മഴയുടെ
ശവമഞ്ചം പേറി
തെരുവിലൂടെ
ഇടവക്കാറ്റുപോവുന്നു
ഏതുമരുഭൂമിയില്
മഴയുടെ
ശവസംസ്കാരം?
പൂജയ്ക്കെടുക്കാത്ത
കേതകി പൂക്കളാല്‍
മഴയ്ക്ക്
അന്ത്യോപചാരം
മുഴങ്ങുമോ
ഇടിനാദങ്ങളുടെ ആചാരവെടികള്‍
ഉയരുന്നു
മലമുഴക്കി പക്ഷികളുടെ
നെഞ്ചുപിളര്‍ക്കും
ബലൂഗിന് വിലാപങ്ങള്‍
തീക്കനല്‍
ചട്ടിയുമേന്തി നില്ക്കുന്നു
വേനല്‍
മഴയുടെ ചിതയ്ക്ക്
തീപകരുവാന്
മരണത്തിന്റെ
ഗുഹയിലേക്ക്
കയറിപ്പോയ
മഴമകളെയോര്ത്ത്
നെഞ്ചുകലങ്ങി
അമ്മ മണ്ണ്
നിറകണ്ണുകളോടെ
മയൂരങ്ങള്‍
നൃത്തക്കാലം
മറന്നുനില്ക്കുന്നു
കടന്നുപോവുന്നു
ആകാശവഴികളിലൂടെ
വെള്ളിമേഘങ്ങളുടെ
മൗനജാഥ
നിശബ്ദമായ് ദിക്കുകള്‍
പുനര്‍ജ്ജനികളുടെ
പുരാണകഥകളോര്ക്കുന്നു
കലഹിക്കുന്നു
നീലസാഗരം
മഴയെക്കൊണ്ടുപോയ
കരുണയറ്റ കാലത്തോട്
മണ്ണില്‍ പതിക്കുന്നു
കത്തിജ്വലിച്ച്
ഉല്‍ക്കകള്‍
അവിഹിതവേഴ്ചകളുടെ
കാലത്ത് പിറക്കും
അരാജകത്വത്തിന്റെ
സന്തതികള്‍
നാളെ
ഒരുമരത്തണലുപോലും
ഇല്ലാത്ത വെയിലത്തിരുന്ന്
വിഴര്ത്തൊഴുകി
കുട്ടികള്‍ പഠിയ്ക്കും
മഴയുടെ ചരിത്രം
സ്വപ്നത്തില്‍
അവര്‍ കാണും
കാലവര്‍ഷത്തിന്റെ
മയൂരനൃത്തം
മഴവില്ലുകളുടെ
മടിയിലേറി
കുട്ടികള്‍ ചിരിക്കും
ഒരു മഴ പോലെ
പ്രതികരിക്കാൻ ഇവിടെ എഴുതുക: