മലപ്പുറം: ജില്ല വിഭജിക്കണമെന്ന പഴയ ഭരണസമിതിയുടെ നിലപാട് തന്നെയാണ് പുതിയ ഭരണസമിതിക്കെന്നും അതിനുള്ള നടപടികളുമായി മുന്നോട്ട് പോകുമെന്നും ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എ.പി.ഉണ്ണികൃഷ്ണന്. മലപ്പുറം പ്രസ് ക്ലബ്ബില്‍ മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. ജില്ലാ വിഭജനം ആവശ്യപ്പെട്ട് കഴിഞ്ഞ ജില്ലാ പഞ്ചായത്ത് ഭരണസമിതി പ്രമേയം അവതരിപ്പിച്ചപ്പോള്‍ തന്നെ പ്രതിഷേധം ഉയര്‍ന്നിരുന്നു. സ്വന്തമായൊരു ജില്ല രൂപീകരിക്കാനുള്ള ലീഗിന്റെ തന്ത്രമാണെന്ന് ആരോപിച്ച് വിവിധ സംഘടനകള്‍ രംഗത്ത് വന്നു.
പക്ഷേ കൂടുതല്‍ വികസനം എത്തിക്കുകയെന്നതാണ് ലക്ഷ്യമെന്നാണ് ലീഗ് വാദിച്ചത്. തദ്ദേശ തെരഞ്ഞെടുപ്പില്‍ വിഭജനവാദികളെ കൂട്ടുപിടിക്കാനുള്ള ലീഗ് തന്ത്രമായാണ് ഇതിനെ രാഷ്ട്രീയ നിരീക്ഷകര്‍ വിലയിരുത്തിയത്. വിഭജനമെന്ന ആവശ്യം തദ്ദേശ തെരഞ്ഞെടുപ്പോടെ ലീഗ് ഉപേക്ഷിച്ചെന്ന് കരുതിയവരെ അമ്പരപ്പിക്കുന്നതാണ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റിന്റെ പ്രസ്താവന.
കേരളത്തിലെയും ജില്ലയിലെയും യുഡിഎഫ് സംവിധാനം പൂര്‍ണ്ണമായും തകര്‍ന്ന സാഹചര്യത്തില്‍ മലപ്പുറത്ത് കൂടുതല്‍ ശക്തിയാര്‍ജ്ജിക്കേണ്ടത് ലീഗിന് ആവശ്യമാണ്. കേവലം ജില്ലാ പഞ്ചായത്തിന്റെ മാത്രം അഭിപ്രായമല്ല വിഭജനമെന്നും ലീഗിന്റെ മുതിര്‍ന്ന നേതൃത്വത്തിന്റെ അറിവോടെയാണ് കാര്യങ്ങള്‍ നീങ്ങുന്നതെന്നും വ്യക്തം.
സമഗ്രമായ വികസനത്തോടുകൂടിയ ഭരണം കാഴ്ചവെക്കാനാണ് ആഗ്രഹിക്കുന്നതെന്ന് എ.പി.ഉണ്ണികൃഷ്ണന് പറഞ്ഞു.
വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് എല്ലാവിധ അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. ജില്ലാ ആശുപത്രികള്‍ക്ക് സ്വന്തമായി ആംബുലന്‍സ് വാങ്ങും. പട്ടികജാതി വിദ്യാര്‍ത്ഥികളുടെ വിദ്യാഭ്യാസം ഉറപ്പുവരുത്തും. ആദിവാസികളുടെ പ്രശ്നങ്ങള്‍ പരിഹരിക്കും. വൃക്ക രോഗികള്‍ക്കും ക്യാന്‍സര്‍ രോഗികള്‍ക്കും പഞ്ചായത്ത് അടിസ്ഥാനത്തില്‍ ചികിത്സ കേന്ദ്രങ്ങള്‍ നിര്‍മ്മിക്കും. എല്ലാ പഞ്ചായത്തിലും പൊതുശ്മശാനം നിര്‍മ്മിക്കും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: