മൂത്രവുമായി ബന്ധപ്പെട്ടുണ്ടാകുന്ന മറ്റൊരു പ്രധാന പ്രശ്നമാണ് മൂത്രാശയക്കല്ല്. ഇതിനെതിരെ പാളയന്കോടന് വാഴയുടെ പിണ്ടി പിഴിഞ്ഞ് നീര് ഒരു ഗ്ലാസ് വീതം എന്നും കുടിച്ചാല്‍ മതിയത്രേ. വാഴപ്പിണ്ടികൊണ്ടുള്ള തോരനും ജ്യൂസും കറികളും ആഹാരത്തിന്റെ ഭാഗമാക്കുകയും വേണം. കല്ലുരുക്കി എന്ന കാട്ടുചെടി അരച്ച് ഒരു നെല്ലിക്കാ വലിപ്പത്തില്‍ വെറുംവയറ്റില്‍ സ്ഥിരമായി കഴിച്ചാല്‍ ഏതുകടുപ്പമുള്ള കല്ലും അലിയുമെന്ന് പഴമക്കാര്‍ പറയുന്നു. കല്ലുരുക്കി സമൂലമിട്ടുതിളപ്പിച്ച വെള്ളം കുടിക്കുന്നതും നന്ന്. കൂവളത്തിന്റെ വേര് അരച്ച് മോരില്‍ സേവിക്കുന്നതും ഉത്തമമാണത്രേ. ഇനി രസകരമായ ഒരു നാടന്‍ പരീക്ഷണം കൂടി പറയാം, മൂത്രക്കല്ലിന്റെ കാര്യത്തില്‍ സംശയം ഉണ്ടെങ്കില്‍ പരീക്ഷിച്ചറിയാന്‍. പാളയന്കോടന് വാഴയുടെ പിണ്ടി ഇടിച്ചുപിഴിഞ്ഞ് അരിച്ച് ഉപ്പും ചേര്‍ത്ത് അതിരാവിലെ കഴിക്കുക. കുറേക്കഴിഞ്ഞ് മൂത്രം എടുത്തുപാത്രത്തില് കുറേനേരം വച്ചശേഷം ഊറ്റുക. കല്ലിന്റെ ശല്യമുള്ള പക്ഷം പാത്രത്തില്‍ ചെറിയ മുള്ളുപോലുള്ള പരലുകള്‍ ശേഷിക്കും.
മൂത്രതടസം പോലെ തന്നെ വിഷമമുണ്ടാക്കുന്ന രോഗാവസ്ഥയാണ് മലബന്ധം. സ്ഥിരമായി കിടക്കാന്‍ നേരം തക്കാളിപ്പഴം കഴിച്ചാല്‍ മലബന്ധമുണ്ടാവില്ലെന്ന് ചില നാട്ടുകാര്‍ വിശ്വസിക്കുന്നു. വാട്ടിയ വെളുത്തുള്ളി കഴിക്കുന്നതും നന്ന്. കറുകപ്പുല്ല് നീര് പതിവായി കഴിക്കുന്നതും മുരിങ്ങയില തോരന്‍ സ്ഥിരം കഴിക്കുന്നതും മലബന്ധം വരാതിരിക്കാന്‍ സഹായിക്കും. എന്നിട്ടും മലബന്ധം വരുന്ന പക്ഷം കാച്ചിയ പാലില്‍ അല്പം ആവണക്കെണ്ണ ചേര്‍ത്തു കഴിച്ചാല്‍ മതി. ബദാം എണ്ണ ചൂടുപാലില് ചേര്‍ത്ത് രാവിലെ വെറുംവയറ്റില്‍ കഴിക്കുന്നതുകൊണ്ടും മലബന്ധം ഒഴിഞ്ഞുപോകും. എങ്കിലും രാത്രി കിടക്കുമ്പോഴും രാവിലെ എഴുന്നേല്ക്കുമ്പോഴും ശുദ്ധജലം കുടിക്കുന്നത് മലബന്ധത്തെ അകറ്റി ശോധനയുണ്ടാക്കും. പാവലിന്റെ ഇല പിഴിഞ്ഞ നീര് അരഗ്ലാസ് വീതം രാവിലെ സേവിക്കുന്നതും ശോധനയ്ക്ക് നല്ലതാണ്. മുരിങ്ങ മരത്തിന്റെ കറ വെള്ളത്തില്‍ ഒരു ദിവസം സൂക്ഷിച്ച ശേഷം അടിച്ചുകുടിക്കുന്നതും മുരിങ്ങയില തിളപ്പിച്ച് വെള്ളംകുടിക്കുന്നതും ശംഖുപുഷ്പത്തിന്റെ വേര് ചതച്ച് ചൂടുവെള്ളത്തില്‍ കഴിക്കുന്നതും നല്ലതെന്ന് നാട്ടറിവ്.
ഒരു കൊച്ചു ചികിത്സയാണ് അടുത്തത്-തുമ്മല്‍ നിലയ്ക്കാത്ത സമയത്ത് തുണി നനച്ച് മൂക്കിന്മേല് പതിച്ചുവയ്ക്കുക. തലവേദന നിലയ്ക്കാതെ വരുമ്പോള്‍ മല്ലിയിലയോ പുതിനയിലയോ അരച്ച് നെറ്റിയിലിടുക.
ആഹാരത്തെ മരുന്നായിക്കണ്ട് ആചരിച്ചിരുന്നവരാണ് നമ്മുടെ പൂര്‍വികര്‍. അതുകൊണ്ടുതന്നെ ഭക്ഷണക്കാര്യത്തില്‍ അതീവ ശ്രദ്ധ വേണമെന്ന് അവര്‍ നമ്മെ ഉപദേശിച്ചു. വിരുദ്ധാഹാരം ഉപേക്ഷിക്കണമെന്നും കല്പിച്ചു.
ചേമ്പും വെണ്ണയും ഒരുമിച്ച് കഴിക്കരുത് എന്നത് ആദ്യ ഉപദേശം. തൈരിനൊപ്പം കോഴിയിറച്ചി കഴിക്കരുത്. മോരും മുതിരയും ഒരുമിച്ച് ഭക്ഷിച്ചുകൂടാ. മാട്ടിന് മാംസവും കൂണും ചേര്‍ത്ത് ആഹരിക്കരുത്. ഗോതമ്പ് എള്ളെണ്ണയില്‍ പാകം ചെയ്ത് ഉപയോഗിക്കരുത്… എന്നിങ്ങനെ എത്രയോ കാര്യങ്ങള്‍. മാംസ ഭക്ഷണത്തിന്റെ കാര്യത്തിലാണ് നിയന്ത്രണങ്ങള്‍ ഏറെയും. മല്‍സ്യവും മാംസവും ഒരുമിച്ചു വേണ്ട. പാകം ചെയ്ത മാംസത്തില്‍ അല്പം പോലും പച്ചമാംസം കലര്ന്നുകൂടാ. പലതരം മാംസങ്ങള്‍ ഒരുമിച്ച് കഴിക്കരുത്. ചെമ്മീനും കൂണും ഒരുമിച്ച് വേണ്ടാ. അങ്ങനെ ഈ പട്ടിക നീളുന്നു. ഇത്തരം നാട്ടറിവുകളുടെ പിന്നിലെ ശാസ്ത്രീയത പരിശോധിക്കാന്‍ നാം ഇനിയും അമാന്തിക്കാന്‍ പാടില്ല.
(തുടരും)
പ്രതികരിക്കാൻ ഇവിടെ എഴുതുക: