തിരുവനന്തപുരം: മകന് മുഖ്യമന്ത്രിയുടെ പിഎ ആണെന്ന് വിശ്വസിപ്പിച്ച് ജോലി വാഗ്ദാനം ചെയ്ത് തട്ടിപ്പു നടത്തിയ സംഘത്തിലെ ദമ്പതികളെ മാന്നാര്‍ പോലീസ് അറസ്റ്റു ചെയ്തു. ഇവരുടെ മകനും സുഹൃത്തും ഒളിവില്‍. റിട്ട. പഞ്ചായത്ത് സെക്രട്ടറി നേമം കോളേശ്വരം ആതിര ഗാര്‍ഡന്‍സില്‍ വാടകയ്ക്ക് താമസിക്കുന്ന വിജയന് (58), ഭാര്യ തൈക്കാട് സര്‍ക്കാര്‍ ആശുപത്രിയിലെ ലാബ് അസിസ്റ്റന്റ് തങ്കമണി (50) എന്നിവരെയാണ് പോലീസ് ഇവിടെ നിന്ന് അറസ്റ്റു ചെയ്തത്.
2013ലാണ് തട്ടിപ്പ് നടത്തിയത്. ചെന്നിത്തല തൃപ്പെരുന്തുറ ഗ്രാമപഞ്ചായത്ത് സെക്രട്ടറിയായി വിജയന് സേവനമനുഷ്ഠിക്കവെ ഇവിടെ ഉദ്യോഗസ്ഥനായ ചെന്നിത്തല സ്വദേശി റോമിയോയെ തന്റെ മകന് മുഖ്യമന്ത്രിയുടെ പിഎയാണെന്നു വിശ്വസിപ്പിച്ചു. റോമിയോയുടെ ഭാര്യാ സഹോദരന് കൊല്ലം പെരിനാട് ചെമ്മക്കാട് കരമാമ്മന്റെവിള അഭിലാഷ് ഭവനില്‍ അഭിലാഷ് ജോസഫിന് മലബാര്‍ മില്‍ക്ക് കോ-ഓപ്പറേറ്റീവ് മാര്‍ക്കറ്റിംഗ് ഫെഡറേഷന്റെ പ്ലാന്റില്‍ ലാബ് അസിസ്റ്റന്റ് ജോലി തരപ്പെടുത്തി നല്‍കാമെന്ന് വിജയന് ഉറപ്പു നല്കി. ഇതിനായി എട്ട് ലക്ഷം രൂപ ആവശ്യപ്പെട്ടു. അഞ്ചു തവണകളായി 2,80,000 രൂപ വിജയന്റെ ഭാര്യ തങ്കമണി, മകന് അര്ജുന്, സുഹൃത്ത് കൊല്ലം സ്വദേശി ശ്രീജിത്ത് എന്നിവരുടെ ബാങ്ക് അക്കൗണ്ടുകളിലേക്ക് നിക്ഷേപിച്ചു. വാഗ്ദാനം ചെയ്ത ജോലി ലഭിക്കാതെ വരികയും ഇതിനെ കുറിച്ച് അന്വേഷിക്കുകയും ചെയ്തപ്പോള്‍ റാങ്ക് ലിസ്റ്റുകള്‍ ഒന്നും നിലവിലില്ലെന്നും മനസ്സിലായി. ഇതോടെയാണ് തട്ടിപ്പ് വ്യക്തമായത്.
പണം തിരികെ ലഭിക്കണമെന്ന ആവശ്യപ്പെട്ടപ്പോള്‍ 50,000 രൂപ തിരികെ നല്കി. എന്നാല്‍ ബാക്കി തുക സംബന്ധിച്ച് ഒരു തീരുമാനവും ഉണ്ടായില്ല. ഇതിനെ തുടര്‍ന്നാണ് മാന്നാര്‍ പോലീസില്‍ പരാതി നല്‍കിയത്. കഴിഞ്ഞ ദിവസം എസ്ഐമാരായ ബി.മോഹനകൃഷ്ണന്, സുരേഷ്, സിപിഒ സജിജോണ്‍, അനിത എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അറസ്റ്റു ചെയ്തത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: