പി.എ. വേണുനാഥ്
പത്തനംതിട്ട : മന്ത്രി അടൂര്‍പ്രകാശിന്റെ നിയോജകമണ്ഡലമായ കോന്നിയില്‍ യുഡിഎഫിന് കാലിടറുന്നു. ഭരണം നിലനിര്‍ത്തിയ പഞ്ചായത്തുകളില്‍പോലും യുഡിഎഫിന് സീറ്റ് കുറയുകയും ബിജെപിയും എല്‍ഡിഎഫും നേട്ടമുണ്ടാക്കുകയും ചെയ്തു. ആസന്നമായ നിയമസഭാ തെരഞ്ഞെടുപ്പില്‍ മന്ത്രി അടൂര്‍പ്രകാശിന്റെ നിലനില്‍പ്പിന് തന്നെ ഭീഷണിയുയര്‍ത്തുന്ന തരത്തിലാണ് തദ്ദേശ ഭരണ തെരഞ്ഞെടുപ്പിലെ ജനവിധി. കഴിഞ്ഞതവണ ഏഴായിരത്തിലധികം വോട്ടുകള്‍ക്കാണ് അടൂര്‍പ്രകാശ് കോന്നിയില്‍ വിജയിച്ചത്. ഇപ്പോളത്തെ തിരഞ്ഞെടുപ്പ് ഫലങ്ങളുടെ അടിസ്ഥാനത്തില്‍ വിലയിരുത്തിയാല്‍ സ്ഥിതി കൂടുതല്‍ മോശമായെന്ന് വേണം കരുതാന്‍.
നിയോജകമണ്ഡലത്തിലെ കോന്ന, അരുവാപ്പുലം, പ്രമാടം, വള്ളിക്കോട്, മൈലപ്ര, തണ്ണിത്തോട് പഞ്ചായത്തുകളില്‍ ഭരണം നിലനിര്‍ത്താന്‍ യുഡിഎഫിന് കഴിഞ്ഞെങ്കിലും സീറ്റുകളുടെ എണ്ണത്തില്‍ കാര്യമായ കുറവുണ്ടായി. കോന്നി പഞ്ചായത്തില്‍ 13 സീറ്റുകളുണ്ടായിരുന്നത് ഇപ്പോള്‍ 11 ആയി ചുരുങ്ങി. അരുവാപ്പുലത്ത് 12 ല്‍ നിന്നും എട്ടായി. എല്‍ഡിഎഫ് ഭരണം നിലനിര്‍ത്തിയ കലഞ്ഞൂര്‍ പഞ്ചായത്തില്‍ കഴിഞ്ഞതവണ എട്ടുസീറ്റുണ്ടായിരുന്നത് അഞ്ചായി ചുരുങ്ങി. മലയാലപ്പുഴ സീതത്തോട് പഞ്ചായത്തുകളില്‍ നാലുവീതവും ചിറ്റാറില്‍ മൂന്നും സീറ്റുകളാണ് നഷ്ടമായത്. ഏനാദിമംഗലത്ത് എല്‍ഡിഎഫ് ഭരണം പിടിച്ചെടുത്തു. ഇവിടെ മൂന്നൂസീറ്റുകളാണ് യുഡിഎഫിന് നഷ്ടമായത്. കോന്നി ബ്ലോക്ക് പഞ്ചായത്തില്‍ ഭരണം നിലനിര്‍ത്താനായെങ്കിലും പത്തുസീറ്റുണ്ടായിരുന്നത് ഒന്‍പതായി കുറഞ്ഞു.
വിവിധ പഞ്ചായത്തുകളില്‍ സീറ്റുകള്‍ കുറഞ്ഞത് മന്ത്രിയ്ക്ക് വ്യക്തിപരമായേറ്റ തിരിച്ചടികൂടിയാണ്. നിയോജകമണ്ഡലത്തിലെ ത്രിതല പഞ്ചായത്തുകളില്‍ സ്ഥാനാര്‍ത്ഥികളെ നിര്‍ണ്ണയിക്കുന്നതില്‍ അടൂര്‍പ്രകാശ് നേരിട്ട് ഇടപെട്ടിരുന്നു. പലയിടത്തും എ,ഐ ഗ്രൂപ്പുകള്‍ തമ്മിലുള്ള തര്‍ക്കത്തിനും ഇത് വഴിവെച്ചു. വിവിധ പഞ്ചായത്തുകളില്‍ തനിക്ക് താല്പര്യമുള്ള ആളുകളെ ഭരണസ്ഥാനങ്ങളില്‍ എത്തിക്കാനാണ് മന്ത്രി ശ്രമിച്ചതെന്നാണ് എതിര്‍ഗ്രൂപ്പിന്റെ ആക്ഷേപം. ഡിസിസി ഓഫീസില്‍ നടന്ന യോഗത്തില്‍ സ്ഥാനാര്‍ത്ഥി നിര്‍ണ്ണയത്തെച്ചൊല്ലി മുന്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും എ ഗ്രൂപ്പുകാരനുമായ മാത്യു കുളത്തുങ്കലുമായി തര്‍ക്കമുണ്ടാകുകയും അടൂര്‍പ്രകാശ് യോഗത്തില്‍ നിന്നും ഇറങ്ങിപ്പോകുകയും ചെയ്തിരുന്നു. തദ്ദേശ തെരഞ്ഞെടുപ്പ് ഫലം അടൂര്‍പ്രകാശിന്റെ എതിര്‍ക്യാമ്പുകളില്‍ ആഹ്ലാദം വിളമ്പിയിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: