ഭാരത്തിന്റെ സാമൂഹ്യപരിഷ്കര്‍ത്താക്കളില്‍ അഗ്രേസനനായിരുന്ന ശ്രീബസവേശ്വരന്റെ പ്രതിമ പ്രധാനമന്ത്രി നരേന്ദ്രമോദി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ സ്ഥാപിച്ചപ്പോള്‍ ഭാരതത്തിന്റെ അഭിമാനമാണ് വനോളമുയര്ന്നത്. സൂര്യനസ്തമിക്കാത്ത ഒരു രാജ്യത്തിന്റെ കോളനിയായിരുന്ന ഭാരത്തിലെ ഒരുത്തമപുത്രനെയാണ് ഇതിലൂടെ ലോകം അംഗീകരിച്ച് ആദരിക്കുന്നതെന്നും മോദി പ്രസ്താവിച്ചു. ബസവേശ്വരന്റെ ഐതിഹാസികമായ ജീവിതത്തേയും ദീര്‍ഘവീക്ഷണത്തേയും വചനസാഹിത്യത്തേയും ലോകമെമ്പാടുമുള്ള മാധ്യമങ്ങള്‍ സവിസ്തരമെഴുതുകയും സംപ്രേക്ഷണം നടത്തുകയും ചെയ്തു. ത്രികാലജ്ഞാനിയും ഉല്പതിഷ്ണുവുമായ ആ ക്രാന്തദര്‍ശിയുടെ പ്രവര്‍ത്തന മണ്ഡലങ്ങളെ ഏറെ ആശ്ചര്യപൂര്‍വ്വമാണ് ലോകമിന്ന് നിരീക്ഷിക്കുന്നത്.
പന്ത്രണ്ടാം നൂറ്റാണ്ടില്‍ പൂര്വമധ്യത്തില് ജനിച്ച ഈ കര്‍മയോഗി സുഖങ്ങളെയെല്ലാം പരിത്യജിച്ച് ആദ്ധ്യാത്മിക ജീവിതത്തിലേക്ക് പ്രവേശിച്ചു. അന്ധവിശ്വാസങ്ങളേയും അനാചാര ദുരാചാങ്ങളേയും നിശിതമായി ചോദ്യം ചെയ്തു. മനനവും പഠനവും അദ്ദേഹം ജീവിതചര്യയാക്കി. സാമൂഹ്യകാഴ്ചപ്പാട് രൂപപ്പെടുത്തുവാന്‍ ലൗകിക ആദ്ധ്യാത്മിക വിഷയങ്ങളെ സംയോജിപ്പിക്കണമെന്ന് അദ്ദേഹം തീരുമാനിച്ചു. തല്‍ഫലമായി അതിനൊരു വേദിയുണ്ടാക്കാനും ജാതി-മത-വര്‍ണ ലിംഗ-തൊഴില്‍ വ്യത്യാസമില്ലാതെ ഒരു ജനാധിപത്യവ്യവസ്ഥിതി അനിവാര്യമാണെന്നും അദ്ദേഹം മനസ്സിലാക്കി. അങ്ങനെ 1157-ല്‍ അനുഭവമണ്ഡലം സ്ഥാപിക്കുകയും ചെയ്തു. ഭാരതത്തിലെ പ്രാചീന ജനപ്രതിനിധിസഭയായി അത് ഇന്ന് അംഗീകരിക്കപ്പെടുന്നു. 300 ല്‍പ്പരം അംഗങ്ങള്‍ അനുഭവമണ്ഡലത്തിലുണ്ടായിരുന്നു. അതില്‍ മുപ്പതില്‍ അധികം വനിതകള്‍ ആയിരുന്നുവെന്നത് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. സ്ത്രീ ശാക്തീകരണത്തിന് 21-ാം നൂറ്റാണ്ടില്‍പ്പോലും വിമുഖത കാട്ടുന്നവര്‍ക്ക് ശ്രീബസവേശ്വരന്റെ കാഴ്ചപ്പാട് അസഹനീയമായിത്തോന്നാം. ഏതു മേഖലയിലും സ്ത്രീ പുരുഷനൊപ്പം കഴിവുള്ളവളാണെന്ന ബസവന്റെ ചിന്താധാര എത്ര പുരോഗമനപരമെന്നേ പറയേണ്ടൂ!.
അനുഭവ മണ്ഡലം ഒരു തുറന്ന സര്‍വകലാശാലയായിരുന്നു. അതിലുപരി ലോകത്തിലെ തന്നെ ആദ്യമായി രൂപീകരിക്കപ്പെട്ട ജനപ്രതിനിധിസഭയുമായിരുന്നു. അനുഭവമണ്ഡലത്തിലെ നടപടി ക്രമങ്ങളില്‍ ജാതി-മത ഭേദവുമില്ലായിരുന്നു. തൊഴിലിലോ, ജാതിയിലോ ഉള്ള വ്യത്യാസമില്ലാതെ എല്ലാവര്ക്കും പങ്കെടുത്ത് തങ്ങളുടെ വ്യക്തിത്വത്തേയും അഭിപ്രായങ്ങളേയും അവകാശങ്ങളേയും സാര്‍ത്ഥകമാക്കുവാനുള്ള ഒരു സഭയുമായിരുന്നു. ആ സഭയുടെ അധ്യക്ഷന്‍ അല്ലമപ്രഭുവുമായിരുന്നു. മഹാപണ്ഡിതനും ആദ്ധ്യാത്മിക ചിന്തകനും യോഗീശ്വരനുമായിരുന്ന അല്ലമപ്രഭു സദാപ്രസന്നവദനനും ക്ഷമാശീലനുമായിരുന്നുവെന്ന് ചരിത്രം സാക്ഷ്യപ്പെടുത്തുന്നുണ്ട്. ഉപാദ്ധ്യക്ഷന്‍ ബസവേശ്വരനും കാര്യദര്‍ശി ചെന്നൈ ബസവണ്ണനുമായിരുന്നുവെന്നും ചരിത്രരേഖകള്‍ പറയുന്നു. ആദ്ധ്യാമികവും ഭൗതികവുമായ കാര്യങ്ങളില്‍ സംവാദങ്ങളും ഉയര്‍ന്നുവന്നിരുന്നു. അതില്‍ നിന്നൊക്കെ ഉരുത്തിരിഞ്ഞുവന്ന ആശയങ്ങളും അഭിപ്രായങ്ങളും നിര്‍ദ്ദേശങ്ങളും മറ്റുമാണ് പില്ക്കാലത്ത് ചരിത്രത്തിലിടം നേടിയ വചനസാഹിത്യങ്ങളായിത്തീര്ന്നത്. ആദ്ധ്യാത്മികതയും ലൗകികതയും പരസ്പരം പൂരകങ്ങളാണെന്നും അവ പൂര്‍ണമായെങ്കില്‍ മാത്രമേ മനുഷ്യജീവിതത്തിന് ഉല്കൃഷ്ടതയുണ്ടാകൂ എന്നും ബസവന് കല്പ്പിച്ചിരുന്നു. തൊഴിലിന്റെ മാഹാത്മ്യത്തെക്കുറിച്ചും അവിടെ സംവാദമുണ്ടായി. കായക സിദ്ധാന്തം അതില്‍ നിന്നും ഉണ്ടായതാണെന്ന് ചരിത്രം പറയുന്നു.
തൊഴിലിലധിഷ്ഠിതനായാല്
ഗുരുദര്‍ശനം പോലും മറക്കുക
ലിംഗപൂജയേയും മറന്നേക്കുക
ജംഗമം മുന്നിലുണ്ടെങ്കിലും
കെട്ടുപാടുകളെ പൊട്ടിക്കണം
തൊഴില്‍തന്നെ കൈലാസമായതിനാല്
അമരേശ്വരന്‍ ലിംഗമായിടും തൊഴിലില്‍
തൊഴിലിന്റെ മാഹാത്മ്യത്തെക്കുറിച്ച് ഇതില്‍പ്പരം ഉന്നതചിന്തയെന്താണുള്ളത്?.
വിദ്യാഭ്യാസം സാര്‍വത്രികമാക്കണമെന്നും ബസവേശ്വരന് സിദ്ധാന്തിച്ചു. അതുപോലെ സ്ത്രീകളുടെ ശാക്തീകരണത്തെക്കുറിച്ച് ഏറെ അദ്ദേഹം എഴുതുകയും പ്രവര്‍ത്തിക്കുകയും മാതൃക കാണിക്കുകയും ചെയ്തു. ഉള്ളവന് ഇല്ലാത്തവന് നല്കുകതന്നെ വേണമെന്നും സ്വാര്‍ത്ഥതയും പൂഴ്ത്തിവയ്പ്പും ദൈവഹിതമല്ലെന്നും ബസവേശ്വരന് സിദ്ധാന്തിച്ചു.
കവിയെന്ന നിലയിലും ഭരണകര്‍ത്താവ് എന്ന നിലയിലും അദ്ദേഹം ഏറെ പ്രശസ്തനായി. ഭാരതം കണ്ടിട്ടുള്ളതില്‍വച്ചേറ്റവും ദാര്‍ശനികനായ ഈ കര്‍മയോഗിയെ ഭാരതത്തിന് പുറത്തുനിന്നും ഇന്ന് ആള്ക്കാര് പ്രണമിക്കുന്നു. ഭാരത സര്‍ക്കാര്‍ അദ്ദേഹത്തെ ആദരിച്ച് നാണയമിറക്കുകയും ഭാരത പാര്‍ലമെന്റില്‍ പ്രതിമ സ്ഥാപിക്കുകയും ചെയ്തു. ഈ കര്‍മയോഗിയുടെ സിദ്ധാന്തപരമായ കാഴ്ചപാടുകള്‍ക്ക് 850 വര്‍ഷത്തെ പഴക്കമുള്ളതായി ആരും കാണുന്നില്ല. മറിച്ച് കാലാതീതമായ കാഴ്ചപ്പാടുകളും അതിന്റെ പ്രയോക്താവുമായിരുന്നു ബസവേശ്വരന് എന്ന് നിസംശയം പറയാം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: