പേരിലും ഹൃദയത്തിലും കലയെ ധരിക്കുന്നവനാണ് കലാധരന്‍. ആ പേര് അന്വര്‍ത്ഥമാക്കുകയാണ് ആര്‍ട്ടിസ്റ്റ് ടി. കലാധരന്‍. കലാകേരളത്തിന് ഈ കലാകാരനെ പ്രത്യേകം പരിചയപ്പെടുത്തേണ്ട ആവശ്യവുമില്ല. വരയുടേയും വര്‍ണങ്ങളുടേയും ലോകത്ത് മാത്രമല്ല, വരയുടെയും സാഹിത്യത്തിന്റേയും ലോകത്തെ കുലപതികളുമായി തീര്‍ത്ത ആത്മബന്ധവും കലാധരനെ വേറിട്ടുനിര്‍ത്തുന്നു.
1956 നവംബര്‍ 21 ന് വെമ്പിളാശ്ശേരി നാരായണന്‍കുട്ടി മേനോന്റേയും ലീലാവതിയമ്മയുടേയും അഞ്ച് മക്കളില്‍ രണ്ടാമത്തെയാളായിട്ടാണ് കലാധരന്‍ ജനിച്ചത്. എനിക്ക് രണ്ട് ജന്മദിനമുണ്ടെന്നാണ് കലാധരന്‍ തമാശരൂപേണ പറയുന്നത്. ജാതകപ്രകാരം നവംബര്‍ 29 ആണ് ജനനദിനം. ജ്യോതിഷപ്രകാരം കലയുമായി ബന്ധപ്പെട്ടായിരിക്കും തന്റെ കര്‍മ്മമേഖല എന്ന് കണ്ടതിനെത്തുടര്‍ന്ന് അച്ഛന് നല്കിയ പേരാണ് കലാധരന്‍. അച്ഛന് തഹസീല്‍ദാരായിരുന്നു. ഇലക്ട്രിസിറ്റി ബോര്‍ഡില്‍ നിന്നുമാണ് വിരമിച്ചത്. അച്ഛനെ നാട്ടുകാര്‍ വിളിച്ചിരുന്നത് നാണപ്പ എന്നായിരുന്നു. ആ പേരാണ് കലാധരന്‍ നടത്തുന്ന ഗ്യാലറിയ്ക്കും നല്‍കിയിരിക്കുന്നത്-നാണപ്പ ആര്‍ട്ട് ഗ്യാലറി.
ചിത്രകലയുടെ ലോകത്ത് ആര്‍ട്ടിസ്റ്റ് കലാധരന്‍ എന്ന പേര് വിളങ്ങിനില്‍ക്കാന്‍ തുടങ്ങിയിട്ട് നാല്‍പ്പതിലേറെ വര്‍ഷമായി. തന്റെ പേരിനെ ഒറ്റയ്ക്ക് നിര്‍ത്തുവാന്‍ ആഗ്രഹിക്കാത്ത, ഗുരുക്കന്മാരുടെ പ്രിയ ശിഷ്യനായി അറിയപ്പെടുവാന്‍ ആഗ്രഹിക്കുന്ന കലാസ്നേഹി. കാരണം കലാധരന്‍ പറയുവാനേറെയുള്ളത് താന്‍ അടുത്തറിഞ്ഞ, സ്നേഹ വാത്സല്യങ്ങള്‍ ലോപമില്ലാതെ നല്കിയ ഗുരുനാഥന്മാരെക്കുറിച്ചാണ്. അദ്ദേഹത്തെ സംബന്ധിച്ച് എല്ലാമൊരു നിമിത്തമാണ്. അല്ലെങ്കില്‍ പിന്നെ എങ്ങനെയാണ് വയലിന് പഠിക്കാന്‍ ആഗ്രഹിച്ച വ്യക്തിയുടെ വിരലുകള്‍ ചായക്കൂട്ടുകള്‍ തേടിപ്പോകുക.
1972 കാലഘട്ടം. പഠനകാര്യത്തില്‍ ശരാശരി വിദ്യാര്‍ത്ഥിയായിരുന്നെങ്കിലും ഇംഗ്ലീഷാണ് കലാധരന്റെ പഠനത്തില്‍ വില്ലനായത്. കടുകട്ടി കണക്കുപോലും വഴങ്ങിയിരുന്നെങ്കിലും ഇംഗ്ലീഷ് പിടികൊടുക്കാതെ വഴുതിപ്പോയിക്കൊണ്ടിരുന്നു. പക്ഷേ പത്താംതരം കടന്നുകിട്ടണമെങ്കില്‍ ഇംഗ്ലീഷ് പരീക്ഷ പാസാവാതെ തരമില്ലല്ലോ? അങ്ങനെ ഒമ്പതാം ക്ലാസില്‍ പഠിക്കുമ്പോള്‍ ആ വിഷയത്തിന് ട്യൂഷന് പോയി. അവിടെ ചെന്നപ്പോള്‍ ട്യൂഷന് മാഷ് ആ സത്യം ഒളിച്ചുവച്ചില്ല. തൊട്ടുമുന്നത്തെ വര്‍ഷം മുതല്‍ ട്യൂഷന് ചേര്‍ന്നിരുന്നുവെങ്കില്‍ ആദ്യ പരിശ്രമത്തില്‍ തന്നെ പത്താംക്ലാസ് കടമ്പ കടത്തിവിടാമായിരുന്നുവെന്ന്. അതിന്റെ അര്‍ത്ഥം മനസ്സിലായെങ്കിലും നിരാശനായില്ല. പഠനത്തില്‍ പിന്നില്‍ നില്ക്കുന്നവര്ക്കുവേണ്ടിയാണല്ലോ സപ്ലിമെന്ററി എന്ന ആശ്വാസമായിരുന്നു. സപ്ലിമെന്ററിയൊക്കെ എഴുതി റിസള്‍ട്ട് കാത്തിരിക്കുന്ന സമയത്താണ് എം.വി. ദേവന് നടത്തുന്ന കലാസ്ഥാപനത്തെക്കുറിച്ച് അറിയുന്നത്. എസ്ആര്‍വി സ്കൂളില്‍ ഒപ്പം പഠിച്ച, വയലിന് വായിക്കുകയും ചിത്രം വരയ്ക്കുയും ചെയ്തിരുന്ന, സുഹൃത്ത് സുരേന്ദ്രനുവേണ്ടിയാണ് കലാസ്ഥാപനം അന്വേഷിച്ചുനടന്നത്. വയലിന് പഠിക്കുന്നതിനായി കലാഭവനില്‍ അന്വേഷണം നടത്തി. അവിടെനിന്നും മടങ്ങുന്ന വഴിയാണ് ഷേണായീസിലുള്ള ആര്‍ട്ടിസ്റ്റ് രാമന് നടത്തുന്ന കൊച്ചിന് സ്കൂള്‍ ഓഫ് ആര്‍ട്സ് ശ്രദ്ധയില്‍പ്പെടുന്നത്. അവിടെ അന്വേഷിച്ചപ്പോള്‍ അവിടുത്തെ ബാച്ച് ജൂണില്‍ ആരംഭിച്ചതായി അറിഞ്ഞു… ആര്‍ട്ടിസ്റ്റ് രാമന്റെ മകന് എം.ആര്.ഡി. ദത്തനാണ് എം.വി. ദേവന് നടത്തുന്ന സ്ഥാപനത്തില്‍ അന്വേഷിക്കാന്‍ അയച്ചതെന്ന് കലാധരന്‍ ഓര്‍ക്കുന്നു.
തേടിപ്പിടിച്ച കല
ആ അന്വേഷണമാണ് കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്സ് എന്ന കലാക്ഷേത്രത്തിലേക്ക് കലാധരനെ നയിക്കുന്നത്. അതും സുഹൃത്തിനുവേണ്ടി, അവന് കൂട്ട് എന്ന നിലയില്‍ മാത്രം കണ്ടുകൊണ്ടാണ് അവിടെ നിന്നും അപേക്ഷ വാങ്ങിയത്. അടുത്ത ദിവസം ക്ലാസില്‍ കാണാമെന്നും പറഞ്ഞു പിരിഞ്ഞു. എന്നാല്‍ പിറ്റേന്ന് ചെന്നപ്പോള്‍ സുഹൃത്തിനെ ഇന്‍സ്റ്റിറ്റിയൂട്ടിന്റെ പരിസരത്തെങ്ങും കണ്ടില്ല. ക്ലാസില്‍ കാണുമെന്നു കരുതി ചെന്നപ്പോള്‍ അവിടേയും ഇല്ല. ക്ലാസിലെത്തിയപ്പോള്‍ മറ്റുകുട്ടികള്‍, അവര്‍ക്ക് മുന്നിലിരിക്കുന്ന രൂപത്തെ പേപ്പറിലൊതുക്കാന് ശ്രമിക്കുകയാണ്. അവര്‍ക്കിടയിലാണ് ഒരിക്കലും വരയ്ക്കാത്ത കലാധരനിരിയ്ക്കുന്നത്. എപ്പോഴെങ്കിലും എത്തിച്ചേര്‍ന്നേക്കാമെന്ന സുരേന്ദ്രനെക്കുറിച്ചായിരുന്നു അപ്പോഴും ചിന്ത. ചിത്രരചന നോക്കിക്കാണണമെന്നേ താല്പര്യമുണ്ടായിരുന്നുള്ളു. പഠിക്കാന്‍ പോകുന്നത് ചിത്രരചനയായതിനാല് പേപ്പറും ചാര്‍ക്കോളുമെല്ലാം കരുതിയെങ്കിലും വരയ്ക്കാന്‍ മാത്രം സാധിച്ചില്ല. അപ്പോഴാണ് ക്ലാസിലേക്ക് സി.എന്‍. കരുണാകരന് മാഷെത്തുന്നത്. അദ്ദേഹം മുന്നിലിരുന്ന രൂപത്തെ അതിമനോഹരമായ് സ്കെച്ചു ചെയ്തു…. ആ രൂപത്തെ അതേപോലെ വരച്ചതുകണ്ടപ്പോള്‍ വല്ലാത്ത കൊതി തോന്നിപ്പോയി കലാധരന്‍. പിന്നെ ആ ആഗ്രഹത്തിലൂന്നി ആ മനസ്സ് പായുകയായിരുന്നു.
മൂന്നാല് ദിവസം കഴിഞ്ഞ് ക്ലാസിലെത്തുമ്പോള്‍ ദാ ഇരിക്കുന്നു സാക്ഷാല്‍ എം.വി. ദേവന്. പൈപ്പ് വലിച്ചുകൊണ്ടാണ് ഇരുപ്പ്. മുകളിലേക്ക് ഉയരുന്ന പുക. ആദ്യം കണ്ടപ്പോള്‍ത്തന്നെ ഉള്ളിലൊരു ഭയം തോന്നി. അന്നും ക്ലാസില്‍ ഒരാള്‍ രൂപം വിദ്യാര്‍ത്ഥികള്‍ക്ക് മുന്നില്‍ മോഡലായി ഇരുന്നിരുന്നു. ആ രൂപത്തെ ദേവന് സാര്‍ വരച്ചപ്പോള്‍ അതൊരു മഹാത്ഭുതമായി മാറുകയായിരുന്നു. ഈവനിങ് കോഴ്സായിരുന്നു; വൈകിട്ട് ആറ്മണിമുതല്‍ രാത്രി എട്ടുവരെയായിരുന്നു ക്ലാസ്. പഠിപ്പിക്കാനായി വരുന്നതോ സി.എന്‍. കരുണാകരനേയും കെ.പി. സോമനേയും കാനായി കുഞ്ഞിരാമനേയും എ.സി.കെ. രാജയേയും, കെ.എന്‍. ദാമോദരനേയും പോലുള്ള പ്രഗത്ഭരായ ചിത്രകാരന്മാര്…. ശരിക്കും അവരുടെ വര കണ്ടുനില്ക്കുന്ന ഒരു വിദ്യാര്‍ത്ഥി മാത്രമായിരുന്നു കലാധരന്‍. അങ്ങനെ ആറ് മാസത്തെ കോഴ്സ് കഴിഞ്ഞു. പിന്നെ വീണ്ടും കൊച്ചിന് സ്കൂള്‍ ഓഫ് ആര്‍ട്സില്‍ ചെന്നുചേര്‍ന്നു.
എന്നാല്‍ അവിടുത്തെ സാഹചര്യവുമായി പൊരുത്തപ്പെടാനായില്ല. തികച്ചും സ്വതന്ത്രമായ ചിത്രരചനാ ശൈലിയായിരുന്നു കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്സില്‍. അവിടെനിന്നും വന്നതിനാല്‍ത്തന്നെ നേര്‍രേഖ വരച്ചും ഒരു ചതുരത്തിനുള്ളില്‍ വൃത്തം വരച്ചുമെല്ലാമുള്ള പ്രാഥമിക രചനാ പഠനത്തോട് മുഷിവുതോന്നി തന്റേതായ രീതിയില്‍ ചിത്രം വരക്കുന്നതുകണ്ട് അതിനെ മോഡേണ്‍ ആര്‍ട്ടിനോട് ഉപമിച്ചുകൊണ്ടുള്ള സംസാരം സഹിക്കാതെ അവിടം വിടുകയായിരുന്നു.
കല കുടുംബത്തേക്ക്
പകല്‍ ഇഷ്ടം പോലെ ഒഴിവുസമയം. എന്റെ ഇഷ്ടത്തിനനുസരിച്ച് സഞ്ചരിക്കാന്‍ സ്വാതന്ത്ര്യം നല്‍കിയിരുന്നു അച്ഛന്. ഒഴിവുസമയങ്ങളില്‍ കേരള ഇന്‍സ്റ്റിറ്റിയൂട്ടില്‍ പോയിരിക്കുക പിന്നെ പതിവായി. ശരിക്കുംപറഞ്ഞാല്‍ അതിന്റെ ഭാഗമായി മാറുകയായിരുന്നു. എല്ലാം നോക്കിക്കാണുന്ന കുട്ടിയുടെ കൗതുകത്തോടെ ഒരു സഹായിയുടെ റോളില്‍ നിന്നുകൊണ്ട് കലയെ അടുത്തറിഞ്ഞ നാളുകള്‍…. കലാധരന്റെ കുടുംബവുമായും അവിടെയെത്തുന്ന കലാകാരന്മാര് ബന്ധം സ്ഥാപിച്ചിരുന്നു. ചിറ്റൂര്‍ റോഡിലായിരുന്നു അന്ന് സ്ഥാപനം നിലനിന്നിരുന്നത്. ആ സ്ഥലം ഒഴിയേണ്ട അവസ്ഥയിലായിരുന്നു. കലാധരന്റെ കുടുംബ വക ഭൂമി കുറച്ച് ഒഴിഞ്ഞുകിടപ്പുണ്ടായിരുന്നു. അച്ഛനോട് ദേവന് സാര്‍ സംസാരിച്ചാല്‍ അവിടേക്ക് സ്ഥാപനം മാറ്റാന്‍ കഴിഞ്ഞേക്കുമെന്ന് കലാധരന്‍ ആശ പ്രകടിപ്പിച്ചു. അച്ഛന് അന്ന് യാതൊരെതിര്‍പ്പും പറഞ്ഞില്ല. അങ്ങനെ കേരള ഇന്‍സ്റ്റിറ്റിയൂട്ട് ഓഫ് ആര്‍ട്സ് കലാധരന്റെ കുടുംബ വക ഭൂമിയിലേക്ക്.
എം.വി. ദേവന്റെ കലാ ചരിത്ര ക്ലാസ് ഒരു മഹാത്ഭുതമായിരുന്നുവെന്ന് കലാധരന്‍. ആര്‍ട്ട് എന്ന സങ്കല്‍പ്പത്തെത്തന്നെ അത് തിരുത്തിക്കുറിച്ചു. കേരളത്തില്‍ 1965ല്‍ ഓള് ഇന്ത്യ റൈറ്റേഴ്സ് കോണ്‍ഫറന്‍സ് എം.കെ.കെ. നായരുടെ നേതൃത്വത്തില്‍ നടന്നിരുന്നു. ഇതേ തുടര്‍ന്ന് എം.കെ.കെ. നായരില്‍ ഉടലെടുത്ത ആശയമായിരുന്നു കല പഠിപ്പിക്കാന്‍ ചോളമണ്ഡലം കലാഗ്രാമം പോലൊന്ന് കേരളത്തിലും വേണമെന്നത്. അതാണ് പിന്നീട് എം.വി. ദേവനിലൂടെ യാഥാര്‍ത്ഥ്യമായത്. ഗുരുക്കന്മാര് മറ്റ് ജോലിത്തിരക്കുകളിലാകുമ്പോള് സ്ഥാപനത്തിന്റെ ചുമതല ഏല്‍പ്പിച്ചിരുന്നത് കലാധരനെയായിരുന്നു. പഠിപ്പിക്കാന്‍ അറിയാതിരുന്നിട്ടും അങ്ങനൊരു താക്കോല്‍ തന്നെ ഏല്‍പ്പിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറയുന്നു.
1975 ലാണ് നല്ലൊരു പരിവര്‍ത്തനം സംഭവിക്കുന്നത്. കലാസ്നേഹിയായിരുന്ന സി. അച്യുത മേനോന് മുഖ്യമന്ത്രിയായിരുന്ന സമയം. അപ്പോഴാണ് തിരുവനന്തപുരത്ത് സ്കൂള്‍ ഓഫ് ആര്‍ട്സ് എന്നത് ഫൈന്‍ ആര്‍ട്സ് കോളേജായി മാറുന്നത്. 1974 മുതല്‍ 77 വരെ എം.വി. ദേവനായിരുന്നു കേരള ലളിതകലാ അക്കാദമിയുടെ ചെയര്മാന്. അക്കാലത്ത് കലാ ക്യാമ്പുകള്‍ വിപുലമായി സംഘടിപ്പിക്കപ്പെട്ടു. ഭാരതത്തിലെ പ്രശസ്തരായ ജയറാം പട്ടേല്‍, ആര്‍ട്ടിസ്റ്റ് എ.പി. സന്താനരാജ് തുടങ്ങിയ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ടുള്ള ക്യാമ്പ് മറക്കാത്ത അനുഭവമാണിന്നും… വലിയ മീനിന്റെ പിന്നാലെ പാഞ്ഞ ചെറിയൊരു പരല്‍ മീനായിരുന്നു താനെന്ന് അദ്ദേഹം പറയുമ്പോള്‍ വാക്കുകളില്‍ നിറയുന്നത് ഗുരുഭക്തി മാത്രം.
കലാപീഠം പിറന്ന കല
1978 ലാണ് കേരള ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് ആര്‍ട്സ് കേരള കലാപീഠമായി പേരുമാറ്റപ്പെടുന്നത്. അതിനുപിന്നിലും രസകരമായ ഒരു കഥയുണ്ട്. കവി അയ്യപ്പപ്പണിക്കരുടെ ഒരു കൃതിയ്ക്കും അരവിന്ദന്റെ ചെറിയ മനുഷ്യനും വലിയലോകവും എന്ന രചനയ്ക്കും എം.വി. ദേവന് ശക്തമായ അവതാരിക എഴുതിയിരുന്നു. അതില്‍ എം.വി.ദേവന്, കേരള കലാപീഠം, കൊച്ചി എന്നായിരുന്നു കൊടുത്തിരുന്നത്. എന്നാല്‍ പിന്നെ കലാപീഠം എന്ന പേര് എന്തുകൊണ്ട് സ്ഥാപനത്തിന് നല്കിക്കൂടാ എന്ന ചോദ്യം ഉന്നയിച്ചു കലാധരന്‍.
കേരള ഇന്‍സ്റ്റ്റ്റിയൂട്ട് ഓഫ് ആര്‍ട്സ് എന്ന പേര് നാവിന് വഴങ്ങാത്തതും ഇംഗ്ലീഷില്‍ എഴുതുമ്പോള്‍ അക്ഷരപ്പിശക് സംഭവിക്കും എന്നൊക്കെയുള്ളതിനാല്‍ എനിക്ക് എളുപ്പത്തില്‍ ഉപയോഗിക്കാനൊരു പേര് എന്ന നിലയിലാണ് അങ്ങനെ ചോദിച്ചത്. അതിന് അനുമതിയും നല്കി എം.വി. ദേവന്. കലാധരന്റെ കുടുംബവക ഭൂമിയിലേക്ക് സ്ഥാപനം മാറ്റിയപ്പോഴാണ് ഈ പേരുമാറ്റം. അന്ന് ചെറിയതോതില്‍ നടത്തിയ ഉദ്ഘാടനത്തിന് പോലും വന്‍ സ്വീകാര്യതയാണ് ലഭിച്ചത്. അവിടെ ഈവനിങ് ക്ലാസുകളും സാഹിത്യകൂട്ടായ്മയും സജീവമായി. എം.കെ. സാനുമാഷ്, എം. തോമസ് മാത്യു, ജി. ശങ്കരപ്പിള്ള തുടങ്ങിയ പ്രഗത്ഭരായിരുന്നു ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നത്. എം.കെ.കെ. നായരായിരുന്നു കലാപീഠത്തിന്റെ ചെയര്മാന്. സി.എന്‍. ശ്രീകണ്ഠന്‍നായര്‍ സെക്രട്ടറിയും എം.വി. ദേവന് ഡയറക്ടറുമായിരുന്നു.
ആനന്ദ് പട്വര്‍ദ്ധനും അരവിന്ദനും ഉള്‍പ്പടെയുള്ള പ്രതിഭകളുടെ സംഗമംകൊണ്ടും ശ്രദ്ധേയമായ ഇടം. ഇവരുടെയെല്ലാം പ്രസംഗങ്ങള്‍ അറിവിന്റെ പുത്തന്മേഖലയിലേക്ക് കലാധരനെ കൂട്ടിക്കൊണ്ടുപോയി. വരയ്ക്കുവാനുള്ള ആശയങ്ങള്‍ ഇതില്‍ നിന്നെല്ലാം കലാധരനിലേക്ക് പ്രവഹിച്ചു. അവര്‍ക്കിടയിലെ ചുറുചുറുക്കുള്ള സംഘാടകനും കേള്‍വിക്കാരനുമായി. മഹാരാജാസിലെ കുട്ടികളെയുംകൂട്ടിയാണ് സാനു മാഷ് കലാപീഠത്തിലെത്തുക. നിറഞ്ഞ സദസായിരുന്നു എപ്പോഴും. ഷിപ്യാഡിലെ ജീവനക്കാര്‍ വിദ്യാര്‍ത്ഥികള്‍ ഒഴിഞ്ഞ് സീറ്റ് കാലിയാകുന്നതും നോക്കിനിന്ന നാളുകള്‍. പ്രസംഗിക്കുന്നവര്‍ മാത്രമല്ല, കേള്‍വിക്കാരായും ഉണ്ടാകും പ്രശസ്തര്‍. മണിക്കൂറുകള്‍ നീളും പലപ്പോഴും ചര്‍ച്ച. മറ്റ് ആര്‍ട്ടിസ്റ്റുകള്‍ വരുമ്പോള്‍ ചെറിയ ഡെമോണ്‍സ്ട്രേഷനും എല്ലാം ഉണ്ടാകും. മീറ്റ് ദ ആര്‍ട്ടിസ്റ്റ് എന്ന പരിപാടിയില്‍ പങ്കെടുത്തപ്പോള്‍ ഗസല്‍ ഗായകന് ഹരിഹരനും ഹിന്ദുസ്ഥാനി ഗായകന് സി.ആര്. വ്യാസുമെല്ലാം സംസാരിക്കുക മാത്രമല്ല പാടുകയും ചെയ്തു, അത്തരം അനുഭവങ്ങള്‍ ഏറെ പറയാനുണ്ട് കലാധരന്‍.
ഒരു ചടങ്ങില്‍ പ്രസംഗകനായി ആദ്യമായാണ് തന്നെ ക്ഷണിക്കുന്നതെന്ന് യേശുദാസ് പോലും കലാപീഠത്തിലെത്തിയപ്പോള് പറയുകയുണ്ടായി. സുധാറാണി രഘുപതി, ഭാരതി ടീച്ചര്‍, എംടിയുടെ ഭാര്യ കലാമണ്ഡലം സരസ്വതി തുടങ്ങിയവരെല്ലാം ഇവിടെയെത്തി സംസാരിക്കുക മാത്രമല്ല, നൃത്തം അവതരിപ്പിക്കണമെന്ന് ആവശ്യം വന്നപ്പോള്‍ ഞൊടിയിടയില്‍ സാരിയൊന്ന് മടക്കിക്കുത്തി നര്ത്തകിയായതുമെല്ലാം ഇന്നും ഈ കലാകാരന്റെ ഓര്‍മയിലുണ്ട്. എന്നാല്‍ സംസാരിക്കാനെത്തിയവരെ ചോദ്യം ചോദിച്ച് വിഷമിപ്പിച്ചവരും ആസ്വാദകരായി എത്തിയവരില്‍ ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറയുന്നു. മനസ്സിനെ വിഷമിപ്പിച്ച അത്തരം രണ്ട് മൂന്ന് ദുരനുഭവങ്ങള്‍ നേരിടേണ്ടിവന്ന കാലഘട്ടത്തേയും അതിജീവിച്ചു കലാധരന്‍. യേശുദാസ്, മുല്‍ക്ക് രാജ് ആനന്ദ്, മാധവിക്കുട്ടി തുടങ്ങി അതിഥികളായെത്തിവരേയും ചിലരൊക്കെ അന്ന് പരിഹസിച്ചിരുന്നു.
നരേന്ദ്രപ്രസാദ്, ജോണ്‍ എബ്രഹാം, മാടമ്പ്, നെടുമുടി വേണു, ഭരത് ഗോപി, അടൂര്‍ ഗോപാലകൃഷ്ണന്, എംടി തുടങ്ങി എത്രയെത്ര പ്രശസ്തര്‍ കലാപീഠത്തിലെ അതിഥികളായും അല്ലാതെയും എത്തിയിരിക്കുന്നു. ഇവിടെ നടന്ന എക്സിബിഷനുകളും ശ്രദ്ധേയമായിരുന്നു. ജി. ശങ്കരപ്പിള്ളയ്ക്ക് തന്നോടുണ്ടായിരുന്ന വാത്സല്യവും കലാധരന്‍ മറക്കില്ല. സ്കൂള്‍ ഓഫ് ഡ്രാമയില്‍ വരുന്നവരും കലാപീഠത്തിലെ സന്ദര്‍ശകരായി. ടെലിവിഷന്‍ അന്ന് ജനകീയമായിരുന്നില്ല. ആകാശവാണി മാത്രമായിരുന്നു ജനങ്ങളുടെ വിനോദോപാധി. കലാപീഠത്തില്‍ അന്ന് ഇടക്കൊക്കെ ചലച്ചിത്രങ്ങളും കാണിച്ചിരുന്നു. ജനങ്ങള്‍ യാത്രപോലും പാതിവഴിയില്‍ ഉപേക്ഷിച്ച് ഇവിടേക്ക് പ്രവഹിച്ചിരുന്നു.
കലയും വീടും
2000 വരെയായിരുന്നു കലാപീഠത്തിന്റെ സുവര്‍ണകാലഘട്ടം. മറ്റൊരു കലാപ്രസ്ഥാനത്തിനും കിട്ടാത്ത പേരും പെരുമയും നേടിയ ഈ സ്ഥാപനത്തെ ഇന്ന് ആര്‍ക്കും വേണ്ടാതായിരിക്കുന്നു. 1985 മുതല്‍ കലാപീഠത്തിന്റെ സെക്രട്ടറിയാണ് കലാധരന്‍ മാഷ്. കുടുംബ ജീവിതം അനിവാര്യമായി മാറിയപ്പോള്‍ കുടുംബവും കലാ സ്ഥാപനവും ഒരുമിച്ചൊരു കൂരയ്ക്കൂകീഴില് കൊണ്ടുനടക്കുന്നതിന് പലരും എതിരായിരുന്നു. അങ്ങനെ കലാപീഠത്തിനായി കൊച്ചി പി.ടി. ഉഷ റോഡില്‍ ജിസിഡിഎ ഒരു മുറി അനുവദിച്ചെങ്കിലും ആര്‍ക്കും അത് കൊണ്ടുനടക്കണമെന്നില്ലാതായി.
ദേവന്മാഷ് മരിക്കുന്നതുവരെ ചെയര്‍മാനായിരുന്നു. ആര്‍ക്കും കൈയിട്ടുവാരാന്‍ ഒന്നുമില്ലാത്ത സ്ഥാപനമായതിനാല്‍ അതിന്റെ നേതൃത്വം ഏറ്റെടുക്കാന്‍ ആരും വന്നില്ല. ഒരു സ്ഥാപനം മുമ്പോട്ടുകൊണ്ടുപോകണമെങ്കില്‍ എന്തെങ്കിലുമൊരു രാഷ്ട്രീയം വേണം. അതില്ലാത്തതാണ് ഇന്ന് ശൂന്യതയില്‍ നിലനില്‍ക്കേണ്ടിവന്ന, ഒരു സങ്കല്പം മാത്രമായി കലാപീഠം മാറാന്‍ കാരണം.
കലാധരന്‍ മാഷിന്റെ വീട്ടിനകത്തേക്ക് പ്രവേശിക്കുമ്പോള്‍ തന്നെ ആദ്യം കണ്ണിലുടക്കുന്ന ഒരു ചിത്രമുണ്ട്. ആര്‍ട്ടിസ്റ്റ് നമ്പൂതിരിയുടെ കൈയൊപ്പ് ചാര്‍ത്തിയ അദ്ദേഹത്തിന്റെ തന്നെ രചനയായ മുട്ടിലിഴയുന്ന വെണ്ണക്കണ്ണന്റെ ചിത്രം. അതിന്റെ മനോഹാരിതയിലേക്ക് മിഴിപായിക്കുമ്പോള്‍ അകത്തെ മുറിയിലെ ചുമരില്‍ തൂക്കിയിട്ടിരിക്കുന്ന ഫ്രെയിം ചെയ്ത ചിത്രങ്ങളും ശ്രദ്ധിക്കാതിരിക്കാനാവില്ല. അദ്ദേഹത്തിന്റെ മക്കള്‍ കുട്ടികളായിരുന്നപ്പോള്‍ വരച്ച ചിത്രങ്ങളാണ് അതില്‍ കൂടുതലും. ഇതിനിടയിലും ഗ്ലാസില്‍ തീര്‍ത്ത പെയിന്റിങ്ങുകള്‍ മറ്റൊരു വിസ്മയമായി ചുവരില്‍ വേറിട്ടുനില്ക്കുന്നു.
വരയ്ക്കുവാനറിയില്ലെന്ന് കരുതിയ കുട്ടിയില്‍ നിന്നും ചിത്രകാരനിലേക്കും ശില്പിയിലേക്കുമുള്ള അത്ഭുതകരമായ വളര്‍ച്ചയായിരുന്നു കലാധരന്റേത്. ഗുരുത്വമാണ് ഇതിലേക്കെല്ലാം തന്നെ കൊണ്ടെത്തിച്ചതെന്ന് പറയും ഇദ്ദേഹം. ഗ്ലാസില്‍ വിരിയിച്ചെടുക്കുന്ന പെയിന്റിങ്ങിന് അദ്ദേഹം തന്നെ ഒരുപേരും നല്കി ഓര്‍ത്തിക്. ഓര്മ എന്നാണ് ഇതുകൊണ്ട് അര്‍ത്ഥമാക്കുന്നത്. ഓര്‍ത്തുനോക്കിക്കേ എന്ന വാക്കില്‍ നിന്നും ഉരുത്തിരിഞ്ഞ ഓര്‍ത്തിക് പിന്നീട് ചിത്രരചനയുടെ മാധ്യമം ആക്കിമാറ്റുകയായിരുന്നു. ബാത്തിക്, അക്രലിക്ക്, താന്ത്രിക് എന്നൊക്കെപ്പറയുന്നതുപോലെ ഒന്ന്. ഗ്ലാസിലെ ചിത്രരചനാ ശൈലി അത്ര നിസാരമല്ല. ‘തലതിരിഞ്ഞ ചിന്ത’യാണ് ഇവിടെ പ്രയോഗിക്കേണ്ടത്. ഓര്‍ത്തോര്‍ത്ത് ചിന്തിച്ചുള്ള വരയാണ് ഓര്‍ത്തിക്.
വരപോലെ തന്നെ ശില്പനിര്മാണ ചാതുരിയിലും ഈ കലാകാരന് ഏറെ മുന്നില്‍ത്തന്നെ. വ്യത്യസ്തമായ ചിന്തയാണ് അദ്ദേഹത്തിന്റെ പ്രത്യേകത. ഇതിന് ഏറ്റവും നല്ല ഉദാഹരണമാണ് കൊച്ചിയിലെ ഹൗസിങ് കോളനികളിലൊന്നായ നെപ്ട്യൂണ്‍ കണ്ട്രിയില് കലാധരന്‍ നിര്‍മിച്ച ശില്പങ്ങള്. നാല് വശത്തുനിന്ന് നോക്കിയാലും മനോഹാരിത അനുഭവപ്പെടുത്തുന്ന കിളിത്തറയാണ് ഇതിലൊന്ന്. ഏകദേശം 28 അടി ഉയരത്തില്‍ നില്ക്കുന്ന ഈ ശില്പം നിര്‍മിക്കുമ്പോള്‍ കലാധരന്റെ മനസ്സില്‍ അപ്പപ്പോള്‍ തോന്നുന്ന ആശയത്തിന്റെ ആവിഷ്കാരമാണ്. മറ്റൊന്നാണ് കളിത്തറ എന്ന പേരില്‍ നിര്‍മിച്ചിരിക്കുന്ന സ്റ്റേജ്. മറ്റൊന്നാണ് പല്ലിയുടെ രൂപത്തില്‍ നിര്‍മിച്ച പല്ലിപ്പാത.
ചിത്രവും ചലച്ചിത്രവും
ഇവിടെയും ഒതുങ്ങുന്നില്ല കലാധരന്‍ മാഷിന്റെ പ്രവര്‍ത്തന മേഖല. മൊമന്റോ രൂപകല്പന, പോസ്റ്റര്‍ ഡിസൈന്‍ ഇതെല്ലാം ചെയ്തിരുന്നു. ഇന്‍ഹരിഹര്‍ നഗര്‍, സൂര്യപുത്രി, തെങ്കാശിപ്പട്ടണം എന്നീ ചിത്രങ്ങളുടെ മൊമന്റോസ് രൂപകല്പന ചെയ്തതും 80-90 കളില്‍ പോക്കുവെയില്‍, അമ്മയറിയാന്‍ തുടങ്ങി 500 ഓളം ചിത്രങ്ങളുടെ പോസ്റ്ററുകള്‍ ചെയ്തതും കലാധരനാണ്. കൂടാതെ പ്രൊഫ. ശിവപ്രസാദ് സംവിധാനം ചെയ്ത ഈ സ്നേഹതീരത്ത് എന്ന ചിത്രത്തിന്റെ കലാസംവിധായകനും ഇദ്ദേഹമായിരുന്നു.
കേരള കലാപീഠം മാത്രമല്ല കലാധരന്റെ ഉണര്‍വില്‍ ജനപ്രീതി നേടിയ സ്ഥാപനങ്ങള്‍. 1984 ല്‍ പിറവികൊണ്ട കൊച്ചിന് ഫിലിം സൊസൈറ്റിയും 90 കളില്‍ രൂപംകൊണ്ട ലിറ്റില്‍ തിയേറ്ററും ഇദ്ദേഹത്തിന്റെ പ്രയത്നഫലമായി ഉദയംകൊണ്ടതാണ്. സിനിമകാണണമെങ്കില്‍ അന്ന് ഇന്നത്തെപ്പോലെ സൗകര്യങ്ങളൊന്നും ഇല്ലായിരുന്നു. മാത്രമല്ല പണച്ചെലവുള്ള കാര്യവുമായിരുന്നു. ആ അന്തരീക്ഷത്തിലാണ് കൊച്ചിന് യൂണിവേഴ്സിറ്റിയുടെ സഹായത്തോടെ ഫിലിം സൊസൈറ്റിയില്‍ സിനിമ പ്രദര്‍ശിപ്പിച്ചത്. സത്യജിത് റേയുടെ അപു ട്രിലോജിയാണ് ആദ്യം പ്രദര്‍ശിപ്പിച്ച ചിത്രം. 10 ഓളം ഇംഗ്ലീഷ് നാടകങ്ങളാണ് ലിറ്റില്‍ തിയേറ്ററില്‍ ജനസമക്ഷം അവതരിപ്പിച്ചിട്ടുള്ളത്.
മലയാള ഭാഷയില്‍ മനോഹരമായ, സൗന്ദര്യം തുളുമ്പുന്ന നാലോളം വാക്കുകളാണ് കലാപീഠം സംഭാവന ചെയ്തത്. അതിലൊന്ന് സി.എന്‍. ശ്രീകണ്ഠന് നായരുടേതായിരുന്നു. ക്ഷണപത്രം എന്നവാക്കാണ് അദ്ദേഹം ഉപയോഗിച്ചത്. സാഹിത്യസന്ധ്യ, നാടക സന്ധ്യ, സംഗീതസായാഹ്നം, നൃത്തസായാഹ്നം എന്നിവാക്കുകളില് ഭാഷയുടെ സൗന്ദര്യം നിറഞ്ഞുനില്ക്കുന്നു.
കലാധരന്‍ മാഷിന്റെ പെയിന്റിങ്ങുകള്‍ ഏറെയും ഗ്ലാസില്‍ ചെയ്തവയാണ്. സൂക്ഷ്മതയോടെ കൈകാര്യം ചെയ്യേണ്ടവ. കാനായി കുഞ്ഞിരാമന് ആ ചോദ്യം ചോദിക്കുന്നതുവരേയും അങ്ങനൊരു ചിന്ത അദ്ദേഹത്തെ അലട്ടിയതുമില്ല. നിഷ്കളങ്കമായിട്ടാണ് കാനായി ഈ ഗ്ലാസ് പെയിന്റിങ്ങുകള്‍ വീണുടഞ്ഞാലോ എന്ന് ചോദിച്ചത്. ആ ചോദ്യം കലാധരന്റെ മനസ്സില്‍ വല്ലാതെ തറഞ്ഞുകയറുകയും ഇരുത്തി ചിന്തിപ്പിക്കുകയും ചെയ്തു. കുറേനാളത്തേക്ക് ഒന്നും ചെയ്യാന്‍ സാധിക്കാത്ത അവസ്ഥ. പ്രകൃതിയില്‍ എല്ലാം ക്ഷണികമാണെന്നും നശിക്കുമെന്ന് കരുതി ആരും കര്‍മ്മം ചെയ്യാതിരിക്കുന്നുമില്ല എന്ന തിരിച്ചറിവ് നേടാന്‍ ആ ചോദ്യം സഹായിച്ചതായും എല്ലാം ഒരുനാള്‍ കാലം തിരിച്ചെടുക്കുമെന്നും കലാധരന്‍ പറയുന്നു.
രാജ്യത്തിനകത്ത് വിവിധ സ്ഥലങ്ങളില്‍ നിരവധി ചിത്രപ്രദര്‍ശനങ്ങള്‍ നടത്തിയിട്ടുണ്ട് ഇദ്ദേഹം. കൂടാതെ ജര്‍മനിയിലും ഹോളണ്ടിലും ചിത്രപ്രദര്‍ശനവും ദുബായ്, ദോഹ എന്നിവിടങ്ങളില്‍ ഡെമോണ്‍സ്ട്രേഷനും നടത്തിയിട്ടുണ്ട്.
പുരസ്കാരങ്ങള്‍
ചിത്രരചനയിലേക്ക് കടന്നുവന്ന് ഏറെ നാള് കഴിയുംമുന്നേ തേടിയെത്തിയ അംഗീകാരമാണ് കേരള ലളിതകലാ അക്കാദമിയുടെ ഹൈലി കമന്റഡ് സര്‍ട്ടിഫിക്കറ്റ് (1975, 1995). 1986 ല്‍ ബാലകൃഷ്ണ പണിക്കര്‍ പുരസ്കാരം, കൊച്ചിന് റോട്ടറി ക്ലബ്ബിന്റെ വൊക്കേഷണല്‍ സര്‍വീസ് അവാര്‍ഡ്, കലാദര്‍പ്പണം പുരസ്കാരം എന്നിവയെല്ലാം ഇദ്ദേഹത്തോടൊപ്പം സമ്മാനിതമായി. 2007 ലാണ് കേരള ലളിതകലാ അക്കാദമി പുരസ്കാരത്താല്‍ ബഹുമാനിതനാകുന്നത്
പ്രതികരിക്കാൻ ഇവിടെ എഴുതുക: