വെഞ്ഞാറമൂട്: കേരള സംഗീത നാടക അക്കാദമിയുടെ കലാശ്രീ പുരസ്കാരം രംഗപ്രഭാതിലെ കെ.എസ് .ഗീതയെത്തേടിയെത്തിയപ്പോള് ജന്മാന്തരങ്ങളുടെ നാടക ഉപാസനയുടെ ഫലസിദ്ധിയുടെ സാക്ഷാത്കാരം.
1970-ല്‍ അധ്യാപകനായിരുന്ന കൊച്ചുനാരായണ പിള്ള രംഗ്രപഭാത് ആരംഭിക്കുമ്പോള്‍ മകളും ഇപ്പോഴത്തെ പ്രസിഡന്റുമായ കെ.എസ്.ഗീതയ്ക്ക് രണ്ട് വയസ്സ്. അച്ഛന്റെയും അമ്മ ഡോ.എസ്.ശാന്തകുമാരി അമ്മയുടേയും കൈപിടിച്ച് പിച്ചവച്ച് നടന്നത് നാടകവേദിയില്‍. സംസാരിച്ച് തുടങ്ങിയത് നാടകത്തിന്റെ സംഭാഷണ ശലകങ്ങള്‍. അതും നാടകാചാര്യന് എന്ന് ലോകംമുഴുവന്‍ വിശേഷിപ്പിക്കുന്ന പ്രൊഫ.ജിശങ്കരപ്പിള്ളയുടെ തിരുമുഖത്ത് നിന്നും. ഒന്‍പത് വയസ്സുള്ളപ്പോള്‍ ലഭിച്ച സിആര്സിറ്റി സ്കോളര്‍ഷിപ്പായിരുന്നു ആദ്യ അംഗീകാരം. 1975 ലും 76 ലും സംസ്ഥാന ശിശുക്ഷേമ സമിതിയുടെ മികച്ച ബാലനടിയായി ഗീതയെ തിരഞ്ഞെടുക്കപ്പെട്ടു.
1975 മുതല്‍ 1983 വരെയുള്ള സ്കൂള്‍ കലോത്സവത്തില്‍ പാട്ട്, നൃത്തം, നാടകം, കവിത എന്നിവയില്‍ സ്ഥിരം ജേതാവായിരുന്നു.സംഗീതത്തില്‍ തിരുവനന്തപുരം സ്വാതി തിരുനാള്‍ സംഗീതകോളേജില്‍ നിന്ന് ബിരുദം നേടി. അപ്പോഴും നാടകപഠനവും നാടകപ്രവര്‍ത്തനങ്ങളും തുടര്‍ന്നു. പ്രൊഫ. ജി. ശങ്കരപ്പിള്ളയുടെ പുഷ്പകിരീടം, നിഴല്‍, നിധിയും നീതിയും, മദ്ദളങ്ങള്‍, തുടങ്ങി നിരവധി നാടകങ്ങളില്‍ അരങ്ങിലെത്തി. രംഗപ്രഭാതിലെ നാടക സംഘത്തോടൊപ്പം രാജ്യംമുഴുവന്‍ സഞ്ചരിച്ചു. കുട്ടികളുടെ നാടകാചാര്യന് പ്രൊഫ.എസ്.രാമാനുജം, ഡോ. ഓമനക്കുട്ടി എന്നിവരുടെ കീഴില്‍ നാടകത്തെയും നാട്യത്തേയും കുറിച്ച് കൂടുതല്‍ പഠനം. തിരുവനന്തപുരം സൗപര്‍ണ്ണികയുടെ കുങ്കുമപ്പാടത്ത്, ആരണ്യക, നിഴല്‍ക്കൂത്ത്,തുടങ്ങിയ പ്രൊഫഷണല്‍ നാടകങ്ങള്‍ക്ക് വേണ്ടി സംഗീതസംവിധാനവും ആലാപനവും നടത്തി.
2007-ല്‍ കൊച്ചുനാരായണപിള്ള മരണപ്പെട്ടതോടെ രംഗപ്രഭാതിന്റെ പൂര്‍ണ്ണ ചുമതല ഗീതയിലേക്കെത്തി. നാശോന്മുഖപാരമ്പര്യ കലാരൂപങ്ങളെ തിരികെകൊണ്ടുവരാന്‍ ‘ പാരമ്പര്യ കലാ പദ്ധതിക്കൊരു ആമുഖം’ എന്ന പദ്ധതിക്ക് രൂപം കൊടുത്തു. കാഞ്ചന സീത. കാബൂളിവാലയും മകളും, സ്വാമി വിവേകാനന്ദന്, തുടങ്ങി നിരവധി നാടകങ്ങള്‍ രംഗപ്രഭാത് അരങ്ങിലെത്തിച്ചു. ഇവയുടെ സംഗീത സംവിധാനവും ഗീതതന്നെ നിര്‍വ്വഹിച്ചു.
ആകാശവാണിയില്‍ നാടകം, ലളിതഗാനം എന്നിവയില്‍ ബി ഗ്രേഡ് ആര്‍ട്ടിസ്റ്റാണ് ഗീത. ഭര്‍ത്താവ് ഹരികൃഷ്ണനും മകള്‍ കീര്‍ത്തി കൃഷ്ണയും രംഗപ്രഭാതിലെ കലാകാരന്മാരും കുടുംബാഗങ്ങളുമാണ് ഈ വിജയത്തിന് പിന്നിലെന്ന് ഗീത പറയുന്നു. അച്ഛന് ലഭിക്കേണ്ട പുരസ്കാരാം മകളിലൂടെ ലഭിച്ച സന്തോഷത്തിലാണ് രംഗപ്രഭാതിലെ കലാകാരന്മാരും നാടക കുടംബാഗംങ്ങളും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: