ശിവാകൈലാസ്
കാട്ടാക്കട: അതിരു കാക്കുന്നവര്‍ കണ്ണടയ്ക്കുമ്പോള്‍ കാടിനുള്ളില്‍ നിന്നുയരുന്നത് വനവാസികളുടെ രോദനമാണ്. ആദിവാസി ഊരുകളില്‍ നിന്ന് നിലവിളി ഉയരുന്നത് നിത്യ സംഭവമായി മാറുമ്പോള്‍ വനാതിര്‍ത്തിയില്‍ നോക്കുകുത്തികളെ പോലെ നിലകൊള്ളുകയാണ് ചെക്കിംഗില്ലാ ചെക്ക് പോസ്റ്റുകള്‍. കഴിഞ്ഞ ദിവസം കോട്ടൂര്‍ ആദിവാസി സെറ്റില്‍മെന്റില്‍ യുവതി പീഡനത്തിന് ഇരയായതാണ് പുറംലോകമറിഞ്ഞ ഒടുവിലത്തെ ദുരന്തം. ഇവിടെയും വനപാലകരുടെ അനാസ്ഥയ്ക്ക് നേര്‍ക്കാണ് സമൂഹ മനസാക്ഷി വിരല്‍ചൂണ്ടുന്നത്.
കുറ്റിച്ചല്‍ പഞ്ചായത്തിലെ കോട്ടൂര്‍ വന മേഖലയില്‍ 27 ആദിവാസി സെറ്റില്‍മെന്റുകളാണുള്ളത്. ഏകദേശം 3000 ത്തോളം വനവാസികളാണ് ഇവിടെ പാര്‍ക്കുന്നത്. ആദിവാസി ഊരുകളിലേക്ക് പുറത്തുനിന്നുള്ളവര്‍ക്ക് കടന്നു ചെല്ലാന്‍ കര്‍ശന നിയന്ത്രണമാണ് വനം വകുപ്പ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. എന്നാല്‍ ഈ നിയന്ത്രണങ്ങള്‍ പലപ്പോഴും പാലിക്കപ്പെടുന്നില്ല എന്നതാണ് യാഥാര്‍ത്ഥ്യം. സാമൂഹ്യ വിരുദ്ധരുടെ പ്രലോഭനങ്ങള്‍ക്കു കോട്ടൂരിലെ ചെക്ക് പോസ്റ്റ് തുറന്നുകൊടുക്കുമ്പോള്‍ ഉടഞ്ഞു വീഴുന്നത് പാവം വനവാസി സ്ത്രീകളുടെ മാനമാണ്. ചെറുതും വലുതുമായ നിരവധി പീഡനങ്ങള്‍ക്കും പീഡന ശ്രമങ്ങള്‍ക്കും വിധേയരാകുന്ന ആദിവാസി സമൂഹത്തിന്റെ വിങ്ങലുകള്‍ മിക്കപ്പോഴും പുറം ലോകം അറിയാറില്ല. പരാതിയുമായി ആരെങ്കിലും കാടു കടന്നു വന്നാല്‍ പണവും ലഹരിയും നല്കി അവരെ പിന്തിരിപ്പിക്കുകയാണ് പതിവ്. വഴങ്ങാത്തവരെ ഭീഷണിപ്പെടുത്തി തിരിച്ചയയ്ക്കും. ഫോറസ്റ്റ്, പോലീസ് വകുപ്പുകളിലെ ചിലരും രാഷ്ട്രീയക്കാരായ ഉന്നതരും സാമൂഹ്യ വിരുദ്ധര്‍ക്ക് സഹായികളായി നിലകൊള്ളുന്നതോടെ വനവാസികള്‍ക്ക് നീതി നിഷേധം പതിവ് കാഴ്ചയാകുന്നു.
കോട്ടൂര്‍ സ്റ്റാന്റിലെ ടാക്സികള്‍, ഓട്ടോ റിക്ഷകള്‍ എന്നിവയ്ക്ക് ചെക്ക് പോസ്റ്റു വഴി യഥേഷ്ടം കടന്നു പോകാം. ഇവര്‍ക്ക് കാര്യമായ ചെക്കിംഗുകളില്ല. സ്വകാര്യ വാഹനങ്ങള്‍ക്ക് മാത്രമാണ് കാനന പാതയിലേക്ക് കടക്കാന്‍ വിലക്കുള്ളത്.
ആദിവാസികള്‍ക്ക് അത്യാവശ്യ ഘട്ടങ്ങളില്‍ പട്ടണത്തിലേക്ക് പോകാനാണ് കോട്ടൂരില്‍ നിന്ന് ടാക്സികള്‍ വിളിക്കാറുള്ളത്. ഇങ്ങനെ വനത്തിനുള്ളിലേക്ക് കടന്നു പോകുന്ന വാഹനങ്ങള്‍ നിശ്ചിത സമയത്തിനുള്ളില്‍ തിരിച്ചു പോകുന്നുണ്ടോ എന്ന് നിരീക്ഷിക്കാന്‍ വനപാലകര്‍ ശ്രദ്ധിക്കാറില്ല. കഴിഞ്ഞ ദിവസം വനവാസി യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചവര്‍ സഞ്ചരിച്ച ജീപ്പും ഇത്തരത്തില്‍ ചെക്ക് പോസ്റ്റ് കടന്നു പോയതാണ്. ഡ്രൈവറെ കൂടാതെ മൂന്നു പേര് ജീപ്പിലുണ്ടായിരുന്നിട്ടും ചെക്കുപോസ്റ്റിലെ കാവല്ക്കാര് യാതൊരു പരിശോധനയുമില്ലാതെ രാത്രിയില്‍ ഈ ജീപ്പിനു വേണ്ടി വാതില്‍ തുറന്നുകൊടുത്തു എന്നാണ് ആക്ഷേപം. കഴിഞ്ഞ വര്‍ഷം കേരളാ കോണ്‍ഗ്രസിന്റെ വാര്‍ഷികാഘോഷത്തിന് ടൂറിസ്റ്റ് ബസ്സില്‍ ആദിവാസികളെ കൊണ്ടു പോയി പീഡിപ്പിച്ചപ്പോഴും കാവല്ക്കാരുടെ നിരീക്ഷണ പിഴവാണെന്ന് ആരോപണമുയര്‍ന്നിരുന്നു.
വനാതിര്‍ത്തി കടന്നു വരുന്നവരെ നിരീക്ഷിക്കുവാന്‍ മാങ്കോട് സ്ഥാപിച്ച വാച്ച് ടവറില്‍ ഇതേവരെ കാവല്ക്കാരെ നിയമിച്ചിട്ടില്ല. അഞ്ചുനാഴികത്തോട് അഗസ്ത്യ വനം ബയോളജിക്കല്‍ പാര്‍ക്ക് റേഞ്ചിന്റെ ബൗണ്ടറിയില്‍ സ്ഥാപിച്ചിട്ടുള്ള ക്യാമ്പ് ഷെഡിലും വനപാലകരെ നിയോഗിച്ചിട്ടില്ല.
വന മേഖലയിലെ കാവല്‍പ്പുരകളില്‍ നിരീക്ഷണ ക്യാമറ സ്ഥാപിക്കണമെന്ന എക്കോ ഡെവലപ്പ്മെന്റ് കമ്മിറ്റിയുടെ ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. നിരീക്ഷണ ക്യാമറ സ്ഥാപിച്ച് ഇവയെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഓഫീസുമായി ഇന്റര്‍നെറ്റു വഴി ബന്ധിപ്പിക്കണമെന്ന ഇവരുടെ ആവശ്യം അധികൃതര്‍ ചെവികൊണ്ടില്ല.
ഇത്തരം സംവിധാനങ്ങള്‍ സജ്ജമാക്കാന്‍ സര്‍ക്കാര്‍ തയ്യാറായിരുന്നെങ്കില്‍ കാടിനുള്ളില്‍ നിന്നുയരുന്ന നിലവിളികള്‍ക്ക് പരിഹാരമായേനെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: