ക്ഷേത്രമുറ്റത്ത് ഉത്സവാഘോഷത്തിന്റെ ഭാഗമായി അരങ്ങേറുന്ന തായമ്പക ചെണ്ടയിലെ ഒറ്റയാള്‍ പ്രകടനമാണ്. ചെണ്ടമേളത്തിന്റെ പഴക്കമൊന്നും ഈ കലയ്ക്ക് അവകാശപ്പെടാന്‍ കാണില്ല. അസുരവാദ്യം എന്ന് പറയപ്പെടുന്ന ചെണ്ടയിലെ വലംതല മംഗളവാദ്യമാണ്. അതില്‍ താളംപിടിച്ച് കൊട്ടിവയ്ക്കുന്ന രീതിയിലാണ് തായമ്പക അവതരിപ്പിക്കുന്നത്.
മലമക്കാവ്, പാലക്കാട് എന്നീ ശൈലികളാണ് ഇന്നു നിലനില്‍ക്കുന്ന തായമ്പകയുടെ അടിസ്ഥാന മുദ്ര. ഈ രംഗത്തെ അത്യുന്നതനാണ് കല്ലൂര്‍ രാമന്‍കുട്ടി മാരാര്‍. കേരള സര്‍ക്കാരിന്റെ പല്ലാവൂര്‍ പുരസ്കാരം ലഭിച്ച അദ്ദേഹം അറുപത് പിന്നിട്ടെങ്കിലും അനായാസമായി കൊട്ടിപ്പൊലിപ്പിക്കുന്ന തായമ്പകയുടെ അവതാരമാണ്.
കരുത്തിന്റെ കസര്‍ത്താണെന്ന് ആക്ഷേപിക്കുന്നവരുണ്ടാകാം. കണ്ണുംപൂട്ടി കൊട്ടിക്കയറുമ്പോള്‍ കാലത്തിന്റെ സമവാക്യത്തിലേക്ക് എത്തുകയാണദ്ദേഹം. വിട്ടുവീഴ്ചയേതുമില്ലാതെ വിശ്വാസപൂര്‍വം ആരവങ്ങള്‍ക്കൊപ്പം കുതിക്കുമ്പോള്‍ ആവേശത്തിന്റെ തിരകള്‍ വാനോളം ഉയരുന്നു. നടപ്പുര കുലുക്കിയായ മറ്റൊരാളും ഇതുപോലെ കാണില്ല. ഉണര്‍ന്നിരിക്കുമ്പോഴും ഉത്സാഹത്തിന്റെ താളം. ഉയര്‍ത്തുവാന്‍ വരുന്ന അരങ്ങുകളില്‍ നിന്നും ഉയരുന്നത് ഉണര്‍ത്തുപാട്ടാണ്. ഉതിര്‍മണികള്‍ വീഴുംപോലെ ഉതിര്‍ന്നുവീഴുന്ന എണ്ണങ്ങള്‍ പിന്തുടരുവാന് രക്തം തിളക്കുന്നവര്ക്കും ഒരമാന്തം കാണാം. ഒരാളോടും വാത്സല്യം കാണിക്കാത്തത് അരങ്ങില്‍ മാത്രം. അതാണ് ആ കൊട്ടിന്റെ വശം.
കണക്കിന്റെ കാര്യത്തില്‍ ഒരിക്കലും ഒരു കുറവും ഇല്ലാതെ കൃത്യതയുമായി പറക്കുവാന്‍ യത്നിക്കുകയാണ് കല്ലൂര്‍ രാമന്‍കുട്ടി. പാലക്കാടന്‍ ചൂട് കൊട്ടിലും ദീക്ഷിച്ച് അതുപോലെ കാണികളേയും അനുഭവിപ്പിക്കുന്ന ചൂടന്‍ തായമ്പകയാണ് കല്ലൂരിന്റേത്.
അനായാസം കൊട്ടിക്കയറുമ്പോള്‍ അരിച്ചെത്തുന്ന ആവേശം തണുപ്പിക്കാതെ ഒടുക്കംവരെ നിലനിര്ത്തുകയാണദ്ദേഹം. നടന്നുതുടങ്ങുന്ന കാലം മുതല്‍ തായമ്പക വായിക്കുന്നതു ശീലമാക്കിയ രാമന്‍കുട്ടി ഗുരുത്വമുള്ളൊരു വാദ്യക്കാരനാണ്. ഒരാളോടും കൊട്ടിന്റെ കാര്യത്തില്‍ കൂറു പുലര്‍ത്താറില്ല. വെടിക്കെട്ടിന്റെ മറ്റൊരു പതിപ്പാക്കി തായമ്പക അനായാസം നയിക്കുമ്പോള്‍ അതിന് അതിരും അടയാളവും ഒന്നുമില്ലെന്ന് നമുക്ക് തോന്നും. അതിര് കടന്ന് ഒരിക്കലും രാമന്‍കുട്ടി മുന്നോട്ടുപോവില്ല.
സിംഹത്തിന്റെ വീറും വാശിയും രൗദ്രതയും എന്നും നിറഞ്ഞുനില്ക്കുന്ന തായമ്പക നിത്യേന ഉപാസനയോടെ കൊണ്ടുനടക്കുകയാണ്. എന്നും പുതുമകള്‍ വരുത്തണമെന്നും അതിനുവേണ്ടതെല്ലാം എന്താണ് അതുകണ്ടെത്തുവാന്‍ ഋഷി തുല്യമായ പ്രയത്നം നിര്‍വഹിക്കുകയാണ് ഈ മാരാര്‍. തായമ്പകയുടെ നടപ്പുകാല പ്രയോക്താക്കളില്‍ ഒന്നാം നമ്പറുകാരനായിട്ടും വര്‍ഷക്കാല സാധകം ഇന്നും തുടര്ന്നുവരുന്നുണ്ടിദ്ദേഹം. ഓരോ വര്‍ഷവും പുതിയ പുതിയ എണ്ണങ്ങള്കൊണ്ട് ‘വക്കും, നടുവും’ സമൃദ്ധമാക്കുന്ന നമ്പറുകള്‍ നിര്‍മിക്കുവാന്‍ കൊണ്ടുപിടിച്ചു ശ്രമിക്കും. കൊട്ടുകാരില്‍ ഏറെയും കാണുന്ന വായ്പിട്ടിലും കൂടുതല്‍ വാദ്യപിട്ട് നിര്‍ബന്ധ വിഷയമാണ്. കൂടെ പ്രവര്‍ത്തിക്കുന്നവരോട് ഒപ്പം നിന്നുകൊള്ളണമെന്ന നിര്‍ബന്ധം എപ്പോഴും ഉണ്ട്. രസച്ചരട് പൊട്ടാന്‍ അനുവദിക്കാറില്ല.
ശാസനാപൂര്‍വം ശ്രദ്ധയോടെ റോന്തു ചെയ്യുന്ന കണ്ണും കാതും ഈ വാദ്യവല്ലഭനുണ്ട്. ഇടിവെട്ടു വീഴുന്ന കയ്യും കോലുംകൊണ്ട് അരങ്ങുകള്‍ നടുക്കുമ്പോള്‍ അതുപോലെ പ്രകമ്പനം കൊണ്ടായിരിക്കും ആസ്വാദകര്‍. കല്ലൂരാശാന് സ്ഥിരം കൊട്ടുന്ന വേദികള്‍ കുറവല്ല. കാരണം എല്ലാവരോടും എല്ലാറ്റിനോടും ഒരേ അളവിലാണ് സ്നേഹം പകരുന്നത്. നാം ചെയ്യുന്ന പ്രവര്‍ത്തിയെ മനസിനാല്‍ പിന്തുടരുകയും അതുപോലെ തന്നെ പ്രയോഗിച്ച് അരങ്ങിനെ സമ്പല്‍ സമൃദ്ധമാക്കുന്നു.
പാലക്കാടിന്റെ ചെണ്ടമൂപ്പുമായി വേദികള്‍ പിന്നിടുമ്പോഴും അത്യുത്സാഹത്തോടെ പടവുകള്‍ ചവിട്ടുന്നതും ഉറച്ച താളത്തിലാണ്. പൂര്‍വികര്‍ക്കൊപ്പം തായമ്പക വായിക്കുന്ന കാലത്ത് കൂറും ചെമ്പട വട്ടവും ഒപ്പം നീങ്ങി അതുപോലെ പരിശുദ്ധമാക്കും. ഇരികിടയില്‍ എന്നും താന്‍പോരിമ നിര്‍ബന്ധമാണ്. നമ്മെ വിളിക്കുന്നത് ഓരോ പ്രതീക്ഷയോടെയാണ്. അതിനാല്‍ അത് നാം തന്നെ ഇല്ലാതാക്കരുത്. അരങ്ങുകളെ സുമംഗലിയാക്കുന്ന പ്രയോഗചാതുരി എന്നും പുലര്‍ത്തുന്ന പ്രയോക്താവ് അപൂര്‍വമാണ്. നവോഢ കണക്ക് നാണം കുണുങ്ങുന്ന വഴികളല്ല ആശാന്റേത്. മെച്ചമാര്‍ന്ന ഒച്ചയുള്ള അസുരഭാവിയാര്ന്ന ചെണ്ടയില്‍ നിന്നുയരുന്ന പ്രകമ്പനം ഒരു യുദ്ധക്കളംപോലെ ശബ്ദമുഖരിതമായിരിക്കാന് നിര്‍ബന്ധമുണ്ട്.
തിരയുണര്‍ത്തുന്ന തീരംപോലെ ഈറനണിയുന്ന വേദികള്‍ ഓരോന്നായി പിന്നിടുമ്പോഴും ഊര്‍ജം ചോരുന്ന കാഴ്ച ഇദ്ദേഹത്തില്‍ കാണില്ല. പതിന്മടങ്ങ് കരുത്തുമായാണ് കൊട്ടിവയ്ക്കുന്നത്. വേദികള്‍ കുലുക്കി മറിക്കുന്ന പ്രയോഗം കാണുവാന്‍ എത്തുന്നവരുടെ മനസ്സ് നിറയുന്നത് കാണുകയും അവരുടെ തൃപ്തി വാക്കുകള്‍കൊണ്ട് രേഖപ്പെടുത്തുന്നതിന് സാധിക്കാതാവുന്നതും ഇദ്ദേഹത്തിന് മുന്നില്‍ പതിവുകാഴ്ചയാണ്.
തൊഴിലിനോട് കൂറ് പുലര്‍ത്തുവാന്‍ അവസരം ഒരുക്കിക്കൊടുക്കേണ്ട ബാധ്യത മാത്രമേ സംഘാടകര്‍ക്കുള്ളൂ. ഒരിടതടവും വരുത്താതെ ഒരുമയോടെ വിരിയുന്ന കയ്യും കോലുംകൊണ്ട് നിറയുന്ന വേദികള്‍ വളര്‍ന്നുകൊണ്ടേയിരിക്കുകയാണ്.
അരങ്ങിന്റെ സ്വഭാവത്തെ പഠിച്ച് അവര്‍ക്കുവേണ്ടുന്ന വിധത്തില്‍ സൗന്ദര്യപ്പെടുത്തുന്നതിനും തന്റെ നിബന്ധനവിടാതെ പൊലിപ്പിക്കുന്ന ഗാംഭീരവശവും ഈ തായമ്പകക്കാരനില് എന്നും കാണാം. സിദ്ധിനിറഞ്ഞ സിരകളിലൂടെ ചൂടുരക്തം പമ്പു ചെയ്തുകൊണ്ടിരിക്കുമ്പോള്‍ ചുമ്മാതെയിരിക്കുവാന് ആവില്ലെന്ന് ചിരിച്ചുകൊണ്ട് നമ്മോടുപറയും.
തായമ്പക വേദികളിലേക്ക് ദേവദൂതുമായി പ്രവേശിച്ച മഹാരഥനായ തൃത്താല കേശവപ്പൊതുവാള്‍, പല്ലാവൂര്‍ അപ്പുമാരാര്‍, പല്ലാവൂര്‍ കുഞ്ഞിക്കുട്ടമാരാര്‍,പൂക്കാട്ടിരി ദിവാകരപ്പൊതുവാള്‍, എന്നിവര്‍ക്കൊപ്പം പങ്കിട്ട ഓരോ നിമിഷവും വിലപ്പെട്ടതാണിദ്ദേഹത്തിന്. പൊലിമയുടെ പെരുനാളാക്കി തീര്‍ക്കുകയാണ് ഓരോ വേദിയും.
മങ്കുറിശി അപ്പമാരാരുടെ ശിഷ്വത്വം സ്വീകരിച്ച് വിശാലമായ വേദികളില്‍ കൊട്ടിത്തീര്‍ത്ത് ആസ്വാദകരെ വളര്‍ത്തിയ കല്ലൂര്‍ ഈ വഴിയിലെ ശുക്രനക്ഷത്രമായിതീര്ന്നത് സ്ഥിരോത്സാഹത്തിന്റെ മികവിനാല്‍ത്തന്നെയാണ്. കളിയും ചിരിയും കാണിക്കാതെ എണ്ണ വിന്യാസങ്ങള്‍ കവിതപോലെ ഏറ്റിച്ചുരുക്കിത്തീര്ക്കുന്ന മനോഹാരിത കല്ലൂരിന് സ്വന്തം.
പാലക്കാടിനടുത്ത് മാങ്കുറിശിയിലാണ് രാമന്‍കുട്ടി മാരാര്‍ താമസിക്കുന്നത്. മകന് ഉണ്ണികൃഷ്ണന് തായമ്പകയില്‍ ഒന്നിച്ചുണ്ട്. എല്ലാവരും എല്ലാവര്‍ക്കൊപ്പവും ഇരട്ട തായമ്പക പതിവുണ്ട്. എന്നാല്‍ കല്ലൂരിനൊപ്പം എല്ലാവര്ക്കും അടുക്കാന്‍ പറ്റിയെന്നുവരില്ല. അതിന് ഒരു ശീലം വേണം. അവരേ സമ്മതിക്കാറുളളു. തുടക്കം മുതല്‍ ഒടുക്കംവരെ ഒരേപോലെ വരുന്ന ഭാവവിന്യാസങ്ങള്‍ ഇദ്ദേഹത്തിന്റെ ഭാഷയാണ്. ഏവര്‍ക്കും മനസ് നിറയ്ക്കുന്ന പ്രയോഗചാരുത കല്ലൂര്‍ രാമന് കുട്ടിക്കുമാത്രം. ഇതാണ് തായമ്പകയിലെ ശുക്രന്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: