വിളപ്പില്‍ശാല: ഇന്ന് ദേശീയ പക്ഷി നിരീക്ഷണ ദിനം. പക്ഷി സ്നേഹികള്‍ കാടരിച്ച് നോക്കിയിട്ടും കാണാത്ത അപൂര്‍വയിനമായി മാറുകയാണ് നമ്മുടെ സംസ്ഥാന പക്ഷിയായ മലമുഴക്കി വേഴാമ്പല്‍. നമ്മുടെ മലമ്പ്രദേശത്ത് ധാരാളമായി കണ്ടുവന്നിരുന്ന വേഴാമ്പലുകള്‍ ഇന്ന് പറന്നകന്നിരിക്കുന്നു. വേട്ടയാടലും ആവാസ വ്യവസ്ഥയിലെ മാറ്റങ്ങളുമാണ് സംസ്ഥാന പക്ഷിയുടെ കിരീടം പദവി ഉപേക്ഷിച്ച് ഇവ സംസ്ഥാനം വിട്ടതെന്ന് പഠനങ്ങള്‍ സൂചിപ്പിക്കുന്നു.
പ്രധാനമായി നാലു തരം വേഴാമ്പലുകളെയാണ് കേരളത്തിലെ കാടുകളില്‍ കണ്ടുവന്നിരുന്നത്. മലമുഴക്കി വേഴാമ്പല്‍, കോഴി വേഴാമ്പല്‍, പാണ്ടന്‍ വേഴാമ്പല്‍, നാട്ടു വേഴാമ്പല്‍ എന്നിവയാണവ. ഇവയില്‍ ആകാര ഭംഗിയിലും വലിപ്പത്തിലും മുന്പന് നമ്മുടെ സംസ്ഥാന പക്ഷിയായ മലമുഴക്കി തന്നെ. വേഴാമ്പല്‍ വര്‍ഗത്തില്‍ തന്നെ മലമുഴക്കി ലോകത്തില്‍ രണ്ടാം സ്ഥാനവും ഏഷ്യയില്‍ ഒന്നാം സ്ഥാനവും അലങ്കരിക്കുന്നു. ഒരു മീറ്ററോളം നീളവും നാലു കിലോ ഗ്രാം ഭാരവുമുള്ള ഇവറ്റകളുടെ പ്രജനന രീതിയും അന്താരാഷ്ട്രാ തലങ്ങളില്‍ വരെ പ്രശസ്തിയാര്‍ജിച്ചിട്ടുണ്ട്. ആയുഷ്ക്കാലം മുഴുവന്‍ ഇണയോടൊത്ത് കഴിയുന്നു എന്നതാണ് ഇവയുടെ ഏറ്റവും വലിയ പ്രത്യേകത. ഡിസംബറില്‍ തുടങ്ങി ഏപ്രില്‍ അവസാനം വരെ നീളും വേഴാമ്പ്ലുകളുടെ പ്രജനന കാലം.
വന്‍ മരങ്ങളുടെ മുകളില്‍ സുരക്ഷിതവും അദൃശ്യവുമായി കൂടൊരുക്കിയാണ് പൊതുവെ വേഴാമ്പലുകള്‍ ഒതുങ്ങിക്കൂടുന്നത്. അഖില്‍, അത്തി, പൈന്‍ മരങ്ങള്‍ ഇവയൊക്കെ കൂടൊരുക്കാന്‍ കണ്ടെത്തുന്നു. പാലി, അത്തി, ഞാവല്‍ തുടങ്ങി നാല്‍പ്പതോളം മരങ്ങളിലെ കായ്കനികളാണ് വേഴാമ്പലുകള്‍ ഭക്ഷിക്കുന്നത്. വേഴാമ്പല്‍ രണ്ടോ മൂന്നോ മുട്ടകളാണ് ഇടുന്നത്. മുട്ടയ്ക്ക് അടയിരുന്ന് കുഞ്ഞ് വിരിഞ്ഞാല്‍ രണ്ടാഴ്ചയോളം ഇവ ആഹാര രീതിയില്‍ മാറ്റം വരുത്തും. ഈ സമയത്ത് എലി, പാമ്പ്, പക്ഷികുഞ്ഞുങ്ങള്‍, ഓന്ത് ഇവയൊക്കെ തിന്നും. രണ്ടാഴ്ച കഴിഞ്ഞാല്‍ വീണ്ടും പഴയതുപോലെ പഴ വര്‍ഗ്ഗത്തിലേക്ക് തിരിയും.
ഏത് മരത്തിന്റെ നെറുകയില്‍ കൂട് കൂട്ടിയാലും വേഴാമ്പലുകള്‍ കാഷ്ടമിടുന്നത് കൂടിന് പുറത്താണ്. അതു തന്നെയാണ് ഇവറ്റകളുടെ ദുര്‍വിധി. മരത്തിനു ചുവട്ടില്‍ കുന്നുകുടി കിടക്കുന്ന കാഷ്ടം കണ്ടാണ് നായാട്ടുകാര്‍ ഇവയെ കൂട്ടത്തോടെ വേട്ടയാടുന്നത്. പല വന മേഖലകളിലും ആദിവാസികളെ സംഘടിപ്പിച്ച് വേഴാമ്പലുകളുടെ സുരക്ഷയ്ക്കായി പ്രത്യേക സേന തന്നെ വനം വകുപ്പും ചില പക്ഷി സ്നേഹികളും ചേര്‍ന്ന് രൂപീകരിച്ചിരുന്നു. പക്ഷെ പത്തു വര്‍ഷം മുന്‍പ് സംസ്ഥാനത്തെ വനങ്ങളില്‍ 37 വേഴാമ്പല്‍ കൂടുകള്‍ കണ്ടെത്തിയെങ്കില്‍ ഇന്നത് വിരലിലെണ്ണാവുന്ന അവസ്ഥയിലേക്ക് താഴ്ന്നിരിക്കുന്നു. മഴക്കാടുകളുടെ കാവല്‍ക്കാരായ മലമുഴക്കികള്‍ കാടുവിട്ട് പറന്നകന്നത് പ്രാണ ഭയത്തോടെ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: