ശ്രീപോര്‍ക്കലീ കനിഞ്ഞേകിയ ചൈതന്യ-
ഖഡ്ഗ്ഗവും തങ്കപ്പരിചയും കച്ചയും.
വീരപഞ്ചാസ്യ മുഖവുമാ, നക്ഷത്ര-
ദീപനയനവും ചന്ദ്രതിലകവും
സ്വര്ണമണികളണിഞ്ഞ രുദ്രാക്ഷവും
വര്‍ണം വിതറുന്ന വജ്രാംഗുലീയവും
ആ രക്തചന്ദനച്ചാര്‍ത്തിനാല്‍ സന്ധ്യാഭ
ചേരുന്ന ദിവ്യ പരിവേഷ കാന്തിയും
ക്ഷാത്രമാം പൊന്നുടലൊന്നതാം കേരള-
സംസ്കാര വീരചൈതന്യ പ്രഭാവവും
ഒട്ടും മറന്നില്ല, ഞങ്ങളിന്നും നെടും
കോട്ടയം നാട്ടിലെ പഞ്ചാസ്യ
വീരനെ………………
സൂര്യനസ്തമിക്കാത്ത സാമ്രാജ്യത്തിന്റെ അധികാരമേധ, അതിന്റെ ബുദ്ധിയുക്തി പ്രഭാവങ്ങളോടെ ലോകത്തിന്റെ നെറുകയിലും ഭാരതത്തിന്റെ പുണ്യപുരാതന സംസ്കൃതീ ചൈതന്യത്തിന്റെ ത്രിശിരസ്സിലും വിജയ പതാക പാറിച്ച നാളുകളില്‍, വര്‍ണ വര്‍ഗ്ഗ വൈജാത്യങ്ങളാല്‍ വൈരുദ്ധ്യപൂര്‍ണ്ണമായ കേരളത്തിന്റെ മണ്ണില്‍ മാപ്പിളയേയും നായരേയും കുറിച്യ കുറുമന്‍മാരെയും ഏകോപിപ്പിച്ച് ദുരദൃഷ്ടി ദുര്‍വൃത്തരായ ഇംഗഌഷുകാര്ക്കെതിരെ ധര്മ്മധീരതയോടെ പോരാടിയതിന്റെ പേരില്‍ ഭാരത സ്വാതന്ത്രസമര പോരാട്ടത്തിന്റെ ആദ്യപാദത്തില്‍ തന്നെ കൊല്ലപ്പെട്ട വീരകേരളവര്‍മ്മ പഴശ്ശിരാജാവിനെപറ്റി മഹാകവി പി. കുഞ്ഞിരാമന് നായര്‍ എഴുതിയ വരികളാണ് മുകളില്‍ കൊടുത്തത്.
ശിഥില രൂപത്തില്‍ പോലും വിസ്മയ വിഷയമാവുന്ന ചരിത്രത്തിന്റെ വിശുദ്ധ സൂക്ഷിപ്പുകള്‍ പോലെ പഴശ്ശിരാജാവിന്റെ ജീവിതവും ആ ജീവിതത്തിലെ വേറിട്ട ഏടെന്നു പറയുന്ന സാമ്രാജ്യത്വ വിരുദ്ധ സമര മുഹൂര്‍ത്തങ്ങളും നമ്മുടെ പ്രജ്ഞയില്‍ ദേശാഭിമാനത്തിന്റേതായ ഉല്ക്കര്ഷങ്ങള് വിരിയിക്കുന്നു.
‘ഇംഗ്ലീഷുകാരന്റെ അധികാര സ്രോതസ്സ് എത്രമാത്രം യുദ്ധപ്രമത്തവും വംശനികൃഷ്ടമാണെങ്കില് പോലും ഞാന്‍ പതറുകയില്ല. എന്റെ കഴിവിന്റെ പരമാവധി ഞാന്‍ അവര്‍ക്കെതിരെ പോരാടും മണത്തണയിലെ പുണ്യക്ഷേത്രത്തിലെ ദൈവങ്ങളെ നിന്ദിച്ച വൈദേശികന് ഞാന്‍ മറുപടി കൊടുക്കും. ജനങ്ങള്‍ ധര്‍മ്മത്തിന്റെ പക്ഷത്തു നിലകൊളളും’. ഒരു വേള, ഇംഗഌഷ് നൃശംസത നമ്മുടെ ദേശത്തിന്റെ പാവനമായ ആത്മാവിലെവിടെയോ കുത്തി മുറിവേല്പ്പിച്ചപ്പോള് പഴശ്ശിരാജാവ് ജനപക്ഷത്തു നിന്ന് ഉദീകരണം ചെയ്ത വാക്കുകള്‍. വെളളക്കാരന്റെ സാമ്രാജ്യസംസ്ഥാപനദുര അതിന്റെ കൃത്യവും കൃതഹസ്തവുമായ ശൈലീ വിലാസങ്ങളാല്‍, തദ്ദേശ ജനതയുടെ മൗലിക ജീവിതധാരയേയും വിശ്വാസ സ്തംഭങ്ങളേയും ധ്വംസിക്കുന്നതില്‍, ധര്മ്മരോഷംപൂണ്ട കേരള വര്‍മ്മയെക്കുറിച്ച് ചരിത്ര സാക്ഷ്യങ്ങള്‍ ഏറെ.
പശ്ചിമഘട്ടമലനിരകളുടെ ചരിത്രാഖ്യായികകള്ക്കുമപ്പുറത്ത് വേറിട്ടൊരു പരിസ്ഥിതി വിസ്മയമായ് പരിലസിക്കുന്ന പുരളിമല വീരപഴശ്ശി തന്റെ ഒളിപ്പോര് യുദ്ധത്തിന്റെ പല സന്ദര്‍ഭങ്ങളിലും താമസിച്ചിട്ടുള്ളൊരു സ്ഥലമാണ്. മുഴക്കുന്ന്, പുരളിമല, കണ്ണവം, മണത്തണ, ആറളം, താമരശ്ശേരി, വയനാട്ടിലെ പേരിയ, തലപ്പുഴ, മാനന്തവാടി, പനമരം, പുല്‍പ്പളളി, കമ്പളക്കാട്, തൊണ്ടൂര്നാട്, കുങ്കിച്ചിറ എന്നീ സ്ഥലങ്ങളിലൊക്കെ ഒളിപ്പോര് സംഘങ്ങള്‍ ഉണ്ടാക്കിയും സങ്കേതങ്ങള്‍ നിര്‍മിച്ചും അദ്ദേഹം വിശ്രമമില്ലാതെ സഞ്ചരിച്ചിരുന്നു. ബ്രിട്ടീഷുകാരുടെ ബോംബെ ഗവര്‍ണറായിരുന്ന ജോനാഥന് ഡങ്കന്റെ വിവരണങ്ങളില്‍ പഴശ്ശിയുടെ ഒരു നാടന്‍ രൂപമുണ്ട്. തലമുടി നീട്ടിവളര്‍ത്തി, ഒരു കുറിയ തഴച്ച താടിവെച്ച്, ഒരു ചെറിയ മനുഷ്യനായിരുന്നു പഴശ്ശി. ചിലപ്പോള്‍ ചുവന്ന ഒരു തൊപ്പി ധരിച്ചിരുന്നു. രേഖകളില്‍ ‘പൈച്ചി രാജ’യെന്നും ‘കൊട്ട്യോട്ട് രാജ’യെന്നും കാണുന്നു. തലശ്ശേരിയില്‍ നിന്ന് ഇരുപത്തഞ്ചു കിലോമീറ്റര്‍ കിഴക്കോട്ട് മാറി പഴശ്ശിയിലാണ് 1753 ല്‍ കേരളവര്‍മ്മ ഭൂജാതനായത്. രണ്ടാം ചേരരാജാക്കന്മാരുടെ സാമന്തന്മാരായിരുന്ന കോട്ടയം രാജവംശത്തിലെ രാജാക്കന്മാരുടെ പൂര്‍വ്വികനായ കേരളവര്‍മ്മ ഉള്ളൂരിന്റെ ‘ഉമാകേരളം’ എന്ന കാവ്യത്തിലെ നായകനെന്നറിയുമ്പോള്‍ നാം അത്ഭുതപ്പെടും. ഈ കേരളവര്‍മ്മ തിരുവിതാംകൂറിലെ എട്ടുവീട്ടില്‍ പിളളമാരേയും മുകിലപ്പടയേയും തോല്‍പ്പിച്ച് ഉമ്മയമ്മറാണിക്ക് രാജാധിപത്യം ഉറപ്പിച്ചു കൊടുത്തു എന്ന് ഐതിഹ്യം.
കോട്ടയം രാജവംശത്തിലെ പൂര്‍വ്വികനായിരുന്ന ഒരു ഹരിച്ഛന്ദ്രനെക്കുറിച്ചും കിര്‍മ്മീരവധ ആഖ്യാനത്തില്‍ കാണുന്നു. ‘ഹരിച്ഛന്ദ്ര കാലോത്ഭവന്’ എന്നുളള സൂചന പഴശ്ശിയെക്കുറിച്ചാണെന്നും ചരിത്രകാരന്മാര് സമര്‍ത്ഥിക്കുന്നു. പഴശ്ശി സാന്നിദ്ധ്യത്താല്‍ പുളകിതഗാത്രയായ പുരളിമലക്ക് കോട്ടയം രാജവംശവുമായി ചിരപുരാതന ബന്ധമുണ്ട്. പഴയ ഹരിച്ഛന്ദ്രന്റെ കോട്ടയുടെ സ്മൃത്യാവശിഷ്ടങ്ങള് ഇപ്പോഴും പുരളിമലയില്‍ കാണാം. ദക്ഷിണ കാശിയായ ബാവലിയുടെ കൈവഴിയായ ആറളം പുഴയോരത്തെ അമൃതേത്തു പാറയും പഴശ്ശിയുടെ യുദ്ധനിവര്ത്തന കാലത്തിലെ ജ്വലിക്കുന്ന നാഴികക്കല്ലുകളാണ്.
തിരുവിതാംകൂര്‍ ദളവയുടെ ബ്രീട്ടീഷ് വിരുദ്ധ പോരാട്ടങ്ങള്‍ക്ക് കൊടുത്ത പ്രാധാന്യം ആര്ഷസംസ്കാരസന്ദേശം പോലെ ആഢ്യപുരസ്കൃതമായി നടന്ന പഴശ്ശി കലാപത്തിനു കൊടുക്കാതെ പോയി എന്നതുകൊണ്ട് മാത്രം സ്വാതന്ത്ര്യ സമരചരിത്രം പാഠപുസ്തകങ്ങളില്‍ പോലും ആവരണ പദങ്ങളാല്‍ അലങ്കോലപ്പെട്ടു കിടന്നു. മൈസൂര്‍ സുല്‍ത്താനായിരുന്ന ഹൈദരലിയുടെ അധികാരാശ്വമേധങ്ങള്ക്കു മുമ്പില്‍ വിറങ്ങലിച്ച കോട്ടയം രാജ്യത്ത് യുവസഹജമായ വീര്യപ്രതിരോധം സൃഷ്ടിച്ചു കൊണ്ടാണ് കേരളവര്‍മ്മ ധര്‍മ്മസംസ്ഥാപനത്തിന്റെ സുവര്ണവാതായനങ്ങള് തുറന്ന് ചരിത്രത്തിലേക്കും കടന്നു വന്നത്.
കോട്ടയം രാജവംശത്തിന്റെ ആരുഢസ്ഥാനവും മുഴക്കുന്ന് പഴശ്ശി കോവിലകം സ്ഥിതിച്ചെയ്യുന്നിടത്തു നിന്ന് കിഴക്കോട്ട് മാറി തലശ്ശേരിക്കടുത്തുളള മുഴക്കുന്ന് ശ്രീ മൃദംഗശൈലേശ്വരിക്ഷേത്രം. ഇതിനു സമീപമാണ് പരശുരാമ പ്രതിഷ്ഠിതമായ പിണ്ഡാലിധര്മ്മ ക്ഷേത്ര കളരി. കോട്ടയം രാജാക്കന്മാര് ആയുധാഭ്യാസം നടത്തി ശസ്ത്ര പ്രവീണരായത് പിണ്ഡാലി നമ്പീശന്മാര് ഗുരുസ്ഥാനം അലങ്കരിക്കുന്ന ഈ കളരിയില്‍ വെച്ചാണ് വീരപഴശ്ശിയും പട്ടും വളയും സ്വീകരിച്ച് ധര്‍മ്മയുദ്ധ നിയോഗം നെഞ്ചേറ്റിയത്. സ്വയം രാജാവായി അരിയിട്ടു വാഴ്ച നടത്തിയതും… ബ്രാഹ്മണര്‍ക്ക് കുടിനീര് കൊടുക്കാന്‍ അര്‍ഹതയുളള വരായിരുന്നു മുഴക്കുന്ന് ക്ഷേത്രം കുടുംബക്ഷേത്രമായി കരുതി ഭരണം നടത്തി വന്ന കോട്ടയം രാജാക്കന്മാര്.
ഹൈദരലിയുടെ പടയോട്ടത്തിന്റെ നാളുകളില്‍ രാജ്യം വിട്ടോടിപ്പോയ മലബാറിലെ ഭീരുക്കളായ രാജാക്കന്മാര്ക്കപവാദമായി പഴശ്ശി ഹൈദരലിക്കെതിരേ മുന്‍പിന്‍ നോക്കാതെ നിലകൊണ്ടു. ഈ ചെറുത്തു നില്പ്പിന് പഴശ്ശി ബ്രിട്ടീഷ് സേനക്കെന്തെങ്കിലും മൂല്യബോധം ഉണ്ടെങ്കില്‍ ആ മൂല്യവും അന്വേഷിച്ചിരുന്നു. എന്നാല്‍ ഹൈദരലി- പഴശ്ശിയങ്കം ‘രാഷ്ട്രീയം’ എന്ന മുദ്ര കുത്തി ഇംഗ്ലീഷുകാര്‍ ഒതുങ്ങി മാറി. പക്ഷെ ഹൈദര്‍ ഇംഗ്ലീഷുകാരുടെ തലശ്ശേരി ക്യാമ്പ് ആക്രമിച്ചപ്പോള്‍ ഇംഗ്ലീഷുകാര്‍ യുദ്ധതന്ത്രം എന്ന നിലയില്‍ പഴശ്ശിയുമായി കൈകോര്‍ത്തു. പഴശ്ശി, ഹൈദരുടെ പിടിയില്‍ നിന്ന് കോട്ടയം രാജ്യത്തിന്റെ സ്വാതന്ത്ര്യം സഫലീകരിച്ചു. ഇതോടെ പലായനം ചെയ്ത രവിവര്‍മ്മ തിരികെ വന്ന് രാജ്യാധികാരം ഏറ്റെടുത്തു. കേരളവര്‍മ്മ ധര്‍മ്മയുദ്ധത്തിന്റെ പ്രചാരത്താല് പ്രകീര്ത്തിതനാവുകയും ചെയ്തു.
1787 ഹൈദരലിയുടെ മരണശേഷം അദ്ദേഹത്തിന്റെ മകന് ടിപ്പുസുല്‍ത്താന്‍ മൈസൂരില്‍ സ്ഥാനാഭിഷിക്തനായി. ബ്രിട്ടീഷ് കമ്പനിയുമായി സന്ധിയില്ലേര്പ്പെട്ടു. ഇതുപ്രകാരം ഈസ്റ്റിന്ത്യാക്കമ്പനി, മലബാര്‍ ടിപ്പുവിനു തിരികെ നല്കി. എന്നാല്‍ കോട്ടയം രാജാവും പഴശ്ശിയുടെ അമ്മാവനുമായ രവിവര്‍മ്മ പ്രവര്‍ത്തി ദൗര്‍ബല്യങ്ങളാല്‍ സാമ്പത്തിക ബുദ്ധിമുട്ടനുഭവിച്ചിരുന്ന കൃഷിക്കാര്‍ക്ക് താങ്ങാനാവാത്ത ഒരു തുക ടിപ്പുവിന് കപ്പമായി കൊടുക്കാമെന്ന വ്യവസ്ഥയുണ്ടാക്കി ഭരണം തുടര്‍ന്നു.
നികുതി വര്‍ദ്ധിപ്പിച്ച് കൃഷിക്കാരനില്‍ രവിവര്‍മ്മ അടിച്ചേല്‍പ്പിച്ച പരുക്കന്‍ നയം കൃഷിക്കാരെ പ്രകോപിതരാക്കി. അവര്‍ യുവരാജാവായിരുന്ന കേരളവര്‍മ്മയുടെ പിന്തുണയും നേതൃത്വവുമായി ചൂഷണ ഭരണ ശ്രേണികള്‍ക്കെതിരെ സംഘടിച്ചു. സാമൂഹിക വിരുദ്ധപ്രവര്‍ത്തനത്തിനും മതപരിവര്‍ത്തനത്തിനും വിധേയമാക്കി ടിപ്പുവും തന്ത്രങ്ങള്‍ ആവിഷ്കരിച്ചു. രവിവര്‍മ്മ, ഭരണം അനന്തരവനായ പഴശ്ശിയെ ഏല്‍പ്പിച്ച് നാടുവിട്ടു. 1789 ഓടെ സംഭവങ്ങള്‍ ഈ വിധം വൃത്താനുവൃത്ത വിപരീത താളത്തിലേക്ക് പതിച്ചതോടെ ഇംഗ്ലീഷുകാര്‍ക്കും ടിപ്പുസുല്‍ത്താന്റെ അധികാരഘോഷണങ്ങളില് പരിക്കുപറ്റി തുടങ്ങി. ടിപ്പു, തലശ്ശേരിയിലെ ഇംഗ്ലീഷ് ക്യാമ്പ് ലക്ഷ്യംവെച്ചതോടെ ബ്രിട്ടീഷ് കമ്പനിക്ക് പഴശ്ശിയുടെ സഹായം തേടേണ്ടിവന്നു.
മൈസൂര്‍ പടയുടെ ആക്രമണത്താല്‍ അഭയം തേടി തലശ്ശേരിയിലെത്തിയ നായര്‍ പടക്ക് ഇംഗ്ലീഷുകാര്‍ അഭയം കൊടുക്കാത്തതില്‍ പഴശ്ശി ഇംഗ്ലീഷുകാര്‍ക്കെതിരെ നീങ്ങി. അവരുമായുണ്ടാക്കിയ ഉടമ്പടി റദ്ദ് ചെയ്തു. തലശ്ശേരിയിലേക്ക് സൈന്യത്തെ നയിച്ചു. ഇതിനിടെ മൈസൂര്‍ -ആംഗ്ലോ യുദ്ധം ആസന്നമായി. ഈ അവസരം മുതലാക്കി കമ്പനിക്ക് കപ്പം കൊടുക്കാമെന്ന വ്യവസ്ഥയില്‍ കോട്ടയത്തെ, ടിപ്പുവിന്റെ ആധിപത്യത്തില്‍ നിന്നും മോചിപ്പിച്ചു.
1792ല്‍ ശ്രീരംഗപട്ടണ സന്ധിപ്രകാരം ആംഗ്ലോ-മൈസൂര്‍ യുദ്ധം അവസാനിച്ചു. സന്ധിയനുസരിച്ച് വയനാട് അടക്കമുളള മലബാര്‍ പൂര്‍ണമായും ടിപ്പു ഈസ്റ്റിന്ത്യാ കമ്പനിക്ക് വിട്ടുകൊടുത്തു.
ഇതോടെ പഴശ്ശിയും കമ്പനിയും മുഖാമുഖമായി.… ഭൗതീക ലാഭങ്ങള്‍ക്കു വേണ്ടിയാണ് കമ്പനി യുദ്ധം ചെയ്തതെങ്കില്‍, ഒരു മഹത്രാജ്യത്തിന്റെ പുണ്യ പുരാതന സാംസ്കാരിക മൂല്യങ്ങള്‍ക്കു വേണ്ടിയാണ് പഴശ്ശി പടച്ചട്ടയണിഞ്ഞത്. ബോംബൈയില്‍ നിന്നുവന്ന കമ്മീഷന് കേരളവര്‍മ്മയുമായി തര്‍ക്കത്തിലായി. തങ്ങള്‍ക്ക് വഴങ്ങാത്ത കേരളവര്‍മ്മയെ തോല്‍പ്പിക്കാന്‍ കുറുമ്പ്രനാട്ട് രാജാവ് വീരവര്‍മ്മയെ കോട്ടയത്തിന്റെ കരംപിരിവുകാരനായി ഇംഗ്ലീഷുകാര്‍ ഏല്‍പ്പിച്ചു. വീരവര്മ്മക്കു കരം നല്‍കരുതെന്ന് പഴശ്ശി രാജാവും ജനങ്ങളെ ഉദ്ബോധിപ്പിച്ചു. കോട്ടയത്ത് സ്വയം രാജാവായി അവരോധിതനായി. ബ്രീട്ടിഷുകാരുടെ കരംപിരിവുകാരനായ അപ്പുക്കുട്ടി പ്രവര്ത്തിക്കാരന്, കുറ്റിയാടി രാമന്, ആറാടി ചന്തു എന്നിവര്‍ക്ക് കരം കൊടുക്കരുതെന്ന് പഴശ്ശി എഴുതിയ കത്തുകള്‍ ഇപ്പോഴും അവശേഷിക്കുന്നുണ്ട്. അതേപോലെ കുറ്റിയാടി ചുരം ഉപരോധിച്ചുകാണ്ട് കൈതേരി അമ്പു, എടച്ചനകുങ്കന്‍, കണ്ണോത്ത് നമ്പ്യാര്‍ എന്നിവര്‍ നയിച്ച പോരാട്ടത്തിന്റെ സുവിദിതസ്തുതി സൂക്തങ്ങളും.……
പഴശ്ശി കൊട്ടാരം കൊളള ചെയ്ത ഇംഗ്ലീഷുകാരുടെ ആക്രമണം മണത്തറിഞ്ഞ് രക്ഷപ്പെട്ട പഴശ്ശിയെ തേടി ഇംഗഌഷുകാര്‍ ഭടന്മാരെ അയച്ചു. വേങ്ങാട്ടെ രണ്ട് മാപ്പിളമാരെ കൊലചെയ്തു എന്ന കുറ്റം പഴശ്ശിയുടെ മേല്‍ ചാര്‍ത്തി വര്‍ഗ്ഗീയ ധ്രൂവീകരണം ഉണ്ടാക്കാന്‍ ശ്രമിച്ചു. എന്നാല്‍ പഴശ്ശിയാകട്ടെ ടിപ്പുവിനെ കണ്ട് സഹായമഭ്യര്‍ത്ഥിച്ചു. ടിപ്പു തന്റെ സേനയെ പഴശ്ശിയുടെ സഹായത്തിനായ് വിട്ടുകൊടുത്തു. ഇംഗ്ലീഷ് വിരുദ്ധ പോരാട്ടവുമായി ജനങ്ങള്‍ക്കിടയില്‍ പ്രവര്‍ത്തിച്ചിരുന്ന ഉണ്ണി മൂത്ത, അത്തന്‍ ഗുരിക്കള്‍ എന്നീ മുസഌം ദേശാഭിമാനികളുമായി ചേര്‍ന്ന് പഴശ്ശി താന്‍ മുസഌം വിരോധിയല്ലെന്ന് തെളിയിച്ച് ബ്രിട്ടീഷുകാര്‍ക്കെതിരെ സമരാഹ്വാനം ചെയ്തു. 1797 പഴശ്ശി ഇംഗ്ലീഷുകാരുമായുളള ആശയസമരത്തിന് ആയുധത്തിളക്കങ്ങള് കൂടി അകമ്പടിയാക്കി. തലശ്ശേരിയില്‍ നിന്നുളള ഇംഗ്ലീഷു പടയെ വയനാട്ടില്‍ തലക്കല്‍ ചന്തുവിന്റെ നേതൃത്വത്തിലുളള കുറിച്ച്യ സേന തകര്‍ത്തു തരിപ്പണമാക്കി. പഴശ്ശിയിലെ ഇംഗ്ലീഷുകാരുടെ കാവല്‍ സൈന്യത്തേയും കുറിച്ച്യപ്പട നിഗ്രഹിച്ചു.
ദേശസ്നേഹത്തിന്റെ ചങ്കിനു നേരെ ബ്രിട്ടീഷ് കൊലത്തോക്കുകള് ഉയര്‍ത്തിയവര്‍ മൂല്യസംസ്കാരത്തിന്റെ ആഴവും പരപ്പും അര്‍ത്ഥ സാന്ദ്ര ചക്രവാളങ്ങളും കണ്ട് സങ്കുചിതത്വത്തിന്റെ വാത്മീകത്തില്‍ പോയൊളിച്ച യുഗമുഹൂര്ത്തമായിരുന്നു അത്.…… പഴശ്ശിയുടെ ഗറില്ല ആക്രമണങ്ങള്‍ വെറും ഗറില്ലാ ആക്രമണങ്ങള്‍ ആയിരുന്നില്ല. അഭിമാനം ധ്വംസിക്കപ്പെട്ട തദ്ദേശിയ ജനതയുടെ മനുഷ്യാവകാശ പ്രസ്താവനയുടെ കാലോചിത പ്രകടനങ്ങള്‍ തന്നെയായിരുന്നു അവ.
ഈ പ്രബോധന പോരാട്ടങ്ങള്‍ ഉച്ചസ്ഥായി പ്രാപിച്ചപ്പോള്‍ സൈനിക നടപടികള്‍ക്ക് നേതൃത്വവുമായി ഗവര്‍ണര്‍ ഡങ്കന്‍, സൈനാധിപന് സ്റ്റുവര്‍ട്ട് എന്നിവര്‍ വയനാട്ടില്‍ എത്തി. താഴ്ന്ന ജാതിക്കാരെ സംഘടിപ്പിച്ച് ‘കോല്ക്കാരന്മാര്’ എന്നൊരു സേന ഇവര്‍ രൂപീകരിച്ചു. രാജ്യം മുഴുവന്‍ ഒറ്റുകാര്‍, പഴശ്ശിയെക്കുറിച്ച് കിംവദന്തികള്‍ പ്രചരിപ്പിക്കുന്നവര്‍ എന്നിവരേയും സജ്ജരാക്കി. ഇതുകൊണ്ടൊക്കെ പ്രചുരപ്രഭാവ സുശക്തനായ കേരളവര്‍മ്മയെ തോല്‍പ്പിക്കാന്‍ കഴിയാതെ വീണ്ടുമൊരു ചങ്ങാത്തത്തിലേക്ക് നീങ്ങുകയായിരുന്നു വിദൂരതന്ത്ര പ്രവീണരായ ബ്രിട്ടീഷുകാര്‍.
ഫ്രഞ്ച് വിപഌവത്തിനു ശേഷം ഫ്രാന്‍സില്‍ ചക്രവര്‍ത്തി പദത്തിലെത്തിയ നെപ്പോളിയന് ഇംഗ്ലണ്ടിനോടുളള വിരോധത്താല്‍ ഭാരതത്തെ ആക്രമിച്ചേക്കുമെന്ന വൃത്താന്തങ്ങള്‍ പരന്നു. അങ്ങനെ വന്നാല്‍ ഇംഗ്ലണ്ട് വിരോധിയും നെപ്പോളിയന് അനുഭാവം ഗൂഢമായി സൂക്ഷിക്കുന്നവനുമായ ടിപ്പു സുല്‍ത്താന്‍, നെപ്പോളിയനോട് ചേര്‍ന്ന് ബ്രിട്ടീഷ് സൈന്യത്തെ തകര്ക്കുമെന്നുമുളള രാഷ്ട്രീയ കല്‍പ്പനകള്‍ ശക്തി പ്രാപിച്ചപ്പോള്‍ വെല്ലസ്ലി ഇന്ത്യന്‍ ജനറലായി എത്തി. ഇതോടെ വെല്ലസ്ലി നാട്ടുരാജ്യങ്ങളുടെ ആഭ്യന്തരവും ഭരണപരവുമായ കാര്യങ്ങളില്‍ സ്വേച്ഛാധികാരത്തോടെ ഇടപെടാന്‍ തുടങ്ങി. ഇത് യുദ്ധപ്രകോപനങ്ങള്ക്ക് വഴിയൊരുക്കി. പഴശ്ശിയുടെ സൈന്യത്തില്‍ വന്നു ചേര്‍ന്ന ടിപ്പുവിന്റെ സൈനികര്‍ ബ്രിട്ടീഷ് വിരോധം വെച്ചുളള രണപടഹം ഉയര്‍ത്തി. പഴശ്ശിരാജക്ക് തടയിടാന്‍ വെല്ലസ്ലിയും നേരിട്ട് പടക്കളത്തിലെത്തി. പനമരം പുഴയുടെ വക്കില്‍ കുന്നിന് മുകളില്‍ ഇരുന്നാണ് പഴശ്ശി തന്റെ യുദ്ധതന്ത്രങ്ങള്‍ പലതും മെനഞ്ഞത്. 1799ല്‍ ടിപ്പുവിന്റെ മരണശേഷം ബ്രിട്ടീഷുകാര്‍ വയനാട് രണ്ടായി തിരിച്ച് മൈസൂരിനോടും കോയമ്പത്തൂരിനോടും ചേര്‍ക്കാന്‍ ശ്രമം തുടങ്ങി.
ഇതിനെതിരേ പഴശ്ശി ശക്തിയുക്തം ശബ്ദിച്ചിരുന്നു. ഇതാണ് ഗൗരവപരമായ സംഘര്‍ഷത്തിലേക്കും യുദ്ധത്തിലേക്കും വഴി വെച്ച മറ്റൊരു കാര്യം.
1801 ജനറല്‍ സ്റ്റീഫന്‍സും സൈന്യവും ചേര്‍ന്ന് മാനന്തവാടിക്കടുത്ത് മാടക്കര പിടിച്ചെടുത്തു. പഴശ്ശിയുടെ ശക്തികേന്ദ്രമായ പേരിയയിലും അവര്‍ ആധിപത്യം സ്ഥാപിച്ചു. ഈ സമയം പയ്യാവൂര്‍, ചിറക്കല്‍, കടത്തനാട് പ്രദേശത്ത് ഒളിവില്‍ പോയ പഴശ്ശി 1802ല്‍ വീണ്ടും പോരാട്ടവീരവുമായി രംഗത്തുവന്നു. എടച്ചേനകുങ്കന്, തലക്കല്‍ ചന്തു എന്നിവരുടെ നേതൃത്വത്തില്‍ പനമരം കോട്ട ആക്രമണം ചരിത്രത്തിലെ കോള്മയിര് കൊള്ളിക്കുന്ന ഒരേടാണ്.
വയനാട് എന്നും പഴശ്ശിക്ക് പ്രിയപ്പെട്ട ഭൂവിഭാഗമായിരുന്നു. മലകളും നിബിഡവനങ്ങളും നിറഞ്ഞ ഭൂമിയില്‍ തന്റെ മനസാക്ഷി തൊട്ടറിഞ്ഞ കുറിച്യപ്പടയാളികളോടു കൂടി ഭാരത സ്വാതന്ത്ര്യസമര പോരാട്ടത്തിന് തുടക്കം കുറിച്ചതിന്റെ ഹ്യദയഗന്ധിയായ കഥകള്‍ വയനാട്ടു പഴമകളില്‍ ഇന്നും നിറവോടെ നില്ക്കുന്നു.
1805ല്‍ നവംബര്‍ മാസത്തില്‍ കേണല്‍ഹില്‍, ബാബര്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇരുന്നൂറ് പോലീസുകാര്‍ പഴശ്ശിയെ പിടികൂടാന്‍ പുല്‍പ്പളളി കാട്ടില്‍ പ്രവേശിച്ചു. ഇതിനിടെ പഴശ്ശി സൈന്യവുമായി ഏറ്റുമുട്ടലുകള്‍ ഉണ്ടായി പുല്‍പ്പളളി നിവാസികളെ കമ്പനിയുടെ അധീനതയില്‍ കൊണ്ടുവന്ന ബാബര്‍, പഴശ്ശിയെക്കുറിച്ചുളള വിവരങ്ങള്‍ ശേഖരിക്കാന്‍ പണിയരെ നിയോഗിച്ചു.അനന്തര സംഭവങ്ങള്‍ ബ്രിട്ടീഷ് സബ്ബ് കളക്ടര്‍ ടി. എച്ച്. ബാബര്‍, മലബാര്‍ പ്രിന്‍സിപ്പള്‍ കലക്ടര്‍ തോമസ് വാര്ഡന് എഴുതിയ കത്തില്‍ വിവരിക്കുന്നു….
വിവരണത്തില്‍, പഴശ്ശിരാജയെ കലാപകാരി കേരളവര്‍മ്മ രാജയെന്നദ്ദേഹം വിശേഷിപ്പിക്കുന്നു. മൈസൂര്‍ അതിര്‍ത്തിയില്‍ കങ്കാറനദിക്കു സമീപം പഴശ്ശിയെ അന്വേഷിച്ച് ബാബര്‍ സംഘം എത്തിച്ചേര്‍ന്ന നദിയുടെ തീരത്ത് പഴശ്ശി സൈന്യം നിര്‍മ്മിച്ച കുടിലുകള്‍ കണ്ടു. തുടര്‍ന്ന് ഒന്നരമണിക്കൂര്‍ യാത്ര ചെയ്തപ്പോള്‍ മൈസൂര്‍ പ്രദേശത്ത് ഇടതിങ്ങിയ പുല്‍ക്കാടുകളും തേക്കിന് കാടും കണ്ടു. ക്യാപ്റ്റന്‍ വാട്സന്റെ സായുധ പോലീസിലെ സുബേദാറായ ചേരന് മുന്നില്‍ പോകുന്ന സംഘത്തെ നയിച്ചു.
ചേരന് മാവിലാം തോടിന്റെ തീരത്ത് പത്തോളം ആളുകളെ കണ്ടു. അവിടെ കണ്ടവരെ ആക്രമിക്കാന്‍ തന്റെകൂടെയുള്ള സംഘത്തോട് ബാബര്‍ കല്‍പ്പനയിട്ടു. ചേരന് ഒരു നിമിഷം കൊണ്ട് പറഞ്ഞതു പ്രവര്‍ത്തിച്ചു. പടവെട്ടി കുറഞ്ഞ സമയം കൊണ്ട് കലാപകാരികള്‍ കോല്‍ക്കാരുമായി ഏറ്റുമുട്ടി നിലത്തുവീണു. അപ്പോള്‍ അവിടെ വന്ന ഒരു പുതിയ സംഘം കലാപകാരികള്‍ കേല്ക്കാരന്മാരുമായി ഏറ്റുമുട്ടി, കുങ്കന്റെ സൈന്യമായിരുന്നു അത്. അവര്‍ക്ക് നേരെ കോല്ക്കാര് വെടിയുതിര്‍ത്തപ്പോള്‍ സംഘം കാട്ടില്‍ ഓടിമറഞ്ഞു. ആദ്യം വീണ സംഘത്തില്‍ പഴശ്ശിരാജാവുണ്ടായിരുന്നു എന്ന് ബാബര്‍ കണ്ടെത്തിയിരുന്നു.
പഴശ്ശിരാജാവിന്റെ നിഷ്ക്രമണം തടഞ്ഞു നിര്‍ത്തിയത് കച്ചേരി ഉദ്യോഗസ്ഥന് കണാരമേനോനായിരുന്നു. രാജാവ് തന്റെ കൈത്തോക്ക് കണാര മോനോന് നേരെ ചൂണ്ടി ‘അടുത്തുവരരുത് എന്നെ തൊട്ടശുദ്ധമാക്കരുത്’ എന്നു പറഞ്ഞിരുന്നു. പിന്നീട്…വയനാട്ടിലെ ഒരു പ്രവര്‍ത്തിക്കാരന്റെ സാമര്‍ത്ഥ്യത്താല്‍ രാജാവിന്റെ വിശ്വസ്ഥാനുചരന് ആറളത്ത് കടുപ്പ നമ്പ്യാര്‍ നടത്തിയ പോരാട്ടവും പരാജയപ്പെട്ടു. നാല് അനുചരര്കൂടി വധിക്കപ്പെട്ടു! രണ്ട് പേര് തടവിലായി. രാജാവിന്റെ കെട്ടിലമ്മയേയും ദാസിമാരേയും ബാബര്‍ തടവിലാക്കി. ആകെ അവശേഷിച്ച സ്വര്ണ്ണക്കഠാര ബാബര്‍ കൈവശം വെച്ചു. രാജാവ് വധിക്കപ്പെട്ട പിറ്റേനാള്‍ ഒരു സുരക്ഷാസൈന്യത്തോടെ ഒരു ശിരസ്ഥാരുടെ കീഴില്‍ രാജാവിന്റെ ഭൗതികശരീരം മാനന്തവാടിയില്‍ കൊണ്ടുവന്ന് എല്ലാവിധ ആചാരമര്യാദകളോടും കൂടി സംസ്കരിച്ചു. സംഭവം നടന്ന, 1805 നവംബര്‍ 30 രാജാവിന്റെ അമ്മയുടെ ശ്രാദ്ധ ദിനമായിരുന്നു. ആ ദിവസം അദ്ദേഹം നിരായുധനായതുകൊണ്ട് മാത്രമാണ് ബ്രിട്ടീഷുകാരന്റെ അയോമേധക്കും ആസൂത്രണകൗശലങ്ങള്ക്കും അദ്ദേഹത്തെ നിഷ്പ്രയാസം കീഴ്പ്പെടുത്താനായത്.
ആര്‍ത്തലച്ചുവന്ന ബ്രിട്ടീഷ് സേനക്ക് മുമ്പില്‍ അടിമത്തത്തിന്റെ മ്ലേച്ഛതകള്‍ ഇറക്കിവെച്ച് പോരാടിയ പഴശ്ശി രാജാവ് വജ്രമോതിരം വിഴുങ്ങി ആത്മഹത്യചെയ്തു എന്ന ഊഹാപോഹങ്ങളും നിലനില്‍ക്കുന്നുണ്ട്. പഴശ്ശി കോവിലകത്തെ ഇപ്പോഴത്തെ അവകാശി പി.കെ. ശങ്കരവര്‍മ്മ രാജയാണ്, പഴശ്ശി രാജാവിന്റെ മരണം നടന്ന് നിരവധി തലമുറകള്‍ക്ക് ശേഷം കോവിലകത്തുണ്ടായ ഏക ആണ്‍തരിയാണ് ശങ്കരവര്‍മ്മ രാജ. ഈ വരുന്ന നവംബര്‍ 30 പഴശ്ശി രാജാവ് വീരമൃത്യു വരിച്ച ദിനമായി സ്മരണോജ്വലമാകുമ്പോള് സാമ്രാജ്യത്വ ദുരയുടെ ദൂരവ്യാപക ഫലങ്ങള്‍ അനുഭവിക്കുന്ന ലോകവും, ആര്‍ഷസംസ്കാര സമജ്വലഭാവത്തിന്റെ മൂര്‍ത്തിയായി വിളങ്ങിയ പഴശ്ശിയുടെ ഓര്‍മ്മയില്‍ പഴശ്ശി കോവിലകവും ശിരസ്സ് നമിക്കുന്നുണ്ടാകാം!
പ്രതികരിക്കാൻ ഇവിടെ എഴുതുക: