നല്ലൊരു ഉറക്കത്തോളം സുഖകരമായ അവസ്ഥ മറ്റൊന്നില്ല. പകലന്തിയോളമുള്ള അധ്വാനത്തിനൊടുവില്‍ സുഖമായൊന്നു ഉറങ്ങാനാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഗാഢ നിദ്രയുടെ സുഖം പറഞ്ഞറിയിക്കാനാവാത്തതുതന്നെ. ശരീരത്തിന്റെ കാര്യക്ഷമമായ പ്രവര്‍ത്തനത്തിന് ഉറക്കം അത്യന്താപേക്ഷിതമാണ്.
വെറുതെ സമയം കളയാനല്ല ഉറങ്ങുന്നത്. അതിനു ചില ഗുണങ്ങളുമുണ്ട്. എന്നുകരുതി കുംഭകര്‍ണനെപ്പോലെ ഉറങ്ങിയാല്‍ പണി പാളും. രാത്രി ആറു മണിക്കൂറില്‍ കുറവു ഉറങ്ങുന്നവരുടെ ആയുര്‍ദൈര്‍ഘ്യം കുറയാന്‍ സാധ്യതയുണ്ടെന്നാണു ഗവേഷകര്‍ അഭിപ്രായപ്പെടുന്നത്. ദിവസം എട്ടു മണിക്കൂര്‍ ഉറക്കമാണ് ആരോഗ്യകരമായ ശരീരം ആഗ്രഹിക്കുന്നവര്‍ക്ക് നിര്‍ദേശിക്കാനുള്ളത്.
ശരീര വേദനകള്‍കൊണ്ട് വിഷമിക്കുന്നവര്‍ക്ക് ഉറക്കം നല്ലൊരു മരുന്നാണ്. സൗന്ദര്യം ആഗ്രഹിക്കുന്നവര്‍ക്കും ഉറക്കം നല്ലതുതന്നെ. ഉറങ്ങുന്ന സമയം ശരീരം ഒരു വളര്‍ച്ചാ ഹോര്‍മോണ്‍ പുറത്തുവിടുകയും ഇതു കൊളാജിന്‍ എന്ന പ്രോട്ടീന്റെ ഉത്പാദനം വര്‍ധിപ്പിക്കുകയും അതുവഴി തിളങ്ങുന്ന ചര്‍മ്മം ലഭിക്കുകയും ചെയ്യും.
ഉറക്കമൊഴിക്കുന്നതിലൂടെ നമ്മുടെ കോശങ്ങളിലെ ക്ലോക്ക് ജീനുകളില്‍ മാറ്റം വരുമെന്നാണ് ഗവേഷകരുടെ കണ്ടെത്തല്‍. ഈ ജീനുകളിലെ മാറ്റം പൊണ്ണത്തടിക്കും ടൈപ്പ്2 പ്രമേഹത്തിനും കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു.
നമ്മള് ഓരോ ദിവസവും എങ്ങനെ പ്രവര്‍ത്തിക്കുന്നു എങ്ങനെ ഉറങ്ങുന്നു എന്നതിനെയെല്ലാം സ്വാധീനിക്കുന്ന നിരവധി അവസ്ഥകളില്‍ ഒന്നാണ് ഉറക്കമില്ലായ്മയും സുഖകരമല്ലാത്ത ഉറക്കവും. നല്ല ഉറക്കത്തിന് എത്രമണിക്കൂര്‍ ഉറങ്ങണം എന്നതുസംബന്ധിച്ച് കൃത്യമായ കണക്കുകള്‍ ഇല്ല. പ്രായപൂര്‍ത്തിയായ ഭൂരിഭാഗം ആളുകള്‍ക്ക് ഏഴ് മുതല്‍ ഒമ്പത് മണിക്കൂര്‍ വരെ ഉറക്കം ആവശ്യമായി വരുന്നു. മറ്റുള്ളവരില്‍ ആറു മണിക്കൂര്‍ തന്നെ മതിയാവും. ഉറങ്ങുന്നതിനായി കൂടുതല്‍ സമയം കിടക്കയില്‍ ചിലവഴിക്കുന്നതും നന്നല്ല.
ഉറക്കക്കുറവുള്ളവരില്‍ രക്തസമ്മര്‍ദ്ദത്തിനും ഹൃദ്രോഗത്തിനും സാധ്യതയേറെയാണ്. വിഷാദം, വാഹാനാപകടങ്ങള്‍ എന്നിവയ്ക്കും കാരണമായേക്കാം. തലച്ചോറിന്റെ പ്രവര്‍ത്തനങ്ങളും തകരാറിലാകാന്‍ ഇടയുണ്ട്. ആരോഗ്യകരമായ ഉറക്കത്തിനുമുണ്ട് ചില ലക്ഷണങ്ങള്‍. സമയത്തിന് എഴുന്നേല്ക്കുകയും ഉന്മേഷം തോന്നുകയും ചെയ്യുന്നുണ്ടെങ്കില്‍ അത് ആരോഗ്യകരമായ ഉറക്കമാണ്. എന്നാല്‍ ഉറക്കച്ചടവോടെയും അസ്വസ്ഥതയോടെയുമാണ് എഴുന്നേല്‍ക്കുന്നതെങ്കില്‍ ഉറക്ക പ്രശ്നങ്ങള്‍ ഉണ്ടാവാനുള്ള സാധ്യതയുണ്ട്. ഉറക്കം കിട്ടുന്നതിനായി ഗുളികകളെ ആശ്രയിക്കുന്നവരുടെ എണ്ണവും വര്‍ധിക്കുന്നു. ജീവിതശൈലിയിലും ആഹാരകാര്യങ്ങളിലും ശ്രദ്ധിച്ചാല്‍ ഈ പ്രശ്നം പരിഹരിക്കാം.
വാഴപ്പഴം കഴിക്കുന്നത് ഉറക്കം കിട്ടാന്‍ സഹായിക്കും. വാഴപ്പഴത്തില്‍ പൊട്ടാസ്യം ധാരാളം അടങ്ങിയിട്ടുണ്ട്. അത് നിങ്ങളുടെ പേശികളെ ശാന്തമാക്കും. ഇതില്‍ ധാരാളമായി അടങ്ങിയിട്ടുള്ള വിറ്റാമിന്‍ ബി6 നിങ്ങളുടെ ശരീരത്തിലെ മെലാറ്റനിന്‍ അളവ് വര്‍ധിപ്പിക്കുന്നു അതിലൂടെ വിട്ടുമാറാത്ത ഉറക്കമില്ലായ്മയെ ഭേദമാക്കാം. രാവിലെ ചെറി ജ്യൂസ് കഴിക്കുന്നത് ഉറക്കത്തിന് ഏറെ നല്ലതാണ്. കാരണം ഇതില്‍ ശരീരത്തിന്റെ ഉറക്കത്തെ നിയന്ത്രിക്കുകയും ഉര്‍ജ്ജസ്വലത നിലനിര്‍ത്തുകയും ചെയ്യുന്ന മെലാറ്റനിന്റെ അളവ് കൂടുതലാണ്. മെലാറ്റനിന്റെ അളവ് കൂടുതലുള്ള മറ്റൊരു പഴം മുന്തിരിയാണ്.
ധാന്യങ്ങള്‍ ആഹാരമാക്കുന്നതിലൂടെ ഇതിലടങ്ങിയിട്ടുള്ള കാര്‍ബോ ഹൈഡ്രേറ്റ് രക്തത്തിലെ ട്രിപ്റ്റോഫന്റെ അളവ് വര്‍ധിപ്പിക്കുന്നു. അത് ഉറക്കത്തെ സഹായിക്കും. ബദാം കഴിക്കുന്നതും നല്ലതാണ്. ബദാമില്‍ ധാരാളം മഗ്നീഷ്യം അടങ്ങിയിട്ടുണ്ട്. അത് ഉറക്കത്തിന് സഹായിക്കുകയും നിങ്ങളുടെ പേശികളെ ശാന്തമാക്കുകയും ചെയ്യും. ധാരാളം പൊട്ടാസ്യവും പ്രോട്ടീനും ഇതില്‍ അടങ്ങിയിട്ടുള്ള മധുരക്കിഴങ്ങ് നിങ്ങളുടെ പേശികളെ ശാന്തമാക്കുകയും നിദ്രയിലേക്ക് നയിക്കുകയും ചെയ്യും.
നല്ല തണുത്ത പാല് കുടിക്കുന്നതും ഉറക്കത്തെ സഹായിക്കും. കാര്‍ബോഹൈഡ്രേറ്റ് അടങ്ങിയ ഓട്സിനെ പോലെയുള്ള ആഹാരങ്ങള്‍ പാലില്‍ ചേര്‍ത്ത് കഴിക്കുന്നതും നല്ലതാണെന്നും പരീക്ഷണങ്ങള്‍ തെളിയിക്കുന്നു. മാത്രവുമല്ല കാത്സ്യം അടക്കം നിരവധി ധാതുക്കളും പാലില്‍ അടങ്ങിയിട്ടുണ്ട്. ഇവ നിങ്ങളുടെ ഉറക്കത്തെ ഏറെ സഹായിക്കുന്നു.
ഉറക്കം സുഖകരമാക്കാന്‍ ചില വഴികള്‍
അത്താഴം കഴിഞ്ഞയുടന്‍ ഉറങ്ങാതിരിക്കുക: ഭക്ഷണം കഴിച്ച് രണ്ടു മണിക്കൂര്‍ എങ്കിലും ഇടവേള നല്‍കിയതിനു ശേഷം മാത്രമേ ഉറങ്ങാവു. രാത്രി ഭക്ഷണം വളരെ കുറച്ചു മാത്രം കഴിക്കുന്നതും ഉറക്കം കിട്ടാന്‍ നല്ലതാണ്.
കിടക്കുന്നതിന് മുമ്പ് കുളിച്ചു ശരീരം ശുചിയാക്കി കിടക്കുന്നതിലൂടെ നല്ല ഉറക്കം ലഭിക്കും. ഇത് സമ്മര്‍ദ്ദം അകറ്റുകയും മനസിനെ ശാന്തമാക്കുകയും ചെയ്യും.
കൃത്യമായി ഒരു സമയത്തു തന്നെ ഉറങ്ങി ശീലിക്കുന്നത് ഉറക്കത്തില്‍ ചിട്ട വരുത്തുകയും മതിയായ ഉറക്കം ലഭിക്കുകയും ചെയ്യും.
കൃത്യസമയത്ത് കിടക്കുന്നതുപോലെ എഴുന്നേല്‍ക്കാനും കൃത്യസമയം കണ്ടെത്തുക. രാത്രി നന്നായി ഉറക്കം കിട്ടിയാല്‍ അടുത്ത ദിവസം അലാറം ഇല്ലാതെ തന്നെ എഴുന്നേല്‍ക്കാനാകും.
ഒരു ദിനം വര്‍ക്ക്ഔട്ടിലൂടെ ആരംഭിക്കുന്നതു പോലെ തന്നെ പ്രാധാന്യമുണ്ട് വൈകുന്നേരത്തെ വര്‍ക്ക്ഔട്ടിനും. ഇതിലൂടെ ആ ദിവസം നേരിട്ട സമ്മര്‍ദ്ദങ്ങള്‍ ഇല്ലാതായി കൂടുതല്‍ കലോറി ശരീരത്തിന് ലഭിക്കും. അതിലൂടെ നല്ല ഉറക്കവും ലഭിക്കും.
ഉറക്കത്തിന് മുമ്പുള്ള വായന ഒഴിവാക്കുക: ബെഡില്‍ കിടന്ന് വായിക്കുന്നത് നല്ല ഉറക്കം കിട്ടുന്നതിന് തടസമാകും.
പൂര്‍ണ്ണമായും ഇരുട്ടു നിറഞ്ഞ മുറിയില്‍ തന്നെ കിടക്കുന്നത് നല്ല ഉറക്കം നല്‍കും.
തലയിണയും ഷീറ്റുകളും ബ്ലാങ്കറ്റുമെല്ലാം വൃത്തിയായി ഇടുന്നതിലൂടെ നല്ല ഉറക്കവും ലഭിക്കും.
ഉറക്കത്തിന് മുമ്പ് ചായ, കാപ്പി മുതലായവ കുടിക്കുന്നത് ഒഴിവാക്കുക. ഇവയിലെ കഫീന്‍ ഉറക്കത്തെ അകറ്റും.
തേന്‍
തേനില്‍ ധാരാളം ഗ്ലൂക്കോസ് അടങ്ങിയിട്ടുണ്ട്. തലച്ചോറില്‍ നിങ്ങളെ ഉണര്‍ന്നിരിക്കാന്‍ സഹായിക്കുന്ന ഒറെക്സിന്‍ എന്ന രാസവസ്തുവിന്റെ പ്രവര്‍ത്തനത്തെ ഗ്ലൂക്കോസ് നിര്‍ത്തിവെക്കുന്നു. പക്ഷേ തേന്‍ അധികം കഴിക്കുകയും അരുത്. ഉറങ്ങുന്നതിന് മുമ്പ് ഡാര്‍ക്ക് ചോക്കലേറ്റ് കഴിക്കുന്നതും നല്ലതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: