വരവറിഞ്ഞ് ചെലവുചെയ്യണമെന്നാണ് നമ്മുടെ പഴമക്കാര്‍ പറഞ്ഞിരുന്നത്. വരവറിയാതെ ചെലവുചെയ്താല്‍ ഒടുവില്‍ വട്ടം കറങ്ങുമെന്ന് ചുരുക്കം. എന്നാലിന്ന് നമ്മുടെ ജീവിതസാഹചര്യങ്ങള്‍ വല്ലാതെ മാറിപ്പോയിരിക്കുന്നു. കണ്ണില്‍ കണ്ടതെല്ലാം വാങ്ങിക്കൂട്ടുവാനുള്ള പ്രവണത ഏറിവരുന്നു. അതിനുമുണ്ട് ചില കാരണങ്ങള്‍. അത് വാങ്ങൂ ഇത് വാങ്ങൂ എന്ന തരത്തില്‍ പ്രലോഭിപ്പിച്ചുകൊണ്ട് പരസ്യങ്ങളുടെ ഒരു നീണ്ട നിരയാണ് നാം നിത്യവും കാണുന്നത്.
ആവശ്യവും അത്യാവശ്യവും രണ്ടും രണ്ടാണെന്നോര്ക്കാതെ പലതും വാങ്ങിക്കൂട്ടും. കൈയിലെ പണം ചോരുന്നത് മാത്രം അറിയില്ല. ഇത്തരത്തിലുള്ള ഉപഭോഗ ത്വര കടം വാങ്ങിയും കാര്യം കാണുന്നതില്‍ കൊണ്ടുചെന്നെത്തിക്കുന്നു. ഒടുവില്‍ കടം വീട്ടാനാവാതെ നട്ടം തിരിയുകയും ചെയ്യും. ഈയൊരു അവസ്ഥ ഒഴിവാക്കാന്‍ സാധിക്കുക വീട്ടിലെ ഗൃഹനാഥയ്ക്കാണ്. ഇന്ന് കുടുംബത്തിന് വേണ്ടി ഭാര്യയും ഭര്‍ത്താവും അധ്വാനിക്കുന്നുണ്ടെങ്കിലും ഗൃഹഭരണം ഇപ്പോഴും സ്ത്രീകളുടെ കൈകളിലാണ്. വരവറിഞ്ഞ് ചെലവാക്കാന്‍ പഠിക്കേണ്ടതും അവരാണ്. ഇതിന് ആദ്യം വേണ്ടത് സമ്പാദ്യശീലം വളര്‍ത്തുക എന്നതാണ്. സമ്പാദ്യമാണ് സാമ്പത്തിക ആസൂത്രണത്തിന്റെ ആദ്യപടി.
പണം ചെലവാക്കുന്നതിന് മുമ്പ് ഭാവിയ്ക്കുവേണ്ടിയും അല്പം കരുതി വയ്ക്കുക. കൈയിലുള്ളത് മുഴുവന്‍ ചെലവഴിച്ചാല്‍ അതിന് സാധിക്കില്ല. ജീവിതത്തില്‍ എപ്പോഴാണ് ഒരു അത്യാവശ്യം വന്നുചേരുക എന്ന് പറയാന്‍ പറ്റില്ലല്ലോ?. ആ സമയത്ത് ഒരു നീക്കിയിരുപ്പില്ലെങ്കില് അധ്വാനിക്കുന്നതിനുപോലും എന്താണ് അര്‍ത്ഥമുള്ളതെന്ന് ചിന്തിക്കണം. വീട്ടിലേക്കാവശ്യമുള്ള സാധനങ്ങള്‍ വാങ്ങുമ്പോള്‍ അത് കുടുംബത്തിന് ആവശ്യമുള്ളതാണെങ്കില്‍ മാത്രം വാങ്ങുക. തല്കാലത്തെ ആവശ്യങ്ങള്‍ നിറവേറ്റുന്നതിന് കടം വാങ്ങുന്ന ശീലമുള്ളവരാണെങ്കില്‍ ആ ശീലം ഉപേക്ഷിക്കുക. കടം വാങ്ങി കടം വാങ്ങി ജീവിതം തന്നെ പെരുവഴിയിലായവര്‍ നിരവധിയാണ്.
ക്രെഡിറ്റ് കാര്‍ഡ് സംവിധാനമൊക്കെ നിലവില്‍ വന്നതിന് ശേഷം ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ച് പര്‍ച്ചേസ് ചെയ്യുന്നതാണ് ഇപ്പോഴത്തെ ഒരു ട്രെന്‍ഡ്. ഇത്തരത്തില്‍ പര്‍ച്ചേസ് ചെയ്യുമ്പോള്‍ അതിന്റെ തുക നിശ്ചിത കാലയളവിനുള്ളില്‍ തിരിച്ചടച്ചില്ലെങ്കില്‍ പലിശ ഇനത്തില്‍ വന്‍ തുകയാകും ബാങ്കില്‍ അടയ്ക്കേണ്ടി വരിക. സൂക്ഷിച്ചും കണ്ടും ക്രെഡിറ്റ് കാര്‍ഡ് ഉപയോഗിച്ചില്ലെങ്കില്‍ അതും വലിയൊരു ബാധ്യതയായി മാറും.
നമ്മുടെ ചുറ്റും നിങ്ങളുടെ ജീവിതത്തില്‍ ഇതുകൂടിയേ തീരു എന്ന് പ്രലോഭിപ്പിച്ചുകൊണ്ട് പലതും കണ്ടെന്നിരിക്കും. പക്ഷേ അതില്‍ അകപ്പെടാത്തവിധത്തില് മനസ്സിനെ പാകപ്പെടുത്തിയെടുക്കുക എന്നതാണ് അനിവാര്യം. ദിവസവും അന്നന്നത്തെ വരവു ചെലവുകണക്കുകള്‍ എത്രയുണ്ടെന്ന് പരിശോധിക്കുക. അതില്‍ ഒഴിവാക്കാമായിരുന്ന എന്തെങ്കിലും ഉണ്ടോയെന്ന് വിലയിരുത്തുക. ഇത്തരത്തില്‍ ഒരു അവലോകനം നടത്തിയാല്‍ ചെലവുകള്‍ നിയന്ത്രിക്കാന്‍ സാധിക്കും. കുടുംബ ബഡ്ജറ്റ് ഉണ്ടായിരിക്കേണ്ടത് ഇന്നത്തെ കാലത്ത് അനിവാര്യമാണ്. ജീവതത്തില്‍ എത്രത്തോളം ആഡംബരം വേണമെന്ന് തീരുമാനിക്കുക. മറ്റുള്ളവരുടെ മുന്നില്‍ തങ്ങള്‍ ഒട്ടും മോശക്കാരല്ല എന്ന് വരുത്തിത്തീര്‍ക്കാനുള്ള ശ്രമം ഉപേക്ഷിക്കുക. ആഡംബരമല്ല സമൂഹത്തില്‍ ഒരുവന്റെ സ്ഥാനം നിശ്ചയിക്കുന്നതെന്ന് തിരിച്ചറിഞ്ഞാല്‍ പിന്നെ ആഡംബരത്തിന് പിന്നാലെ പായാന്‍ മനസ് അനുവദിക്കില്ല. സാധനങ്ങള്‍ വാങ്ങുന്നതിന് മുമ്പ് അത്യാവശ്യ സാധനങ്ങളുടെ ലിസ്റ്റ് തയ്യാറാക്കുക. അതനുസരിച്ച് മാത്രം പര്‍ച്ചേസ് ചെയ്യുക.
എങ്കിലും എത്ര ചെലവുചുരുക്കാന്‍ ശ്രമിച്ചാലും കുടുംബ ബഡ്ജറ്റിനെ താളം തെറ്റിക്കുന്ന ചില കാര്യങ്ങളുമുണ്ട്. വീട്ടിലാര്‍ക്കെങ്കിലും ഒരു അസുഖം വന്നാല്‍ നമ്മുടെ കണക്കുകൂട്ടലുകളൊക്കെ തെറ്റും. അതും കൂടി കണക്കാക്കിവേണം ബഡ്ജറ്റ് തയ്യാറാക്കാന്‍ എന്ന് ചുരുക്കം. ഇത്തരത്തില്‍ അപ്രതീക്ഷിതമായെത്തുന്ന ചെലവുകള്‍ നേരിടാന്‍ വരുമാനത്തിന്റെ ഒരുഭാഗം എല്ലാ മാസവും മിച്ചം പിടിക്കണം. അതിനുവേണ്ടി കുറി ചിട്ടികള്‍ ചേരാം. പിന്നെ ഓരോ സാധാരണക്കാരനും അത്യാവശ്യം വേണ്ട ഒന്നാണ് ഇന്‍ഷുറന്‍സ് പോളിസി.
അതില്‍ ഏറ്റവും അത്യാവശ്യം മെഡിക്കല്‍ പോളിസിയാണ്. അപ്രതീക്ഷിതമായി കടന്നുവരുന്ന ആശുപത്രി വാസവും അതിനെത്തുടര്‍ന്നുണ്ടാകുന്ന ഭീമാകാരമായ ചിലവും നേരിടാന്‍ മെഡിക്കല്‍ പോളിസികള്‍ ഉപകരിക്കും. അങ്ങനെ വരവനുസരിച്ച് ജീവിതം ക്രമീകരിച്ചാല്‍ ഭാവി സുരക്ഷിതമായിരിക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: