ഭൗതിക ശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദമെടുത്ത്, ജന്മവാസനയായി കിട്ടിയ സംഗീതത്തെ പരിപോഷിപ്പിച്ച് പാട്ടിന്റെയും ശാസ്ത്രത്തിന്റേയും വഴിയേ നടക്കാമായിരുന്നു ദിവ്യയ്ക്ക്. പക്ഷേ ആ പെണ്‍കുട്ടി തിരഞ്ഞെടുത്തത് വാര്‍ത്താഅവതാരകയുടെ റോള്‍. ഒപ്പം സംഗീതവും. കഴിഞ്ഞ ഏഴ് വര്‍ഷമായി ദൂരദര്‍ശനിലെ വാര്‍ത്ത അവതാരകയാണ് ദിവ്യ.
ഇന്ന് സ്വകാര്യ വാര്‍ത്താചാനലുകള്‍ മത്സരം കൊഴുപ്പിക്കുന്നതിനുമുന്നേ മലയാളികളുടെ സ്വീകരണമുറിയിലേക്ക് വാര്‍ത്തകള്‍ എത്തിച്ചിരുന്നത് ദൂരദര്‍ശനും റേഡിയോയുമായിരുന്നു. ഇതെല്ലാം കുട്ടിക്കാലം മുതലേ കേട്ടുശീലിച്ച ദിവ്യയും വാര്‍ത്താവായനയെ എപ്പോഴോ അറിയാതെ ഇഷ്ടപ്പെട്ടുതുടങ്ങി. അത്തരത്തിലൊരു ജോലി അതിയായി ആഗ്രഹിച്ചിരുന്നപ്പോഴാണ് ദൂരദര്‍ശനില്‍ വാര്‍ത്താവായനക്കാരെ ആവശ്യമുണ്ടെന്ന അറിയിപ്പ് ശ്രദ്ധയില്‍പ്പെട്ടത്. പക്ഷേ അതറിഞ്ഞപ്പോഴേക്കും അപേക്ഷസമര്‍പ്പിക്കാനുള്ള തിയതി കഴിഞ്ഞിരുന്നു. പിന്നീടും ഇതുപോലുള്ള അവസരങ്ങള്‍ വരുമെന്നൊന്നും സമാധാനിക്കാനുളള മാനസികാവസ്ഥയിലായിരുന്നില്ല ദിവ്യ.
മകളുടെ മാനസികാവസ്ഥ മനസ്സിലാക്കിയ അച്ഛന് രാമചന്ദ്രന് പിള്ള ഒരു ശ്രമമെന്ന നിലയ്ക്ക് ദൂരദര്‍ശന്റെ കുടപ്പനക്കുന്നിലുള്ള ആസ്ഥാനത്ത് നേരിട്ടുചെന്ന് അപേക്ഷ സമര്‍പ്പിക്കാന്‍ പ്രേരണ നല്കി. അങ്ങനെ ഇരുവരും ദൂരദര്ശന് കേന്ദ്രത്തിലെത്തി. അപേക്ഷ സമര്‍പ്പിക്കാനുള്ള സമയം കഴിഞ്ഞുവെന്ന മറുപടിയ്ക്ക് കാതോര്‍ത്തുനിന്ന ദിവ്യയെപ്പോലും അത്ഭുതപ്പെടുത്തിക്കൊണ്ട് അപേക്ഷ സ്വീകരിക്കപ്പെട്ടു. അപേക്ഷയ്ക്കൊപ്പം ഫോട്ടോയുംവേണമായിരുന്നു. എന്നാല്‍ തിരക്കിട്ടു പോന്നതിനാല്‍ ഫോട്ടോയെടുത്തിരുന്നില്ല. ഫോട്ടോ ഇല്ലാതെതന്നെ അപേക്ഷ സ്വീകരിക്കപ്പെട്ടു. ടെസ്റ്റുകളില്‍ വിജയിക്കുകയും ചെയ്തു.
ആലപ്പുഴ എസ്ഡി കോളേജില്‍ എംഎസ്സി ഫിസിക്സിന് അഡ്മിഷന് കിട്ടിയസമയമായിരുന്നു അത്. വാര്‍ത്ത വായിക്കാന്‍ വിളിക്കുന്ന സമയത്ത് തിരുവനന്തപുരത്തുള്ള സ്റ്റുഡിയോയില്‍ എത്തണം. കരാര്‍ അടിസ്ഥാനത്തിലാണ് ജോലി. ജോലി സ്വീകരിക്കണോ പഠനം തുടരണോ. ഈ രണ്ട് ഓപ്ഷനില്‍ ഒന്ന് തിരഞ്ഞെടുക്കണം. ദിവ്യ ഭൗതികശാസ്ത്രം വിട്ട് വാര്‍ത്താവായനയുടെ ലോകം തിരഞ്ഞെടുത്തു. കൊല്ലം കരിക്കോട് സ്വദേശിനിയാണ് ദിവ്യ. കൊല്ലത്തെ പ്രാദേശിക ചാനലായ സിടിവിയിലൂടെയാണ് വാര്‍ത്താവായനയില്‍ തുടക്കം കുറിയ്ക്കുന്നത്. ചാനല്‍ മേധാവിയായ ബഷീറും എഡിറ്റര്‍ ജയപ്രകാശുമാണ് ഈ പെണ്‍കുട്ടിയിലെ അവതാരകയെ ആദ്യം തിരിച്ചറിയുന്നത്. തുടക്കക്കാരിയെന്ന നിലയില്‍ തന്നെ ഉയര്‍ത്തിക്കൊണ്ടുവന്നത് ഇവരാണെന്ന് ദിവ്യ പറയുന്നു. ജയപ്രകാശാണ് ദൂരദര്‍ശനില്‍ വാര്‍ത്താവായനക്കാരെ തേടുന്ന അറിയിപ്പ് ശ്രദ്ധയില്‍പ്പെടുത്തിയത്.
വാര്‍ത്താവായനയില്‍ തന്റേതായ ഇടം കണ്ടെത്താന്‍ ഇതിനോടകം തന്നെ ദിവ്യയ്ക്ക് കഴിഞ്ഞിരിക്കുന്നു. വാര്‍ത്ത കേള്‍ക്കുന്ന പ്രേക്ഷകന് കാര്യം വ്യക്തമാകണം. ശുദ്ധമായ ഭാഷയില്‍ വ്യക്തമായി അവതരിപ്പിക്കണം. മുഖം എപ്പോഴും പ്രസന്നമായിരിക്കണം. ഇതാണ് വാര്‍ത്താവായനയില്‍ ദിവ്യയുടെ പോളിസി.സ്പെഷ്യല്‍ റിപ്പോര്‍ട്ടിങും ദിവ്യ ചെയ്യാറുണ്ട്.
വാര്‍ത്താവായനയില്‍ പതറിപ്പോകേണ്ട അവസരവും നേരിടേണ്ടിവന്നിട്ടുണ്ട്. പക്ഷേ ആ അവസ്ഥയേയും മനസാനിധ്യംകൊണ്ട് മറികടക്കാന്‍ കഴിഞ്ഞു. വാര്‍ത്താവായനയില്‍ ഗുരുതുല്യരായി കരുതുന്ന ബാലകൃഷ്ണന് ചേട്ടനും രാജേശ്വരി ചേച്ചിയും ഹേമലത ചേച്ചിയുമെല്ലാം പകര്‍ന്നുനല്‍കിയ അനുഭവ പാഠങ്ങള്‍ വായനയില്‍ ഏറെ സഹായിച്ചിട്ടുണ്ടെന്ന് ദിവ്യ പറയുന്നു. വഴികാട്ടിയായതും ഇവരൊക്കെത്തന്നെ.
ആകാശവാണിയിലെ രാമചന്ദ്രന് സാറിന്റെ വാര്‍ത്താവായനയുടെ സ്വാധീനം ദിവ്യയിലുമുണ്ട്. അതുകൊണ്ടാവാം ആദ്യമായി വാര്‍ത്ത വായിച്ചശേഷം അദ്ദേഹത്തിന്റെ മകളാണോ എന്ന് സഹപ്രവര്‍ത്തകര്‍ ചോദിച്ചതും. ദിവ്യയുടെ മുഴുവന്‍ പേര് ദിവ്യ രാമചന്ദ്രന് എന്നാണ്. അതും സംശയത്തിന് കാരണമായി. കുട്ടിക്കാലം മുതലേ രാമചന്ദ്രന് സാറിന്റെ വാര്‍ത്താ വായന കേള്‍ക്കുന്നതിനാല്‍ ആ ശൈലി കിട്ടിയിട്ടുണ്ടാവാമെന്ന് ദിവ്യ പറയുന്നു. ആ ചോദ്യം ഒരു അഭിനന്ദനമായിട്ടാണ് കാണുന്നതെന്നും ദിവ്യ.
ചിലപ്പോള്‍ മനസ്സിനെ ഏറെ വേദനിപ്പിക്കുന്ന വാര്‍ത്തകളും വായിക്കേണ്ടിവരാറുണ്ട്. പക്ഷേ ആ വികാരം മുഖത്ത് വരാതെ നോക്കുക ശ്രമകരമാണ്. ഡോ. എ.പി.ജെ. അബ്ദുള്‍കലാം അന്തരിച്ചപ്പോള്‍, അദ്ദേഹത്തിന്റെ വിയോഗം സൃഷ്ടിച്ച വേദനയ്ക്കിടയിലും വാര്‍ത്തവായിക്കേണ്ടി വന്നു ദിവ്യയ്ക്ക്. ഉള്ളില്‍ അത്രയേറെ ആരാധിക്കുകയും ബഹുമാനിക്കുകയും ചെയ്ത വ്യക്തിയുടെ വിയോഗ വാര്‍ത്ത വായിക്കുമ്പോള്‍ വാക്കുകള്‍ ഇടറാതെ, കണ്ണുനിറയാതെയിരിക്കാന്‍ ഏറെ പണിപ്പെട്ടുവെന്ന് ദിവ്യ പറയുന്നു. ദുഖമായാലും സന്തോഷമായാലും അതൊന്നും വാക്കുകളില്‍ പ്രകടമാകാതെ നോക്കേണ്ടത് ഭാരിച്ച ഉത്തരവാദിത്തമാണ് ഒരു വാര്‍ത്ത അവതാരകയെ സംബന്ധിച്ച്. 2013 മുതല്‍ അനന്തപുരി എഫ്എംമില്‍ കാഷ്വല്‍ അനൗണ്‍സര്‍കൂടിയാണ് ദിവ്യ. സംസ്ഥാന സര്‍ക്കാരിന്റെ പരിപാടികളില്‍ കോമ്പയറിംഗും നടത്തിയിട്ടുണ്ട്.
മൂന്നാംവയസ്സില്‍ തുടങ്ങിയതാണ് സംഗീത പഠനം. പ്രാണനില്‍ നിറയുന്ന സംഗീതം തന്നെയാണ് ദിവ്യയുടെ ഊര്‍ജ്ജവും. എട്ടാം ക്ലാസ് വരെ തഞ്ചാവൂര്‍ രഞ്ജന്‍ മാസ്റ്ററായിരുന്നു ഗുരു. അദ്ദേഹത്തിന്റെ ആകസ്മിക മരണം നിമിത്തം പഠനം മുഖത്തല ഗോപകുമാറിന്റെ കീഴിലാക്കി. 14-ാം വയസ്സില്‍ ഗുരുവായൂര്‍ ചെമ്പൈ സംഗീതോത്സവത്തില്‍ പാടാന്‍ അവസരം കിട്ടിയത് ഗുരുവായൂരപ്പന്റെ കടാക്ഷം കൊണ്ടാണെന്ന് ദിവ്യ. വിവാഹശേഷമാണ് സംഗീത പഠനം കൂടുതല്‍ ഗൗരവത്തോടെ കാണാന്‍ തുടങ്ങിയത്. ഇപ്പോള്‍ കേരള സര്‍വകലാശാലയിലെ സംഗീത വിഭാഗത്തില്‍ നിന്നും വിദൂരപഠനത്തിലൂടെ പോസ്റ്റ് ഗ്വാജ്വേഷന്‍ കോഴ്സ് ചെയ്യുകയാണിപ്പോള്‍.
ഡോ.പുഷ്പ ബി. കൃഷ്ണന്, ഡോ. ലക്ഷ്മി ജി. നായര്‍, ഡോ. ഭാവന രാധാകൃഷ്ണന്, രേണു പൗലോസ് തുടങ്ങയവരാണ് യൂണിവേഴ്സിറ്റിയിലെ ഗുരുക്കന്മാര്. കര്‍ണാടക സംഗീതം മനോധര്‍മത്താല്‍ പാടാന്‍ തുടങ്ങിയതിന്റെ സന്തോഷത്തിലാണിപ്പോള്‍. ഒരു സംഗീതജ്ഞയ്ക്ക് വേണ്ടതും ആ കഴിവാണല്ലോ. ഇപ്പോള്‍ കൊച്ചുകുട്ടികള്‍ മുതല്‍ വീട്ടമ്മമാര്‍ക്കുവരെ സംഗീത ക്ലാസ് വീട്ടില്‍തന്നെ എടുക്കുന്നുണ്ട്. പോങ്ങുംമൂട് ഇന്‍ഫന്റ് ജീസസ് സെന്‍ട്രല്‍ സ്കൂളില്‍ പാര്‍ട്ട് ടൈം സംഗീതാധ്യാപിക കൂടിയാണ് ദിവ്യ. കുട്ടികളെ പഠിപ്പിക്കുന്നത് ഏറെ കൗതുകകരമായ അനുഭവമാണെന്നും അവര്‍ സ്വരങ്ങള്‍ ശരിയായി പാടുമ്പോഴുള്ള ആത്മസംതൃപ്തി വളരെ വലുതാണെന്നും ഈ ഗായിക അഭിപ്രായപ്പെടുന്നു. മൂകാംബികയില്‍ കച്ചേരി അവതരിപ്പിക്കാനും ഭാഗ്യം കിട്ടിയിട്ടുണ്ട് ഈ കലാകാരിക്ക്.
ചെറുപ്പം മുതലേ കവിതകളോടും ചങ്ങാത്തം കൂടി. നിരവധി കവിതാമത്സരങ്ങളില്‍ സമ്മാനവും കിട്ടിയിട്ടുണ്ട്. എന്നാല്‍ പെട്ടന്നൊരു കവിതയെഴുതാന്‍ പറഞ്ഞാല്‍ അതിന് സാധിക്കാറില്ലെന്നും ദിവ്യ പറയുന്നു. കവിതയെഴുതാനുള്ള മാനസികാവസ്ഥയില്‍ എത്തിയാല്‍ മാത്രമേ ഭാവന അക്ഷരരൂപം കൈക്കൊള്ളുവെന്നാണ് ദിവ്യയുടെ അനുഭവം. നിരവധി ആനുകാലികങ്ങളില്‍ കവിതകള്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്. കവിതകളുടെ ഒരു സമാഹാരം ഉടന്‍ പുറത്തിറങ്ങും. ഇതോടൊപ്പം കിസാന്‍ഭാരതി പബ്ലിക്കേഷന്‍സിന്റെ പിആര്‍ഒ ആയും ദിവ്യ പ്രവര്‍ത്തിക്കുന്നുണ്ട്.
കൊല്ലം കരീക്കോട് ഉഷസ് വിഹാറില്‍ രാമചന്ദ്രന് പിള്ളയുടേയും ലളിതാ ഭായിയുടേയും മകളാണ് ദിവ്യ. തിരുവനന്തപുരം ടെക്നോപാര്‍ക്കില്‍ ഉദ്യോഗസ്ഥനായ വിധുകുമാറാണ് ഭര്‍ത്താവ്. മൂന്നുവയസുകാരി വേദിക നായരും കുറുമ്പുമായി അമ്മയുടെ സംഗീതവഴിയിലുണ്ട്.
ഭര്‍ത്താവിന്റെ വീട്ടുകാര്‍ നല്കുന്ന പിന്തുണയാണ് ഏറ്റവും വലിയ ശക്തിയെന്ന് ദിവ്യ പറയുന്നു. ഭര്‍ത്താവിന്റെ അച്ഛന് വേളാവൂര്‍ പീതാംബരന് നരവധി ലളിതഗാനങ്ങള്‍ എഴുതിയിരുന്നു. അതെല്ലാം റേഡിയോയിലൂടെ പ്രക്ഷേപണം ചെയ്യുകയും ചെയ്തിരുന്നു. അദ്ദേഹത്തിന്റെ ഗാനങ്ങളുടെ ശബ്ദലേഖനം ഒന്നുപോലും വീട്ടുകാരുടെ പക്കല്‍ ഇല്ലായിരുന്നു. എന്നാല്‍ അദ്ദേഹം രചിച്ച ഒരു ഗാനം ഏകദേശം പതിനഞ്ച് വര്‍ഷങ്ങള്‍ക്കുശേഷം ദിവ്യയ്ക്ക് അനന്തപുരി എഫ്എംമില്‍ കൂടി അനൗണ്‍സ് ചെയ്ത് ശ്രോതാക്കളിലേക്ക് എത്തിക്കാന്‍ അവസരംകിട്ടിയതാണ് മറ്റൊരു ഭാഗ്യം. എം.എല്‍. വസന്തകുമാരി ഫൗണ്ടേഷന്, ജി.ദേവരാജന്‍ മാസ്റ്ററുടെ പേരില്‍ ഏര്‍പ്പെടുത്തിയ യുവഗായകര്‍ക്കുള്ള അവാര്‍ഡിന് 2007 ല്‍ അര്‍ഹയായിരുന്നു. സംഗീതത്തിന്റേയും കവിതയുടേയും വാര്‍ത്തകളുടേയും ലോകത്തില്‍ സജീവമാകാന്‍ തന്നെയാണ് ദിവ്യ ആഗ്രഹിക്കുന്നതും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: