പുല്‍പ്പള്ളി: വയനാട്ടില്‍ വീണ്ടും നവജാത ശിശുമരണം .പാളക്കൊല്ലി പണിയ കോളനിയിലെ ലാലു, ബിന്ദു ദമ്പതികളുടെ മൂന്നുദിവസം പ്രായമായ ആണ്‍കുഞ്ഞ് ഇന്നലെ (ചൊവ്വാഴ്ച)വൈകിട്ട് മരിച്ചു. അമ്മയുടെ പോഷകാഹാര കുറവാണ് കുട്ടിയുടെ മരണകാരണമെന്ന് പറയപ്പെടുന്നത്. കഴിഞ്ഞ 18ാം തീയതിയാണ് ബിന്ദുവിനെ പുല്‍പ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നിന്നും ബത്തേരി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചത്. അവിടെ വെച്ച് ബിന്ദു ആണ്‍കുഞ്ഞിന് ജന്മം നല്കി. തിങ്കളാഴ്ച്ച ഉച്ചകഴിഞ്ഞ് ആശുപത്രിയില്‍ നിന്നും വിട്ടശേഷം ടാക്സി ജീപ്പു വിളിച്ച് ബിന്ദുവും കുഞ്ഞും വീട്ടിലേക്ക് പോയി. വീട്ടിലെത്തിയപ്പോഴാണ് കുട്ടിക്ക് അനക്കമില്ലാത്തതായി കണ്ടത്. ഉടനെ ബന്ധുക്കള്‍ പുല്‍പ്പള്ളി ഗവ. ആശുപത്രിയിലെത്തിച്ചെങ്കിലും കുട്ടി മരിച്ചതായി സ്ഥിരീകരിച്ചു. ബിന്ദുവിന് സിക്കിള്‍ സെല്‍ അനീമിയ ഉണ്ടായിരുന്നതായും പറയുന്നു.
കുട്ടിയെയും അമ്മയെയും തിരികെ വീട്ടിലെത്തിക്കുന്നതിന് വാഹന സൗകര്യമൊരുക്കുന്നതില്‍ ട്രൈബല്‍ വകുപ്പ് വീഴ്ച്ച വരുത്തിയതായും, താലൂക്ക് ആശുപത്രി അധികൃതര്‍ ബന്ധപ്പെട്ടവരെ വിവരം അറിയിച്ചുവേണ്ട സൗകര്യങ്ങള്‍ ചെയ്തുകൊടുത്തില്ലെന്നും ഇവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നു. എന്തായാലും നവജാത ശിശുവിന്റെ മരണത്തിന് ആരാണ് ഉത്തരവാദിയെന്ന ചോദ്യം ബാക്കിയാവുകയാണ്. ഇവരുടെ ആദ്യപ്രസവത്തിലെ കുട്ടിയും മരണപ്പെട്ടിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: