ഇത് ഉത്തര്‍പ്രദേശിലെ പ്രശസ്തമായ ഝാന്‍സി നഗരം. ഝാന്‍സിയുടെ സ്വന്തം റാണിയായ ഝാന്‍സി റാണിയുടെ ജന്മദിനമായിരുന്നു നവംബര്‍ 19ന്. ബ്രിട്ടീഷ് അധിനിവേശത്തിനെതിരെ പടപൊരുതി വീരാഹുതി അടഞ്ഞ ആ ധീരദേശാഭിമാനിയുടെ സ്മരണയില്‍ എല്ലാവര്‍ഷവും നവംബര്‍ 19 ന് വിപുലമായ ആഘോഷങ്ങളാണ് നടക്കുന്നത്. ഉത്തര്‍പ്രദേശിലെ പ്രശസ്തമായ നഗരമാണ് ഝാന്‍സി-ഝാന്‍സി നഗരസഭയുടെ അധീനതയിലുള്ള കോട്ടയുടെ നടത്തിപ്പും മറ്റും ഉത്തര്‍പ്രദേശ് പുരാവസ്തുവകുപ്പിനാണ്. മുന്‍ ബിജെപി സര്‍ക്കാര്‍ റാണിയുടെ ഓര്‍മയ്ക്കായി പ്രധാന നാല്ക്കവലകളില് അശ്വാരൂഢയായ റാണിയുടെ പ്രതിമ സ്ഥാപിക്കുകയും റാണിയുടെ പേരില്‍ ആ പാര്‍ക്കും റാണി ഉപയോഗിച്ചിരുന്ന ആയുധങ്ങളുടെ ശേഖരം ഉള്ള മ്യൂസിയവും ഒക്കെ സ്ഥാപിച്ചു. എന്നാല്‍ തുടര്‍ന്ന് വന്ന ഭരണാധികാരികളില്‍നിന്നും കോട്ടയുടെ പുനരുദ്ധാരണത്തിനോ ജന്മദിന പരിപാടികള്‍ക്കോ കാര്യമായ സഹകരണം ഉണ്ടായിട്ടില്ല.
എന്നാല്‍ ഈ വര്‍ഷം മുതല്‍ റാണിയുടെ ഓര്മ പുതുക്കലില്‍ ഭാരത് വികാസ് പരിഷത്ത്, സംസ്കാര്‍ ഭാരതി, ഭാരത് സ്വാഭിമാന്‍ ട്രസ്റ്റ്, ആര്‍ട്ട് ഓഫ് ലിവിങ്, ഉത്തര്‍പ്രദേശ് വ്യാപാരി വ്യവസായികളും ലയണ്‍സ് ക്ലബ് തുടങ്ങിയ സംഘടനകളും ചേര്‍ന്ന് ‘ഝാന്‍സി മഹോത്സവ് -2015’ സംഘടിപ്പിച്ചിരുന്നു. നഗരസഭാ ചെയര്‍പേഴ്സണും ബിജെപി നേതാവുമായ കിരണ്‍വര്‍മ്മ, സ്ഥലം എംപി ഉമാഭാരതി തുടങ്ങിയവര്‍ ചടങ്ങുകള്‍ക്ക് നേതൃത്വം നല്കി.
വ്യാപാരമേളകള്‍, ക്വിസ് മത്സങ്ങള്‍, കുട്ടികളുടെ വിവിധകലാമത്സരങ്ങള്‍ വിവിധ ദിവസങ്ങളിലായി അരങ്ങേറി. 19 ന് രാവിലെ 8.30 ന് കോട്ടയ്ക്കുമുന്നില്നിന്നും ആരംഭിച്ച ഘോഷയാത്രയ്ക്ക് സ്ഥലം എംഎല്‍എയു ബിജെപി നേതാവുമായ രവിശര്മ നേതൃത്വം നല്കി. ഘോഷയാത്രയില്‍ കെട്ടുകാഴ്ചകളും വേഷവിധാനങ്ങള്‍ ധരിച്ച ആബാലവൃദ്ധജനങ്ങളും പങ്കെടുത്തു. ഘോഷയാത്ര കോട്ടയ്ക്ക് സമീപത്തുള്ള ധ്യാന്‍ചന്ദ് സ്റ്റേഡിയത്തില്‍ സമാപിച്ചു. പ്രശസ്ത ഹോക്കി താരം ധ്യാന്‍ചന്ദിന്റെ പേരില്‍ നഗരസഭ പണിതീര്‍ത്ത സ്റ്റേഡിയമാണ് ഇത്. ബ്രിട്ടീഷുകാരുടെ മുന്നില്‍ തന്റെ അവസാന ശ്വാസം വരെ പോരാടി വീരമൃത്യു വരിച്ച ആ വീരാംഗനയുടെ ജന്മദിനം- ‘വീരാംഗനാദിനം’ എന്നാണ് അറിയപ്പെടുന്നത്.
ഉത്തര്‍പ്രദേശ്, ഝാന്‍സി റെയില്‍വേ സ്റ്റേഷനില്‍ നിന്നും 5 കി.മീ. സഞ്ചരിച്ചാല്‍ കോട്ടയില്‍ എത്താം. പഴയ കാലഘട്ടത്തിന്റെ പ്രൗഢി വിളിച്ചോതി ഇന്നും കേടുപാടുകള്‍ കൂടാതെ നില്ക്കുന്ന കോട്ട ഏവര്‍ക്കും അഭിമാനിക്കാവുന്നതാണ്. ഭാരതത്തില്‍ ഏറെ ധീരദേശാഭിമാനികള്‍ വീരാഹുതി അടഞ്ഞിട്ടുണ്ടെങ്കിലും ഇന്നും ജനമനസ്സുകളില്‍ മായാത്ത സ്മരണകള്‍ പേറുന്ന ഒരു പേര് അത് ഝാന്‍സി റാണി തന്നെയെന്ന് ഇവിടെ എത്തുന്നവര്‍ക്ക് മനസ്സിലാകും. ഝാന്‍സിയ്ക്ക് പുറമെ സമീപഗ്രാമങ്ങളിലും റാണിയുടെ സ്മരണയില്‍ സ്ഥാപനങ്ങളും പ്രതിമകളും ജലസംഭരണികളും അങ്ങനെ നീളുന്ന നിര തന്നെയുണ്ട്. എന്നാല്‍ ഇതൊക്കെ കല്യാണ്‍സിങ് മന്ത്രിസഭയുടെ കാലത്താണ് നടന്നിട്ടുള്ളത് എന്ന് മലയാളിയായ രവീന്ദ്രന് പിള്ള പറയുന്നു. ഉത്തര്‍പ്രദേശില്‍ എന്നും തന്റെയും പാര്‍ട്ടി ചിഹ്നമായ ആനയുടെയും പ്രതിമ സ്ഥാപിച്ച മായാവതി സര്‍ക്കാരോ തുടര്‍ന്നുവന്ന സര്‍ക്കാരുകളോ റാണിയുടെ ഓര്‍മയ്ക്കായി ഒന്നും ചെയ്തിട്ടില്ല എന്നും ഇദ്ദേഹം ഓര്‍ക്കുന്നു. ഝാന്‍സി കോട്ടയില്‍ എത്തുന്ന ഏതൊരാള്‍ക്കും അഭിമാനിക്കാവുന്ന നിമിഷങ്ങളാകും അവിടുത്തെ കാഴ്ചകള്‍ സമ്മാനിക്കുന്നത്.
പഴയകാല ആയുധങ്ങളുടെ ശേഖരവും കൂറ്റന്‍ പീരങ്കിയും റാണി വിശ്രമിച്ചിരുന്ന ഉദ്യാനം, കുതിരാലയങ്ങളും കുതിരപ്പന്തിയും നിലവറകളും കോട്ടയ്ക്ക് നടുവിലായി ശിവക്ഷേത്രം, കോട്ടയില്‍നിന്നും ഗ്വാളിയാര്‍ വരെ നീളുന്ന തുരങ്കപ്പാത, വിവിധ ശിക്ഷാവിധികള്‍ നടപ്പാക്കുന്ന സ്ഥലങ്ങള്‍, പടിഞ്ഞാറുഭാഗത്തായി ബ്രിട്ടീഷുകാരാല്‍ പിടിക്കപ്പെടും എന്ന ഘട്ടത്തില്‍ തന്റെ മകനും കുതിരയ്ക്കുമൊപ്പം ചാടിയ സ്ഥലത്ത് നിര്‍മിച്ച ശില്‍പ്പവേല, കോട്ടയ്ക്ക് മുകളില്‍നിന്നുള്ള വിദൂരക്കാഴ്ച തുടങ്ങി ഇവിടുത്തെ കാഴ്ചകള്‍ അവസാനിക്കുന്നില്ല. കോട്ടയുടെ പടിഞ്ഞാറുഭാഗത്തു തന്നെ ഉയരത്തിലുള്ള കൊടിമരത്തില്‍ എന്നും ദേശീയപതാക രാവിലെ ഉയര്‍ത്തി വൈകിട്ട് താഴ്ത്തുകയും ചെയ്യുന്നതും കാണാം. ദേശീയപതാക ഉയര്‍ത്തിയ കോട്ടയുടെ ദൃശ്യം ഏതൊരു ഭാരതീയന്റേയും ഉള്ളില്‍ ദേശബോധവും സ്നേഹവും നിറയ്ക്കുന്നതാണ്.
രാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനും ബ്രിട്ടീഷ് മേല്‍ക്കോയ്മക്കെതിരെയും പോരാടി വീരമൃത്യു വരിച്ച ആ വീരവനിതയുടെ കര്മക്ഷേത്രമായിരുന്ന ഈ കോട്ടയ്ക്ക് പുരാവസ്തുവകുപ്പും സര്‍ക്കാരും കാര്യമായ പരിഗണന നല്‍കിയിട്ടില്ല. ഭാരതചരിത്രത്തിലെ പ്രസിദ്ധമായ ഒട്ടേറെ സംഭവങ്ങളുടെ ഉള്‍ത്തുടിപ്പ് ഏറ്റുവാങ്ങിയ ഈ ചരിത്ര സ്മാരകം സന്ദര്‍ശകര്‍ക്കും ചരിത്രാന്വേഷകര്‍ക്കും എന്നും ആനന്ദം നല്കുന്ന കാഴ്ചയായി നിലനില്ക്കുന്നു. 1827 ല്‍ കോട്ടയില്‍ അധികാരം ഏറ്റെടുത്ത കാലം മുതല്‍ അവസാന ശ്വാസം വരെ രാജ്യത്തിനായി പടവെട്ടിയ ആ വീര വനിതയെ ഭാരതം ഇന്ന് സ്മരിക്കുന്നു അഭിമാനത്തോടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: