ഇത് നിങ്ങൾ വായിക്കുമ്പോഴേക്കും നവംബർ 14 കഴിഞ്ഞിരിക്കും. നവംബർ 14 അവിസ്മരണീയ ദിവസമാണ്. അടിയന്തരാവസ്ഥക്കെതിരായ സഹനസത്യഗ്രഹ സമരത്തിൽ പങ്കെടുത്തവർക്കും ജന്മഭൂമി പത്രത്തിനും ഏതാണ്ട് ഒരേതരത്തിൽ. അടിയന്തരാവസ്ഥ പ്രഖ്യാപനത്തെത്തുടർന്ന് കേരളത്തിൽ സാർവത്രികമായി റെയ്ഡുകളും അറസ്റ്റുകളും നടന്ന 1975 ജൂലൈ രണ്ടിനുശേഷം പ്രസിദ്ധീകരണം നിലച്ചുപോയ ജന്മഭൂമി സായാഹ്ന ദിനപത്രം, സമ്പൂർണ പ്രഭാത പതിപ്പായി എറണാകുളത്തുനിന്ന് പുനഃപ്രസിദ്ധീകരണം തുടങ്ങിയത് 1977 നവംബർ 14 നായിരുന്നു.
ജനാധിപത്യ ധ്വംസനത്തിനും പൗരാവകാശ നിഷേധത്തിനും സർവാധിപത്യത്തിനും എതിരായി നിരന്തര സംഘർഷം നടത്താനായി രൂപീകൃതമായ ജനസംഘർഷ സമിതി (ദേശീയതലത്തിൽ ലോകസംഘർഷ സമിതി)യുടെ സംസ്ഥാനാദ്ധ്യക്ഷനും ഗാന്ധിയനും ലോകനായക് ജയപ്രകാശ് നാരായണന്റെ അനുയായിയുമായിരുന്ന പ്രൊഫ.എം.പി. മന്മഥനായിരുന്നു മുഖ്യപത്രാധിപരായി ജന്മഭൂമിയെ നയിച്ചത്. പ്രത്യക്ഷ സമരമാരംഭിച്ച ദിവസമായി നവംബർ 14നു തന്നെയാണ് യഥാർത്ഥ ദേശീയതയുടെയും ജനായത്തത്തിന്റെയും വക്താവായി, ജന്മഭൂമി മാധ്യമരംഗത്തെ സമരം ആരംഭിച്ചത്. സമരം ഇന്ന് ആറ് പ്രസിദ്ധീകരണ കേന്ദ്രങ്ങളിൽനിന്നായി ജന്മഭൂമി തുടരുകയാണ്. ദേശീയതയ്ക്കും ജനായത്തത്തിനും വേണ്ടി ‘തൂലിക പടവാളാ’ക്കിയ എത്രയോ ജേർണലിസ്റ്റുകളെ ജന്മഭൂമി സൃഷ്ടിച്ചിട്ടുണ്ട്!
ഭാരതത്തിന്റെ പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ നവംബർ 14 സമരപ്രഖ്യാപനത്തിന് തെരഞ്ഞെടുത്തതും ശ്രദ്ധേയമാണ്. ബ്രിട്ടീഷ് സാമ്രാജ്യഭരണത്തിനെതിരെ നടന്ന സ്വാതന്ത്ര്യസമരത്തിന്റെ അനിഷേധ്യ നേതാവും സ്വതന്ത്രഭാരതത്തിന് ജനായത്ത ഭരണം തന്നെ വേണമെന്നുറച്ച് വിശ്വസിച്ചയാളുമായിരുന്നു നെഹ്റു. ജനായത്ത രീതി അംഗീകരിച്ച നമ്മുടെ ഭരണഘടനയിൽ ഒപ്പുവെച്ച ആദ്യ പേരുകാരനും അദ്ദേഹം തന്നെ. ഭരണഘടന നമുക്കുറപ്പുതന്ന മൗലികാവകാശങ്ങളും സ്വാതന്ത്ര്യങ്ങളും എല്ലാം നിഷേധിച്ചാണ് അടിയന്തരാവസ്ഥ പ്രഖ്യാപിക്കപ്പെട്ടത്. നീതിന്യായ പരിരക്ഷക്കുപോലും ജനങ്ങൾക്ക് അധികാരമില്ല എന്നു പ്രഖ്യാപിച്ചുകൊണ്ട് സർവാധിപത്യ മർദ്ദനവാഴ്ചയുടെ താണ്ഡവമാടിയത് ജവഹർലാലിന്റെ പുത്രി ഇന്ദിരാഗാന്ധി ആയിരുന്നുവെങ്കിലും, അവർക്കെതിരായി സമരം നടത്തി വിജയിച്ചതിന്റെ ശ്രേയസ്സ് ജനസംഘർഷ സമിതിയുടെ നേതൃത്വത്തിൽ എണ്ണമറ്റ പീഡനങ്ങളും യാതനകളും ഏൽപ്പിക്കപ്പെട്ടിട്ടും പതറാതെ, നട്ടെല്ലു നിവർത്തി മുന്നേറിയ ആയിരക്കണക്കിന് യുവജനങ്ങൾക്കായിരുന്നു.
അവർക്ക് സർവവിധ പിന്തുണയും ആവേശവും നൽകി, സ്വന്തം കഷ്ടപ്പാടുകളെ കടിച്ചിറക്കിയ കുടുംബാംഗങ്ങളെയും അമ്മമാരേയും പെങ്ങന്മാരേയും നമുക്ക് ആവേശത്തോടെയും അഭിമാനത്തോടെയുമേ ഓർമിക്കാനാകൂ.
ആ സംഘർഷവും സമരവും മർദ്ദനം ഇരുൾപരത്തി ദിവസങ്ങളും നാൽപ്പതിലേറെ വർഷങ്ങൾക്കുമുമ്പ് കടന്നുപോയി. അന്നത്തെ പോരാളികളിൽ പലരും ഇന്നില്ല. പലരും അന്നേറ്റ മർദ്ദനങ്ങളുടെ ഫലമായി ജീവച്ഛവങ്ങളായി കഴിയുന്നു. അവരുടെ ഓർമകളും അനുഭവങ്ങളും നൽകിയ കനലുകൾ കെടാതെ, ഹോത്രാഗ്നിപോലെ അവർ സൂക്ഷിക്കുന്നു.
ആ സംഭവങ്ങൾക്കുശേഷം രണ്ടുമൂന്നു തലമുറകൾ വളർന്നുവന്നിരിക്കുന്നുണ്ട്. ഇവർക്ക് അന്നത്തെ ഇതിഹാസ സമാനമായ സംഭവങ്ങൾ അറിയാൻ ഇന്നു പ്രയാസമായിരിക്കും. സംഘർഷകാലത്തിന്റെ സാമാന്യവിവരണങ്ങളും രേഖകളും ഇന്ന് നമുക്ക് ലഭ്യമാണെങ്കിലും അതിന്റെ ഒരു സജീവ ആവിഷ്കരണം ലഭ്യമല്ല.
അൻപതിലേറെ വർഷങ്ങൾക്കു മുമ്പ് സംഘപ്രചാരകനെന്ന നിലയ്ക്ക് പൊതുപ്രവർത്തനരംഗത്തിറങ്ങിയ ഈ ലേഖകന്, ഏതാണ്ടിതേ അവസ്ഥയിലുള്ള ഒരു കാലഘട്ടത്തിലാണ് പ്രവർത്തിക്കാൻ കഴിഞ്ഞത്. സ്വാതന്ത്ര്യസമരപ്പോരാളികൾ ധാരാളമുണ്ടായിരുന്ന ഗ്രാമങ്ങളിലും നഗരങ്ങളിലുമൊക്കെ സംഘപ്രവർത്തനം നടത്തുകയായിരുന്നുവല്ലൊ. അവിടങ്ങളിലെ മുതിർന്നവരിൽ ആഗസ്റ്റ് വിപ്ലവത്തിലും ഗുരുവായൂർ സത്യഗ്രഹത്തിലും ഉപ്പുസത്യഗ്രഹത്തിലും ഒക്കെ പങ്കെടുത്തുവർ ഏറെയുണ്ടായിരുന്നു. അക്കാലത്തെപ്പറ്റി ചരിത്രങ്ങളിലും മറ്റു സാഹിത്യങ്ങളിലും നിന്ന് വായിച്ചുമനസ്സിലാക്കാൻ കഴിയുമായിരുന്നുവെങ്കിലും നേരിട്ട് ഭടന്മാരിൽനിന്നറിയുക അനുഭവം തന്നെയായിരുന്നു. വിശേഷിച്ചും രണ്ടുമൂന്നുപേരെ ഓർക്കാതെ വയ്യ. പിന്നീട് അവർ വലിയ നേതാക്കളൊന്നുമായില്ല. നേതാക്കളാൽ പരിത്യക്തരായി എന്നുപറയുന്നതാവും ശരി.
എന്റെ ആദ്യകാലാനുഭവങ്ങൾ കണ്ണൂർ ജില്ലയിലായിരുന്നതിനാൽ ഈ വ്യക്തികൾ അവിടത്തുകാരാണ്. രണ്ടുപേർ പ്രസിദ്ധമായ മൊറാഴ കേസിലെ പ്രതികളായിരുന്നു. ഉറച്ച കോൺഗ്രസുകാരായിരുന്നിട്ടും കെ.പി.ആർ. ഗോപാലന്റെയും മറ്റും സ്വാധീനത്തിൽപ്പെട്ട് കമ്മ്യൂണിസ്റ്റ് തന്ത്രങ്ങളിൽ കുടുങ്ങിയവർ. കമ്മ്യൂണിസ്റ്റുകാർ അന്ന് പ്രച്ഛന്ന കോൺഗ്രസുകാരായിട്ടായിരുന്നല്ലൊ വിപ്ലവങ്ങൾ നടത്തിയത്. ഒരാൾ കൂടാളി സ്കൂളിലെ അധ്യാപകനായിരുന്ന കെ.കെ. കൃഷ്ണൻ നമ്പ്യാർ. കേസിൽ പ്രതിയായെങ്കിലും വെറുതെവിട്ടവരുടെ കൂട്ടത്തിൽപ്പെട്ടു.
ക്രമേണ കമ്മ്യൂണിസത്തിൽനിന്നകന്ന് കണ്ണൂർ ജില്ലാ പ്രചാരകനായിരുന്ന വി.പി. ജനാർദ്ദനന്റെ സമ്പർക്കത്തിൽ വരികയും സംഘശിക്ഷാവർഗിൽ പരിശീലനം നേടുകയും ചെയ്തു. (1958 തൃശ്ശിനാപള്ളി). ചോർന്നൊലിക്കുന്ന വാടകവീട്ടിൽ താമസിച്ച അദ്ദേഹവും കുടുംബവും മറക്കാനാവാത്ത അനുഭവങ്ങൾ തന്നു.അടുത്തയാൾ സാക്ഷാൽ വിഷ്ണു ഭാരതീയൻ തന്നെ. കേസിനാസ്പദമായ പൊതുയോഗത്തിന്റെ അധ്യക്ഷനായിരുന്നു. കമ്മ്യൂണിസ്റ്റുകാർ അക്രമത്തിനു മുതിർന്നപ്പോൾ നിസ്സഹായനായിപ്പോയി. കർഷകസംഘ പ്രവർത്തനത്തിന് ധനവും ആരോഗ്യവുമൊക്കെ പാഴാക്കി. ഒടുവിൽ കെ.ജി. മാരാരുടെ സമ്പർക്കത്തിൽ വരികയും ജനസംഘം സ്ഥാനാർത്ഥിയായി തളിപ്പറമ്പിൽ മത്സരിക്കുകയും ചെയ്തു.
മൂന്നാമത്തെയാൾ പിന്നീട് ഭക്തകവിതിലകനെന്ന് പ്രസിദ്ധനായിത്തീർന്ന ടി. സുബ്രഹ്മണ്യൻ തിരുമുമ്പ്. ഗുരുവായൂർ സത്യഗ്രഹത്തിൽ പങ്കെടുക്കാൻ പയ്യന്നൂരിൽ നിന്നു കാൽനട ജാഥ നയിച്ച് പ്രസിദ്ധനായി, ഭാവനയ്ക്കും ആവേശത്തിനും തീപ്പിടിപ്പിക്കുന്ന ഗാനങ്ങൾ പാടിക്കൊണ്ടായിരുന്നു ജാഥ. അദ്ദേഹത്തിന്റെ പല കവിതകളും സർക്കാർ നിരോധിച്ചു. സർക്കാർ ജയിലിലടച്ചു. അവിടെ കഴിയവേ മനസ്സിൽ അധ്യാത്മ ചിന്തകൾ ഉണർന്നു. ദേവീഭാഗവതം വൃത്താനുവൃത്തം വിവർത്തനം ചെയ്തു. ആ പുസ്തകത്തിന്റെ വിൽപ്പനയിൽ സഹായിക്കുന്നതിനിടയിലാണ് തന്റെ സ്വാതന്ത്ര്യസമരാനുഭവങ്ങൾ അദ്ദേഹത്തിൽനിന്നുമറിയുന്നത്.
ഇങ്ങനെ നിരവധി പേരിൽനിന്നും സ്വാതന്ത്ര്യസമരാനുഭവങ്ങൾ കേട്ടറിഞ്ഞ അവസരത്തിൽ മനസ്സിലുണ്ടായ ചിന്തകളും വികാരങ്ങളുമായിരിക്കും രണ്ടാം സ്വാതന്ത്ര്യസമരമായ അടിയന്തരാവസ്ഥാ വിരുദ്ധപ്പോരാട്ടത്തെക്കുറിച്ച് കേൾക്കുന്ന പുതുതലമുറകൾക്കുണ്ടാകുക. അതെപ്പറ്റി ഇന്നു നമുക്ക് ലഭ്യമായ ലിഖിത സാഹിത്യത്തിൽ വസ്തുതാപരമായ വിവരണം പൂർണമായിത്തന്നെയുണ്ട് എന്നുപറയാം. എന്നാൽ അനുഭവങ്ങളുടെ ചൂര് പകരുന്ന ഒരു ഡോക്കുമെന്റേഷൻ ഇല്ലെന്നു തോന്നുന്നു. സമരത്തിന്റെ നേതൃത്വവും ആസൂത്രണവുമെല്ലാം തന്നെ സംഘപ്രസ്ഥാനങ്ങൾക്കായിരുന്നുവല്ലൊ. മറ്റു രാഷ്ട്രീയ പ്രതിപക്ഷകക്ഷികൾ അക്കാര്യത്തിൽ നിർവീര്യമായിരുന്നു. പക്ഷേ ജനാധിപത്യ പുനഃസ്ഥാപനത്തിനുശേഷം അവർ മുൻപിൽ ചാടി വീണ് അവകാശങ്ങൾ ഉന്നയിച്ചു തുടങ്ങി.
ഇപ്പോൾ വൈക്കം ഗോപകുമാറിനെപ്പോലുള്ള ജീവിക്കുന്ന രക്തസാക്ഷികളുടെയും മറ്റും ഉത്സാഹത്തിൽ അതിനുള്ള ശ്രമങ്ങൾ നടന്നുവരുന്നുവെന്നറിയുന്നു. ഒക്ടോബർ രണ്ടിന് ആലുവയിൽ നടന്ന അടിയന്തരാവസ്ഥാ പീഡിത സംഗമത്തിന്റെ സൃഷ്ടിപരമായ പരിണാമമായി അതിനെ കാണാൻ കഴിയും.നവംബർ 14 ഇപ്രകാരമുള്ള ഒട്ടേറെ ചിന്തകൾ ഉണർത്തിയത് ഇവിടെ കുറിയ്ക്കുകയാണ്. ജന്മഭൂമിയുടെ ഉയർത്തെഴുന്നേൽപ്പിനും അവസരമായത് ആ ദിവസം തന്നെയാണല്ലൊ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: