മാനന്തവാടി: വയനാട് ഡി.സി.സി. ജനറല്‍ സെക്രട്ടറിയായിരുന്ന പി.വി. ജോണ്‍ തെരഞ്ഞെടുപ്പ് തോല്‍വിയെ തുടര്‍ന്ന് ആത്മഹത്യ ചെയ്ത സംഭവത്തില്‍ മുന്‍ മാനന്തവാടി പഞ്ചായത്ത് പ്രസിഡന്റും നിലവില്‍ വയനാട് ഡി.സി.സി. സെക്രട്ടറിയുമായ സില്‍വി തോമസിനെയും മറ്റ് നാല് പ്രാദേശിക നേതാക്കളെയും കെ.പി.സി.സി. പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കി. ഡി.സി.സി. പ്രസിഡന്റ് കെ.എല്‍. പൗലോസ് പി.വി. ജോണിന്റെ ശവസംസ്ക്കാര ചടങ്ങുകളില്‍ പങ്കെടുക്കാത്തതില്‍ കെ.പി.സി.സി. വിയോജിപ്പും അതൃപ്തിയും അറിയിച്ചിട്ടുണ്ടെന്നും കെ.പി.സി.സി. ജനറല്‍ സെക്രട്ടറി തമ്പാനൂര്‍ രവി പ്രസ്താവനയില്‍ അറിയിച്ചു. സില്‍വി തോമസിനെ കൂടാതെ അഡ്വ. ജോസ് കുമ്പുക്കല്‍, ലേഖ രാജീവന്, പി.വി. ജോസ്. പി.വി. രാജന് എന്നിവരെയാണ് പ്രാഥമികാംഗത്വത്തില്‍ നിന്നും പുറത്താക്കിയത്. ജോണിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട വിഷയത്തില്‍ മുന്‍ ഡി.സി.സി. പ്രസിഡന്റും കെ.പി.സി.സി. നിര്‍വാഹകസമിതിയംഗവുമായ പി.വി. ബാലചന്ദ്രന്, കെ.പി.സി.സി. സെക്രട്ടറി കെ.കെ. ഏബ്രഹാം, കെ.പി.സി.സി. നിര്‍വാഹക സമിതിയംഗം അഡ്വ. എന്‍.കെ. വര്‍ഗീസ് എന്നിവര്‍ സ്വീകരിച്ച നടപടിയില്‍ കെ.പി.സി.സി. അസന്തുഷ്ടി രേഖപ്പെടുത്തുകയും ചെയ്തു. മൂന്നുപേരും കെ.എല്‍. പൗലോസിനെ തേജോവധം ചെയ്യാനും പാര്‍ട്ടിയില്‍ വിഭാഗീയത വളര്‍ത്താനും പോസ്റ്റര്‍ പ്രചരിപ്പിക്കാനും പ്രവര്‍ത്തിച്ചുവെന്ന് കെ.പി.സി.സി. നിയോഗിച്ച അന്വേഷണ കമ്മിഷനു മുമ്പാകെ ഒരു വിഭാഗം കോണ്‍ഗ്രസുകാര്‍ പരാതിപ്പെട്ടിരുന്നു.
കെ.പി.സി.സി. ജനറല്‍ സെക്രട്ടറി അഡ്വ. പി.എം. സുരേഷ് ബാബു തലവനായ സമിതിയാണ് വിഷയം അന്വേഷിച്ചത്. സമിതി മാനന്തവാടി ഫോറസ്റ്റ് ഐബിയില്‍ പരാതി സ്വീകരിക്കാന്‍ എത്തിയ സമയത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ചേരി തിരിഞ്ഞ് ഏറ്റുമുട്ടുകയും കരിമഷി പ്രയോഗം നടത്തുകയും ചെയ്തിരുന്നു. മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി, ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തല, കെ.പി.സി.സി. പ്രസിഡന്റ് വി.എം. സുധീരന് എന്നിവര്‍ അന്വേഷണ റിപ്പോര്‍ട്ട് ചര്‍ച്ച ചെയ്ത ശേഷമാണ് നടപടി സ്വീകരിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: