തിരുവനന്തപുരം: ആള് ഇന്ത്യ ബാങ്ക് എംപ്ലോയീസ് അസോസിയേഷന്റെ നേതൃത്വത്തില്‍ ഈ മാസം എട്ടിന് അഖിലേന്ത്യാ തലത്തില്‍ ബാങ്ക് ജീവനക്കാര്‍ പണിമുടക്ക് നടത്തും. പൊതുമേഖല, സ്വകാര്യ, വിദേശ വാണിജ്യ ബാങ്കുകളിലെ അഞ്ച് ലക്ഷത്തില്‍പ്പരം ജീവനക്കാരാണ് പണിമുടക്കില്‍ പങ്കെടുക്കുകയെന്ന് ഭാരവാഹികള്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.
സംസ്ഥാനത്തെ ഏക പൊതുമേഖല വാണിജ്യ ബാങ്കായ സ്റ്റേറ്റ് ബാങ്ക് ഓഫ് ട്രാവന്‍കൂര്‍ ഉള്‍പ്പെടെ അഞ്ച് അസോസിയേറ്റ് ബാങ്കുകളെ സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍ ലയിപ്പിച്ചില്ലാതാക്കാനുള്ള തീരുമാനം ഉപേക്ഷിച്ച് സ്വതന്ത്രമായി വളരാന്‍ അനുവദിക്കുക, ലയനത്തിന് വഴിയൊരുക്കുന്നതിന്റെ ഭാഗമായി വ്യവസായതല ഉഭയകക്ഷി കരാര്‍ നിയമവിരുദ്ധവും ഏകപക്ഷീയവുമായും മാറ്റിമറിക്കുന്ന നടപടികള്‍ പിന്‍വലിക്കുക, കേന്ദ്ര സര്‍ക്കാറും ഇന്ത്യന്‍ ബാങ്ക്സ് അസോസിയേഷനും അംഗീകരിച്ച ആശ്രിത നിയമന പദ്ധതിയും ഭവന വായ്പാ പരിധി വര്‍ധനവും നടപ്പാക്കുക, സ്വീപ്പര്‍, പ്യൂണ്‍ തസ്തികകളില്‍ നിയമനം നടത്തുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് പണിമുടക്ക്.
ഈ മാസം 5ന് എല്ലാ സംസ്ഥാന തലസ്ഥാനങ്ങളിലും ധര്‍ണ നടക്കും. തിരുവനന്തപുരത്ത് എസ്ബിടി ഹെഡ് ഓഫീസിനു മുന്നില്‍ രാവിലെ 9 മുതല്‍ രാത്രി 9 വരെയാണ് ധര്‍ണ നടക്കുക. ഇതില്‍ വിവിധ ജനപ്രതിനിധികളും രാഷ്ട്രീയ-ട്രേഡ് യൂണിയന് നേതാക്കളും പങ്കെടുക്കും. 7ന് ജില്ലാ-നഗര കേന്ദ്രങ്ങളില്‍ റാലികളും പൊതുയോഗങ്ങളും 8ന് പ്രകടനങ്ങളും ധര്‍ണയും നടക്കുമെന്ന് അവര്‍ പറഞ്ഞു. വാര്‍ത്താ സമ്മേളനത്തില്‍ എസ്ബിടിഇയു ജനറല്‍ സെക്രട്ടറി കെ.എസ് കൃഷ്ണ, അസിസ്റ്റന്റ് സെക്രട്ടറി എസ്.സുരേഷ് കുമാര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: