വരുന്നത് അധിവര്‍ഷമാണ്; 2016. ഒട്ടനവധി പ്രത്യേകതകളുമായിട്ടാണ് വരവ്. മാറ്റങ്ങളുടെ വര്‍ഷമായിരിക്കുമത്. ആരംഭിക്കുന്നത് വെള്ളിയാഴ്ചയും. ആറും നൂറും കൊള്ളില്ലെന്ന മൊഴിയും വെള്ളിയാഴ്ചകള്‍ തുടക്കത്തിന് നല്ലതല്ലെന്ന വിശ്വാസവും ചിലര്‍ക്കിടയിലുണ്ട്. വിശ്വസിക്കാം, അവിശ്വസിക്കാം. അതു മനസുകളുടെ പ്രശ്നം. 2015 ലെ ഭാവിഫലം പറയുമ്പോള്‍ കഴിഞ്ഞവര്‍ഷം ഒരു ജ്യോതിഷി പ്രവചിച്ചു, പ്രകൃതിദുരന്തങ്ങളുടെ വര്‍ഷമായിരിക്കുമെന്ന്. കശ്മീരിലും ബീഹാറിലും ഇങ്ങ് ചെന്നൈയിലും വരെ അത് കണ്ടനുഭവിച്ചു. എന്നാല്‍, മനുഷ്യന് പ്രകൃതിയെ ദുരുപയോഗിച്ചതാണ് കാരണമെന്നും ആഗോളതാപനം ആക്കംകൂട്ടിയെന്നും വിശ്വസിക്കാം; അതിനും സ്വാതന്ത്ര്യമേറെ.
2016 ല്‍ ജോര്‍ജിയന്‍ കലണ്ടര്‍ പ്രകാരം മൊറാര്‍ജി ദേശായിയുടെ ജീവിതവര്ഷംകൂടി; ഒരു പരസ്യത്തില്‍ പറയുംപോലെ, ഫെബ്രുവരി 29ന് ജനിച്ചവര്‍ക്കെല്ലാം പ്രത്യേകതയുള്ള അധിവര്‍ഷമാണ്. ഒളിമ്പിക്സ് നടക്കുന്ന വര്‍ഷം, ഇത്തവണ ബ്രസീലില്‍. അമേരിക്കയില്‍ പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കുന്ന ഈ വര്‍ഷം ആ രാജ്യത്തിന്റെ ചരിത്രത്തിലെ മറ്റൊരു വഴിത്തിരിവാകും. ഒബാമയുടെ നേതൃത്വത്തിനുശേഷം അമേരിക്കയുടെ വഴിയെങ്ങോട്ട്. അഫ്ഗാനിസ്ഥാനില്‍നിന്ന് സഖ്യസേന പിന്‍വലിയുന്ന വര്‍ഷമാണിത്. ഒപ്പം ആഗോള ഇസ്ലാമിക ഭീകരവാദത്തിനെതിരെ അതിശക്തമായ സംയുക്തനീക്കത്തിന് അന്താരാഷ്ട്ര സമൂഹം കര്‍ശന തീരുമാനമെടുക്കുന്നു. യുഎന്‍ ജനറല്‍ അസംബ്ലിയുടെ 68-ാം സമ്മേളനം ചേരുന്ന വര്‍ഷം, യുഎന്‍ സുരക്ഷാ സമിതിയിലേക്ക് പുതിയ സ്ഥിരാംഗങ്ങളെ ഉള്‍പ്പെടുത്തുന്ന വര്‍ഷം, അതില്‍ സ്ഥിരാംഗത്വം ഭാരതം നേടിയേക്കാവുന്ന വര്‍ഷം.
ഭാരതത്തിന് 2016 ഏറെ നിര്‍ണായകമാണ്. നരേന്ദ്ര മോദിസര്‍ക്കാരിന്റെ ആദ്യ സമ്പൂര്‍ണ ബജറ്റിന്റെ നടത്തിപ്പ് വിലയിരുത്തപ്പെടുന്ന സാമ്പത്തികവര്‍ഷാവസാനം മാര്‍ച്ച് മാസത്തിലാണ്. സര്‍വതലത്തിലും ഭാരതം വിലയിരുത്തപ്പെടുന്ന വര്‍ഷം. അതിന്റെ അടിസ്ഥാനത്തില്‍ നയ-നിലപാടുകളില്‍ ഗതിഭേദം ഉണ്ടായേക്കാവുന്ന വര്‍ഷം. ഭാരത പ്രധാനമന്ത്രി വിദേശരാജ്യങ്ങളുമായുള്ള ബന്ധത്തില്‍ കൈക്കൊണ്ട പുതിയ നയസമീപനങ്ങളുടെ പ്രായോഗികത പരീക്ഷിക്കപ്പെടുന്ന വര്‍ഷമാണ് 2016. ഭാരതവും പാക്കിസ്ഥാനും തമ്മിലുള്ള ബന്ധത്തിലെ നവപരീക്ഷണത്തിന്റെ ജയപരാജയങ്ങള്‍ വിലയിരുത്തപ്പെടാന്‍ പോകുന്നു. 2016 ജനുവരി 23 ന് സുഭാഷ് ചന്ദ്രബോസിന്റെ ജന്മദിനം അസാധാരണമാകും. ബോസിന്റെ തിരോധാനം സംബന്ധിച്ച ദുരൂഹതകള്‍ നീക്കാന്‍ അന്വേഷണ റിപ്പോര്‍ട്ടുകള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കും.
നിര്‍ണായകമായ മൂന്ന് സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പും 2016 ലാണ്, രണ്ട് മുന്നണികളിലൊന്നിനെ മാത്രം തെരഞ്ഞെടുക്കുന്ന കേരളം മൂന്നാമതൊന്നിനെ പരീക്ഷിക്കുമോ? കമ്യൂണിസത്ത ചുഴറ്റിയെറിഞ്ഞ പശ്ചിമബംഗാള്‍ തൃണമൂലിനപ്പുറം മറ്റൊരു പാര്‍ട്ടിക്ക് അവസരം നല്‍കുമോ? കോണ്‍ഗ്രസിനെ മൂന്നാംതവണയും ചുമലേറ്റുമോ ആവാം. രാഷ്ട്രീയത്തിലെ നിര്‍ണായക വഴിത്തിരിവാകുമത്.
കേരളത്തില്‍ ആദ്യമായി മെട്രോ റെയില്‍ പരീക്ഷിക്കപ്പെടും. സംസ്ഥാനത്തിന്റെ ഗതിവേഗം മാറും. അത് മാതൃകയാകുമോ എന്ന് 2016 പറയും. തെരഞ്ഞെടുക്കപ്പെട്ട് അധികാരത്തിലേറിയെങ്കിലും തദ്ദേശസ്വയംഭരണ സ്ഥാപനങ്ങളിലെ പുതിയ ഭരണസമിതികളുടെ സ്വന്തം പദ്ധതികള്‍ 2016 ലാണ് തുടങ്ങുക. സംസ്ഥാന രാഷ്ട്രീയമാറ്റം പ്രാദേശിക ഭരണകൂടത്തെ എങ്ങനെ ബാധിക്കും. സംസ്ഥാന രാഷ്ട്രീയത്തിലെ, നിമിഷംപ്രതി മാറിക്കൊണ്ടിരിക്കുന്ന സ്ഥിതിഗതികള്‍ എങ്ങനെ നിയമസഭാ തെരഞ്ഞെടുപ്പിനെ നിര്‍ണയിക്കും, 2016 നിര്‍ണായക വിധിയെഴുതും.
എണ്ണം നിരത്തിയാലേറെയുണ്ട്. രാജ്യങ്ങളും ഭരണാധികാരികളും ഭരണകൂടങ്ങളും വ്യക്തികളും, പുതുവര്‍ഷ പ്രസ്താവനകളും പ്രമേയങ്ങളും അവതരിപ്പിക്കുകയുംചെയ്യും. പക്ഷേ അടുത്ത പുതുവര്ഷത്തിലേ ഓര്‍മിക്കൂ പലരുമെന്നൊരു പോരായ്മയുണ്ട്. പക്ഷേ, കാലം നിശ്ചയിക്കുന്ന പ്രമേയമുണ്ട്, നിര്‍ണയിക്കുന്ന പ്രസ്താവനയുണ്ട്. അതുതന്നെയാണ് ഏറ്റവും നിര്‍ണായകം.
ഒടുവില്‍, 2016-ലെ ഈ സാധ്യതകൂടി; റഷ്യയില്‍ ഒരു സ്വകാര്യ ബഹിരാകാശ വിമാനക്കമ്പനി പ്രഖ്യാപിച്ച സംരംഭം. 2016-ല്‍ നടപ്പിലാകും. ബഹിരാകാശത്ത് ഒരു റസ്റ്റോറന്റ്! സമ്പന്നരുടെ സ്വപ്നപദ്ധതിയാണത്. ഒരു കാപ്പി കുടിക്കാന്‍ ഒന്നു ബഹിരാകാശത്തു പോയാലോ. ഭാരതസര്ക്കാരിനൊരു പദ്ധതിയുണ്ട്. 2020-ല്‍ എല്ലാവര്ക്കും സ്വന്തമായി ഒരു വീട്. അതിന് 2016-ല്‍ എത്ര ലക്ഷ്യം കാണാന്‍ പറ്റും. അത് നമുക്കൊരു പുതുവര്ഷപ്രമേയമാക്കാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: