ചാനല്‍ മാറുന്നതിനിടയിലാണ് അവള് ജയന്റെ മുഖമൊരു ചാനലില്‍ കണ്ടത്. ആ ചാനലത്ര പ്രശസ്തമായിരുന്നില്ല. തൊഴില്‍ സമരം കാരണം ഇടയ്ക്ക് നിര്‍ത്തിവെച്ച ശേഷം വീണ്ടും തുടങ്ങിയ ചാനലാണത്.
കോളേജില്‍ നിന്നും പിരിഞ്ഞശേഷം അവള് ജയനെ കാണുന്നതുമിപ്പോഴാണ്. ചാനലില്‍ ജയനെ കാണുമ്പോള്‍ അവന് ഗിറ്റാറില്‍ ‘ചിന്ന ചിന്ന ആശൈ…’എന്ന പാട്ട് പ്ലേ ചെയ്യുകയായിരുന്നു. ടിവി സ്ക്രീനില്‍ അവന് ഒറ്റയ്ക്കായിരുന്നില്ല. അവനോടൊപ്പം ഒരാള്‍ ഫഌട്ടും മറ്റൊരാള്‍ ഓര്‍ഗണും വായിക്കുന്നുണ്ടായിരുന്നു. പഠിക്കുന്ന കാലത്തൊന്നും സംഗീതം അവന്റെ തലയ്ക്ക് പിടിച്ചിരുന്നില്ല.
ചില സിനിമ പാട്ടുകള്‍ ശ്രുതിയും താളവുമൊക്കെ തെറ്റിച്ച് പാടിക്കൊണ്ട് തനിക്ക് പുറകെ നടക്കാനായിരുന്നു പഠിക്കുന്നതിനേക്കാള്‍ അവന് താത്പ്പര്യം.
”നിനക്ക് എന്നോട് പ്രേമമുണ്ടോ?”
എപ്പോഴും തനിക്ക് പിറകെ നടന്നിരുന്നതുകൊണ്ട് അവനോടിങ്ങനെ ചോദിക്കേണ്ടി വന്നിട്ടുണ്ട്.
അപ്പോഴവന് ഒച്ചയില്ലാതെ ചിരിച്ചിട്ട് പറയും,
”നിന്നെ പോലൊരുവളെ പ്രേമിക്കാന്‍ മാത്രം വിഡ്ഢിയല്ല ഞാന്‍.”
ടിവി കാണുമ്പോള്‍ ഹരീഷും അടുത്തിരിപ്പുണ്ടായിരുന്നു.
അയാള്‍ ടിവിയില്‍ വാര്‍ത്തകളേ കാണൂ. പിന്നെ രാഷ്ട്രീയക്കാരുടെ ഒച്ചപ്പാടിനും ചെവി കൊടുക്കും.
ഹിരീഷിനിപ്പോള് പത്രത്തില്‍ വീക്കെന്ഡിന്റെ ചാര്ജായതുകൊണ്ട് ഡേ ഡ്യൂട്ടി മാത്രം നോക്കിയാല്‍ മതി.
”ആ ഗിറ്റാര്‍ വായിക്കുന്ന പയ്യന്റെ ലുക്ക് കൊള്ളാമല്ലേടി പ്ലേയും മോശമില്ല.”
സോഫയില്‍ ഗിറ്റാറില്‍ വായിച്ച പാട്ടിന്റെ താളം പിടിച്ചുകൊണ്ട് ഹരീഷ് പറഞ്ഞു.
ഹരീഷ് ഇങ്ങനെ പറയുന്നത് കേട്ടപ്പോള്‍ അഭിമാനം തോന്നി.
നിന്റെ അച്ചടക്കമില്ലാത്ത മുടി, നരച്ച താടി…
” ആണുങ്ങളായാല്‍ നര വേണം. എങ്കിലേ മെച്യൂരിറ്റി തോന്നൂ.”
ഹരീഷിനോട് മുടിയും മീശയുമൊക്കെ ഡൈ ചെയ്യാന്‍ പറഞ്ഞാല്‍ അയാള്‍ പറയുന്നത് ഇങ്ങനെയാകും.
പറയാന്‍ മറന്നു. ഹരീഷ് എന്റെ ഭര്‍ത്താവാണ്. മലയാളത്തിലെ ഒരു ലീഡിംങ് ഡെയ്ലിയില്‍ വീക്കെന്‍ഡ് എഡിറ്ററാണ്. ഈയിടയായി കഥയും എഴുതാന്‍ തുടങ്ങിയിട്ടുണ്ട് അയാള്‍. ഒന്നു രണ്ട് കോട്ടുവാ കഴിഞ്ഞാല്‍ ഹരീഷ് പിന്നെ ടിവിക്കു മുന്നില്‍ ഇരിക്കില്ല. അയാള്‍ നേരെ കിടപ്പ് മുറിയിലേക്ക് പോകും.
ഉറങ്ങാന്‍ തുടങ്ങിയാല്‍ ആകാശം ഇടിഞ്ഞു വീണാലും അറിയില്ല…
ഹരീഷ് ഒന്നും രണ്ടും കോട്ടുവാ കഴിഞ്ഞു. ഹാവു ആശ്വാസമായി, ഇനി നിന്റെ പ്രോഗ്രാം തനിച്ചിരുന്ന് കാണാമെന്ന് കരുതിയിരിക്കുമ്പോഴാണ് സ്ക്രീനില്‍ പ്രോഗ്രാം പ്രൊഡ്യൂസറുടേയും മറ്റും പേരുകള്‍ തെളിഞ്ഞത്. ഇപ്പോഴത്തെ ന്യൂജന്‍ പിള്ളേരെപ്പോലെ നീയും ഡ്രഗ്സിന് അടിമയാണോയെന്ന് തോന്നിപ്പിക്കും പോലുള്ളതായിരുന്നു നിന്റെ ചിരിയും കണ്ണുകളും…
പുതിയ സിനിമാക്കാരൊക്കെ പരസ്യമായല്ലേ ഇതൊക്കെ ഉപയോഗിക്കുന്നത്…
നിന്റെ പ്രോഗ്രാം കണ്ട രാത്രി കൂടെ പഠിച്ചിരുന്ന പലരേയും ഫോണില്‍ വിളിച്ചെങ്കിലും ജയന് ഇപ്പോഴും ജീവിച്ചിരിപ്പുണ്ടോ അവന് ആക്സിഡന്റില്‍ മരിച്ചില്ലേ എന്നൊക്കെയാണ് ചോദിക്കുന്നത്.
ജീവിച്ചിരിക്കുന്ന ഒരാളെ മരിച്ചെന്ന് പറയാന്‍ പോലും നമ്മള് പ്രീയപ്പെട്ടവരെന്ന് പറയുന്നവര്‍ക്ക് ഒരു കൂസലുമില്ല.
നിന്റെ പ്രോഗ്രാം പ്രക്ഷേപണം ചെയ്ത ചാനലിന്റെ ഓഫീസിലേക്ക് വിളിച്ചാല്‍ അവരും നമ്പര്‍ തരില്ല. ഹരീഷിനോട് പറഞ്ഞാല്‍ സംഘടിപ്പിച്ചു തരും.
പക്ഷേ, ഹരീഷിന്റെ ഒരായിരം ചോദ്യങ്ങള്‍ക്കെങ്കിലും ഉത്തരം പറഞ്ഞാലേ അത് നടക്കൂ.
അതിലും ഭേദം ഹരീഷിനോട് കാര്യം പറയാതിരിക്കുകയാണ്.
ഇനിയെന്നാണ് നിന്നെ ടിവിയില്‍ കാണുക.
സംഗീതത്തില്‍ നിനക്ക് നിന്റേതായ ഒരിടം കണ്ടെത്താനാകട്ടെ…
ഇങ്ങനെ ആത്മാര്‍ത്ഥമായി ആശംസിക്കാന്‍ ഈ കാലത്തൊരാള്‍ കൂടെയുണ്ടാകുന്നത് ആശ്വാസമല്ലേ ജയന്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: