സങ്കടം നിഴലിച്ചുനില്ക്കുന്ന വരണ്ട നിര്‍വികാരമായ നേത്രങ്ങള്‍…. രാഘവേട്ടന്റെ കണ്ണുകളെ നാട്ടുകാര്‍ ഇപ്പോള്‍ വിശേഷിപ്പിക്കുന്നതിങ്ങനെയാണ്… വിങ്ങിവീര്‍ത്ത കണ്പോളകളില് ദുഃഖം ഘനീഭവിച്ചുനില്‍ക്കുന്നതു കാണുമ്പോള്‍ ഗ്രാമത്തിലുള്ളവര്‍ക്ക് അത് സഹിക്കാന്‍ കഴിയില്ല. അവരുടെ രാഘവേട്ടന് എന്നും പുഞ്ചിരിപൊഴിക്കുന്ന മുഖവുമായി സമൂഹമധ്യത്തില്‍ നിലകൊള്ളുന്നത് കണ്ടവരാണല്ലോ അവര്‍… പ്രതീക്ഷിച്ച തരത്തിലുള്ള ഒരുവിധിയായിരുന്നില്ലല്ലോ ദൈവം രാഘവേട്ടനു നല്‍കിയത്. ഒറ്റപ്പെടല്‍ ഒരു മനുഷ്യനെ ഇത്രത്തോളം പരിതാപകരമായ ഒരവസ്ഥയിലെത്തിക്കുമെന്ന് പത്തനാപുരം ഗ്രാമക്കാര്‍ സ്വപ്നേപി കരുതിയിരുന്നതല്ല…
ജീവിതാന്ത്യംവരെ പത്തനാപുരം ഗ്രാമത്തിലെ എല്ലാ പ്രശ്നങ്ങളും പരിഹരിക്കാന്‍ തങ്ങളുടെ രാഘവേട്ടന് അരയും തലയും മുറുക്കി തങ്ങളോടൊപ്പമുണ്ടാകുമെന്ന് പ്രതീക്ഷിച്ചിരിക്കുകയായിരുന്നു ഗ്രാമവാസികള്‍. രാഘവേട്ടന്റെ സഹധര്‍മിണി വത്സലേച്ചിയും തങ്കപ്പെട്ട സ്വഭാവനത്തിനുടമ… തന്റെ ഭര്‍ത്താവിന്റെ ആഗ്രഹങ്ങള്‍ മനസ്സിലാക്കി പ്രവര്‍ത്തിക്കുന്ന രാഘവേട്ടന്റെ പ്രിയ പത്നിതന്നെയായിരുന്നു അവര്‍. രാഘവേട്ടനും വത്സലേച്ചിയും മക്കളില്ലാത്ത ദുഃഖം അനുഭവിച്ചിട്ടുണ്ടോ എന്നുള്ളത് പറയാന്‍ നാട്ടുകാര്‍ക്കാവില്ല. കാരണം സന്താനഭാഗ്യം ഇല്ലാത്തത് പറഞ്ഞ് ദുഃഖിച്ചിരിക്കുന്ന, പരസ്പരം പഴിചാരുന്ന സ്വഭാവം അവര്‍ക്കുണ്ടായിരുന്നില്ലെന്നു മാത്രം പത്തനാപുരക്കാര്‍ക്കറിയാം…
അന്യന്റെ വളപ്പിലെ വേലിത്തര്‍ക്കത്തിലായാലും കുടുംബ പ്രശ്നങ്ങളിലായാലും പോലീസ് കേസിലായാലും രാഘവേട്ടന് കയറി ഇടപെടും. മാത്രമല്ല, വിവാഹസല്‍ക്കാരത്തിലും റോഡ് നിര്‍മാണത്തിലും അവകാശ സമരങ്ങളിലും രാഘവേട്ടന് നിറസാന്നിദ്ധ്യമാണ്. രാഘവേട്ടന്റെ സപ്തതി പത്തനാപുരക്കാര്‍ കെങ്കേമമായി ആഘോഷിക്കുമ്പോഴും രാഘവേട്ടന്, തങ്കമണി ചേച്ചിയുടെ വീട്ടിലെ ഭാര്യാ ഭര്‍തൃതര്‍ക്കങ്ങള്‍ക്ക് മധ്യസ്ഥത വഹിക്കുകയായിരുന്നു. അങ്ങനെയുള്ള രാഘവേട്ടനാണ് മൗനിയായി ലൗകികജീവിതത്തോട് വിരക്തി കാണിച്ച് മുഷിഞ്ഞ വേഷവുമായി ഒരു കോണില്‍ ചടഞ്ഞുകൂടിയിരിക്കുന്നത്.
രാഘവേട്ടന്റെയും വത്സലേച്ചിയുടെയും ജീവിതം ഒരു പുഴപോലെ ഒഴുകുകയാണ്… ആ ജീവിതപ്രവാഹത്തിന്റെ ചാരുത ആവോളം പാനം ചെയ്തുകൊണ്ട് പത്തനാപുരം നാട്ടുകാരും ആ ഒഴുക്കിനോടൊപ്പം പ്രയാണം ചെയ്യുകയാണാ….
ഊര്‍ജസ്വലയായി നടന്നിരുന്ന വത്സലേച്ചിക്ക് ഒരു വയറുവേദന വന്നപ്പോഴാണ് ആദ്യമായി ഗ്രാമത്തിനു സമീപമുള്ള താലൂക്കാശുപത്രിയില്‍ കൊണ്ടുപോയി പരിശോധിപ്പിച്ചത്. അവിടെനിന്ന് മെഡിക്കല്‍ കോളേജില്‍ കൊണ്ടുപോയി ഒരു വിദഗ്ദ്ധ പരിശോധന നടത്താന്‍ ഡോക്ടര്‍ നിര്‍ദ്ദേശിക്കുകയായിരുന്നു. രാഘവേട്ടനും നാട്ടുകാരും ഉടന്‍തന്നെ ഒരു ടാക്സി വിളിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രിയിലെത്തിച്ചേരുകയായിരുന്നു. ഒരു പരിശോധനയില്‍ ഡ്യൂട്ടി ഡോക്ടര്‍ക്ക് അസുഖം സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല. പുറത്തു കാത്തുനില്ക്കുന്ന രാഘവേട്ടനും നാട്ടുകാരും വത്സലേച്ചിക്ക് ദഹനക്കേട് വന്നതിന് ഇത്രേടം വരേണ്ടതുണ്ടായിരുന്നോ എന്നുള്ള ചര്‍ച്ചയിലായിരുന്നു. ”ഇന്ന് ചക്കപ്പുഴുക്കിത്തിരി കൂടുതല്‍ സേവിച്ചു… അടുത്ത വീട്ടിലെ മാലതീം, പത്മനാഭനും വന്നപ്പോ അവരോട് വര്‍ത്തമാനം പറഞ്ഞ് പുഴുക്ക് കഴിച്ചതിന്റെ അളവങ്ങട് മറന്നിരിക്കുന്നു…. ഞാനപ്പോഴും പറഞ്ഞതാ… തെക്കേലെ പാറുക്കുട്ടീടെ മകള്ടെ കല്യാണം വരുമ്പോഴേക്കും വയറ്റിനസുഖം പിടിപ്പിക്കല്യേന്ന്… ആര് കേള്‍ക്കാനാ… ചക്കപ്പുഴുക്കെന്നുവെച്ചാ അവള്‍ക്ക് ഭ്രാന്താ…… രാഘവേട്ടന് പറഞ്ഞുനിര്‍ത്തി.
”എന്നാലും ന്റെ വത്സലേച്ചി ഇതിത്തിരി കടന്ന കയ്യായിപ്പോയി… ചക്കപ്പുഴുക്കു കഴിച്ച് മെഡിക്കല്‍ കോളേജ് ആശുപത്രീല് വരാന്ന് പറഞ്ഞാ…” തെക്കേതിലെ പാറുക്കുട്ടീടെ ഭര്‍ത്താവ് നാണുചേട്ടന്റെ ആത്മഗതം കുറച്ചുറക്കെയായിപ്പോയി.
”പത്തനാപുരത്തുനിന്നുവന്ന വത്സലയുടെ ബന്ധുക്കള്‍ ആരെങ്കിലും പുറത്തുണ്ടോ?” സുമുഖിയായ നഴ്സ് വന്ന് ഉറക്കെ വിളിച്ചുചോദിച്ചപ്പോള്‍ എല്ലാവരുടേയും ശ്രദ്ധ അങ്ങോട്ടു തിരിഞ്ഞു.
”ഭര്‍ത്താവായ ഞാനുണ്ട്…” എന്ന് അഭിമാനപൂര്‍വം പറഞ്ഞുകൊണ്ട് രാഘവേട്ടന് വേഗം ഡോക്ടറുടെ റൂമില്‍ കയറിയപ്പോള്‍ നാണുച്ചേട്ടനും രാഘവേട്ടനോടൊപ്പം കയറുകയായിരുന്നു.
ഒരു നിമിഷത്തെ നിശബ്ദതയ്ക്കുശേഷം ഡോക്ടര്‍ രാഘവേട്ടന്റെ ചെവിയില്‍ ശ്രുതിമധുരമായ ഒരു ഗാനംപോലെ മൊഴിഞ്ഞു.
”മിസ്റ്റര്‍ രാഘവന്….താങ്കളൊരച്ഛനാകാന്‍ പോകുന്നു…” രാഘവേട്ടന്റെ മനസ്സില്‍ അനന്തം ദീപ്ത നക്ഷത്രങ്ങള്‍ മിന്നിത്തെളിഞ്ഞു.
”അമ്പതുവയസ്സില്‍ ഒരു സ്ത്രീയുടെ പ്രസവം അത്ര സുഖകരമായിക്കൊള്ളണമെന്നില്ല. കുറച്ച് കോംപ്ലിക്കേഷന്‍സ് ഉണ്ടാവുമെന്നറിഞ്ഞുകൊണ്ടാണ് ഇവിടേക്ക് ഡോക്ടര്‍ നിര്‍ദ്ദേശിച്ചത്…” രാഘവേട്ടന്റെ ആനന്ദാശ്രുക്കള്‍ക്ക് ചെറിയ മങ്ങലേല്‍പ്പിച്ചുകൊണ്ട് ഡോക്ടറുടെ ഘനഗംഭീരസ്വരം മുഴങ്ങി.
എന്തെല്ലാം വികാരങ്ങളാണ് രാഘവേട്ടനപ്പോള്‍ അനുഭവിച്ചതെന്ന് നാട്ടുകാര്‍ക്കറിയില്ല. എന്തായാലും സമ്മിശ്രവികാരങ്ങള്‍ അലതല്ലുന്ന മുഖഭാവവുമായി ഒരു പുഞ്ചിരിയോടെ വീണ്ടും രാഘവേട്ടന് സമൂഹമധ്യത്തില്‍ തന്നെ നിലയുറപ്പിച്ചു.
ഓരോ മാസം കഴിയുന്തോറും വത്സലേച്ചിയുടെ ആരോഗ്യസ്ഥിതി വഷളായിവരികയാണ്. രാഘവേട്ടനും പത്തനാപുരം നാട്ടുകാരും വത്സലേച്ചിയുടെ ഓരോ കാര്യങ്ങളിലും ദത്തശ്രദ്ധരായി നില്‍ക്കുകയാണ്. അവസാനമാസം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ അഡ്മിറ്റ് ചെയ്യണമെന്ന് ഡോക്ടര്‍ നേരത്തെ നിര്‍ദ്ദേശിച്ചിരുന്നു. രാഘവേട്ടനും പൂര്‍ണ ഗര്‍ഭിണിയായ വത്സലേച്ചിയും ആശുപത്രിയിലെ സ്ഥിരതാമസക്കാരെപ്പോലെയായിത്തീര്‍ന്നത് പെട്ടെന്നായിരുന്നു. ഡോക്ടര്‍ പറഞ്ഞ തീയതി അടുത്തടുത്തുവരുന്നു. സുഖപ്രസവം സാധ്യമല്ലാത്തതിനാല്‍ ഒരു നല്ല ദിവസം നോക്കി സിസേറിയന് ചെയ്യാന്‍ തീരുമാനിച്ചിരുന്നു.
ആകാംക്ഷയോടെയുള്ള കാത്തിരിപ്പിന് നാളെ വിരാമമിടുകയാണ്. ”നാളെ താനൊരച്ഛനാകും…” രാഘവേട്ടന് അഭിമാനത്തോടുകൂടി ഓര്‍ത്തു.
ഓപ്പറേഷന് തിയറ്ററിന്റെ മുന്നിലെ ഉദ്വേഗജനകമായ നിമിഷങ്ങള്‍…തിയറ്ററിന്റെ വാതില്‍ തുറന്ന് ഡോക്ടര്‍ പുറത്തുവന്നു. നെറ്റിയില്‍ പൊടിഞ്ഞ വിയര്‍പ്പുതുള്ളികള്‍ ടവ്വല്കൊണ്ട് ഒപ്പിയെടുത്തു. രാഘവേട്ടന്റെ മുഖത്തുനോക്കാതെ മൊഴിഞ്ഞു.
”ക്ഷമിക്കണം രാഘവേട്ടാ…രക്ഷപ്പെടുത്താനായില്ല…അമ്മയും…കുഞ്ഞും… എല്ലാം ദൈവത്തിന്റെ കയ്യിലായിരുന്നു…” അവിടെ കൂടിയ പത്തനാപുരം വാസികള്‍ ഒന്നുറക്കെ രാഘവേട്ടന് പൊട്ടിക്കരഞ്ഞിരുന്നെങ്കില്‍ എന്ന് ആശിച്ചു.
രാഘവേട്ടന് പതുക്കെ വേച്ചുവേച്ച് നടന്ന് അവിടെയുള്ള ബഞ്ചില്‍ ചാരിയിരുന്നു. രാഘവേട്ടനെ പിന്നീട് നാട്ടുകാര്‍ വീട്ടിലെത്തിക്കുമ്പോഴും അതേ നിര്‍വികാരാവസ്ഥ…പിന്നീട് വത്സലേച്ചിയേയും കുഞ്ഞിനേയും ഒരു നോക്കു കാണുന്നതിനായി രാഘവേട്ടനെ ആളുകള്‍ താങ്ങിപ്പിടിച്ച് കൊണ്ടുവന്നപ്പോഴും ആ ഇരുപ്പുതന്നെ… എല്ലാറ്റിനും മൗനസമ്മതം നല്കി ഒരു പാവ കണക്കേ ചലിച്ച രാഘവേട്ടന് കുറച്ചുദിവസം കഴിഞ്ഞാല്‍ പഴയപടിയാകുമെന്നാണ് നാട്ടുകാര്‍ കരുതിയത്. പക്ഷേ… രാഘവേട്ടന്റെ പ്രകടനങ്ങള്‍ക്ക് യാതൊരു മാറ്റവുമുണ്ടായില്ല. ചിരിക്കാതെ… മൗനിയായി….അശ്രദ്ധനായി…അലക്ഷ്യനായി…രാഘവേട്ടന്…..ഓളങ്ങളില്‍ പെട്ടുലയുന്ന വഞ്ചിമുങ്ങിത്താഴുമ്പോള്‍ ജീവിതസാഗരം നീന്തിക്കടക്കാന്‍ പെടാപ്പാടുപെടുന്ന മനുഷ്യജന്മങ്ങളുടെ പ്രതിരൂപം…
പത്തനാപുരക്കാര്‍ക്കിനി വിശ്രമമില്ല. രാഘവേട്ടന്റെ ഊന്നുവടിയായി പത്തനാപുരം കൂടെയുണ്ട്. അവരുടെ രാഘവേട്ടന് ജീവിതത്തിലേക്ക് തിരിച്ചുവരുന്നതും നോക്കി കണ്ണും നട്ട് കാത്തിരിപ്പാണവര്…
പ്രതികരിക്കാൻ ഇവിടെ എഴുതുക: