തിരുവനന്തപുരം : ഭര്‍ത്താവ് മരിച്ച അഞ്ചു പെണ്‍കുട്ടികളുള്ള അമ്മയ്ക്ക് ആകെയുള്ള 3 സെന്റ് സ്ഥലവും പഴക്കമേറിയ വീടും ജപ്തിചെയ്യാനുള്ള തിരുവനന്തപുരം സഹകരണ അര്‍ബന്‍ ബാങ്കിന്റെ നീക്കം സംസ്ഥാന മനുഷ്യാവകാശ കമ്മീഷന് അദ്ധ്യക്ഷന്‍ ജസ്റ്റിസ് ജെ.ബി. കോശി തടഞ്ഞു.
ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ പട്ടിക ജാതിക്കാരിയായ അമ്മയേയും മക്കളേയും വീട്ടില്‍ നിന്നും ഇറക്കി വിടരുതെന്ന് ഉത്തരവില്‍ പറയുന്നു. കേസ് 2016 ജനുവരി 7 ന് തിരുവനന്തപുരത്ത് പരിഗണിക്കും.
മുട്ടത്തറ ബലവാന് നഗര്‍ പണയില്‍ വീട്ടില്‍ സി. സുലോചന സമര്‍പ്പിച്ച പരാതിയിയിലാണ് നടപടി. ബാങ്കിന്റെ മണക്കാട് ശാഖയില്‍ നിന്നും പരാതിക്കാരി അഞ്ചു ലക്ഷം രൂപ വായ്പയെടുത്തിരുന്നു. ഈടായി നല്‍കിയത് മൂന്നുസെന്റ് സ്ഥലവും പഴക്കം ചെന്ന വീടുമാണ്.
വായ്പ തിരിച്ചടയ്ക്കാത്തതിനാല്‍ ബാങ്കുകാര് ജപ്തിക്ക് വന്നതിനെ തുടര്‍ന്ന് സുലോചനയുടെ ഭര്‍ത്താവ് ഹൃദ്രോഗിയായ സുകുമാര്‍ മരിച്ചു. ഇതിനകം 2,56,000 രൂപ അടച്ചതായി പരാതിയില്‍ പറയുന്നു. 50,000 രൂപ സുലോചനയുടെ പേരില്‍ ബാങ്കില്‍ ഷെയര്‍ ഉണ്ട്. ദുരിതാശ്വാസമായി മുഖ്യമന്ത്രി നല്കിയ ഒരു ലക്ഷം രൂപയും ചേര്‍ത്ത് ആകെ 4,06,000 രൂപ ബാങ്കിലടച്ചു. ഇനി ഒരു ലക്ഷം മാത്രമാണ് അടയ്ക്കാനുള്ളത്. എന്നാല്‍ പിഴ പലിശ അടക്കം 4,53,856 രൂപ അടയ്ക്കാനുണ്ടെന്നാണ് ബാങ്കിന്റെ വാദം.
കമ്മീഷന് ജില്ലാ കളക്ടറില്‍ നിന്നും വിശദീകരണം ആവശ്യപ്പെട്ടിരുന്നു. പരാതി ശരിയാണെന്നും വായ്പ തിരിച്ചടയ്ക്കാന്‍ സുലോചനയ്ക്ക് കഴിവില്ലെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു. സുലോചന നിത്യരോഗിയാണ്. ജനുവരി 7 ന് ബാങ്ക് കമ്മീഷനില്‍ വിശദീകരണം നല്‍കണം. ഉത്തരവ് തിരുവനന്തപുരം കോ-ഓപ്പറേറ്റീവ് അര്‍ബന്‍ ബാങ്ക് ജനറല്‍ മാനേജര്‍ക്ക് അയച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: