കൊച്ചി: സിനിമാ മേഖലയില്‍ തര്‍ക്കം രൂക്ഷം. പുതുവര്‍ഷത്തില്‍ സിനിമാനിര്‍മാണം നിലക്കുമെന്ന് നിര്‍മാതാക്കളുടെ മുന്നറിയിപ്പ്. വേതനവര്‍ധന ആവശ്യപ്പെട്ട് ഫെഫ്ക സംഘടനയും അതിനെതിരെ പ്രൊഡ്യൂസേഴ്സ് അസോസിയേഷനും രംഗത്തുവന്നതോടെയാണ് കേരളത്തിലെ സിനിമാവ്യവസായം പ്രതിസന്ധിയിലായത്. ഇന്നലെ എറണാകുളത്ത് ചേര്‍ന്ന ഇരുസംഘടനകളുടെയും യോഗം പരസ്പരം പഴിചാരി പിരിഞ്ഞു.
സാങ്കേതികവിദഗ്ധരും ആര്‍ട്ടിസ്റ്റുകളും ശമ്പളവര്‍ധന ആവശ്യപ്പെടുന്ന സാഹചര്യത്തില്‍ ജനുവരി ഒന്നുമുതല്‍ സിനിമാ നിര്‍മാണം നിര്‍ത്തിവെയ്ക്കുമെന്ന് ഫിലിം പ്രൊഡ്യൂസേഴ്സ് അസോസിയഷന് ഭാരവാഹികള്‍ പത്രസമ്മേളനത്തില്‍ അറിയിച്ചു. 33.5 ശതമാനം ശമ്പളവര്‍ധനയാണ് ഫെഫ്ക ആവശ്യപ്പെട്ടിട്ടുള്ളത്. കേരളത്തിലെ സിനിമാ വ്യവസായം പ്രതിസന്ധിയിലായ ഈ ഘട്ടത്തില്‍ ശമ്പളം വര്‍ധിപ്പിക്കാനാവില്ലെന്ന് അസോസിയേഷന് പ്രസിഡന്റ് ജി. സുേരഷ് കുമാര്‍ അറിയിച്ചു.
പ്രൊഡ്യൂസേഴ്സ് അസോസിയേഷനുമായി ചര്‍ച്ച നടത്താതെ ഏകപക്ഷീയമായി ഫെഫ്ക വേതനം വര്‍ധിപ്പിക്കുകയായിരുന്നു. ഇത് അംഗീകരിക്കാനാവില്ലെന്ന് കൊച്ചിയില്‍ ചേര്‍ന്ന അസോസിയേഷന്റെ പൊതുയോഗം തീരുമാനിച്ചു.സിനിമാ വ്യവസായത്തെ തകര്‍ക്കുന്ന ഈ നടപടി പിന്‍വലിക്കണം, നിര്‍മാതാക്കളുടെ കൈയില്‍ നിന്നു വാങ്ങിയ അധികപണം തിരിച്ചുനല്‍കണം. അല്ലാതെ ഇനി ചര്‍ച്ചയില്ല. കഴിഞ്ഞ സെപ്റ്റംബര്‍ 30 വരെ വേതനവര്‍ധനയില്ലെന്ന് കരാറുണ്ടാക്കിയിരുന്നു. അത് അവസാനിച്ച സാഹചര്യത്തിലാണ് യാതൊരു മുന്നറിയിപ്പും കൂടാതെ പത്തോളം ഡയറക്ടര്‍മാരില്‍ നിന്നും അധിക തുക വാങ്ങിയത്. ആ തുക തിരിച്ചുകൊടുക്കാതെ അവരെവെച്ച് പുതിയ സിനിമ പിടിക്കില്ല. അതേസമയം നേരത്തെയുള്ള തുകയ്ക്ക് സഹകരിക്കാന്‍ തയ്യാറുള്ളവരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തനം മുന്നോട്ട് കൊണ്ടുപോകുമെന്നും ഭാരവാഹികള്‍ അറിയിച്ചു. അസോസിയേഷന് ജനറല്‍ സെക്രട്ടറി സെവന് ആര്‍ട്സ് വിജയകുമാര്‍, ട്രഷറര്‍ ആര്. രഞ്ജിത് എന്നിവരും പത്രസമ്മേളനത്തില്‍ പങ്കെടുത്തു.
അതേസമയം വേതനവര്‍ധന സംബന്ധിച്ച തീരുമാനത്തില്‍നിന്ന് പിന്നോട്ടില്ലെന്ന് ഫെഫ്കയും പത്രസമ്മേളനത്തില്‍ അറിയിച്ചു. ഭാരവാഹികളായ ബി. ഉണ്ണികൃഷ്ണനും കമലും സിബി മലയിലുമാണ് ഇക്കാര്യം അറിയിച്ചത്. വളരെ ചെറിയ വര്‍ധനയാണ് തങ്ങള്‍ ആവശ്യപ്പെട്ടത്. ഒരു മാസം നാലു ലക്ഷം രൂപയുടെ വര്‍ധനമാത്രമേ എല്ലാ ജീവനക്കാര്‍ക്കുംകൂടി ആവശ്യപ്പെട്ടിട്ടുള്ളൂ. ഇത് കൂടിയ തുകയാണെന്ന് കരുതുന്നില്ല. താരങ്ങള്‍ ചിത്രീകരണവേളയില്‍ കൊണ്ടുവരുന്ന കാരവനുമാത്രം ഇതിന്റെ നാലിരട്ടി തുകയാണ് ഒരുദിവസം കൊടുക്കേണ്ടിവരുന്നത്. ഇതേക്കുറിച്ച് നിര്‍മാതാക്കള്‍ ഓര്‍ക്കാത്തത് എന്തുകൊണ്ടാണെന്നും അവര്‍ ചോദിച്ചു.
വേതനവര്‍ധനയില്‍ നിന്ന് പിന്നോട്ടുപോകുന്ന പ്രശ്നമേയില്ലെന്നും അതേസമയം ഷൂട്ടിങ്ങിന് തടസമാവില്ലെന്നും അവര്‍ അറിയിച്ചു. സെപ്റ്റംബര്‍ 15ന് അവസാനിച്ച കരാര്‍ കാലയളവിനുശേഷം ഡിസംബര്‍ 14വരെ കാത്തിരുന്നെങ്കിലും നടപടിയാകാത്തതിനെ തുടര്‍ന്നാണ് അഞ്ച് പ്രൊഡ്യൂസര്‍മാരില്‍നിന്നും കൂടുതല്‍ തുക ശമ്പളമായി വാങ്ങിയത്. അത് തിരിച്ചുകൊടുത്താല്‍ മാത്രമേ ചര്‍ച്ചയുള്ളൂവെന്ന പ്രൊഡ്യൂസേഴ്സ് അസോസിയേഷന്റെ നിലപാട് ശരിയല്ല. തുക തിരിച്ചുകൊടുക്കുന്ന പ്രശ്നമേയില്ല. എന്നാല്‍ ഒത്തുതീര്‍പ്പ് ചര്‍ച്ചയ്ക്ക് തയ്യാറാണെന്നും അവര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: