ശാസ്ത്രം സത്യമാണ്, പരീക്ഷണശാലകളില്‍ പരീക്ഷിച്ചു ബോധ്യപ്പെട്ടുകൊണ്ട് അത് തെളിയിക്കുന്ന ശാസ്ത്രജ്ഞര്‍ക്ക്. ശാസ്ത്രത്തിന് അതിന്റേതായ ഭാഷയുണ്ട്, ശൈലിയുണ്ട്. ആഗോളതലത്തില്‍ തന്നെ ശാസ്ത്രത്തിന് അംഗീകൃതമായ പ്രത്യേക മാനദണ്ഡങ്ങളും ഐകരൂപ്യവും വൈദഗ്ദ്ധ്യവും ഉല്‍കൃഷ്ടതയും യോഗ്യതയുമൊക്കെയുണ്ട്. എന്നാല്‍ സാധാരണക്കാരന് ഈ ഭാഷ അന്യം തന്നെ. അതു പഠിച്ചെടുത്ത് ശാസ്ത്രം മനസ്സിലാക്കാനുള്ള സാവകാശവും താല്പര്യവും പലര്‍ക്കുമുണ്ടാകില്ല.
അതിനു മെനക്കെടാറുമില്ല. അതുകൊണ്ടുതന്നെ ശാസ്ത്രം കടുകട്ടിയായും വിരസമായും അപ്രാപ്യമായും നിലനില്ക്കുന്നു. ഇങ്ങനെ അകന്നു നില്ക്കുന്ന ശാസ്ത്രത്തെ അടുപ്പിക്കണമെങ്കില്‍ അനുവാചകന് ആകര്‍ഷകമാകുന്ന തരത്തില്‍ പാകപ്പെടുത്തി സ്വാദിഷ്ടമായ വിഭവമാക്കി അവരുടെ കൈക്കുമ്പിളില്‍ വെച്ചുകൊടുക്കണം. അതത്ര എളുപ്പമുള്ള സംഗതിയല്ല. എന്നാല്‍ അതാണ് ശാസ്ത്രസാഹിത്യത്തിന്റെ രഹസ്യം. തനി ഭാരതീയമായ അടിത്തറയില്‍ ആയാസഭരിതമായ ശാസ്ത്രതത്വങ്ങളെ ആയാസരഹിതമാക്കുന്നതില്‍ അസാമാന്യ പാടവം പ്രകടമാക്കാവുന്ന വ്യക്തിയാണ് അടുത്തിടെ സാഹിത്യരചനയുടെ 40-ാം വാര്‍ഷികം ആഘോഷിച്ച ഡോ. അനില്‍കുമാര്‍ വടവാതൂര്‍.
ദുഷ്കരമായ ശാസ്ത്ര പത്രപ്രവര്‍ത്തനത്തിന്റെ നാല് പതിറ്റാണ്ടുകള്‍ അദ്ദേഹം പൂര്‍ത്തിയാക്കിയിരിക്കയാണ്. ആറാം ക്ളാസില്‍ പഠിക്കവെ രണ്ട് നോട്ടുബുക്കുകളിലായി എഴുതിയ അപസര്‍പ്പകകഥയാണ് ആദ്യ രചന. ഇക്കാലത്തിനിടെ 43 പ്രശസ്ത ഗ്രന്ഥങ്ങളും എണ്ണമറ്റ ശാസ്ത്രലേഖനങ്ങളും രചിച്ചു. ശാസ്ത്രം ശിരസ്സിലേറ്റി നടക്കുന്ന ഈ മനുഷ്യന് ശാസ്ത്രം എങ്ങനെയെഴുതണമെന്ന് മാതൃക കാട്ടിത്തരുന്ന മഹാനായ ഗുരുനാഥന് കൂടിയാണ്.
അനുകരണങ്ങളും ആഡംബരങ്ങളുമില്ലാതെ ലാളിത്യത്തിന്റെ എളിമയില്‍ ശാസ്ത്ര പത്രപ്രവര്‍ത്തനത്തിന്റെ കുലപതി വരെയാകാന്‍ യോഗ്യനായ ഇദ്ദേഹത്തെ ശാസ്ത്രസാഹിത്യ മണ്ഡലത്തിലെ അസാധാരണക്കാരനായ അതികായനെന്ന് വിശേഷിപ്പിക്കുന്നതില്‍ തെല്ലും അതിശയോക്തിയില്ല. എഴുത്തിന്റെ ലോകം കണ്ട് നടുങ്ങി നിന്ന പലരെയും കൈപിടിച്ചുകൊണ്ടുവന്ന് വലിയ എഴുത്തുകാരാക്കാന്‍ മഹാമനസ്സു കാണിക്കുന്ന വടവാതൂരിനെ ശാസ്ത്രജ്ഞന്റെ വ്യുല്പത്തി, സാഹിത്യകാരന്റെ ഭാഷ, സ്വതസിദ്ധമായ ശൈലി, എഴുത്തിലെ സത്യസന്ധത, ആഢ്യത്വമുള്ള അവതരണരീതി, സ്വാരസ്യവും ഗാംഭീര്യവും ഒത്തിണങ്ങുന്ന പ്രതിപാദ്യം എന്നിവയെല്ലാം വേറിട്ട എഴുത്തുകാരനാക്കുന്ന ഘടകങ്ങളാണ്. ശാസ്ത്രം പഠിച്ചാല്‍ പോരാ, അറിയണം. അറിഞ്ഞാല്‍ പോരാ, ആചരിക്കണം, ഇതാണ് ഇപ്പോള്‍ കൊച്ചി ശാസ്ത്രസാങ്കേതിക സര്‍വകലാശാലയിലെ പ്രസിദ്ധീകരണ വിഭാഗത്തിന്റെ അമരക്കാരനായ ഡോ. അനില്‍കുമാറിന്റെ ലൈന്‍.
കോട്ടയം വടവാതൂര്‍ ലക്ഷ്മീനാരായണ വിലാസില്‍ പരേതനായ എന്‍.സോമശേഖരന്‍ നായരുടെയും എന്‍. അമ്മിണി അമ്മയുടെയും മകനായി 1961 മെയ് 15 ന് ജനിച്ചു. രസതന്ത്രം, നിയമം, പത്രപ്രവര്‍ത്തനം എന്നീ വിഷയങ്ങളില്‍ ബിരുദവും പത്രപ്രവര്‍ത്തനത്തില്‍ ബിരുദാനന്തര ബിരുദവും കേരളത്തിലെ ആദ്യത്തെ ഡോക്ടറേറ്റും സ്വന്തം. പ്രസിദ്ധ ശാസ്ത്ര പത്രപ്രവര്ത്തകന്, പരിസ്ഥിതി പ്രവര്ത്തകന്, ശാസ്ത്ര നിരീക്ഷകന്, മുതിര്‍ന്ന പത്രപ്രവര്ത്തകന് ഇവയെല്ലാമാണ് അനില്‍കുമാറെന്ന് അടുപ്പമുള്ളവര്‍ക്കറിയാം. ജീവചരിത്രം, പ്രചുരശാസ്ത്രം, ബാലസാഹിത്യം തുടങ്ങിയ ശാഖകളില്‍ 43 പുസ്തകങ്ങളെഴുതിയ മഹാഗ്രന്ഥകാരന്‍. കേരള സര്‍ക്കാരിന്റെ ശാസ്ത്രസാഹിത്യ അവാര്‍ഡ് ഉള്‍പ്പെടെ ഏഴ് പ്രശസ്ത പുരസ്കാരങ്ങള്‍. വിശേഷണങ്ങള്‍ ഇനിയുമുണ്ട്, നേരില്‍ കണ്ടാല്‍ ഇത്രയും വലിയ വ്യാസനെന്ന് ആര്‍ക്കും തോന്നാത്തത്ര പക്വവും പ്രൗഢവുമായ പെരുമാറ്റവും.
നല്ല സാമൂഹ്യപ്രവര്‍ത്തകന്‍. ആരും സ്നേഹിക്കുന്ന, ആരെയും സ്നേഹിക്കുന്ന പ്രകൃതം. കഥയിലൂടെ കാര്യവും കാര്യത്തിലൂടെ കഥയും പറയാന്‍ കഴിയുന്ന വ്യക്തിത്വം. എല്ലാം വടവാതൂര്‍ ശ്രീകൃഷ്ണസ്വാമിയുടെ അനുഗ്രഹമെന്ന് കരുതുന്ന, ആത്മീയതയും ആത്മാര്‍ത്ഥതയും ഒത്തുചേര്‍ന്ന ജ്ഞാനി. കൃത്രിമത്വമില്ലാതെ ഭാവത്തെയും ഭാഷയെയും തന്റെ സ്വതസിദ്ധമായ ശൈലിയില്‍ മെനഞ്ഞെടുത്തവതരിപ്പിക്കുമ്പോള് ഓരോ വാക്യവും സാധാരണക്കാരന്റെ ഹൃദയത്തിലേക്കും ബുദ്ധിയിലേക്കും നേരിട്ടോടിയെത്തും. അങ്ങനെ ശാസ്ത്രസാഹിത്യ ലോകത്തില്‍ തന്റേതായ മേല്‍വിലാസമുണ്ടാക്കിയെടുത്ത ഭഗീരഥന്. വടവാതൂര്ക്കാര്ക്ക് സ്വന്തം അനിലേട്ടന്. സാമൂഹ്യപ്രശ്നങ്ങളും കുടുംബവഴക്കുകളും ഒത്തുതീര്‍പ്പാക്കാന്‍ ആരും ആശ്രയിക്കുന്ന നാട്ടുപ്രമാണി. ഇങ്ങനെ നിരവധി മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച് തന്റേതായ ദര്‍ശനം കൊണ്ട് ദിശാബോധം നല്കുന്ന ദശാനനന്‍.
മാതാപിതാക്കളുടെ അകമഴിഞ്ഞ പ്രോത്സാഹനത്തിന് പുറകെ മുത്തച്ഛനും എംഡി സെമിനാരി ഹൈസ്കൂള്‍ മലയാളം മുന്‍ഷിയും ഹരികഥാ സാഹിത്യകാരനുമായിരുന്ന കരിപ്പാല്‍ കെ. പി നാരായണപിള്ളയുടെ സ്വാധീനവും നന്നേ ചെറുപ്പത്തില്‍ തന്നെ എഴുത്തിന്റെ ലോകത്തേക്ക് തിരിയാന്‍ അദ്ദേഹത്തിന് പ്രേരണയായി.
സ്വന്തംനാട്ടിലെ വാസുദേവ വിലാസം എന്‍എസ്എസ് കരയോഗവും സാഹിത്യപ്രവര്‍ത്തക സഹകരണ സംഘവും എന്‍എസ്എസ് വനിതാ സമാജവും സംയുക്തമായി സംഘടിപ്പിച്ച പ്രൗഢഗംഭീരമായ ചടങ്ങില്‍ ജന്മനാടിന്റെ ആദരവും അംഗീകാരവും അനുമോദനങ്ങളും ആശീര്‍വാദങ്ങളും അനില്‍കുമാറിനെ തേടിയെത്തിയതിനു പിന്നില്‍ അദ്ദേഹത്തിന്റെ വ്യക്തിത്വത്തിലെ ഈ വേറിട്ട സവിശേഷതകള്‍ തന്നെയാണ്. മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന് ചടങ്ങ് ഉദ്ഘാടനം ചെയ്യുകയും പൊന്നാടചാര്‍ത്തി ആദരിക്കുകയും പുരസ്കാരം നല്കി ആശംസിക്കുകയും ചെയ്തു. മുഖ്യാതിഥിയായി നേരിട്ടു പങ്കെടുക്കാന്‍ കഴിയാതിരുന്ന ബിജെപി സംസ്ഥാന പ്രസിഡന്റും ജന്മഭൂമി ചെയര്‍മാനുമായ കുമ്മനം രാജശേഖരന് മൊബൈല്‍ ഫോണ്‍ വഴി അനില്‍കുമാറിനെക്കുറിച്ച് നടത്തിയ പ്രസംഗം വേറിട്ട അനുഭവമായി.
തുടര്‍ന്ന് പൗരാവലിയുടെ സ്വീകരണവുമുണ്ടായി. അതില്‍ പങ്കെടുക്കാന്‍ ഭാഗ്യം ലഭിച്ച എനിക്ക് അനിലിനോടുള്ള ആ നാടിന്റെ ഊഷ്മളമായ സ്നേഹപ്രകടനം ഹൃദയസ്പര്‍ശിയായിരുന്നു.
ശാസ്ത്രം, സാങ്കേതികം, ചരിത്രം, ജ്യോതിശാസ്ത്രം, പരിസ്ഥിതി, പാരമ്പര്യ വിജ്ഞാനം എന്നിങ്ങനെ നിരവധി മേഖലകളില്‍ അനില്‍ രചിച്ച പുസ്തകങ്ങള്‍ അമൂല്യങ്ങളാണ്. മൈനാകവും കൂട്ടുകാരും, സര്‍ദാര്‍ കെ.എം. പണിക്കര്‍, കീടനാശിനി ജീവനാശിനി, ഹരിത വിചാരം, മരതക ദ്വീപ്, ശാസ്ത്രവിചാരം, കൃഷിലോകം വിഷലോകം, സമയയന്ത്രം, സമുദായ സമുദ്ധാരകനും ഹൈന്ദവ ഐക്യത്തിന്റെ പ്രോക്താവുമായി മന്നത്ത് ആചാര്യനെ ചിത്രീകരിക്കുന്ന ഭാരത കേസരി മന്നത്തു പത്മനാഭന് എന്നിങ്ങനെ വൈവിധ്യമാര്‍ന്ന വിഷയങ്ങളാണ് അദ്ദേഹം കൈകാര്യം ചെയ്തിട്ടുള്ളത്.
റേഡിയോ വഴി നിരവധി സുഭാഷിതങ്ങളും എണ്ണമറ്റ പ്രഭാഷണങ്ങളും ഡോ. അനില്‍കുമാര്‍ നടത്തിയിട്ടുണ്ട്. ശാസ്ത്രം, പരിസ്ഥിതി, മനുഷ്യാവകാശം, ഹ്യൂമന്‍ ഇന്ററസ്റ്റ്, അന്വേഷണാത്മക പത്രപ്രവര്‍ത്തനം തുടങ്ങിയ മേഖലകളിലായി ആയിരത്തിലേറെ ഫീച്ചറുകളുടെയും ലേഖനങ്ങളുടെയും ഉടമ. ജയിച്ചു ജീവിക്കുവാന്‍ യുവാക്കളെ ഉത്തേജിപ്പിക്കുന്ന വ്യക്തിത്വ വികസന പുസ്തകവും അദ്ദേഹത്തിന്റെ തൂലികത്തുമ്പില്‍ നിന്നു പിറവിയെടുത്ത വിശിഷ്ടഗ്രന്ഥങ്ങളില്‍ വേറിട്ടുനില്‍ക്കുന്ന ഒന്നാണ്. എംആര്‍എഫില്‍ മാനേജ്മെന്റ് ട്രെയിനിയായി കിട്ടിയ ജോലി ഉപേക്ഷിച്ച് മാതൃഭൂമിയിലെത്തി. ചുരുങ്ങിയ കാലം കൊണ്ട് മികച്ച പത്രപ്രവര്‍ത്തകനായി പേരെടുത്തെങ്കിലും ചില കാരണങ്ങളാല്‍ അദ്ദേഹത്തിന് തുടരാനായില്ല. ഭാര്യ ഗിരിജ. മകന് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ അജയ് ഗോപാല്‍. മകള്‍ സോഫ്റ്റ്വെയര് എഞ്ചിനിയര്‍ കൃഷ്ണ.
ഇത്രയും പ്രശസ്തനായ ബഹുമുഖപ്രതിഭയില്‍ നിന്നും ഇനിയും നിരവധി ഗ്രന്ഥങ്ങളുണ്ടാകട്ടെയെന്നും അവ കൊണ്ട് കേരളത്തെ ശാസ്ത്രബോധവല്ക്കരിച്ച് കുട്ടികളില്‍ ശാസ്ത്രാവബോധം വളര്‍ത്തി മഹാശാസ്ത്രജ്ഞരാകാന് പ്രചോദിതമാകട്ടെയെന്നും ഈ സന്ദര്‍ഭത്തില്‍ പ്രത്യാശിക്കുന്നു.
(സി-സ്റ്റെഡ് ഡയറക്ടറും സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി വകുപ്പ് ജോ. ഡയറക്ടറുമാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: