കേരളം ഇന്നൊരു യാത്രയ്ക്ക് തുടക്കം കുറിക്കുകയാണ്. സമുദ്രവും സഹ്യനും കൈകോര്‍ത്തൊരു യാത്ര. സംസ്കാരവും ചരിത്രവും ഒത്തുചേര്‍ന്നൊരു യാത്ര… തീര്‍ത്ഥങ്ങളില്‍ ആറാടി, ഗിരികന്ദരങ്ങള്‍ താണ്ടി, തപസ്വികള്‍ മരുവുമിടങ്ങള് തേടി ഒരു യാത്ര. കന്യാകുമാരിയിലെ ത്രിവേണീ സംഗമത്തില്‍നിന്നാണ് ഈ യാത്ര പുറപ്പെടുന്നത്. യുഗപ്രഭാവനായ സ്വാമിവിവേകാനന്ദന്റെ പദമലരുകളില്‍ മനമര്ച്ചിച്ച്, കാലാതിവര്‍ത്തികളായ കുറളുകള്‍ പകര്‍ന്ന മഹായോഗി തിരുവള്ളുവരെ പ്രണമിച്ച് യാത്രയ്ക്ക് തുടക്കം.
ശ്രീപാദപ്പാറയില്‍ ഒറ്റക്കാലില്‍ മഹാദേവി ചെയ്ത കഠിനതപസ്സിന്റെ ഊര്‍ജ്ജം ഏറ്റുവാങ്ങിയാണ് മഹാദേവന് വാണരുളുന്ന ഗോകര്‍ണത്തേക്ക് ഈ യാത്ര പുറപ്പെടുന്നത്. കേരളത്തിന്റെ കലാസാംസ്കാരിക സംഘടനാരംഗത്ത് പ്രവര്‍ത്തന നൈരന്തര്യത്തിന്റെ നാല് പതിറ്റാണ്ട് പിന്നിടുന്ന തപസ്യ കലാസാഹിത്യവേദിയാണ് ചരിത്രയാത്രയുടെ അമരത്ത്. ഇരുപത്തഞ്ച് വര്‍ഷം മുമ്പ് മഹാകവി അക്കിത്തത്തിന്റെ നേതൃത്വത്തില്‍ തപസ്യ, കന്യാകുമാരിയില്‍ നിന്ന് ഗോകര്‍ണത്തിലേക്ക് സമാനതകളില്ലാത്ത ഒരു തീര്‍ത്ഥയാത്ര നടത്തി. ഇതിഹാസത്തിന്റെ ആ സഞ്ചാരപഥം പുനര്‍ജനിക്കുകയാണ് ഇരുപത്തഞ്ചാണ്ടിനിപ്പുറം..
പച്ചയാം വിരിപ്പിട്ട സഹ്യനില്‍ തല ചായ്ച്ചും സ്വച്ഛാബ്ധിമണല്‍ത്തിട്ടാം പാദോപധാനം പൂണ്ടും അന്യോന്യമംബാശിവര്‍ നീട്ടിവിട്ട കണ്ണോട്ടമേറ്റുള്ള ആ നല്ലരാജ്യം തേടിയാണ് കേരളം യാത്ര ആരംഭിക്കുന്നത്. പശ്ചിമഘട്ടങ്ങളെ കേറിയും കടന്നുമങ്ങ് വല്ലാതെ വളര്‍ന്നുപോയ കേരളത്തിന്റെ വര്‍ത്തമാനകാല ജീവിതത്തിന്റെ നടുമുറ്റത്തുനിന്ന് പോയകാലസമൃദ്ധികളിലേക്ക് ഒരു സമൂഹത്തിന്റെ ഓര്‍മ്മകളെ ആനയിക്കുക എന്ന വലിയ ദൗത്യമുണ്ട് ഈ യാത്രയ്ക്ക്.
സസ്യശ്യാമളകോമളധരണിയെന്ന വാഴ്ത്തുപാട്ടുകള്‍ ഏട്ടിലെ പശുവായി അതിവേഗം മാറുകയാണ്. കണ്മുന്നില് പലതും നമുക്ക് കൈവിട്ടുപോകുന്നു. ഓര്‍മ്മകളിലേക്ക് ചേക്കേറുകയാണ് ഓമനിച്ചവയെല്ലാം. കണ്ണെത്താദൂരത്ത് പച്ചപുതച്ചുനിന്ന നെല്‍പ്പാടങ്ങള്‍, അമൃതകലശങ്ങള്‍ ആകാശക്കൊമ്പത്ത് തൂക്കിയിട്ട് നമ്മെ മോഹിപ്പിച്ച കല്പവൃക്ഷങ്ങള്, തെളിനീര്ച്ചോലകള്, പ്രപഞ്ചനാഥന് നീരാട്ടിനെത്തിയിരുന്ന ആറാട്ടുകടവുകള്‍,
അക്കരെയിക്കരെ സ്വപ്നങ്ങള്‍ സവാരി നടത്തിയ കടത്തുതോണികള്‍, ദൈവംതമ്പുരാനോട് നേര്‍ക്കുനേര്‍ നേരമ്പോക്ക് പറഞ്ഞിരുന്ന ആല്‍ത്തറകള്‍, ചെറുബാല്യങ്ങള്‍ തിമിര്ത്തുകുളിച്ച കുളക്കടവുകള്‍, ഓണസദ്യ വിളമ്പാന്‍ കാത്തുവെച്ച തൂശനിലകള്‍, പൂക്കളം നിറയാന്‍ പൂത്തിരുന്ന കാശിത്തുമ്പകള്‍…. എല്ലാം നഷ്ടമായിട്ടും മലയാളി പുത്തന്‍പണക്കാരന്റെ പട്ടുകുപ്പായത്തില്‍ പത്രാസ് നടിക്കുകയാണ്. മണ്ണില്‍നിന്ന് പിഴുതെറിഞ്ഞവ മാളില്‍ നിന്ന് വാങ്ങാം എന്ന അഹങ്കാരം. ഉത്കൃഷ്ട കേരളസംസ്കാരവേദിയില് ഇനിയെത്ര കാലമുണ്ടാവും തൃക്കാക്കരയപ്പന്? എത്രകാലം ചിരിതൂകിയെത്തും ഓണനിശകള്? നെല്ലും ഇളനീരും പഴംചൊല്ലുകളും പടിയിറങ്ങിയിട്ടും പ്രതീക്ഷകളോ…!
മഴക്കാലമെത്തിയാല്മാത്രമൊഴുകുന്ന നിളയുടെ വര്‍ത്തമാനം നമ്മെ ഭയപ്പെടുത്തുന്നുണ്ടോ? വേനലിന്റെ വറചട്ടിയില്‍ കാലാകാലങ്ങളില്‍ ഉരുകിത്തീര്ന്നിട്ടും വീണ്ടുവിചാരത്തിന്റെ എന്തെങ്കിലും കണികകള്‍ നമ്മില്‍ ബാക്കിയുണ്ടോ? ഇല്ല ഇല്ല ഇല്ല എന്ന് അടിവരയിട്ട് ആവര്‍ത്തിക്കാന്‍ ആറന്മുളയടക്കമുള്ള ഗ്രാമങ്ങള്‍ക്കുമേല്‍ അടിച്ചേല്‍പ്പിക്കപ്പടുന്ന വികസനഭീഷണികള് ഓര്‍ത്താല്‍ മതി. ഓര്‍മ്മകളുടെ ഓരത്തേക്ക് ആ ഗ്രാമങ്ങളെ തുടച്ചൊതുക്കാനുള്ള നീക്കത്തിനെതിരായ ചെറുത്തുനില്‍പ്പിന്റെ ഭാഗമാണ് ഈ സാംസ്കാരിക തീര്‍ത്ഥയാത്ര.
തെങ്കടലോരത്ത് ചാഞ്ഞും ചരിഞ്ഞും ഉലഞ്ഞും കളിക്കുന്ന ആറന്മുളേശന്റെ പള്ളിയോടംപോലെ ഒരു നാട്. കടലില്നിന്നുയര്ന്നുവന്ന ചുണ്ടന്‍വള്ളത്തിന്റെ അമരം പോലെ സഹ്യാദ്രി… ഇനിയെത്രകാലം ഈ കല്പനകള് കേരളത്തിന് തൊങ്ങല് ചാര്‍ത്തുമെന്ന ആശങ്കകളുടെ നടുവില്‍ നിന്നാണ് എഴുത്തുകാരും കലാകാരന്മാരുമടക്കമുള്ള സാംസ്കാരികലോകം സമുദ്രതീരവും സഹ്യാദ്രിതീരവും തൊട്ടുണര്‍ത്തി യാത്ര പുറപ്പെടുന്നത്
കൊച്ചുകേരളം എന്ന് ചിലര്‍ വാത്സല്യത്തോടെയും ചിലര്‍ പരിഹാസത്തോടെയും മറ്റുചിലര്‍ സഹതാപത്തോടെയും വിശേഷിപ്പിക്കുന്ന നമ്മുടെ നാടിന് പക്ഷേ, ‘നിര്‍ഭയ സ്വാര്‍ത്ഥഭരണം മദിക്കുന്നിടം’ എന്ന വിശേഷണമാണ് ആറരപ്പതിറ്റാണ്ടുമുമ്പുതന്നെ മഹാകവി പി. കുഞ്ഞിരാമന് നായര്‍ നല്‍കിയത്. സസ്യശ്യാമളയാണ് ഈ നാടെന്ന് വാഴ്ത്തിയവരാണ് കവികള്‍.
കേരളത്തിനാകെ ഒരു പച്ചപ്പുണ്ടായിരുന്നു. അഗസ്ത്യാര്‍കൂടത്തില്‍ കള്ളിമുള്‍ച്ചെടി കിളിര്‍ക്കുന്ന പുതിയകാലത്തിനും മുമ്പ്, കേരളത്തെ ടൂറിസ്റ്റുകള്‍ക്കുമുമ്പില്‍ വിവസ്ത്രയാക്കി പ്രദര്‍ശിപ്പിച്ച കോമാളിത്തഭരണം നടമാടും മുമ്പ്. അന്ന് ഈ മണ്ണിന്റെ നെഞ്ചത്ത് ‘ദൈവത്തിന്റെ സ്വന്തം നാട്’ എന്ന് എഴുതിച്ചേര്‍ത്ത പരസ്യപ്പലക ഉണ്ടായിരുന്നില്ല. ഉടയതമ്പുരാന് കുളിച്ചീറനുടുത്ത് അമ്പലംചുറ്റി തൊഴുത് മടങ്ങിയിരുന്ന മണ്ണാണിത്. കാവുകളും കുളങ്ങളും നദികളും മലകളും മരനിരകളും സമൃദ്ധമായ പാടങ്ങളും ആരും നട്ടുനനച്ച് വളര്‍ത്താതെ സ്വയം തളിര്ത്തുപൂവിടും വള്ളികളും പൂമ്പാറ്റകളുന്മാദിക്കും ഉദ്യാനങ്ങളും….. ഈ നല്ല രാജ്യത്തെ നിശ്ശബ്ദമാക്കുവാനുള്ള ആസൂത്രണങ്ങളുടെ ഭാഗമായിരുന്നു പരിസ്ഥിതി വിനാശത്തിന്റെ പദ്ധതികള്‍.
മനുഷ്യനുവേണ്ടി ഭരിക്കാന്‍ നിയുക്തരായവര്‍ അവനുവേണ്ടി തയ്യാറാക്കിയ പദ്ധതികള്‍. മണ്ണിനെ മാനഭംഗംചെയ്ത്, പുഴകളില്‍ വിഷം കലര്‍ത്തി, ശുദ്ധവായുവിനെ പിടിച്ചുകെട്ടി, പ്രപഞ്ചത്തിന്റെ പ്രാണന് ഇല്ലാതാക്കുന്ന മഹിഷാസുരഭരണത്തിന്റെ പിന്മുറക്കാരാണ് മനുഷ്യസ്നേഹത്തിന്റെ പേരില്‍ വികസന പദ്ധതികള്‍ പ്രഖ്യാപിക്കുന്നത്. പവിത്രനദികളുടെ ഉറവിടത്തിനുമുകളിലാണ് ചില സംഘടിതശക്തികള്‍ ജാലിയന്‍ വാലാബാഗ് ഭീഷണി മുഴക്കുന്നത്. പവിത്രപമ്പയും ആറന്മുളയും ശബരിമലയും നശിച്ചാല്‍ ആര്‍ക്ക് നഷ്ടമെന്ന തിരിച്ചറിവുണ്ടാവുമ്പോഴേ പ്രകൃതിയും പൈതൃകവും രണ്ടല്ലെന്ന ബോധ്യമുണ്ടാവുകയുള്ളൂ. മഹാബലേശ്വരവും പഞ്ചാഗ്നിപീഠവും ശതപുരഗിരിനിരകളും നീലഗിരിക്കുന്നുകളും അഗസ്ത്യമലയും കുമാരപര്‍വതവും പളനിമാമലയും പുഷ്പഗിരിയും ശിവസമുദ്രം വെള്ളച്ചാട്ടവും നിളാനദിയും പൂര്‍ണയും നേത്രാവതിയും തുംഗഭദ്രയും കബനിയും ഭവാനിപ്പുഴയും കൃഷ്ണയും കാവേരിയും ബ്രഹ്മഗിരിയുമൊക്കെ ആ പശ്ചിമഘട്ടത്തിന്റെ സന്തതികളാണ്. സഹ്യാദ്രി പകര്‍ന്ന കുടിവെള്ളവും കുളിര്‍കാറ്റും സനാതനസംസ്കൃതിയുടെ പ്രവാഹങ്ങളും പോറ്റി വളര്‍ത്തിയ ഒരു വലിയ ജീവിതം ഈ നാടിനുണ്ട്. അവര്‍ക്കുള്ളതാണ് പശ്ചിമഘട്ടമലനിരകള്‍ എന്ന് പറയാനുള്ള ആര്‍ജവം കേരളത്തിനുണ്ടാകണം.
ദൗര്‍ഭാഗ്യകരമെന്നു പറയട്ടെ മനുഷ്യജീവിതം ഇത്രമേല്‍ നിരാധാരമായിത്തീര്ന്ന ഒരു കാലഘട്ടം മുമ്പുണ്ടായിട്ടില്ല. മനുഷ്യന്റേതെന്നല്ല, സകലപ്രപഞ്ചത്തിന്റെയും അടിക്കല്ല് തോണ്ടുകയാണ് സ്വാര്‍ത്ഥം മതികെട്ട് വാഴ്ച നടത്തുന്ന പുതിയകാലം. ആദിജനതയുടെ അതിജീവനശേഷി വിശ്വാസങ്ങള്‍ക്കും സങ്കല്പങ്ങള്ക്കും ഉടവുതട്ടാത്തവിധം അവന് സൃഷ്ടിച്ചെടുത്ത ജീവിതചര്യയിലും അനുഷ്ഠാനങ്ങളിലുമായിരുന്നു കുടികൊണ്ടിരുന്നത്. അവ അവനെ മാത്രമല്ല, പ്രകൃതിയെയും പുരുഷനെയുംവരെ സംരക്ഷിക്കുകയും പരിപാലിക്കുകയും ചെയ്തു. പ്രകൃതിപരിപാലനം എന്നത് വേറിട്ട ഒരു അധ്യായമായിരുന്നില്ല. അതിനുവേണ്ടി മാത്രം പിറക്കുന്ന ഒരു ജീവിവര്‍ഗവും ഉണ്ടായിരുന്നില്ല. അതൊരു പ്രത്യേക പഠനവിഭാഗവും ആയിരുന്നില്ല. മനുഷ്യന്റെ ദൈനംദിനജീവിതത്തിന്റെ ഉടല്ചേര്ന്ന് നീങ്ങിയ ബോധമായിരുന്നു അത്. ആ ബോധത്തെയാണവര് പിഴുതെടുത്തത്.
ഗ്രാമങ്ങള്‍ അന്യവല്‍ക്കരിക്കപ്പെട്ടു. അയല്‍വാസികള്‍ പോലും അപരിചിതരായി. പുരമേയല്‍ മുതല്‍ പുടമുറിവരെയെല്ലാ വീട്ടുവിശേഷങ്ങളും നാടിന്റെ ഉത്സവങ്ങളായി കൊണ്ടാടിയിരുന്ന നല്ലകാലം ഓര്‍മ്മകളായി. കൃഷി കൃത്രിമമായി. മണ്ണ് വിറ്റ് ഫഌറ്റുകളിലേക്ക് കുടിയേറിയ മലയാളി ടെറസുകളില്‍ വിലകൊടുത്തുവാങ്ങിയ ഗ്രോ ബാഗുകളില്‍ പച്ചമുളകും തക്കാളിയും നട്ട് കര്ഷകശ്രീകളായി. ഒറ്റപ്പെടലുകളുടെ തുരുത്തിലേക്ക് മലയാളി സ്വയമൊതുങ്ങുകയും അവനവനിസത്തെ സ്വന്തം പ്രത്യയശാസ്ത്രമാക്കി ത്തീര്‍ക്കുകയും ചെയ്തു. അടുത്തുനില്പോരനുജനെപ്പോലും വാട്സാപ്പിലൂടെ അഭിവാദ്യം ചെയ്യുന്ന പുത്തന്‍ ശീലത്തിന് കേരളം അതിവേഗം അടിപ്പെട്ടു. എല്ലാമുണ്ടായിരുന്ന നാട് ഉണ്ണാനും ഉടുക്കാനുംവരെ അയല്‍നാടുകളിലേക്ക് കണ്ണുപായിച്ചു.
ഓണമാണെന്ന് കേള്‍ക്കുമ്പോഴേ ആനന്ദത്തിന്റെ ഓളമായിരുന്നു മനസിന്. മണ്ണിന്റെ മഹോത്സവത്തിന് കൊടിയുയരുന്നതും കാത്ത്, മാബലിപ്പെരുമാളിന്റെ തിരുവരവും കാത്ത് പ്രകൃതി അതിന്റെ അവശേഷിക്കുന്ന തുടിപ്പുകള്‍ മണ്ണിലേക്ക് പൂഴ്ത്തി ധ്യാനത്തിലാണ്ടിരിക്കും. അതൊരു ശീലമാണ്. സ്വാര്ത്ഥലോഭങ്ങള്ക്ക് പണ്ടം പണിയുവാന്‍ പെരുമാളിന്റെ തൃപ്പള്ളിവാള് വെട്ടിമുറിച്ച സന്താനപ്പരിഷകളുടെ, വിത്തെടുത്തുണ്ട് സര്‍വം മുടിച്ച കുലദ്രോഹികളുടെ, ഈശ്വരന് പകര്‍ന്നുതന്ന മണ്ണും വെള്ളവും നീലാകാശവും പങ്കിട്ടുതിന്നുന്ന ഭോഷന്മാരുടെ പരമ്പര വാഴ്ച നടത്തുന്ന ഈ കാലത്തും കേരളം ഇങ്ങനെയെങ്കിലും പുലരുന്നത് പ്രകൃതിയുടെ ഈ ശീലം കൊണ്ടാണ്
ധൂര്ത്തന്മാര് അത്യാര്‍ത്തികൊണ്ട് ആ ശീലത്തിന്റെ പുടവ മേലും കൈവെച്ചുതുടങ്ങിയിരിക്കുന്നു. ഓര്‍മ്മകളുടെ ഏടുകളിലേക്ക് ഓരോ വര്‍ഷവും അവന് ചവച്ചുതുപ്പിയ കുറേ അസ്ഥിഖണ്ഡങ്ങള്‍… പഴമയുടെ സൗവര്ണതയെ പാടിക്കേള്‍പ്പിച്ചവര്‍ എന്നിട്ടും ആ ശീലത്തിന്റെ കരംപിടിച്ച് അകമെരിഞ്ഞുണരുന്ന ആശയോടെ, അതിലേറെ അടിപതറാത്ത ആത്മവിശ്വാസത്തോടെ സ്വാര്ത്ഥലോഭമദഹുങ്കിനെ മലയാളത്തിന്റെ വീറുറ്റ ഓര്‍മ്മകളെ കൂട്ടുപിടിച്ച് ചോദ്യം ചെയ്തിട്ടുണ്ട്,
‘നിര്‍ദയ സ്വാര്‍ത്ഥഭരണം പണിയുന്ന
മര്ത്ത്യനിയമവിലങ്ങില് കുരുങ്ങുമോ
ഉത്കൃഷ്ട കേരള സംസ്കാരവേദിയില്‍
തൃക്കാക്കരപ്പനിരുന്നരുളും വരെ.
ചേണില്‍ നിലാവണിത്തോണി തുഴഞ്ഞുകൊ-
ണ്ടോണനിശകള് ചിരിച്ചുവരുംവരെ
നെല്ലുമിളനീരുമെന്നപോലെ, പഴം-
ചൊല്ലുകളെങ്ങും വിരിഞ്ഞുനില്ക്കും വരെ
നാനാപ്രഹരങ്ങളേല്ക്കിലും, മാബലി-
നാടിനപമൃത്യുയോഗമുണ്ടാകുമോ?
(പി. കുഞ്ഞിരാമന്‍നായര്‍- അഖണ്ഡകേരളം(1946))
കവി ശങ്കിച്ച ആ അപമൃത്യുയോഗത്തിലേക്കാണോ നിര്‍ദയസ്വാര്‍ത്ഥഭരണം നമ്മെ വഴി നടത്തുന്നതെന്ന നീറുന്ന ആശങ്കകളില്‍ നിന്നാണ് തപസ്യയുടെ നേതൃത്വത്തില്‍ ഇന്ന് കന്യാകുമാരിയില്‍ നിന്ന് സാഗരതീര തീര്‍ത്ഥയാത്ര ആരംഭിക്കുന്നത്. സ്വാമിത്തോപ്പും ശുചീന്ദ്രവും പത്മനാഭപുരവും തൊട്ടറിഞ്ഞ് യാത്രയുടെ തുടക്കം. പന്ത്രണ്ട് നാള്… മലയാണ്മയെ നിലനിര്‍ത്താന്‍ കടലതിര്‍ത്തിയില്‍ കാവല്ക്കരുത്തായിനിന്ന ഗ്രാമപൈതൃകങ്ങള് പുതുകാലത്തോട് വിളിച്ചുപറഞ്ഞ് 17ന് ഗോകര്‍ണത്ത് സമാപനം. 31ന് സഹ്യസാനുയാത്രയ്ക്ക് മൂകാംബികയില്‍ തിരിതെളിയും. കാവേരി പിറക്കുന്ന തലക്കാവേരിയും മടിക്കേരിയും വാഗമണ്ഡലയും കണ്ട് കൊട്ടിയൂര്‍ പെരുമാളെ വണങ്ങി പശ്ചിമഘട്ടപ്പെരുമ പേറുമിടങ്ങളിലൂടെ പതിനേഴുനാള്‍ പിന്നിട്ട് ഫെബ്രുവരി 17ന് നാഗര്‍കോവിലില്‍ സമാപനം.
സഹ്യാദ്രിസാനുവില്‍ നിന്നുമേയുന്ന വെള്ളപ്പശുവാണ് കേരളമെന്ന് നിരീക്ഷിച്ച അവധൂതകവി പി. കുഞ്ഞിരാമന് നായര്‍ വേദനയോടെ പറഞ്ഞത് നമ്മള് മലയാളത്തെ തിരിച്ചറിയുന്നില്ല. ‘ശ്രീശങ്കരഭഗവല്പ്പാദര്, മേല്പ്പുത്തൂര്പട്ടേരിപ്പാട്, പൂന്താനം, എഴുത്തച്ഛന് തുടങ്ങിയവരുടെ പൊന്മെതിയടിമുദ്രപതിഞ്ഞ ഈ മണല്‍ത്തരികളുടെ മഹിമ നാമിനിയും മനസിലാക്കിക്കഴിഞ്ഞിട്ടില്ല. ശ്വസിച്ച കാറ്റിനോട്, നടന്ന വഴിയോട്, കുടിച്ച വെള്ളത്തോട്, ഉണ്ട ചോറിനോട് നാം നന്ദി കാണിച്ചിട്ടില്ല. മലയാളികളെന്നഭിമാനിക്കുന്ന നാമിനിയും മലയാളം കണ്ടിട്ടില്ല.’
പുണ്യക്ഷേത്രങ്ങള്‍, പുണ്യതീര്‍ത്ഥങ്ങള്‍, പുണ്യഗിരിതടങ്ങള്, പുണ്യപുരുഷചരിത്രങ്ങള്, വിളികേട്ട നൂറ്റെട്ടു ദുര്‍ഗ്ഗാലയങ്ങള്‍. കൊടുങ്ങല്ലൂര്‍, തിരുമാന്ധാംകുന്ന്, മാടായിക്കാവ്, ലോകനാര്‍കാവ് തുടങ്ങിയ ചരിത്രപ്രഖ്യാതങ്ങളായ കാവുകള്‍. പ്രകൃതിസൗന്ദര്യം കൊണ്ടു മാത്രമല്ല, മഹാമന്ത്രതന്ത്രോപാസനകൊണ്ടും അകവും പുറവും കവചിതമാണ് ഈ ഭാര്‍ഗ്ഗവക്ഷേത്രം! ദേശീയോത്സവങ്ങളുടെ പൂരപ്പറമ്പിലേക്കാണ് ഈ ഐതിഹാസിക യാത്ര.
ആരാണീ മലയാളി? എന്താണയാളുടെ പാരമ്പര്യം? എന്താണീ കേളികേട്ട കേരളസംസ്കാരമെന്ന് കണ്ടറിയാനാണ് ഈ യാത്ര.
പ്രതികരിക്കാൻ ഇവിടെ എഴുതുക: