ പതിപ്പിച്ച പാത്രങ്ങള്‍ തുടങ്ങിയവയും കളിമണ്ണില്‍ നിര്‍മിച്ച് വിപണനം ചെയ്തുവരുന്നു. ആധുനിക വീടുകളിലെ ചുവരുകളില്‍ പതിപ്പിക്കാവുന്ന ശില്പങ്ങള്ക്ക് സ്ക്വയര്‍ ഫീറ്റിന് 1500 രൂപയാണ് വില. ആവശ്യക്കാരുടെ താല്പര്യത്തിനനുസരിച്ചുള്ള ശില്പങ്ങള് ചെറിയ കഷ്ണങ്ങളായി നിര്‍മിച്ച് വീടിന്റെ ചുവരുകളില്‍ പതിപ്പിക്കുകയാണ് ചെയ്യുന്നത്. അതിനാല്‍ത്തന്നെ ഇവ ഇന്ന് വിപണി കൈയടക്കിക്കഴിഞ്ഞുവെന്ന് അഭിമാനത്തോടെ വിജയകുമാരി പറയുന്നു. തുടക്കത്തില്‍ ഇടനിലക്കാര്‍ വഴിയാണ് വിപണനം നടത്തിയിരുന്നത്. എന്നാല്‍ ഇപ്പോള്‍ വിവിധ ജില്ലകളിലായി ഇവയുടെ പ്രദര്‍ശന വിപണന മേളകള്‍ നടത്തിവരുന്നു.
രണ്ടുമാസത്തിലൊരിക്കല്‍ ഓരോ ജില്ലകളിലാണ് പ്രദര്‍ശനം നടത്തിവരുന്നത്. സാധാരണ മണ്‍പാത്രങ്ങളെ അപേക്ഷിച്ച്് സൂക്ഷ്മതയോടെയും കൂടുതല്‍ മിനുസപ്പെടുത്തിയുമാണ് ഇവിടെ നിര്‍മിക്കുന്നത്. ഈ തൊഴില്‍ അന്യംനിന്നുപോകാതിരിക്കാനായി താല്പര്യമുള്ള വിദ്യാര്‍ത്ഥികള്‍ക്ക് പരിശീലനം നല്കിവരുന്നു. 10 ദിവസം മുതല്‍ 30 ദിവസം വരെ നീളുന്ന പരിശീലനത്തിലൂടെ ഈ കലയെയും തൊഴിലിനെയും പുതുതലമുറയ്ക്ക് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന പൈതൃകവും കുറച്ചെങ്കിലും തിരിച്ചുപിടിക്കാമെന്ന ശുഭപ്രതീക്ഷിലാണ് ഈ കൂട്ടായ്മ. വിവിധ സ്കൂളുകളിലെ അധ്യാപകര്‍ മുന്‍കൈയെടുത്താണ് കുട്ടികളെ പരിശീലനത്തിന് എത്തിക്കുന്നത്.
പ്രവാസി മലയാളികളാണ് ഈ സംരംഭത്തിന് ഏറ്റവും പിന്തുണ നല്‍കുന്നത്. ഗള്‍ഫ് തുടങ്ങിയ വിദേശ രാജ്യങ്ങളില്‍ ജോലിചെയ്യുന്ന മലയാളികളാണ് ഇവരുടെ ഉല്പന്നങ്ങള് വാങ്ങുന്നവരിലേറെയും. ഉല്പന്നങ്ങള് വിദേശ രാജ്യങ്ങളിലേക്ക് കയറ്റുമതി ചെയ്യാനുള്ള തയ്യാറെടുപ്പിലാണ് അനശ്വരം സ്വയംസഹായസംഘം ഭാരവാഹികള്‍. ഫോണ്‍ : 9562752623, 9645408668
പ്രതികരിക്കാൻ ഇവിടെ എഴുതുക: