ജീവിതം തോല്‍ക്കാനുള്ളതല്ലെന്ന് പഠിപ്പിക്കുകയാണ് ഈ പെണ്‍കുട്ടികള്‍. ആരുടേയോ ക്രൂരവിനോദത്തിന് ഇരകളായവര്‍. ഇവരുടെ സ്വപ്നങ്ങള്‍ക്കുമേലാണ് അന്നൊരിക്കല്‍ ആസിഡ് ചിതറിവീണത്. അന്ന് പൊള്ളിവികൃതമാക്കപ്പെട്ട വദനത്തെയോര്ത്ത് വേദനതിന്ന നാളുകള്‍. പക്ഷേ അന്ന് ജീവിക്കാന്‍ പ്രേരിപ്പിച്ചത് ആസിഡിനേക്കാള്‍ വീര്യമുള്ള മനസ്സുതന്നെയായിരുന്നു. ചെയ്യാത്ത തെറ്റിന് ശിക്ഷ അനുഭവിക്കേണ്ടിവന്നപ്പോള്‍ ചുട്ടുപൊള്ളുകയായിരുന്നു മനസ്സ്.
ദുപ്പട്ടകൊണ്ട് മുഖം മറച്ചുനടന്ന ദിനങ്ങളെയോര്‍ത്ത് ഇന്നവര്‍ പരിതപിക്കാറില്ല. സമാനമായ ക്രൂരതയ്ക്ക് ഇരയായ ആ അഞ്ചുപേര്‍. ഇവര്‍ ചേര്‍ന്ന് ആഗ്രയിലെ താജ്മഹലിന് സമീപം ഷീറോസ് ഹാങ്ഔട്ട് കഫേ എന്നപേരിലൊരു കോഫീഷോപ്പ് ആരംഭിച്ചിരിക്കുകയാണിപ്പോള്‍. രൂപയും റിതുവുമാണ് ഇതിന് നേതൃത്വം നല്‍കുന്നത്. പതിനാലാം വയസ്സില്‍ രണ്ടാനമ്മയില്‍ നിന്നുമാണ് രൂപയ്ക്ക് ആസിഡ് ആക്രമണം നേരിടേണ്ടിവന്നത്. കുടുംബത്തിലും സ്നേഹത്തിലും വിശ്വസിച്ച, സ്വതവെ നാണക്കാരിയായ ആ പെണ്‍കുട്ടിയ്ക്ക് അപ്രതീക്ഷിതമായി ഇത്തരമൊരാക്രമണം നേരിടേണ്ടിവന്നപ്പോള്‍ മനസ് പതറിപ്പോയി. ഉത്തര്‍പ്രദേശിലെ മുസാഫര്‍ ജില്ലക്കാരിയാണ് രൂപ. ആസിഡ് അവളുടെ നിറമുള്ള സ്വപ്നങ്ങളെമാത്രമല്ല തകര്‍ത്തത്.
സുന്ദരമായ ചര്‍മത്തേയും ചുണ്ടുകളേയും വികൃതമാക്കുകയും ചെയ്തു. എങ്കിലും അവളുടെ കണ്ണുകളില്‍ ഭാവിയെക്കുറിച്ചുള്ള സ്വപ്നം വീണ്ടും തിരിതെളിച്ചു. അങ്ങനെയാണവള്‍ കോഫി ഷോപ്പിന്റെ ഭാഗമാകുന്നത്. ചനവ് ഫൗണ്ടേഷനും സ്റ്റോപ്പ് ആസിഡ് അറ്റാക്ക് നെറ്റ് വര്‍ക്ക് പ്രവര്‍ത്തകരും ചേര്‍ന്നാണ് ഷീറോസ് ഹാങ്ഔട്ട് കഫേയ്ക്കാവശ്യമായ സഹായങ്ങള്‍ ചെയ്തുനല്‍കിയത്. കോഫിഷോപ്പിന്റെ ഭാഗമായി നിന്നുകൊണ്ടുതന്നെ ഇവിടെയൊരു ഡിസൈനര്‍ ബുട്ടീക്കും രൂപ നടത്തുന്നുണ്ട്. പാചകക്കാരിയായും വെയിറ്ററായും കണക്കെഴുത്തുകാരിയായുമെല്ലാം രൂപ ഇവിടെ സജീവമാകുന്നു.
ആസിഡ് ആക്രമണത്തിന്റെ മറ്റൊരു ഇരയായ റിതുവിന് പറയാനുള്ളത് സ്വത്തുതര്‍ക്കം തന്റെ ജീവിതം തകര്‍ത്ത അനുഭവമാണ്. അന്നവള്‍ക്ക് വയസ്സ് പതിനേഴ്. അഞ്ച് സഹോദരങ്ങളില്‍ ഏറ്റവും ഇളയവള്‍. ആസിഡ് അവളുടെ ഇടതുകണ്ണിനേയും മൂക്കിനേയും കവിളിനേയും കഴുത്തിനേയും ഉരുക്കിക്കളഞ്ഞു. അന്ന് അവളുടെ സഹായത്തിന് ആരും തന്നെയില്ലാതെ റോഡിലൂടെ അലഞ്ഞു. ആളുകള്‍ പരിഭ്രമത്തോടെ നോക്കുകയല്ലാതെ സഹായത്തിനെത്തിയില്ല. ആ സാഹചര്യങ്ങളെയെല്ലാം അതിജീവിച്ചാണ് റിതു ഇന്ന് സ്വയംപര്യാപ്തയായിരിക്കുന്നത്. കോര്‍പറേറ്റ് സ്ഥാപനങ്ങള്‍ തങ്ങളെപ്പോലെ വിരൂപരാക്കപ്പെട്ടവര്ക്ക് ജോലി നല്‍കില്ല-റിതു പറയുന്നു. എന്നാലിപ്പോള്‍ ഞങ്ങളും സ്വതന്ത്രരും ആത്മവിശ്വാസമുള്ളവരുമായിത്തീര്ന്നിരിക്കുന്നു, ശാക്തീകരിക്കപ്പെട്ടിരിക്കുന്നു. റിതുവിനും രൂപയ്ക്കും ഇക്കാര്യത്തില്‍ ഒരേ അഭിപ്രായം. നീത മെഹറും ഗീത ലോഥിയുമാണ് ഇവര്‍ക്കൊപ്പമുള്ള മറ്റുരണ്ടുപേര്‍.
ഷീറോസ് ഹാങ്ഔട്ട് ഒരു സാധാരണ കോഫിഷോപ്പ് പോലെ അല്ലേയല്ല. ചായക്കൂട്ടുകള്‍കൊണ്ട് മനോഹരമാക്കിയ ചുവരുകള്‍ ഏവരേയും ആകര്‍ഷിക്കും. നല്ലൊരു ഡിസൈനര്കൂടിയാണ് രൂപ. ഫാഷന്‍ ഡിസൈനിംഗ് പഠനം തുടരുകയാണ് രൂപയുടെ ലക്ഷ്യം. ആസിഡ് ആക്രമണത്തിന് മുമ്പ് സംസ്ഥാനതല വോളിബോള്‍ താരമായിരുന്നു റിതു. പഠനം തുടരുന്നതിനൊപ്പം സ്പോര്‍ട്സിനുവേണ്ടി എന്തെങ്കിലും ചെയ്യണമെന്നുമാണ് ആഗ്രഹം. എന്നാലിപ്പോള്‍ ഇവരുടെ ലോകം ഷീറോസ് ഹാങ്ഔട്ട് കഫേ തന്നെയാണ്. ബാഹ്യസൗന്ദര്യം നിമിഷനേരത്തേക്കുമാത്രമുള്ളതാണെന്ന യാഥാര്‍ത്ഥ്യമാണ് ഇവരുടെ ജീവിതം വിളിച്ചുപറയുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: