വെഞ്ഞാറമൂട്: അമിത പലിശ ആവശ്യപ്പെട്ട് കോളേജ് പ്രിന്‍സിപ്പലിനെ വീടുകയറി ഭീഷണിപ്പെടുത്തിയ കോണ്‍ഗ്രസ് പാങ്ങോട് മണ്ഡലം പ്രസിഡന്റിനെതിരെ കേസ്. കോണ്‍ഗ്രസ് പാങ്ങോട് മണ്ഡലം പ്രസിഡന്റും, വാമനപുരം ബ്ലോക്ക് പഞ്ചായത്ത് അംഗവുമായ എം.എം.ഷാഫിയ്ക്കെതിരെയാണ് പോലീസ് കേസെടുത്തിരിക്കുന്നത്.
മന്നാനിയാ കോളേജ് പ്രിന്‍സിപ്പല്‍ ആസിഫ് സിറ്റി പോലീസ് കമ്മീഷണര്‍ക്ക് നല്കിയ പരാതിയിലാണ് നടപടി. പേരൂര്‍ക്കട പോലീസ് രജിസ്റ്റര്‍ചെയ്ത കേസ് പാങ്ങോട് പോലീസിന് കൈമാറി. രാഷ്ട്രീയ സ്വാധീനം ഉപയോഗിച്ച് പരാതിക്കാരനെ ഭീഷണിപ്പെടുത്തിയതോടെയാണ് ഇയാള്‍ കമ്മീഷണര്‍ക്ക് പരാതി നല്‍കിയത്.
ഒരു കോടിയില്‍പരം രൂപയാണ് ഷാഫി പ്രിന്‍സിപ്പലിന് പലിശക്ക് നല്‍കിയത്. നൂറ് രൂപക്ക് ആറുരൂപ ക്രമത്തില്‍ പലിശവേണമെന്ന് ആവശ്യപ്പെട്ടായിരുന്നു ഭീഷണി. രണ്ടാം തവണയാണ് ഇയാള്‍ക്കെതിരെ പണം പലിശയ്ക്ക് കൊടുക്കല്‍ നിരോധന നിയമ പ്രകാരം നിയമ നടപടി ഉണ്ടാകുന്നത്.
2014ല്‍ ഷാഫിയ്ക്കെതിരെ പണം പലിശയ്ക്ക്കൊടുക്കുന്നതായി പരാതി ഉണ്ടായിരുന്നു.
ഓപ്പറേഷന് കുബേര അനുസരിച്ച് അന്ന് ഇയാളുടെ വീട്ടില്‍ പാങ്ങോട് എസ്.ഐ പരിശോധന നടത്തി. എന്നാല്‍ ആഭ്യന്തരവകുപ്പിലെ സ്വാധീനം ഉപയോഗിച്ച് എസ്.ഐയെ സ്ഥലംമാറ്റി കേസ് ഒതുക്കുകയായിരുന്നു.
ആറുമാസം മുന്‍പ് വാമനപുരത്തെ ഒരു ഹോട്ടലില്‍ അക്രമം നടത്തി ആഹാര സാധനങ്ങള്‍ നശിപ്പിച്ച സംഭവത്തിലും ഇയാള്‍ക്കെതിരെ വെഞ്ഞാറമൂട് പോലീസ് കേസ് എടുത്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: