വെഞ്ഞാറമൂട്: എന്‍സിസി നാഷണല്‍ ലെവല്‍ ട്രെയിനിംഗ് സെന്ററിനായി സര്‍വേ നടന്ന സര്‍ക്കാര്‍ ഭൂമിക്കു സമീപമുള്ള സ്വകാര്യസ്ഥലത്ത് കെട്ടിടം നിര്‍മിക്കാന്‍ ശ്രമിച്ച സംഘത്തെ നാട്ടുകാര്‍ തടഞ്ഞു. വെമ്പായം പഞ്ചായത്തിലെ തേക്കട വില്ലേജില്‍ വെട്ടുപാറ വാര്‍ഡില്‍ ഉള്‍പ്പെട്ട മഞ്ഞപ്പാറയിലാണ് നാട്ടുകാര്‍ പ്രതിഷേധവുമായി എത്തിയത്. ഇവിടെ മൂന്നു വര്‍ഷം മുമ്പ് പാറ ഖനനം നാട്ടുകാരുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് നിര്‍ത്തി വച്ചിരുന്നു.
നിര്‍ത്തലാക്കിയ പഴയ ക്രഷറിനു സമീപം പുതിയ കെട്ടിടം നിര്‍മിക്കാന്‍ ശ്രമിച്ച സംഘത്തെ മഞ്ഞപ്പാറ ജനകീയ വേദി പ്രവര്‍ത്തകര്‍ തടയുകയായിരുന്നു. പാറ ഖനനം നടന്ന വര്‍ഷങ്ങളില്‍ ഈ പ്രദേശങ്ങളിലെ കുട്ടികള്‍ക്ക് അസുഖങ്ങളും വീടുകള്‍ക്ക് വിള്ളലുകളും കുടിവെള്ള പ്രശനവും രൂക്ഷമായിരുന്നു. പാറ ഖനനം നടത്തുന്നതിനവശ്യമായ മുന്‍ കരുതലുകള്‍ ഇല്ലാതെയാണ് പാറ ഖനനം നടത്തിയിരുന്നത് എന്ന് ജനകീയവേദി പ്രവര്‍ത്തകര്‍ പറയുന്നു. ദുര്‍ബല പ്രദേശമായ ഇവിടെ പാറ ഖനനം നടത്തുന്നത് തടയണമെന്നാവശ്യപ്പെട്ട് നാട്ടുകാര്‍ ജനകീയ വേദി രൂപീകരിക്കുകയും 186 ദിവസം നീണ്ട സമരത്തിനൊടുവില്‍ പാറ ഖനനം അധികൃതര്‍ തടയുകയും ചെയ്തിരുന്നു. ഇതിനടുത്തുള്ള പത്തേക്കര്‍ പത്തു സെന്റ് പുരയിടം വരുന്ന സര്‍ക്കാര്‍ വക പാറ എന്‍സിസി നാഷണല്‍ ലെവല്‍ പരിശീലന ക്യാംപ് നിര്‍മിക്കുന്നതിനു വേണ്ടി പ്രതിരോധ വകുപ്പ് സംസ്ഥാന സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കളക്ടറുടെ നിര്‍ദേശപ്രകാരം താലൂക്ക് സര്‍വ്വേയര്‍, സ്ഥലം അളന്നു തിട്ടപ്പെടുത്തി കല്ലിടുകയും ചെയ്തു. എന്‍സിസി ഡയറക്ടര്‍, അഡീഷണല്‍ ഡയറക്ടര്‍ എന്നിവര്‍ സ്ഥലം സന്ദര്‍ശിച്ചു. പി ഡബ്ല്യുഡിയും അനുമതി നല്കി. ഈ സ്ഥലം എന്‍സിസിക്കു കൈമാറുന്നതിന്റെ സര്‍ക്കാര്‍ നടപടികള്‍ പുരോഗമിക്കുകയാണ്.
600 പേര്‍ക്കു താമസിച്ചു പരിശീലനം നേടാനാകുന്ന തരത്തിലാണ് ക്യാംപ് നിര്‍മിക്കുന്നത്. 400 ആണ്‍കുട്ടികള്‍ക്കും 200 പെണ്‍കുട്ടികള്‍ക്കും താമസിച്ച് ട്രെയിനിംഗ് നടത്താനുള്ള സൗകര്യമാണ് ഇവിടെ ഒരുക്കുന്നത്. ജില്ലയിലെ ഏറ്റവും മനോഹരവും ഉയര്‍ന്ന പ്രദേശങ്ങളിലൊന്നുമാണ് മഞ്ഞപ്പാറ. വെട്ടുപാറയില്‍ നിന്ന് മഞ്ഞപ്പാറയിലേക്ക് പോകുന്ന സ്ഥലത്താണ് ക്രഷര്‍ പ്രവര്‍ത്തിച്ചിരുന്നത്. ഇതിനാല്‍ റോഡിന്റെ ഒരുവശം മുഴുവന്‍ വലിയ ഗര്‍ത്തങ്ങള്‍ ഉണ്ടായി. ഈ ഭാഗത്ത് അപകട സൂചക ബോര്‍ഡുകളോ സംരക്ഷണ ഭിത്തികളോ ഇല്ലാത്തത് അപകടത്തിനു കാരണമാകുന്നു. നിര്‍ത്തലാക്കിയ പഴയ ക്രഷറിനു സമീപം പുതിയ കെട്ടിടം പണിയാന്‍ എത്തിയതു ഈ പ്രദേശത്തു വീണ്ടും പാറഖനനം തുടങ്ങനാണെന്ന് സംശയിക്കുന്നതായി ജനകീയവേദി കണ്‍വീനര്‍ എം. സനില്‍കുമാര്‍ പറഞ്ഞു. നിര്‍മാണത്തിനായി എത്തിയ തൊഴിലാളികളെ നാട്ടുകാര്‍ തടഞ്ഞത് വാക്കേറ്റത്തിനു കാരണമായി.
തുടര്‍ന്ന് വട്ടപ്പാറ പോലീസ് എത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി. ഇതിനിടെ പണി നിര്‍ത്തി വയ്ക്കുകയും പ്രതിഷേധക്കാര്‍ പിരിഞ്ഞു പോവുകയും ചെയ്തു. ബുധനാഴ്ച കൂടുതല്‍ ചര്‍ച്ചകള്‍ക്കായി ഇരു വിഭാഗത്തെയും സ്റ്റേഷനില്‍ എത്താന്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നു വട്ടപ്പാറ പോലീസ് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: