കൊച്ചി: സിനിമാ നിര്‍മാതാക്കളുടെ സമരം ആരംഭിച്ചതോടെ ഫെഫ്കയും ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷനും രണ്ടു വഴിക്ക്. വേതന വര്‍ധനവു നല്കുന്ന നിര്‍മാതാക്കളുമായി സഹകരിക്കാന്‍ ഫെഫ്ക ഒരുങ്ങുമ്പോള്‍ അതിനുപകരം 10 ശതമാനം വേതന വര്‍ധനവു നല്കി സിനിമകള്‍ നിര്‍മിക്കാന്‍ ഒരുങ്ങുകയാണ് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയേഷന്.
നിലവില്‍ 33 ശതമാനം വേതന വര്‍ധനവു നല്‍കാമെന്ന കരാറില്‍ രഞ്ജിത്തിന്റെ ലീലയുടെ ചിത്രീകരണം ഇന്നലെ മുതല്‍ ആരംഭിച്ചു. ഇന്നു ദുല്‍ഖറിനെ നായകനാക്കി രാജീവ് രവി സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ സെക്കന്‍ഡ് ഷെഡ്യൂള്‍ ആരംഭിക്കും. അഞ്ചിനു ജയരാജിന്റെ ബിഗ് ബജറ്റ് ചിത്രത്തിന്റെയും 11നു സുജിത് വാസുദേവന്റെ ചിത്രത്തിന്റെയും നിര്‍മാണം ആരംഭിക്കും. ദിവസേന രണ്ടു ഷെഡ്യൂളുകളിലായി പതിനഞ്ചര മണിക്കൂര്‍ ജോലി ചെയ്യുന്നവരാണ് സിനിമാ തൊഴിലാളികള്‍. 900 രൂപയാണ് ഇതിനു ലഭിക്കുന്ന ദിവസ വേതനം. ഇതു 33 ശതമാനമാക്കി വര്‍ധിപ്പിച്ച് 1200 രൂപയാക്കണമെന്ന് ഫെഫ്ക ഭാരവാഹികള്‍ ആവശ്യമുയര്‍ത്തിയപ്പോള്‍ ദിവസ വേതനം പത്തു ശതമാനം വര്‍ധിപ്പിച്ചു 990 രൂപയാക്കാമെന്ന് പ്രൊഡ്യൂസേഴ്സ് അസോസിയേഷനും ഉറപ്പുനല്‍കി.
നിലവില്‍ ഇരുകൂട്ടരും തങ്ങളുടെ ആവശ്യത്തില്‍ നിന്നും പിന്നോട്ടില്ലെന്ന വാശിയിലാണ്. സിനിമാ തൊഴിലാളികള്‍ നിര്‍മാതാക്കളെ ബഹുമാനിക്കുന്നില്ലെന്ന അസോസിയേഷന്റെ വാദം ശരിയല്ല, ബഹുമാനം വാങ്ങിക്കാനുള്ളതല്ല. ഫെഫ്കയിലെ എല്ലാ മെമ്പര്‍മാരും നിര്‍മാതാക്കളെ ബഹുമാനിക്കുന്നവരാണെന്ന് ഫെഫ്ക ഭാരവാഹികള്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: