പെരിന്തലല്മണ്ണ: ചെന്നൈയിലെ വെള്ളപ്പൊക്കത്തില്‍ വീട് നഷ്ടമായെന്ന് പറഞ്ഞ് പെരിന്തല്‍മണ്ണയിലെ ചില വീടുകളിലെത്തിയ യാചകരെ കണ്ട് വീട്ടുകാര്‍ പോലും ഞെട്ടി.
ഏകദേശം 45 വയസ് തോന്നിക്കുന്ന സ്ത്രീയും 50ല്‍ അധികം പ്രായമുള്ള പുരുഷനുമാണ് എത്തിയത്. സ്ത്രീ വീടുകളില്‍ കയറുമ്പോള്‍ പുരുഷന് ഗേറ്റിന് വെളിയില്‍ മറഞ്ഞു നില്ക്കും. സാമാന്യ ബുദ്ധിയുള്ളവര്‍ക്ക് പോലും ഇത് തട്ടിപ്പാകുമെന്ന് മനസിലാകും എന്നറിയാമായിട്ടും യാതൊരു മടിയുമില്ലാതെയാണ് കള്ളം പറഞ്ഞ് പണം തട്ടാനുള്ള ശ്രമം. കഴിഞ്ഞ കുറെ മാസങ്ങളായി ഭിക്ഷാടന മാഫിയയുടെ കേന്ദ്രമായി പെരിന്തല്‍മണ്ണ മാറുകയാണ് എന്നതിന്റെ അവസാനത്തെ തെളിവാണ് ഇത്. ഭിക്ഷ ചോദിച്ച് ഒരാളെങ്കിലും വരാത്ത ദിവസം ഇല്ലെന്നാണ് നാട്ടുകാര്‍ പറയുന്നത്. ഞായറാഴ്ച ദിവസങ്ങളില്‍ അത് നാലോ അഞ്ചോ ആകാം.
കതകില്‍ മുട്ടുകയോ കോളിംഗ് ബെല്ലടിക്കുകയോ ചെയ്യുന്ന യാചകര്‍ വീട്ടുകാര്‍ വരുന്നത് വരെ വാതില്ക്കല് കാത്തുനില്ക്കും. ഒന്നോ രണ്ടോ രൂപ കൊടുത്താല്‍ പലര്‍ക്കും തൃപ്തി വരില്ല. കുറഞ്ഞത് അഞ്ചുരൂപയെങ്കിലും നല്‍കിയാലെ മുഖം തെളിയൂ.
പലര്‍ക്കും പലവിധ വേവലാതികളാണ്. കിട്ടുന്ന തുക കുറഞ്ഞു പോകാതിരിക്കാന്‍ വേണ്ടി, അഭിനയിച്ച് തകര്‍ക്കുന്നവരും കുറവല്ല. മിക്കവരും വരുന്നതാകട്ടേ മനോഹരമായി പ്രിന്റ് ചെയ്ത നോട്ടീസുമായിട്ടാണ്.അതില്‍ തന്നെ ‘സംഭാവന’ എഴുതാനുള്ള കോളവും ഒഴിച്ചിട്ടിരിക്കും.
എന്തെങ്കിലും ചെറിയ തുക കൊടുത്ത് ഒഴിവാക്കാമെന്ന് വച്ചാലും നടപ്പില്ല. കാരണം, തുക കിട്ടിക്കഴിയുമ്പോള്‍ അടുത്ത ആവശ്യം പറയും. അത് വസ്ത്രമോ പാത്രങ്ങളോ ചിലപ്പോള്‍ പഴയ കളര്‍ ടിവി വരെയോ ആകാം. വീട്ടുകാരുടെ മതവിശ്വാസം ഏതാണെന്ന് മനസിലാക്കി ”വര്‍ഗ്ഗീയ സഹതാപം” നേടാന്‍ ശ്രമിക്കുന്ന വിരുതന്മാരും ഇക്കൂട്ടത്തിലുണ്ട്. ഒരു മാസം മുമ്പ് നടന്ന ഒരു സംഭവം ഇങ്ങനെ.
വൈകുന്നേരം ആയപ്പോള്‍ ചില വീടുകളില്‍ ഒരു വയോവൃദ്ധനെത്തി. ഭക്ഷണം ആവശ്യപ്പെട്ടു. ഭക്ഷണം കൊടുക്കാന്‍ തയ്യാറായ വീട്ടുകാരെ അയാള്‍ തന്നെ ഞെട്ടിച്ചു. കാരണം, അദ്ദേഹം പറയുന്ന ദിവസമാണ് ഭക്ഷണം നല്‍കേണ്ടത്. അത് കുറിച്ചുവയ്ക്കാനായി പേപ്പറും പേനയും അയാളുടെ കൈയിലലുണ്ടായിരുന്നു. ഭിക്ഷാടനത്തിന്റെ മറവില്‍ നടക്കുന്ന മോഷണങ്ങള്‍ക്കും കുറവില്ല.
ഇത്തരം ഭിക്ഷാടന സംഘങ്ങളെ നിയന്ത്രിക്കാന്‍ പോലീസ് ജാഗ്രത പാലിക്കേണ്ടത് അത്യാവശ്യമായിരിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: