ബത്തേരി : കെഎസ്ഇബിയും പട്ടിക വര്‍ഗ വകുപ്പും ജില്ലാ ഭരണകൂടവും സംയുക്തമായി ചീയമ്പം 73 കോളനിയില്‍ വൈദ്യുതി ഓഡിറ്റ് നടത്തി. കോളനിയില്‍ 123 വീടുകളുള്ളതില്‍ 48 വീടുകളില്‍ വൈദ്യുതി ബില്‍ അധികമാണെന്ന് വീട്ടുടമസ്ഥര്‍ പരാതിപ്പെടുകയും കോളനിയിലെ വൈദ്യുതി ബില്ലുകള്‍ വര്‍ഷങ്ങളായി കുടിശ്ശികയാവുകയും ചെയ്ത സാഹചര്യത്തിലാണ് ഓഡിറ്റ് നടത്തിയത്. കോളനികളിലെ വൈദ്യുതി ഉപഭോഗം പൂര്‍ണമായി സൗജന്യമാണെന്ന തെറ്റിദ്ധാരണമൂലമാണ് വൈദ്യുതി ബില്‍ കുടിശ്ശികയായതെന്ന് കല്‍പ്പറ്റ ഇലക്ട്രിക്കല്‍ സര്‍ക്കിള്‍ സബ്എഞ്ചിനീയര് എം.ജെ.ചന്ദ്രദാസ് പറഞ്ഞു. കോളനി നിവാസികള്‍ക്ക് രണ്ടു മാസത്തേക്ക് 40 യൂണിറ്റ് വൈദ്യുതി സൗജന്യമാണ്. സബ്സിഡിയായി നല്കുന്ന ഈ തുക സര്‍ക്കാര്‍ കെഎസ്ഇബിയില്‍ അടക്കും. എന്നാല്‍ അധികം വരുന്ന യൂണിറ്റിന് സാധാരണ ഉപഭോക്താക്കളെപ്പോലെ തന്നെ കോളനി നിവാസികളും ബില്ലടക്കണം. കോളനിയില്‍ കുടിശ്ശികയായതു മുതല്‍ കഴിഞ്ഞ മാസം വരെയുള്ള വൈദ്യുത ഉപഭോഗം കണക്കാക്കി കെഎസ്ഇബി ട്രൈബല്‍ വകുപ്പിന് കണക്ക് കൈമാറും. ഈ മാസം മുതലുള്ള ഉപഭോഗത്തി ല്‍ രണ്ടു മാസത്തേക്ക് 40ല്‍ അധികം വരുന്ന യൂണിറ്റിന് കോളനി നിവാസികള്‍ ബില്ലടക്കണം.
കെഎസ്ഇബി ജീവനക്കാ ര്‍ കോളനിയിലെ ഓരോ വീടുകളിലെയും വൈദ്യുതോപകരണങ്ങള്‍, പ്ലഗ് പോയന്റുകള്‍, വയറിങ്ങിന്റെ നിലവാരം, സ്വിച്ചുകളുടെ പ്രവര്‍ത്തനക്ഷമത, എര്‍ത്തിങ്ങ് അടക്കമുള്ള സുരക്ഷാ സംവിധാനങ്ങള്‍ തുടങ്ങിയ വിവരങ്ങള്‍ ശേഖരിച്ചു.
വൈദ്യുതി ഉപയോഗത്തെക്കുറിച്ചും സുരക്ഷയെക്കുറിച്ചും അസി. എക്സി. എഞ്ചിനീയര്‍മാരായ രമേഷ് ബാബു, ജോണ്‍ വര്‍ഗ്ഗീസ് തുടങ്ങിയവര്‍ ക്ലാസ്സെടുത്തു. സബ് എഞ്ചിനീയര്‍ എം.ജെ ചന്ദ്രദാസ് പദ്ധതി വിശദീകരിച്ചു.
ഓരോ കുടുംബത്തിനും ഓരോ സിഎഫ്എല്‍ വീതം വിതരണം ചെയ്തു. ഊരുമൂപ്പന് ബോളന്, അപ്പി ബോളന് സി.എഫ്.എല്‍ നല്കി വിതരണം ഉദ്ഘാടനം ചെയ്തു. പുല്‍പ്പള്ളി അസിസ്റ്റന്റ് എഞ്ചിനീയര്‍ സുരേഷ്ബാബു, സന്നദ്ധ സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: