അഞ്ചരപ്പതിറ്റാണ്ടുകള്‍ക്കു മുമ്പ് സംഘശാഖകളില്നിന്നു പരിചയപ്പെടുകയും എട്ടുപത്തുവര്ഷക്കാലം അടുത്തിടപഴകുകയും പിന്നീട് ബന്ധമില്ലാതിരിക്കുകയും ചെയ്യുന്ന ഒരാളെ അവിചാരിതമായി സന്ധിക്കാന്‍ ഇടവരുമ്പോഴുണ്ടാകുന്ന ആഹ്ലാദത്തെക്കുറിച്ചാലോചിച്ചു നോക്കൂ. അതിനെ എങ്ങനെ വിവരിക്കും. കഴിഞ്ഞയാഴ്ച കൃത്യമായിപ്പറഞ്ഞാല്‍ നവംബര്‍ ഏഴാം തീയതി അങ്ങനെയൊരനുഭവമുണ്ടായി.
തദ്ദേശസ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പു ഫലങ്ങള്‍ പുറത്തുവന്നുകൊണ്ടിരിക്കുകയായിരുന്നു. ടിവിക്കു മുമ്പില്‍ അതു നോക്കിയിരുന്നു. ഇക്കുറി അല്‍പ്പം ചില സ്ഥലങ്ങളിലൊഴികെ എല്ലായിടത്തുനിന്നും സന്തോഷകരമായ വിവരങ്ങളാണ് കിട്ടിക്കൊണ്ടിരുന്നത്. അതിനിടെ ഒരു ഫോണ്‍കാള്‍ ”മുഴക്കുന്നില്നിന്നു ജനാര്‍ദ്ദനനാണ് ഓര്‍മയുണ്ടോ?” എന്ന അന്വേഷണം. ഒരു നിമിഷത്തിനകം, അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടെയും സജീവചിത്രം മനസ്സില്‍ തെളിഞ്ഞു. അവരുടെ പഞ്ചായത്തില്‍ മൂന്നുപേര്‍ ബിജെപി ടിക്കറ്റില്‍ വിജയിച്ചുവെന്ന സന്തോഷവാര്‍ത്ത ആദ്യം പറഞ്ഞു. അവിടെത്തന്നെ പാലായ് എന്ന സ്ഥലത്തു വളരെക്കാലമായി താമസിക്കുന്ന തമ്പലക്കാട്ടുകാരന് രാമകൃഷ്ണന് ഏതാനും മാസങ്ങള്‍ക്കുമുമ്പ് വിളിച്ചപ്പോഴും ഇതേ സന്തോഷമുണ്ടായി.
രാമകൃഷ്ണന്റെ വാര്‍ഡും ജയിച്ചുവെന്ന് ജനാര്ദ്ദനന് പറഞ്ഞു. പുതിയതായി രൂപീകൃതമായ ഇരിട്ടി നഗരസഭയില്‍ അഞ്ച് വിജയങ്ങള്‍ നേടിയെന്നു ജനാര്ദ്ദനന് അറിയിച്ചപ്പോള്‍ സ്വകാര്യമായ അഭിമാനം കൂടി വന്നു. എന്റെ പ്രചാരക ജീവിതത്തിന്റെ ആദ്യ വര്‍ഷങ്ങളില്‍ ധാരാളം പദയാത്ര ചെയ്തു പഴകിയ സ്ഥലങ്ങളാണവയെല്ലാം. ഇന്നത്തെ നേട്ടത്തിന്റെ മുഴുവന്‍ ശ്രേയസ്സും അവിടുത്തെ സംഘപരിവാര്‍ പ്രവര്ത്തകര്ക്കാണുതാനും. അവിടെ സംഘത്തിനു തുടക്കമിട്ട ധര്‍മടത്തുകാരന്‍ സി. ചിന്നേട്ടനും അഞ്ചരക്കണ്ടിക്കാരന്‍ സി. എച്ച്. ബാലനും സര്‍വ്വോപരി പ്രചാരകനായിരുന്ന ശ്രീകൃഷ്ണശര്‍മ, വി. പി. ജനാര്ദ്ദനന് എന്നിവരുടെ ഓര്‍മകളെയും ആദരിക്കേണ്ടിയിരിക്കുന്നു.
ജനാര്‍ദ്ദനന്റെ കുടുംബം തലശ്ശേരിയിലാണ് സംഘത്തില്‍ വന്നത്. അദ്ദേഹത്തിന്റെ അച്ഛന് നാരായണവാര്യര്‍ മാസ്റ്റര്‍ റിട്ടയര്‍ ചെയ്തു. സ്വന്തം ഗ്രാമമായ മുഴക്കുന്നിലേക്കു മാറി. അവിടെ ചെന്നു താമസിച്ച് ഒട്ടേറെ നാട്ടറിവുകള്‍ നേടാന്‍ എനിക്കവസരമുണ്ടായി. പഴശ്ശിരാജാവിന്റെ ആരൂഢമായിരുന്ന പുരളിമലയുടെ ഒരറ്റത്ത് മൃദംഗശൈലമെന്ന ക്ഷേത്രമാണ് മുഴക്കുന്നായതത്രെ. കോട്ടയത്ത് തമ്പുരാന്റെ പരദേവതയായ മുഴക്കുന്നിലമ്മയെയാണ് അദ്ദേഹം തന്റെ ആട്ടക്കഥകളുടെ നാന്ദി ശ്ലോകത്തില്‍ വന്ദിക്കുന്നത്. ”മൃദംഗശൈല നിലയാം ശ്രീ പോര്ക്കലീമിഷ്ടദാ” എന്ന്.
ജനാര്ദ്ദനന് പിന്നീട് കോഴിക്കോട് ജനസംഘ സമ്മേളനകാലത്ത് അതിന്റെ വിജയത്തിനായി പ്രവര്‍ത്തിച്ചതിനിടെയാണ് പിന്നീട് കണ്ടത്. 69 കാലത്ത് എറണാകുളത്ത് മഹാരാജാസ് കോളേജില്‍ മലയാളം എംഎയ്ക്ക് ചേര്‍ന്നു. ഞാന്‍ ജനസംഘത്തിന്റെ ചുമതല വഹിച്ച് അവിടെയെത്തി. അവിടെ കോളേജില്‍ സംഘത്തിന്റെയും വിദ്യാര്‍ത്ഥി പരിഷത്തിന്റെയും ശക്തമായ പ്രവര്‍ത്തനം നടത്തിയ ഒരു സംഘം സ്വയംസേവകര്‍ അക്കാലത്തുണ്ടായിരുന്നു. രവിപുരത്തു വിദ്യാര്‍ത്ഥികളുടെ നല്ല ശാഖയും നടന്നുവന്നു. മിക്കവാറും സായാഹ്നങ്ങളില്‍ എംജി റോഡിലെ ജനസംഘകാര്യാലയത്തില്‍ മേളിക്കാനും അവരൊത്തുചേര്‍ന്നു. കുറച്ചുകാലം ജനാര്ദ്ദനന് ആനന്ദമാര്ഗക്കാരുടെ സ്കൂളില്‍ ജോലി ചെയ്തിരുന്നു. അതിനിടെ കോഴിക്കോട്ട് വിളംബരം എന്ന പേരില്‍ സായാഹ്ന ദിനപത്രം തുടങ്ങാന്‍ ശ്രമമാരംഭിച്ചിരുന്നു. അതിന്റെ പത്രാധിപത്യ ചുമതലയ്ക്ക് അദ്ദേഹത്തെയാണ് കണ്ടുവച്ചത്.
തയ്യാറെടുപ്പുകള്‍ക്കിടെ പല മുതിര്‍ന്നവരുടെയും ഉപദേശമനുസരിച്ച് ആ സംരംഭം ഉപേക്ഷിക്കപ്പെട്ടു. ജനാര്ദ്ദനന് വളാഞ്ചേരി എംഇഎസ് കോളേജില്‍ നിയമനം കിട്ടി. അദ്ദേഹം പിന്നീട് ബിഎഡ് പാസ്സായി. സര്‍ക്കാര്‍ സ്കൂള്‍ അധ്യാപകനായി. മണത്തണ ഹയര്‍സെക്കന്‍ഡറി സ്കൂള്‍ പ്രിന്‍സിപ്പലായിരിക്കെ യാദൃശ്ചികമായി കാണാനിടയായി. അതിനുശേഷം വര്‍ഷങ്ങള്‍ പിന്നിട്ടു. അദ്ദേഹം സേവനവിമുക്തനായി.
പെട്ടെന്നുള്ള വിളിയെത്തുടര്‍ന്നുള്ള അന്വേഷണത്തിലാണ് പത്തുവര്‍ഷത്തിലേറെയായി ചെറുതുരുത്തിയില്‍ കലാമണ്ഡലത്തിലെ വസതിയില്‍ മകളുടെ കുടുംബത്തോടൊപ്പമാണ് താമസമെന്നറിഞ്ഞത്. ആ വഴി പലതവണ യാത്ര ചെയ്തിട്ടും പരസ്പര അറിയാതിരുന്നതിനാല്‍ കാണാന്‍പറ്റിയില്ല.അടുത്ത ദിവസം നവംബര്‍ എട്ടിന് ഗുരുവായൂരില്‍ ഒരു വിവാഹത്തിനു ഞാന്‍ കുടുംബസഹിതം വരുന്നുണ്ടെന്നറിയിച്ചപ്പോള്‍ അദ്ദേഹവും വരാന്‍ തയ്യാറായി. അവിടെ ഞങ്ങള്‍ അരനൂറ്റാണ്ടുകാലത്തെ കുശലങ്ങള്‍ കൈമാറി.
ജനാര്ദ്ദനന് മാസ്റ്ററുടെ സഹോദരീ ഭര്‍ത്താവാണ് പ്രശസ്ത ചിത്രകാരന് കെ. കെ. വാര്യര്‍. ഗുരുവായൂര്‍ യാത്രയില്‍ അദ്ദേഹത്തിന്റെ വസതിയില്‍ ചെല്ലാമെന്ന ഒരു മുന്‍ വാഗ്ദാനമുണ്ടായിരുന്നു. അക്കാര്യം അറിയിച്ചപ്പോള്‍ ജനാര്ദ്ദനന് മാസ്റ്റര്‍ക്കും സന്തോഷം.
വാര്യര്‍ സാറിനെക്കുറിച്ചു ഈ പംക്തികളില്‍ മുന്‍പും എഴുതിയിരുന്നു. നാവിക കേന്ദ്രീയവിദ്യാലയത്തില്‍നിന്നു വിരമിച്ചശേഷം ഗുരുവായൂരില്‍ ചിത്രഗേഹം എന്ന ചിത്രകലാ ആശ്രമം തന്നെ സൃഷ്ടിച്ച് മഹര്‍ഷിയെപ്പോലെ താമസിക്കുകയാണദ്ദേഹം. കുടുംബസഹിതം എന്നെ കണ്ടപ്പോള്‍ അദ്ദേഹത്തിന്റെ വികാരവായ്പ് വര്‍ണിക്കാനാവില്ല.
എന്റെ അമ്മയുടെ അവ്യക്തമായൊരു ചെറുഫോട്ടോയില്‍ നിന്ന് സജീവമായൊരു ചിത്രവും അതിന്റെ നെഗറ്റീവും ഏതാണ്ട് 35 വര്‍ഷങ്ങള്‍ക്കുമുമ്പ് തയ്യാറാക്കിത്തന്ന മാസ്റ്ററെ അവര്‍ ആദ്യം കാണുകയാണ്. ഗുരുവായൂര്‍ ക്ഷേത്രത്തിലെ വിഗ്രഹത്തിന്റെ ഐതീഹ്യത്തെ ആസ്പദമാക്കി അദ്ദേഹം വരച്ച ചുവര്‍ചിത്ര ശൈലിയിലുള്ള ചിത്രങ്ങളുടെ ആല്‍ബം തന്നത് വിലയേറിയ സമ്പത്താണ്.
നാശോന്മുഖമായ പുരാതന ഭിത്തി ചിത്രങ്ങളെ വെള്ളയടിച്ചും കുത്തിപ്പൊളിച്ചും നശിപ്പിക്കുന്ന പ്രവണത സാര്വത്രികമാണല്ലൊ. അതിന്റെ കലാപരവും ചരിത്രപരവും ആത്മീയവുമായ പ്രാധാന്യത്തെക്കുറിച്ചുള്ള അജ്ഞതയും അവജ്ഞയും അവഗണനയും അലംഭാവവും മൂലം നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്‍ സമ്പത്ത് നശിച്ചുകഴിഞ്ഞു. മാസ്റ്ററുടെ ശ്രദ്ധാപൂര്‍ണവും അക്ഷീണവും ക്ഷമാപൂര്വവുമായവര് ശ്രമങ്ങള്‍കൊണ്ട്, ചിത്രങ്ങളെ അങ്ങനെതന്നെ അടര്‍ത്തിയെടുത്ത് സംരക്ഷിക്കാനുള്ള സാങ്കേതിക വിദ്യ വികസിപ്പിച്ചെടുക്കുകയും അങ്ങനെ തയ്യാറാക്കപ്പെട്ട അമൂല്യ ചിത്രങ്ങളുടെ ശേഖരമുണ്ടാക്കുകയും ചെയ്തു. അങ്ങനത്തെ 79 ചിത്രങ്ങളാണുള്ളത്.
അവഗണനയില്‍ നശിച്ചുപോകുമായിരുന്ന അവ സംരക്ഷിക്കുന്നതിന് അദ്ദേഹം പുരാവസ്തു വകുപ്പിന്റെയും മറ്റും നിയമക്കുരുക്കുകളുടെ നൂലാമാലകളില്പ്പെട്ടനുഭവിക്കേണ്ടിവന്ന പ്രയാസങ്ങള്‍ വേറെ. ഓരോ ചിത്രത്തിനും പ്രത്യേകം ലൈസന്‍സും അനുമിതിയും നേടിയാണ് സൂക്ഷിച്ചിട്ടുള്ളത്. ലോകത്തില്‍ത്തന്നെ ഇത്തരമൊരു ഭഗീരഥ പ്രയത്നം മറ്റാരും നടത്തിയിരിക്കില്ല.
അടുത്തുതന്നെ എറണാകുളത്തു നടക്കുന്ന ചിത്രപ്രദര്‍ശനത്തിന്റെ ഒരുക്കത്തിലാണദ്ദേഹം. ജനാര്ദ്ദനന് മാസ്റ്ററുടെ സഹോദരി ദേഹാസ്വാസ്ഥ്യമായിട്ടും ഞങ്ങളെ സല്ക്കരിക്കാന് കോണിയിറങ്ങി വന്നു.
അതിനിടെ നഗരസഭയില്‍ അമ്പലം വാര്‍ഡ് വിജയിച്ച ബിജെപിയുടെ മഹിളാ കൗണ്‍സിലറും പ്രവര്‍ത്തകരും അവിടെ നന്ദി പറയാനെത്തി. എന്റെ പ്രചാരക ജീവിതത്തിന്റെ തുടക്കം ഗുരുവായൂരിലായിരുന്നു. എന്നാല്‍ അതും സ്വകാര്യ ആനന്ദമായി. അവിടെയും ശ്രീകൃഷ്ണ ശര്‍മ്മ എന്റെ മുന്‍ഗാമി ആയിരുന്നു. മാസ്റ്റര്‍മാര്‍ക്ക് വിട പറഞ്ഞു മടങ്ങി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: